TopTop
Begin typing your search above and press return to search.

ഒരു വയസുള്ള കുഞ്ഞിന്റെ അമ്മയെ പാമ്പിനെ കൊണ്ട് പലതവണ കൊത്തിച്ച പിതാവ് എന്ന യാഥാര്‍ത്ഥ്യം

ഒരു വയസുള്ള കുഞ്ഞിന്റെ അമ്മയെ പാമ്പിനെ കൊണ്ട് പലതവണ കൊത്തിച്ച പിതാവ് എന്ന യാഥാര്‍ത്ഥ്യം

മരിച്ച് മരവിച്ച് കിടക്കുന്ന അമ്മയുടെ സമീപത്ത്, അമ്മ മരിച്ചതറിയാതെ അമ്മയുടെ മുഖത്ത് നിന്ന് തുണിമാറ്റാൻ ശ്രമിക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും കാണാം.

39 മണിക്കൂറുകൾ വിശന്ന് ദാഹിച്ച് നിലവിളിച്ച്, നിർജലീകരണം സംഭവിച്ചാണ് 4 വയസ്സുകാരനായ മുഹമ്മദ് ഇർഷാദ് തിങ്കളാഴ്ച രാവിലെ ഡൽഹിയിൽ നിന്നും പട്നയിലെക്കുള്ള ശ്രമിക്ക് ട്രെയിനിൽ വെച്ച് മരിച്ചത് .

ഗോരഖ്പൂരിലേക്കുള്ള ശ്രമിക്ക് ട്രെയിനിൽ ഒരു മാസമുള്ള കുഞ്ഞു മരിച്ചതും അതിതീവ്ര ചൂട് താങ്ങാനാവാതെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടാണ്.

ജീവൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ കൊണ്ട് നിറയുന്ന ശവപ്പറമ്പായി നാട് മാറിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിൽ, കോവിഡ് വിതച്ച അനിശ്ചിതാവസ്ഥകളെ കൂടുതൽ അസ്വസ്ഥമാക്കി കൊണ്ടാണ് ജീവിതപങ്കാളിയുടെ ക്രൂരമായ ഗൂഢാലോചനകളാൽ കൊല്ലപ്പെടേണ്ടി വന്ന ഉത്ര നമ്മുടെ ഇടയിലേക്ക് വരുന്നത്. നമുക്ക് കേട്ടുപരിചയം പോലുമില്ലാത്ത കൊലപാതകത്തിന്റെ വിശദാംശങ്ങളുടെ ഇടയിലാണ്, ഒരു വയസും മൂന്ന് മാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ നിലവിളിക്ക് മുന്നിൽ നമ്മൾ പതറി നിൽക്കുന്നത് .

ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്ന മഹാപലായനത്തിന്റെ തീവ്രതകളിൽ നിന്ന് കേരളം വേറിട്ട് നിൽക്കുമ്പോഴും, കുഞ്ഞുങ്ങൾ കടന്നു പോകുന്ന അരക്ഷിതാവസ്ഥകളിൽ നിന്ന് അവരെ രക്ഷിക്കാൻ, ഒരു സോഷ്യൽ സപ്പോർട് സിസ്റ്റം ഉണ്ടാക്കുന്നതിൽ നമ്മളും പരാജയപ്പെട്ട് പോകുന്നുണ്ട്.

ഒരു വയസുകാരനായ കുഞ്ഞുള്ള വീട്ടിൽ ഒരു വിഷജീവിയെ പലതവണ കൊണ്ട് വന്ന കുഞ്ഞിന്റെ പിതാവ് കേരളത്തിന്റെ യാഥാർഥ്യമാണ്. വാർത്തകൾക്കും ചർച്ചകൾക്കുമിടയിൽ കുറ്റാരോപിതനായ, പിതാവിന്റെ വീട്ടുകാരാൽ ഒളിപ്പിക്കപ്പെടുന്ന കുഞ്ഞ്. എല്ലാ സുരക്ഷിതാവസ്ഥകളിൽ നിന്നും പറിച്ചെറിയപ്പെട്ട് അപരിചിതരായ മനുഷ്യരുടെ കൈകളിലൂടെ കൈമാറി, കൈമാറി പോകുന്ന ഒരു വയസുകാരൻ കടന്ന് പോകുന്ന ഭയവും അരക്ഷിതാവസ്ഥയും. ഉത്രയുടെ കുഞ്ഞ് 'അമ്മ വീട്ടിൽ' എത്തിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങൾ കടന്നു പോകുന്ന അരക്ഷിതാവസ്ഥകളെ കുറിച്ച്, ആ കുഞ്ഞിന്റെ നിലവിളി നമ്മളെ ഓര്‍മിപ്പിക്കുന്നുണ്ട്.

നമ്മുടെ ചർച്ചകളിലോ, നയരൂപീകരണങ്ങളിലോ ഇടംപിടിക്കാതെ പോകുന്ന ഒരു വിഷയം നമ്മുടെ കുഞ്ഞുങ്ങൾ കടന്നു പോകുന്ന അരക്ഷിതാവസ്ഥകളാണ്. പരീക്ഷകളും കോഴ്സുകളും കരിയർ ഗൈഡൻസുകളും കുട്ടികളുടെ 'ഭാവി'യും മാത്രം കുട്ടികളെ സംബന്ധിച്ച വിഷയങ്ങളാകുന്നു. കുട്ടികളുടെ 'വർത്തമാനം' അഥവാ 'ഇന്ന്', അവരുടെ ബാല്യകാലം, ഭാവികാലം പോലെ പ്രധാനമാണ്. നാളെ അഥവാ ഭാവി എന്നത് കുട്ടികൾക്ക് വേണ്ടിയുള്ളതല്ല. കുട്ടി വളർന്നു വലുതായി മുതിർന്ന് കഴിയുമ്പോൾ നേരിടേണ്ട കാലമാണത്. അതിന് വേണ്ടി ബലി കൊടുക്കുന്നത് കുട്ടിക്കാലമാണ്. തങ്ങളെ കുറിച്ചുള്ള തീരുമാനങ്ങളിൽ എവിടെയും തങ്ങൾക്കുള്ള ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ പ്രകടമാക്കാനുള്ള അവസരം പോലും ലഭിക്കാതെ വിധേയത്വത്തിന്റെ ശാരീരിക -മാനസിക ഭാഷയിലേക്ക് ഒതുങ്ങേണ്ടി വരുന്നു അവര്‍ക്ക്. തങ്ങൾ കടന്നു പോകുന്ന സമ്മർദ്ദങ്ങളെ എങ്ങനെ പ്രകടിപ്പിക്കണമെന്ന് പോലും അറിയാതെ, വികാരങ്ങളെ തിരിച്ചറിയാൻ കഴിയാതെ ചാപ്പകുത്തലുകൾക്ക് വിധേയമാകുന്നു.

വളർച്ചയുടെ ഘട്ടങ്ങളിൽ തങ്ങൾ കടന്നു പോകുന്ന ശാരീരിക, മാനസിക മാറ്റങ്ങളെ കുറിച്ചുള്ള സൂചന പോലും നൽകാതെ, 'സാമൂഹ്യ അതിരുകൾ' എന്ന് നിർവചിക്കപ്പെട്ടിട്ടുള്ള പ്രത്യേക ഫ്രെയിമിൽ കൂടി കടന്നു പോകാനുള്ള പരിശീലനം മാത്രമാണ് നമ്മൾ കുട്ടികൾക്ക് നൽകുന്നത്. അതിന്റെ പ്രോഗ്രസ്സ് കാർഡ് എപ്പോഴും കുടുംബത്തിന്റെ ജാതി, സാമൂഹ്യ പദവി, സാമ്പത്തിക നില എന്നിവ അനുസരിച്ചുള്ളതായിരിക്കും. നമ്മുടെ കുടുംബ ഘടനയിൽ എവിടെയും കുട്ടികൾക്ക് പങ്കാളിത്തത്തിന്റെ ജനാധിപത്യ ഇടമില്ല. കേൾവിക്കാരിയുടെ, അല്ലെങ്കിൽ അടിയാൻ -ഉടയോൻ ബന്ധമാണ്. മാതാപിതാക്കളുടെ നടക്കാതെ പോയ സ്വപ്‌നങ്ങൾ പൂർത്തീകരിക്കേണ്ട ഉത്തരവാദിത്തം, മാതാപിതാക്കളുടെ സാമൂഹ്യ പദവി നിലനിർത്തേണ്ടുന്ന ഉത്തരവാദിത്തം, എന്നിങ്ങനെ എടുക്കാൻ കഴിയുന്നതിലുമധികം ബാധ്യതകൾ തങ്ങിയാണ് കുട്ടികൾ വളരേണ്ടി വരുന്നത്. അതിനിടയിൽ തങ്ങൾ കുട്ടിയാണെന്ന സ്വത്വം പോലും അവര്‍ക്ക് നഷ്ടപ്പെടുന്നു.

ടെക്നോളജിയും കോറോണയും കുട്ടികളുടെ മുന്നിലേക്ക് വെയ്ക്കുന്ന ലോകം വ്യത്യസ്തമാണ്. ആ ലോകം നൽകുന്ന അരക്ഷിതാവസ്ഥകളിൽ കൂടി മുൻപേ കടന്ന് പോയ ഒരാളും നമ്മുടെ മുന്നിൽ ഇല്ല. ഇതുവരെ നമുക്ക് പരിചിതമായ സാമൂഹ്യ - സാമ്പത്തിക -രാഷ്ട്രീയ സാഹചര്യങ്ങളിൽ കൂടിയല്ല നമ്മുടെ കുട്ടികൾ കടന്നു പോകുന്നത്. പഠനദിനങ്ങൾ, പഠന സാഹചര്യങ്ങൾ മാത്രമല്ല നമ്മുടെ കുട്ടികൾക്ക് നഷ്ടമാകുന്നത്. കൂട്ടുകാരും കളിക്കളവും ഒച്ചകളും ആഘോഷങ്ങളും എല്ലാമാണ്. തികച്ചും അപരിചിതമായ ലോകവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് നമ്മുടെ കുട്ടികൾ.

ഒരു കുഞ്ഞ് - കുട്ടി - പ്രായപൂർത്തിയാകുന്നത് വരെ അവർക്ക് വളരാനുള്ള ആരോഗ്യകരമായ സാഹചര്യമൊരുക്കേണ്ടത് കുടുംബത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ് .പക്ഷെ ആരോഗ്യകരമായ സാഹചര്യങ്ങൾ ഒരുക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടു പോകുന്നുണ്ട്.

രോഗബാധിതരായ മാതാപിതാക്കളെ ഗ്രാമങ്ങളിലേക്ക് എത്തിക്കാൻ സൈക്കിൾ ചവിട്ടിയും ചുമലിലെടുത്തും ആയിരമായിരം കിലോമീറ്ററുകൾ നടന്നു നീങ്ങുന്ന കുട്ടികൾ ഞെട്ടൽ പോലും ഉണ്ടാക്കാത്ത വിധം നമ്മുടെ ദൈനംദിന കാഴ്ചയുടെ ഭാഗമായി മാറിയിരിക്കുന്നു. പാതയോരങ്ങളിലും ചുമടുകൾക്ക് മുകളിലും തളർന്നുറങ്ങുന്ന കുഞ്ഞുങ്ങൾ, മറിഞ്ഞു പോകുന്ന പുസ്തകങ്ങളിലെ പേജുകളെ പോലെ വെറും കാഴ്ച മാത്രമാകുന്ന സാമൂഹ്യ യാഥാർഥ്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. നിസ്സഹരായ കുഞ്ഞുങ്ങൾക്ക് ബാല്യം നിഷേധിക്കുന്ന, ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുത്തുന്ന കുറ്റവാളികളായ ജനതയാണ് നാം.

നമ്മുടെ രാജ്യത്ത് അനാഥമാക്കപ്പെട്ട, നിരാലംബരായ കുഞ്ഞുങ്ങൾക്ക് വേണ്ടി നിയമ നിർമാണം നടത്തിയിട്ടില്ല. അവർ ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ ഭാഗം മാത്രമാണ്. SOS ചിൽഡ്രൻസ് വില്ലേജസ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ രണ്ട് കോടി അനാഥ കുഞ്ഞുങ്ങളാണുള്ളത്. ശ്രീലങ്കയിലെ ജനസംഖ്യയേക്കാൾ കൂടുതൽ വരും നമ്മുടെ നാട്ടിലെ അനാഥ കുഞ്ഞുങ്ങളുടെ എണ്ണം. കേന്ദ്ര സർക്കാരിന്റെ ചൈൽഡ് ലൈൻ പോർട്ടലിലുള്ളത് 2007-ൽ യൂണിസെഫ് നൽകിയ കണക്ക് പ്രകാരമുള്ളതാണ്. ഇതനുസരിച്ച് ഇന്ത്യയിൽ രണ്ടര കോടി അനാഥ കുഞ്ഞുങ്ങൾ ആണുള്ളത്. യൂണിസെഫിന്റെ ഡാറ്റാബേസിൽ ലോകത്തെ നിസ്സഹായരായ കുഞ്ഞുങ്ങളുടെ ഏറ്റവും പുതിയ കണക്കുകൾ ലഭ്യമാണ്. ആഫ്രിക്കൻ രാജ്യങ്ങളായ ചാഡ്, എത്യോപ്യയിലെ ഒക്കെ വരെ വിവരങ്ങൾ അവിടെ ലഭിക്കുന്നു. എന്നാൽ 2007-നു ശേഷം ഇന്ത്യയിലെ വിവരങ്ങൾ യൂണിസെഫ് ഡാറ്റബേസിൽ കാണിക്കുന്നില്ല. അതായത് ഇന്ത്യയിൽ അതിനുശേശേഷം ഔദ്യോഗികമായ വിവരശേഖരണം, ഏറ്റവും പാർശ്വവത്ക്കരിക്കപ്പെട്ട, ബലഹീനരായ കുട്ടികളെ കുറിച്ചുള്ള വിവരശേഖരണം നടന്നിട്ടില്ല. നമ്മുടെ ആസൂത്രണ ബോർഡിൻറെ പദ്ധതികളിൽ എവിടെയും നമ്മുടെ കുട്ടികൾക്ക് ഇടം കിട്ടിയിട്ടില്ല. അടയാളപ്പെടുത്താതെ അദൃശ്യരായി പോകുന്ന ജനവിഭാഗമാണ് നമ്മുടെ കുഞ്ഞുങ്ങൾ.

യുദ്ധക്കെടുതികളും പ്രകൃതി ദുരന്തങ്ങളും ഏറ്റവും ബാധിക്കുന്നത് കുട്ടികളെയാണ്. കോവിഡ് കാലം ലോകത്തിന്റ സാമൂഹ്യ -രാഷ്ട്രീയ -സാമ്പത്തിക ഭൂപടം തന്നെ മാറ്റിയെഴുതുമ്പോൾ എവിടെയും അടയാളപ്പെടുത്താതെ പോകുന്നത് ലോകത്തെ ഏറ്റവും നിരാലംബരായ കുഞ്ഞുങ്ങളാണ്. അതും അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങൾ...

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പതിനൊന്ന് ദിവസങ്ങൾക്കുള്ളിൽ ചൈൽഡ് ലൈൻ ഇന്ത്യയുടെ ഹെല്‍പ്പ് ലൈനിലേക്ക് വന്നത് 92,000-ൽ അധികം SOS കോളുകളാണ്. തങ്ങളെ അക്രമിക്കുന്നവരോടൊപ്പം ഒരേ ഇടത്തിൽ ജീവിക്കേണ്ടി വരുന്ന കുട്ടികളുടെ അവസ്ഥ ചിന്തകൾക്കപ്പുറമാണ്.

കോറോണയും ചുഴലിക്കാറ്റുകളും ഉഷ്ണക്കാറ്റും ലോക്ക്ഡൗണും ഇല്ലാതാക്കുന്ന കുഞ്ഞു ജീവിതങ്ങൾ എവിടെയും അടയാളപ്പെടുത്തുന്നില്ല. നിലവിളിക്കാൻ പോലും കഴിയാതെ കുഞ്ഞുങ്ങൾ ഇല്ലാതായി കൊണ്ടിരിക്കുകയാണ് .

എത്ര കുഞ്ഞുങ്ങളുടെ ശവശരീരങ്ങളുടെ മുകളിലാകും നമ്മൾ ഇന്ത്യാ മഹാരാജ്യം കെട്ടിപ്പൊക്കുക?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories