TopTop
Begin typing your search above and press return to search.

വിധിക്കാൻ കേരള മന:സാക്ഷിക്ക് അർഹതയുണ്ടോ എന്ന് തീരുമാനിക്കേണ്ടത് ഒരിക്കലെങ്കിലും 'ഡിവോഴ്സ് പട്ടം' ചുമന്ന പെണ്ണുങ്ങളാണ്

വിധിക്കാൻ കേരള മന:സാക്ഷിക്ക് അർഹതയുണ്ടോ എന്ന് തീരുമാനിക്കേണ്ടത് ഒരിക്കലെങ്കിലും ഡിവോഴ്സ് പട്ടം ചുമന്ന പെണ്ണുങ്ങളാണ്

സുധ

"എനിക്ക് ചത്താൽ മതി, ഇങ്ങനെ ചവിട്ടും തല്ലും കൊണ്ട് ജീവിക്കണ്ട..."

തല വഴി സ്വയം കമിഴ്ത്തിയ മണ്ണെണ്ണ ഇറ്റു വീഴുന്നു. മണ്ണണ്ണയിൽ കുതിർന്ന നൈറ്റി മാറിയിട്ടില്ല.

രണ്ടു ചെറിയ കുഞ്ഞുങ്ങൾ നിലവിളിച്ചു കൊണ്ട് അരികിൽ നില്‍ക്കുന്നു, ചുറ്റും കൂടിയ അയൽക്കാർ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് .

അയാൾ 'പ്രകടനം' കാഴ്ച വെച്ച് പതിവ് പോലെ കിടന്നുറങ്ങുകയാണ്. പതിനെട്ടു വയസു തികഞ്ഞ അന്ന് കെട്ടിച്ചു വിട്ട പെണ്ണാണ്; ജീവിതം എന്തെന്ന് അറിയുന്നതിന് മുൻപ് കത്തിത്തീരാൻ ഒരുമ്പെട്ടു നില്‍ക്കുന്നത്.

ജെസ്ന

"കല്യാണം കഴിഞ്ഞ അന്ന് രാത്രിയിൽ തുടങ്ങിയ പീഡനമാണ്, ഒരു രാത്രി പോലും ഞാൻ നന്നായി ഉറങ്ങിയിട്ടില്ല. എന്റെ ദേഹത്ത് പൊള്ളാൻ ബാക്കി ഒരിടമില്ല". വീട്ടുകാരോട് പറഞ്ഞിട്ട് അവർ വിശ്വസിക്കുന്നില്ല, ഇത് ഞാൻ സ്വയം ചെയ്യുന്നതാണെന്ന് അവരെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. ഞാൻ ചത്ത് പോകും. ഇരുട്ട് ഇപ്പോൾ എനിക്ക് പേടിയാണ്... സമപ്രായക്കാരിയാണ്; കല്യാണം കഴിഞ്ഞ വിശേഷം അറിയിക്കുന്നതാണ്.

മേഖ

നാടറിഞ്ഞ കല്യാണമായിരുന്നു, ബഹറിനിൽ പഠിച്ചു വളർന്ന പെൺകുട്ടി; കനത്ത സ്ത്രീധനം നൽകി അവൾ വിവാഹം കഴിച്ചു പോയതും സമ്പന്ന കുടുംബത്തിലേക്ക്. "കല്യാണം കഴിഞ്ഞു ചെന്ന അന്ന് വൈകുന്നേരം തന്നെ അവർ എന്നെ അടുക്കളയിൽ കൊണ്ട് നിർത്തി. പാത്രം മുഴുവൻ കഴുകി തീർത്തിട്ട് ഉറങ്ങാൻ പോയാൽ മതി എന്ന് പറഞ്ഞു. അത് കഴിഞ്ഞു കിടപ്പറയിൽ ചെന്നപ്പോൾ അയാൾ കയ്യിൽ മദ്യക്കുപ്പിയുമായി കാത്തിരിക്കുന്നുണ്ടായിരുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ ഞാൻ വെറും ഒരു വീട്ടുപകരണം ആയി. സ്വർണമെല്ലാം സൂക്ഷിച്ചു വെക്കാൻ അവർ വാങ്ങി; പിന്നെ അത് കണ്ടിട്ടില്ല. തല്ലും തൊഴിയും കൂടി ആയപ്പോൾ ഞാൻ അപ്പയെ വിളിച്ചു, അവർ അഡ്ജസ്റ്റ് ചെയ്യാൻ പറയുന്നു. എനിക്ക് പറ്റില്ല. എന്റെ കൂടെ ആകെ നിന്നത് ചെറിയമ്മയാണ്. ഡിവോഴ്സ് ചെയ്യുന്ന ദിവസം പോലും എന്റെ അപ്പയും അമ്മയും അയാളോട് ചിരിച്ചു നിന്നപ്പോൾ, എന്റെ ദേഹത്തു വീണ ഓരോ അടിയിലും, അനുഭവിച്ച മാസിക പീഡനങ്ങളിലും അപ്പുറമായിരുന്നു അത്", അകന്ന ബന്ധു കൂടിയായ പെൺകുട്ടി ഒരു രാത്രി ഇത് പറഞ്ഞ് ഉരുകി തീർന്നു.

മുകളിൽ എഴുതിയ സംഭവങ്ങൾ എല്ലാം ചുറ്റും നടന്നതാണ്; നടന്നു കൊണ്ട് ഇരിക്കുന്നതാണ്. അവസാനം എഴുതിയ കഥയിലെ പെൺകുട്ടി പിന്നീട് ഡിവോഴ്സ് നേടി ഒറ്റയ്ക്ക് നാട്ടിൽ ജീവിക്കുമ്പോൾ അനുഭവിച്ച തീക്ഷണമായ അനുഭവങ്ങളും പങ്കു വെച്ചു. അവൾ നേരിടേണ്ടി വന്നിട്ടുള്ള കുറ്റപ്പെടുത്തലുകൾ, നോട്ടങ്ങൾ, പരിഹാസങ്ങൾ ഉൾപ്പെടെ എല്ലാം. എങ്കിലും മറ്റൊരു ഉത്രയിലേക്കുള്ള അവളുടെ ദൂരം അളക്കുമ്പോൾ, 'നീ ഭാഗ്യവതിയാണ് കുട്ടി'.

ഉത്ര നമ്മൾ ജീവിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ ഇര മാത്രമാണ്. ഇത് വരെ മണ്ണെണ്ണയിൽ കത്തിയമർന്നും കെട്ടിത്തൂക്കപ്പെട്ടും ഉത്രമാർ കൊല്ലപ്പെടുമ്പോൾ ഇനി അവർ പുതിയ മാർഗങ്ങൾ തേടും.

'പെങ്കൊച്ചാണ് ഉണ്ടായേക്കുന്നേ, കെട്ടിച്ചു വിടേണ്ടതാണെന്ന ഓര്‍മ വേണം' എന്ന ഓർമ്മപ്പെടുത്തലുകൾ സിനിമകളിലും സീരിയലുകളിലും, ചിലപ്പോൾ സ്വന്തം വീട്ടിലും ചുറ്റുപാടുകളിലും ഉയർന്നു കേട്ടിട്ടില്ലെങ്കിൽ ഭാഗ്യമാണ്. പെണ്ണിന്റെ ജനനം തന്നെ മറ്റൊരു വീട്ടിൽ അടുക്കള പണിക്കും വീട്ടുകാര്യം നോക്കാനുമാണെന്ന സാമൂഹിക ചിന്ത അവളെ ഒരു വിഴുപ്പു ഭാണ്ഡമാക്കുകയാണ്. വളർച്ചയുടെ ഓരോ അവസ്ഥയിലും അവൾ വീട്ടുകാര്‍ക്ക്, ബന്ധുക്കള്‍ക്ക്, നാട്ടുകാര്‍ക്ക് ഒക്കെ ഒരു പേടിസ്വപ്നമാണ്; എന്തിനേറെ ഉണങ്ങിയ ചോറ് പാത്രം പോലും പെണ്ണിന്റെ വിവാഹപ്രായത്തിന്റെ ഓർമപ്പെടുത്തലാണ് ചിലർക്ക്.

നെഞ്ചും തുടയും മറയ്ക്കാതിരുന്നാൽ അവൾ പ്രലോഭന വസ്തു ആണെന്ന് അവൾ ഓര്‍മിപ്പിക്കപ്പടുന്നു. ജീവിതത്തിന്റെ ഓരോ ഏടുകളിലും അവൾ എന്ന ഇറച്ചി കഷണത്തിന്റെ ചുമതല അച്ഛനിൽ നിന്ന് ആങ്ങളയിലേക്കും പിന്നീട് ഭർത്താവിലേക്കും മകനിലേക്കും നിക്ഷിപ്തമാക്കപെടുകയാണ്. അധികാരകേന്ദ്രങ്ങൾ മാറുന്നു എന്നേ ഉള്ളൂ, നിയമങ്ങൾ തുലോം മാറുന്നില്ല. 'ക്ഷമയും സഹനവും പര്യായ'മായി മാറുന്നവൾ എങ്ങനെയാണ് പീഡന കേന്ദ്രങ്ങളിൽ നിന്നും പുറത്തു വരുന്നത്?

പുറത്തു വരുന്നവളെ എങ്ങനെയാണ് സമൂഹം സ്വീകരിക്കുന്നത് എന്ന് വിവാഹമോചിതരായ സ്ത്രീകളോട് ചോദിച്ചു നോക്കിയാൽ അറിയാം. വിവാഹം വിധിയാണ് എന്ന് വിശ്വസിക്കുന്ന ഒരു വല്യ കൂട്ടം മനുഷ്യരുടെ ഇടയിലേക്ക്, 'മിന്നു പൊട്ടിച്ചെറിഞ്ഞ്' വന്നു നില്‍ക്കുന്നവളുടെ അവസ്ഥ അത്ര ശോചനീയമാണ്. വീട്ടുകാർ എന്തുകൊണ്ട് ഉത്രയെ അവിടെ നിന്നും രക്ഷിച്ചെടുത്തില്ല എന്ന് ചോദിക്കുന്നിടത്ത്, അവരും ഈ സമൂഹത്തിന്റെ അലിഖിത നിയമങ്ങളിൽ ബന്ധിതരാണ് എന്നാണുത്തരം.

അടുത്ത കാലത്ത് ഡിവോഴ്സ് ആയ മേഘ്ന വിൻസെന്റ് എന്ന സീരിയൽ നടിയുടെ വീഡിയോകളുടെ താഴെ നോക്കിയാൽ അറിയാം മലയാളിയുടെ സദാചാര ബോധം.

"എന്തൊക്കെയായിരുന്നു... പാട്ട്, കൂത്ത്, മേളം... എനിക്കപ്പഴേ തോന്നി... ഠമാർ പടാർ...." തുടങ്ങി അങ്ങോട്ട് സ്വതന്ത്ര നിലപാട് സ്വീകരിച്ചു വിവാഹ മോചനം ചെയ്യുന്ന പെണ്ണിന്നെ അപഹസിക്കാൻ കഴിവതും ശ്രമിക്കുന്നത് കാണാം.

പരിഹാസവും കുറ്റപ്പെടുത്തലും പെണ്ണിനും അവളുടെ കുടുംബത്തിനും നേരെ ഉയരുമ്പോൾ ഒളിയമ്പുകളുമായി കുടുംബക്കാരും ചുറ്റും കാണും എന്നത് പല സ്ത്രീകളുടെയും അനുഭവമാണ്. വളർത്തു വിശേഷം മുതൽ ഇളക്കക്കാരി എന്ന ലേബൽ ഭയന്ന് ഇന്നോ നാളെയോ മരിക്കാൻ എത്രയോ ഉത്രമാർ ഊഴം കാത്തിരിക്കുന്നു.

വിധിക്കാൻ കേരള മന:സാക്ഷിക്ക് അർഹതയുണ്ടോ എന്ന് തീരുമാനിക്കേണ്ടത് ഒരിക്കലെങ്കിലും 'ഡിവോഴ്സ് പട്ടം' ചുമന്ന പെണ്ണുങ്ങളാണ്. അങ്ങനെ ഇറങ്ങിയ സ്ത്രീകൾക്ക് നമ്മുടെ സമൂഹത്തിൽ ഇടമുണ്ടോ? കുടുംബത്തിലെ ഏതൊരു ചടങ്ങിലും പങ്കെടുക്കാൻ അവൾക്ക് സദാചാര കണ്ണുകളെ, അടക്കം പറച്ചിലുകളെ ഭയക്കാതെ ചെല്ലാൻ കഴിയുമോ?

പൊതു ഇടങ്ങളിൽ, ജോലി സ്ഥലങ്ങളിൽ, ഡിവോഴ്സ് ആണ് എന്ന് അവൾക്ക് നിവർന്നു നിന്ന് പറയാൻ കഴിയുമോ? എത്രയോ 'മാന്യദേഹ'ങ്ങൾ, ഡിവോഴ്സ് എന്നാൽ 'അവസരം' ആണെന്ന് കരുതി വച്ചിരിക്കുന്നു. വിൽക്കാൻ വച്ചിരിക്കുന്ന ഇറച്ചി കഷ്ണങ്ങൾ അല്ല ഞങ്ങൾ എന്ന് അവർക്ക് വിളിച്ചു പറയേണ്ടി വന്നേക്കും.

ഇടങ്ങളെ കുറിച്ച് പറയുമ്പോൾ, അഞ്ജനയെ മറക്കരുത്. സ്വന്തം ഇടം തേടിയ പെണ്ണൊരുത്തി ആണവളും. അങ്ങനൊരിടം അവൾക്ക് പ്രാപ്യമാകാത്തത് കൊണ്ടു കൂടിയല്ലേ ആ പെൺകുട്ടി മരണം തേടിയത്. വിധിക്കുന്ന ഒരു സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ പെണ്ണിന് ഒരിടവും ലഭിക്കില്ല. തിരഞ്ഞെടുപ്പ് സാധ്യമല്ലാത്തിടത്തു ഉത്രമാരും അഞ്ജനകളും ഉണ്ടായിക്കൊണ്ടേയിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories