TopTop
Begin typing your search above and press return to search.

കേന്ദ്രത്തിന്റെ കത്തും മുരളീധരന്റെ കുത്തും , തുടരുന്ന 'പാരവെപ്പ്' ലീലകള്‍

കേന്ദ്രത്തിന്റെ കത്തും മുരളീധരന്റെ കുത്തും , തുടരുന്ന പാരവെപ്പ് ലീലകള്‍

ചിലർ ജന്മം കൊണ്ട് ഒന്നും കർമം കൊണ്ട് മറ്റൊന്നും ആയിത്തീരാറുണ്ട്. നമ്മുടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും അക്കൂട്ടത്തിൽ പെടില്ലേ എന്നു സംശയം ജനിപ്പിക്കുന്ന ചെയ്തികളാണ് അടുത്ത കാലത്തായി ടിയാനിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നു പറയാതെ തരമില്ല. അടുത്തകാലത്ത് എന്നുപറയുമ്പോൾ മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിൽ എത്തുകയും രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ സഹ മന്ത്രിയായി നിയമിതനാകുകയും ചെയ്തതിനു ശേഷം എന്നു സാരം. അതുവരെ അദ്ദേഹം തനി കേരളീയനും അതിലുമേറെ തലശ്ശേരിക്കാരനും ആയാണ് അറിയപ്പെട്ടിരുന്നത്. കേന്ദ്രത്തിൽ മന്ത്രിയായെന്നു കരുതി ജനിച്ചു വളർന്ന തലശ്ശേരിയുമായുള്ള ബന്ധം പാടെ അറുത്തുമാറ്റിയതായി അറിവില്ല. കേരള ബി ജെ പി യുടെ സംസ്ഥാന അധ്യക്ഷൻ ഇപ്പോൾ നമ്മുടെ മന്ത്രി പുംഗവന്റെ നോമിനിയായ കെ സുരേന്ദ്രൻ ആണെന്നതിനാലും സുരേന്ദ്രൻ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പിന്റെ നേതാവ് താൻ തന്നെ ആയതിനാലും ആ നിലക്ക് കേരളവുമായുള്ള ബന്ധവും പാടെ അവസാനിപ്പിച്ചിട്ടില്ല എന്നു തന്നെ വേണം കരുതാൻ. എന്നാൽ മൊത്തത്തിൽ കേരള സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുമ്പോൾ അയ്യോ ഞാനാ നാട്ടുകാരനല്ലേ എന്നു പറയാതെ പറയുന്ന മട്ടിലുള്ള നിലപാടാണ് മന്ത്രിക്ക്. ഈ കോവിഡ് മഹാമാരിയുടെ നാളുകളിലും മുരളീധരൻ തന്റെ 'പാരവെയ്പ്പ്' ലീലകൾ തുടരുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇന്നലെയും ഇന്നുമായി കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനകളും കേരള സർക്കാരിനെതിരെ ചൊരിഞ്ഞ പരിഹാസവും.

സത്യത്തിൽ കേന്ദ്ര സഹമന്ത്രി ആയതു മുതൽ തുടങ്ങിയതാണ് കേരളമെന്നും കേരള സർക്കാറെന്നും ഒക്കെ കേൾക്കുമ്പോളുള്ള മുരളീധരന്റെ ഈ കുരു പൊട്ടൽ. കേരളം ഭരിക്കുന്നത് ഇടതു മുന്നണി സർക്കാരും അതിനെ നയിക്കുന്നത് തന്റെ തന്നെ നാട്ടുകാരൻ ആണെങ്കിലും സി പി എം നേതാവായ പിണറായി വിജയൻ ആയതിനാലും ആർ എസ് എസ് കളരിയിൽ നിന്നും വന്ന മുരളീധരൻ എന്ന വ്യക്തിക്ക് രാഷ്ട്രീയ വിയോജിപ്പുകൾ ഉണ്ടാവുക എന്നത് സ്വാഭാവികം തന്നെ. എന്നാൽ താൻ ഇപ്പോൾ കേവലം ഒരു പാർട്ടി നേതാവല്ലെന്നും കേന്ദ്ര മന്ത്രിയാണെന്നും തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെ പോകുന്നത് വലിയ കഷ്ട്ടം തന്നെ. കോവിഡ് വ്യാപനം തടയുന്ന കാര്യത്തിൽ കേരളം കാണിക്കുന്ന പ്രായോഗിക സമീപനത്തെ എടുത്തു പറയുന്ന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഒരു കത്തിൽ പിടിച്ചാണ് മുരളീധരന്റെ ഏറ്റവും പുതിയ ആക്രമണം. രാജ്യം വിട്ടു പുറത്തേക്കു പോകുന്നവർക്ക് നിലവിൽ കോവിഡ് ടെസ്റ്റ് നടത്താത്ത ചില ഗൾഫ് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് അവിടെ ടെസ്റ്റ് നിർബന്ധം ആക്കണമെന്ന മുൻ നിലപാട് തിരുത്താൻ തയ്യാറായ കേരള സർക്കാരിന്റെ തീരുമാനത്തെയാണ് കത്തിൽ അഭിനന്ദിക്കുന്നതെന്നും അല്ലാതെ കോവിഡ് പ്രതിരോധത്തിൽ കേരളം വഹിക്കുന്ന പങ്കിനുള്ള അംഗീകാരം അല്ലെന്നുമാണ് മുരളീധർജിയുടെ വാദം. പ്രസ്തുത കത്തിന് മുൻപ് മറ്റൊരു കത്തു കൂടി അയച്ചിരുന്നുവെന്നും അത് പൂഴ്ത്തിവെച്ചിട്ടാണ് ഈ കത്ത് പൊക്കി നടക്കുന്നതെന്നുമാണ് മറ്റൊരു ആക്ഷേപം.കേരള മുഖ്യമന്ത്രി മണ്ടത്തരങ്ങൾ പറയുന്നു എന്ന മുരളീധരന്റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിൽ നിന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തക്ക് വന്ന കത്ത് കേന്ദ്ര സഹനെ വെട്ടിലാക്കുന്ന ഒന്നായി എന്നതിൽ തര്ക്കമില്ല. അതുകൊണ്ടുകൂടിയാണ് ടിയാന്റെ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ടിലുള്ള ഇന്നത്തെ പ്രകടനം എന്നു തന്നെ കരുതേണ്ടിയിരിക്കുന്നു. 'കേരളത്തിന് മണ്ടത്തരം പറ്റിയെന്നാണ് കത്തിലുള്ളത്. മണ്ടത്തരം സമ്മതിച്ചതിനാണ് അഭിനന്ദനം. ഇംഗ്ളീഷ് അറിയാത്തവരാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉള്ളത്. ഇംഗ്ലീഷ് ഭാഷ അറിയുന്നവർ പി ആർ ടീമിൽ ഉൾപ്പെടുത്തണം. ആരോഗ്യമന്ത്രി വെബ്ബിനാറിൽ പങ്കെടുത്തതിന് പോലും ഫ്ളക്സ് ബോർഡ് വെക്കുന്നത് നല്ലതല്ല. എല്ലാം പി ആർ വർക്കാണ്. മലയാളികളെ പരിഹസിക്കുകയാണ് കേരള സർക്കാർ ചെയ്യുന്നത്. പി ആർ വർക്കിന്‌ ഉപയോഗിക്കുന്ന പണം കോവിഡ് പ്രതിരോധത്തിനു ഉപയോഗിക്കുകയാണ് വേണ്ടത്. കേരളത്തിന് മാത്രമല്ല കേന്ദ്രം കത്തയക്കുന്നത്. കോവിഡ് പരിശോധനയുടെ കാര്യത്തിൽ കേരളം ഏറെ പിന്നിലാണ്. ഇക്കാര്യത്തിൽ 27 സംസ്ഥാനങ്ങൾ കേരളത്തിന് മുന്നിലുണ്ട്. മുരളീധരൻ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രിയാണെന്നു മുഖ്യമന്ത്രി മനസ്സിലാക്കണം.' ഇങ്ങനെ പോകുന്നു കേന്ദ്ര സഹന്റെ ഇന്നത്തെ പരിഹാസം.

എന്നാൽ കത്ത് പൂർണമായും വായിച്ചാൽ അതിലെവിടെയും കേന്ദ്ര സഹൻ അവകാശപ്പെടുന്നത് പോലെ കേരള സർക്കാർ മണ്ടത്തരം പറഞ്ഞതായോ മണ്ടത്തരം സമ്മതിച്ചതായോ നേരിയ ഒരു സൂചന പോലും ഇല്ല. കോവിഡ് കേസ്സുകളിൽ റെക്കോർഡ് വർധന രേഖപ്പെടുത്തുമ്പോഴും കേന്ദ്ര സർക്കാരിന് അനക്കമില്ലെന്നും മന്ത്രിതല സമിതി യോഗം ചേർന്നിട്ടു പതിനാറു ദിവസ്സം കഴിഞ്ഞെന്നുമുള്ള വാർത്തകൾ പുറത്തുവരുന്നതിനിടയിൽ തന്നെയാണ് കേന്ദ്ര സഹന്റെ ഇത്തരം ഗോഷ്ടികൾ എന്നുകൂടി ഓർക്കേണ്ടതുണ്ട്. ഇപ്പറഞ്ഞ മന്ത്രിതല സമിതികളുടെ കൂട്ടത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ അധ്യക്ഷനായ ആറംഗ മന്ത്രിതല സമിതിയും ഉൾപ്പെടും. ഇതൊക്കെ മൂടിവെച്ചുകൊണ്ടാണ് ഇപ്പോഴത്തെ ഈ കസർത്ത്‌. കേരള സംസ്ഥാനവും അതിന്റെ സർക്കാരും മികച്ച രീതിയിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ലോകത്തിനു തന്നെ മാതൃകയാവുന്നു എന്നത് സഹിക്കാൻ പറ്റാത്തത് മുരളീധർജിക്കു മാത്രമല്ല, അദ്ദേഹത്തിന്റെ വിനീത ശിഷ്യൻ കെ സുരേന്ദ്രനും ആ വഴിക്കു തന്നെയാണ്. കോവിഡ് പ്രതിരോധമൊക്കെ കർണാടകത്തെ കണ്ടു പടിക്കണമെന്നാണ് സുരേന്ദ്രജി പറഞ്ഞുകൊണ്ടിരിക്കുന്നത്. കർണാടകം ഭരിക്കുന്നത് ബി ജെ പി യാകയാൽ സുരേന്ദ്രനൊക്കെ ജീവിക്കുന്നതും പ്രവർത്തിക്കുന്നതും കേരളത്തിലാണെങ്കിലും കൂറ് കർണാടകത്തോട് ആണെന്ന് വ്യക്തം. എന്നുകരുതി മുരളീധർജിയുടെയും സുരേന്ദ്രജിയുടെയൊക്കെ പാർട്ടിക്കാർ ചിലരോടൊക്കെ പാകിസ്ഥാനിൽ പോ എന്നു ആജ്ഞാപിക്കുന്നതു പോലെ എന്നാൽ പിന്നെ കർണാടകത്തിലേക്കു കെട്ടിയെടുത്തോ എന്നൊന്നും പറയാൻ മാത്രം കേരളക്കാർ അത്ര തരംതാഴ്ന്നിട്ടില്ലല്ലോ!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories