TopTop
Begin typing your search above and press return to search.

ആരാധനാലയങ്ങൾ തുറക്കുമ്പോൾ കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന മുരളീധരന്മാര്‍ക്ക് കൊറോണ സംഹാര പൂജ പരീക്ഷിക്കാവുന്നതാണ്

ആരാധനാലയങ്ങൾ തുറക്കുമ്പോൾ കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന മുരളീധരന്മാര്‍ക്ക് കൊറോണ സംഹാര പൂജ പരീക്ഷിക്കാവുന്നതാണ്

ഒരു ഇടവേളയ്ക്ക് ശേഷം ആരാധനാലയങ്ങള്‍ ഇന്ന് വീണ്ടും തുറക്കുകയാണ്. കൊറോണ വ്യാപനത്തിന്റെയും ലോക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ അടച്ചിട്ട ആരാധനാലയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വീണ്ടും തുറക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണില്‍ ആരാധനാലയം തുറക്കരുത്. 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളിലും പോകരുത്. ആരാധനാലയങ്ങളില്‍ മുഖാവരണം നിര്‍ബന്ധമായും ധരിക്കണം. പ്രസാദമോ തീര്‍ത്ഥമോ നല്കരുത്. കൊയറും പ്രാര്‍ത്ഥനാ സംഘങ്ങളും ഒഴിവാക്കണം. വലിയ കൂട്ടായ്മകള്‍ അനുവദിക്കരുത്. പ്രാര്‍ത്ഥനയ്ക്ക് പൊതുപായ ഒഴിവാക്കണം. വിഗ്രഹങ്ങളിലും മൂര്‍ത്തികളിലും തൊടാന്‍ അനുവദിക്കരുത് എന്നിങ്ങനെയാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍. ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാരും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ വിവിധ മതങ്ങളിലെ നിരവധി ആരാധനാലയങ്ങള്‍ തല്‍ക്കാലം തുറക്കുന്നില്ലെന്ന തീരുമാനമെടുത്ത് മാതൃകയാകുകയും ചെയ്തിരിക്കുന്നു.

ഇതിനിടെ ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് എന്ത് നിലപാടെടുത്താലും അത് സര്‍ക്കാരിനെതിരായ ആയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസും ബി ജെ പിയും. അതിനുള്ള നീക്കങ്ങള്‍ക്ക് ഇരു പാര്‍ട്ടികളിലെയും മുരളീധരന്മാരാണ് പ്രധാനമായും ചരട് വലിക്കുന്നതും. ക്ഷേത്രങ്ങള്‍ തുറക്കാനുള്ള മുഖ്യമന്ത്രിയുടെ നിലപാട് ദുരുദ്ദേശപരമാണ് എന്നാണ് ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ വി മുരളീധരന്റെ ആരോപണം. ക്ഷേത്രങ്ങള്‍ തുറക്കാന്‍ ഉത്തരവിട്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അതില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്നുമുള്ള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമര്‍ശത്തെയാണ് മുരളീധരന്‍ പ്രധാന ആയുധമാക്കുന്നത്. വിശ്വാസികളോ ക്ഷേത്ര ഭരണ സമിതികളോ ആവശ്യപ്പെടാതെയുള്ള തീരുമാനം ദുരുദ്ദേശത്തോടെയാണെന്നും കേന്ദ്രമന്ത്രി പറയുന്നു. കേന്ദ്ര നിര്‍ദ്ദേശം വന്നശേഷം വിവിധ മതമേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ സംസ്ഥാനം തീരുമാനിച്ചത്. എന്നാല്‍ രോഗവ്യാപന സാധ്യത മാത്രമല്ല ഗുരുതരമായ ആരോപണങ്ങള്‍ കൂടി ഉന്നയിച്ചാണ് ബിജെപിയും ഹിന്ദു ഐക്യവേദിയും സര്‍ക്കാറിനെ വിമര്‍ശിക്കുന്നത്. കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാന തീരുമാനമെങ്കിലും വിശ്വാസികളെ താറടിക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമമെന്നാണ് മുരളീധരന്‍ വിമര്‍ശിക്കുന്നത്.

പ്രാര്‍ത്ഥന കൊണ്ടുള്ള മനഃസമാധാനം വേണ്ടെന്നും 'സ്‌മോള്‍'അടിച്ചിട്ടുള്ളതു മതിയെന്നുമാണോ മുഖ്യമന്ത്രിയുടെ നയമെന്നാണ് കോണ്‍ഗ്രസ്സ് നേതാവ് കെ.മുരളീധരന്‍ എംപി കഴിഞ്ഞ ദിവസം ചോദിച്ചത്. ഇനിയും അടച്ചിട്ടാല്‍ താനടക്കം ഗുരുവായൂരില്‍ തൊഴാന്‍ പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ശബരിമലയില്‍ കൈ പൊള്ളിയതുകൊണ്ട് മതിയായില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. എന്നാല്‍ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചതോടെ ഏഴ് ദിവസം കൊണ്ട് അദ്ദേഹം മലക്കം മറിഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ ഭക്തരെ അപമാനിക്കുകയാണ് എന്നാണ് ഇപ്പോള്‍ കെ മുരളീധരന്റെ ആരോപണം. മുമ്പ് ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത ശേഷം പിന്നീട് വോട്ട് ബാങ്ക് കണ്ട് വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തിരിഞ്ഞവരാണ് ബി ജെ പിയും കോണ്‍ഗ്രസും. അതിനാല്‍ തന്നെ ആരാധനാലയങ്ങള്‍ തുറക്കേണ്ട എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് എങ്കില്‍ അതും വിവാദമാക്കുമായിരുന്നുവെന്ന് ഉറപ്പ്. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി കൊടുത്തിട്ടുണ്ടെങ്കിലും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അതാത് ഭരണ സമിതികളാണ് തീരുമാനമെടുക്കുന്നത്.

പാളയം ജുമാമസ്ജിദ്, സെന്റ് ജോസഫ് മെട്രോപോളിറ്റന്‍ കത്തീഡ്രല്‍, കിള്ളിപ്പാലം യൂദാതദ്ദേവൂസ് ദേവാലയം, ആറ്റുകാല്‍ ഭഗവതി ക്ഷേത്രം, കരിക്കകം ചാമുണ്ഡിക്ഷേത്രം എന്നിവ ഇത്തരത്തില്‍ തുറക്കില്ലെന്ന് തീരുമാനിച്ച ആരാധനാലയങ്ങളാണ്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും പ്രവശനമുണ്ടാകില്ല. തൊഴുവന്‍കോട് ചാമുണ്ഡിദേവി ക്ഷേത്രത്തില്‍ പ്രവേശനം രണ്ടാഴ്ച കൂടി നിയന്ത്രിക്കും. 30 വരെ വെട്ടുകാട് ക്രിസ്തുരാജ ദേവാലയവും പത്മനാഭ സ്വാമി ക്ഷേത്രവും തുറക്കില്ല.

ഇനി ആരാധനാലയങ്ങള്‍ തുറക്കണ്ട എന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ഭക്തരെ അപമാനിക്കുന്നുവെന്ന് പറഞ്ഞ കെ മുരളീധരന്‍ ഭക്തരുടെ വികാരം മാനിക്കുന്നില്ലെന്ന് കരഞ്ഞേനെ. ദുരൂഹ നടപടിയെന്ന് ആരോപിക്കുന്ന കേന്ദ്രമന്ത്രി മുരളീധരന്‍ ആകട്ടെ കേന്ദ്ര തീരുമാനത്തിന് എതിരായി പ്രവര്‍ത്തിക്കുന്നു എന്നാകും പറയുക. ആരാധനാലയങ്ങള്‍ തുറക്കുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മൂവായിരം രൂപയ്ക്ക് സ്‌പെഷല്‍ കൊറോണ സംഹാര പൂജ ചെയ്ത് കൊടുക്കുമെന്ന ബോര്‍ഡിന്റെ ചിത്രവും പ്രചരിച്ചിരുന്നു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങി ഈ കൊറോണക്കാലത്തെയും മറ്റൊരു ശബരിമല സംഘര്‍ഷ കാലത്തിന് സമാനമാക്കാന്‍ ഇറങ്ങിത്തിരിച്ച മുരളീധരന്മാര്‍ക്ക് ആ പൂജ ഒന്ന് പരീക്ഷിക്കാവുന്നതാണ്.


Next Story

Related Stories