TopTop
Begin typing your search above and press return to search.

വെഞ്ഞാറമൂട് ഇരട്ടക്കൊല: ബിജെപിയുടെ 'ഇന്റലിജന്‍സ് വീഴ്ച' വാദവും എസ് ഡി പി ഐയുടെ മൌനവും കോണ്‍ഗ്രസിനെ സഹായിക്കാനോ?

വെഞ്ഞാറമൂട് ഇരട്ടക്കൊല: ബിജെപിയുടെ ഇന്റലിജന്‍സ് വീഴ്ച വാദവും എസ് ഡി പി ഐയുടെ മൌനവും കോണ്‍ഗ്രസിനെ സഹായിക്കാനോ?


കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ കുറച്ചുകാലമായി നല്ലപിള്ള ചമഞ്ഞു നടന്നിരുന്ന കോൺഗ്രസ് നേതൃത്വത്തെ എല്ലാ അര്‍ത്ഥത്തിലും വെട്ടിലാക്കിയിരിക്കുകയാണ് തിരുവനന്തപുരം വെഞ്ഞാറമൂടിൽ നടന്ന ഇരട്ടക്കൊലപാതകം. രണ്ടു ഡി വൈ എഫ് ഐ പ്രവർത്തകരാണ് ഒരു സംഘം കോൺഗ്രസ് ഗുണ്ടകളാൽ വെഞ്ഞാറമൂടിൽ അരുംകൊല ചെയ്യപ്പെട്ടത്. അതും തിരുവോണത്തലേന്ന്. ഒരു വര്‍ഷം മുൻപ് പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലചെയ്യപ്പെട്ടതുൾപ്പെടെ സമീപ കാലത്തു സംസ്ഥാനത്തു അരങ്ങേറിയ ഒട്ടുമിക്ക രാഷ്ട്രീയ കൊലപാതങ്ങളുടെയും പാപഭാരം സി പി എമ്മിനുമേൽ ചാർത്തി അഭിരമിക്കുന്നതിനിടയിലാണ് ഒരു ഇടിത്തീ പോലെ തലസ്ഥാന നഗരിയെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയതും കോൺഗ്രസ് പ്രതിരോധത്തിലായതും. കൊലപാതകത്തിൽ കോൺഗ്രസ് പാർട്ടിക്ക് ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ ആവർത്തിക്കുമ്പോഴും സംഭവവുമായി ബന്ധപ്പെട്ടു അറസ്റ്റിലായവരുടെ കോൺഗ്രസ് ബന്ധം മൂടിവെക്കാനാവാത്ത വിധം പരസ്യമായി കഴിഞ്ഞു. ഒരു ഭാഗത്തു വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തിൽ ചെന്നിത്തലയും കൂട്ടരും സ്വയം വെള്ളപൂശാൻ ശ്രമിക്കുമ്പോൾ കേരളത്തിലെ രാഷ്ട്രീയ കൊലപാതങ്ങളിൽ വലിയ പങ്കു വഹിച്ചിട്ടുള്ള ആർ എസ് എസ് - ബി ജെ പി നേതൃത്വം വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്റെ കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള നിലപാടും എസ് ഡി പി ഐ യുടെ മൗനവും ഏറെ സംശയം ജനിപ്പിക്കുന്നു.
'ഇന്റലിജൻസ് വീഴ്ച' , 'ഭരണതകർച്ച' എന്നൊക്കെ പറഞ്ഞു പഴി മുഴുവൻ സംസ്ഥാന സർക്കാരിനുമേൽ കെട്ടിവെച്ചു കൊലപാതകത്തിന്റെ ഗൗരവം കുറച്ചുകാണിക്കാനാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ശ്രമിച്ചത്. ഇന്നലത്തെ ചാനൽ ചർച്ചകളിൽ ബി ജെ പി യെ പ്രതിനിധീകരിച്ചവർ ഇതേ ആക്ഷേപം ആവർത്തിക്കുകയായിരുന്നു. അടുത്തകാലത്തായി സി പി എം ആരോപിക്കുന്ന ' കോൺഗ്രസ് - സംഘപരിവാർ കൂട്ടുകെട്ട് ' തിയറിക്കു ബലം പകരാൻ പോന്ന ഒന്നായിമാറി വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിലെ ബി ജെ പി നിലപാട്. അതുകൊണ്ടു തന്നെ സി പി എം ആരോപണത്തിൽ നിന്നും സ്വയം രക്ഷിക്കാൻ ഇരു പാർട്ടികളുടെയും നേതാക്കൾ ഇനിയങ്ങോട്ട് ഏറെ ബദ്ധപ്പെടേണ്ടിവരും.

തലശ്ശേരിയിലെ ഫസൽ വധവുമായി ബന്ധപ്പെട്ടു രൂപീകൃതമായി എന്നാരോപിക്കപ്പെടുന്ന കേരളത്തിലെ ആർ എസ് എസ് - എസ് ഡി പി ഐ രഹസ്യ ബാന്ധവവും വെഞ്ഞാറമൂട് ഇരട്ടക്കൊലലപാതകത്തെക്കുറിച്ചു പ്രതികരിക്കാൻ ആ പാർട്ടിയുടെ നേതൃത്വം തയ്യാറാവാതിരുന്നതുവഴി വീണ്ടും ചർച്ചാവിഷയമായിരിക്കുന്നു. കേന്ദ്രത്തിൽ മോദിക്കും സംഘ പരിവാറിനും എതിരെ കൊട്ടിഘോഷിക്കുമ്പോഴും കേരളത്തിൽ ഒരേതൂവൽ പക്ഷികളാണ് കോൺഗ്രസ്സും ബി ജെ പി യും എസ് ഡി പി ഐയും ഒക്കെയെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് അടിവരയിടുന്ന രീതിയിൽ തന്നെയാണ് നിലവിൽ കാര്യങ്ങളുടെ പോക്ക്.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക വിഷയത്തിൽ ബി ജെ പി നേതൃത്വം എടുത്ത നിലപാടിന് കേരളത്തിൽ ആ പാർട്ടിയുടെ മുഖ്യ ശത്രു സി പി എം ആണെന്ന വാദത്തിൽ വേണമെങ്കിൽ കൊണ്ടുചെന്നു കെട്ടാം. പക്ഷെ അപ്പോഴും ഈ വിഷയത്തിൽ എസ് ഡി പി ഐ യുടെ മൗനം ഒരു വലിയ ചോദ്യ ചിഹ്നമായി നിൽക്കുന്നുണ്ട്. സാധാരണഗതിയിൽ ' കൊല്ലപ്പെട്ടവരുടെ മതം എടുത്തുകാട്ടി' ഉറഞ്ഞു തുള്ളാറുള്ള എസ് ഡി പി ഐ ക്കു എന്തേ ഇപ്പോൾ മൗനം എന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഇന്നലെ ഒരു ചാനൽ ചർച്ചയിൽ ചോദിക്കുകയും ഉണ്ടായി. അടുത്തിടെ ബംഗളുരുവിൽ അരങ്ങേറിയ കലാപത്തിന്റെ പേരിൽ കർണാടകത്തിൽ നിരോധന ഭീഷണി നേരിടുന്ന പാർട്ടി എന്നൊരു ന്യായീകരണം എസ് ഡി പി ഐ യുടെ ഇപ്പോഴത്തെ ഈ മൗനത്തിനു ചിലർ നൽകുന്നുണ്ട്. എന്നാൽ ഇവിടെ പ്രതിസ്ഥാനത്തു സംഘ പരിവാർ അല്ലെന്നതിനാൽ അത്തരം അഴകൊഴമ്പൻ ന്യായങ്ങൾ നിലനിൽക്കില്ല. ഈ മൗനത്തിനു കുറച്ചുകൂടി യോജിക്കുന്ന ന്യായം ഒരു പക്ഷെ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയെപ്പോലെ തന്നെ മുസ്ലിം ലീഗിനെ കൂട്ടുപിടിച്ചു യു ഡി എഫിൽ കടന്നുകൂടാൻ ശ്രമിക്കുന്ന മറ്റൊരു പാർട്ടിയാണ് എസ് ഡി പി ഐ എന്നതായിരിക്കും. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്റെ പേരിൽ കോൺഗ്രസിനെ വിമർശിക്കാൻ മുസ്ലിം ലീഗും തയ്യാറായില്ല എന്നതുകൂടി ശ്രദ്ധിച്ചാൽ എസ് ഡി പി ഐ മൗനത്തിന്റെ കാര്യത്തിൽ ഏറെക്കുറെ വ്യക്തത കൈവരുമെന്നു തോന്നുന്നു. പോരെങ്കിൽ സംഘപരിവാറിനെന്നതു പോലെ തന്നെ എസ് ഡി പി ഐ ക്കും കേരളത്തിൽ പ്രഖ്യാപിത ശത്രു സി പി എം തന്നെയാണ്.
വീണ്ടും കോൺഗ്രസിലേക്ക് തന്നെ വന്നാൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒട്ടും മോശമല്ലാത്ത പങ്കു വഹിച്ചിട്ടുള്ള ആ പാർട്ടി കുറച്ചു കാലമായി ഗാലറിയിൽ ഇരുന്നു കളി കാണുകയായിരുന്നു. പലപ്പോഴും രാഷ്ട്രീയ കൊലപാതകങ്ങളുടെ, പെരിയയിലേതടക്കം ഗുണഭോക്താവും കോൺഗ്രസ്സും യു ഡി എഫും ആയിരുന്നു. എന്നാലിപ്പോൾ സ്വയമെടുത്തണിഞ്ഞ 'അഹിംസയുടെ കാവലാൾ', ' സമാധാനത്തിന്റെ വെള്ളരിപ്രാവ്‌ ' പട്ടങ്ങൾക്കു വെഞ്ഞാറമൂട് സംഭവത്തിലൂടെ മങ്ങലേറ്റിരിക്കുന്നു. ചെന്നിത്തലയും മുല്ലപ്പള്ളിയുമൊക്കെ കോൺഗ്രസിന് ബന്ധമില്ലെന്ന് എത്ര ഉറക്കെ വിളിച്ചുപറഞ്ഞാലും ഈ കേസിൽ ഇപ്പോൾ പിടിയിലായിട്ടുള്ളവർ കോൺഗ്രസിന്റെ സജീവ പ്രവർത്തകാരാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ പറയുന്നത്. അഹിംസാവാദം പറയുമ്പോഴും കോൺഗ്രസിന്റെ അക്കൗണ്ടിലും ഏറെ ചോരക്കറ പുരണ്ടിട്ടുണ്ടു. പാർട്ടി എതിരാളികളെ മാത്രമല്ല ഗ്രൂപ്പ് പോരിന്റെ പേരിൽ സ്വന്തം പാർട്ടിയിൽ പെട്ടവരെയും അരിഞ്ഞു തള്ളിയ ചരിത്രവും കോൺഗ്രസിന് ഉണ്ടെന്നു കാണിക്കുന്നതാണ് 2013 ലും 15 ലും തൃശൂർ ജില്ലയിൽ അരങ്ങേറിയ മൂന്ന് കൊലപാതകങ്ങൾ. 2013 ജൂൺ 1 നു അയ്യന്തോളിൽ കൊല്ലപ്പെട്ട മധു ഈച്ചരത്തും അതേവർഷം ആഗസ്ത് 16 നു അയ്യ
ന്തോ
ളിൽ വെച്ച് തന്നെ കൊല്ലപ്പെട്ട ലാൽജി കൊള്ളന്നൂരും 2015 ആഗസ്ത് 7 നു ഗുരുവായൂരിൽ കൊല്ലപ്പെട്ട എ സി ഹനീഫയും യൂത്ത് കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ബലിയാടുകളായിരുന്നുവെന്നു കോൺഗ്രസ് നേതാവ് എം എം ഹസ്സൻ തന്നെ ഒരിക്കൽ പരസ്യമായി സമ്മതിച്ച കാര്യമാണ്. യൂത്ത് കോൺഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഉണ്ടായ തർക്കമായിരുന്നു ആദ്യത്തെ കൊലപാതകത്തിന് പിന്നിലെങ്കിൽ പിന്നീട് നടന്നത് പകവീട്ടൽ കൊലപാതങ്ങൾ ആയിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories