TopTop
Begin typing your search above and press return to search.

വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും പ്രകടമാകുന്നത് അഥവാ കേരളത്തിലെ ബിജെപി കോണ്‍ഗ്രസ് കളിക്കുമ്പോള്‍

വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും പ്രകടമാകുന്നത് അഥവാ കേരളത്തിലെ ബിജെപി കോണ്‍ഗ്രസ് കളിക്കുമ്പോള്‍

ഗ്രൂപ്പിസവും തമ്മിലടിയും കാലുവാരലുമൊക്കെ കോണ്‍ഗ്രസുകാരുടെ, പ്രത്യേകിച്ചും കേരളത്തിലെ കോണ്‍ഗ്രസുകാരുടെ പതിവ് സ്വഭാവമാണ്. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ അത് കൂടുതല്‍ തീവ്രമാകും. സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു കടക്കുമ്പോള്‍ ഓരോ ഗ്രൂപ്പിനും ചില നേതാക്കള്‍ക്കും അവരുടേതായ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുന്നതും അവര്‍ക്കുവേണ്ടി ചരടുവലികള്‍ നടക്കുന്നതുമൊക്കെ പതിവ് സംഭവങ്ങള്‍. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ചുരുക്കം ചില സന്ദര്‍ഭങ്ങളിലൊഴികെ നേതാക്കളും പ്രവര്‍ത്തകരുമൊക്കെ വൈര്യം മറന്നു ഒരു മെയ്യായി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി രംഗത്തിറങ്ങുകയാണ് പതിവ്. ഈ മാസം 21 നു നടക്കാനിരിക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന നാലില്‍ നാല് സീറ്റിലും ചേരി തിരിവും തര്‍ക്കങ്ങളും പിണക്കങ്ങളും ഒക്കെ പ്രകടമായിരുന്നു. ഒരു പക്ഷെ അരൂരില്‍ മാത്രം അത് അത്രകണ്ട് ശക്തമായിരുന്നില്ലെന്നു വേണമെങ്കില്‍ പറയാം. യുഡിഎഫിലെ പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിലും അവര്‍ മത്സരിക്കുന്ന മഞ്ചേശ്വരം സീറ്റിലെ സ്ഥാനാര്‍ഥിയെച്ചൊല്ലിയുള്ള അസ്വാരസ്യം ഇനിയും കെട്ടടങ്ങിയിട്ടില്ല. യുഡിഎഫിലെ തന്നെ മറ്റൊരു പ്രധാന ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് (എം) പാലായില്‍ എന്തൊക്കെയാണ് കളിച്ചു കൂട്ടിയതെന്നും അതിന്റെ പരിണിതഫലം എന്തായിരുന്നു എന്നതും കേരളം കണ്ടതാണ്.

കോണ്‍ഗ്രസ്സും യുഡിഎഫും പതിവ് കലാപരിപാടിയുമായി മുന്നോട്ടു പോയപ്പോള്‍ എന്‍ഡിഎ എന്ന മൂന്നാം മുന്നണിയെ നയിക്കുന്ന ബിജെപി യില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടു സംഭവിച്ചതും മറ്റൊന്നായിരുന്നില്ല. ബിജെപി ഈ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തുടക്കം മുതല്‍ ഉയര്‍ന്നു കേട്ട പേര് 2016ലെ അസംബ്ലി തിരെഞ്ഞെടുപ്പില്‍ അവിടെ നിന്നും മത്സരിച്ചു രണ്ടാം സ്ഥാനം പിടിച്ചെടുത്ത കുമ്മനം രാജശേഖരന്റേതായിരുന്നു. മത്സരിക്കാന്‍ താന്‍ ഇല്ലെന്നൊക്കെ ആദ്യം പറഞ്ഞെങ്കിലും സമ്മര്‍ദ്ദത്തിനു വഴങ്ങി ഒടുവില്‍ സമ്മതിക്കുകയായിരുന്നു. ബിജെപിയിലെ മുതിര്‍ന്ന നേതാവും കേരളത്തില്‍ പാര്‍ട്ടിയുടെ ഏക എംഎല്‍എയുമായ ഒ രാജഗോപാല്‍ പോലും ഇന്നലെ വൈകുന്നേരം ഡല്‍ഹിയില്‍ നിന്നും പ്രഖ്യാപനം ഉണ്ടാകുന്നതുവരെ ഉറപ്പിച്ചു പറഞ്ഞിരുന്നതും കുമ്മനത്തിന്റെ പേര് തന്നെയായിരുന്നു. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ കുമ്മനം ഔട്ട് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് എസ് സുരേഷ് ഇന്‍. മണ്ഡലം, ജില്ല, സംസ്ഥാന കമ്മിറ്റികള്‍ ശിപാര്‍ശ ചെയ്ത ഒന്നാം പേരുകാരനായിരുന്ന താന്‍ എങ്ങനെ ഒഴിവാക്കപ്പെട്ടു എന്ന് തനിക്കു പോലും അറിയില്ലെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

'വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് എന്റെ പേര് ഒഴിവാക്കിയതിന്റെ കാരണം അറിയില്ല. മണ്ഡലം, ജില്ല, സംസ്ഥാന കമ്മിറ്റികള്‍ എന്റെ പേര് അയച്ചിരുന്നു. പക്ഷേ ഒരാളെയല്ലേ അംഗീകരിക്കുവാന്‍ കഴിയുകയുള്ളൂ. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കേന്ദ്ര തിരെഞ്ഞെടുപ്പ് സമിതിയുടെ തീരുമാനം അംഗീകരിക്കുന്നു. എസ് സുരേഷ് ശക്തനായ സ്ഥാനാര്‍ത്ഥിയാണ്. കൂടുതല്‍ പുതിയ ആളുകള്‍ കടന്നു വരട്ടെ' - എന്തുകൊണ്ട് സ്ഥാനാര്‍ഥിയായില്ല എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കുമ്മനം നല്‍കിയ മറുപടി ഇതായിരുന്നു. അദ്ദേഹത്തിന്റെ ഈ വാക്കുകളില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. സങ്കടം, നിരാശ, പാര്‍ട്ടിയോടുള്ള വിധേയത്വം അങ്ങനെ എല്ലാം. അവസാന നിമിഷം കുമ്മനത്തെ തഴഞ്ഞതിനു പിന്നില്‍ ബിജെപിയിലെ ചേരിപ്പോര് മുതല്‍ സംസ്ഥാനത്തു പാര്‍ട്ടിയുടെ സംഘടനാ ചുമതല വഹിക്കുന്ന നേതാവിന് കുമ്മനത്തോടുള്ളതായി പറയപ്പെടുന്ന അതൃപ്തി വരെ ആരോപിക്കപ്പെടുന്നുണ്ട്. ഇതില്‍ ഏതു ഘടകമാണ് കുമ്മനത്തിന്റെ സ്ഥാനാര്‍ത്വത്തെ ഇല്ലാതാക്കിയതെന്നു വ്യക്തമല്ലെങ്കിലും ഉറങ്ങിക്കിടന്ന ആളെ വിളിച്ചെഴുന്നേല്പിച്ചു അത്താഴമില്ലെന്നു പറഞ്ഞ ഈ സംഭവം വലിയ ചര്‍ച്ച ആയിക്കഴിഞ്ഞു.

കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. നേരത്തെ പരിഗണിക്കപ്പെട്ട ബിജെപി ജില്ല പ്രസിഡണ്ട് കെ ശ്രീകാന്ത്, മണ്ഡലം പ്രസിഡന്റും യുവ നേതാവുമായ സതീഷ് ചന്ദ്ര ഭണ്ടാരി എന്നിവരെ തഴഞ്ഞു കഴിഞ്ഞ തവണ ലോക് സഭയിലേക്കു മത്സരിച്ചു തോറ്റ രവീശ തന്ത്രി കുണ്ടാറിനെ സ്ഥാനാര്‍ഥി ആകിയതിനെ ചൊല്ലിയാണ് പ്രതിഷേധം. 2016ലെ അസംബ്ലി തിരെഞ്ഞെടുപ്പില്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥി ആക്കിയതിനെതിരെയും പ്രതിക്ഷേധം ഉയര്‍ന്നിരുന്നെങ്കിലും അത് എളുപ്പത്തില്‍ ആറിത്തണുക്കുകയായായിരുന്നു. വട്ടിയൂര്‍ക്കാവിലെയും മഞ്ചേ ശ്വരത്തെയും പ്രതിഷേധവും പെട്ടെന്ന് ആറിത്തണുക്കുമെന്നാണ് ഇപ്പോള്‍ നേതൃത്വം പറയുന്നത്. എന്തായാലും കാത്തിരുന്ന് കാണുക തന്നെ.

ഇവിടെ ശ്രദ്ധേയമാകുന്ന ഒരു കാര്യം പണ്ടൊക്കെ മത്സരിക്കാന്‍ ആളെക്കിട്ടാതെ വിഷമിച്ചിരുന്ന ഒരു പാര്‍ട്ടിയിലാണിപ്പോള്‍ കോണ്‍ഗ്രസിലേതുപോലെ തന്നെ സ്ഥാനാര്‍ഥിത്വ മോഹികളുടെ എണ്ണം പെരുകുന്നതും പടയൊരുക്കങ്ങളും കലാപങ്ങളും നടക്കുന്നതും എന്നതാണ്. തങ്ങളുടേത് ഒരു കേഡര്‍ പാര്‍ട്ടിയാണെന്നൊക്കെ അവകാശപ്പെടുമ്പോഴും കോണ്‍ഗ്രസിലേതെന്ന പോലെ തന്നെ ഗ്രൂപ്പിസവും ചേരിപ്പോരുമൊക്കെ ബിജെപിയിലും കടന്നു കൂടിയിരിക്കുന്നു. ആരൊക്കെ എവിടെയൊക്കെ മത്സരിക്കണമെന്ന് പണ്ട് മാതൃ സംഘടനയായ ആര്‍ എസ് എസ് ആയിരുന്നു തീരുമാനിച്ചിരുന്നതെങ്കില്‍ ഇന്നിപ്പോള്‍ അക്കാര്യം കേന്ദ്ര മന്ത്രി വി മുരളീധരന്‍ നയിക്കുന്ന ഗ്രൂപ്പും പി കെ കൃഷ്ണദാസ് നയിക്കുന്ന എതിര്‍ ഗ്രൂപ്പും കൂടി തീരുമാനിക്കുന്ന അവസ്ഥ വന്നിരിക്കുന്നു. ചുരുക്കത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ വഴിയേ തന്നെയാണ് ബിജെപിയും എന്ന് കരുതേണ്ടിയിരിക്കുന്നു.


Next Story

Related Stories