TopTop
Begin typing your search above and press return to search.

വികാസ് ദുബെയുടെത് ബ്രാഹ്മണ മാഫിയ സംഘം, ഉത്തർപ്രദേശിനെ വിഭജിക്കാതെ ആ സംസ്ഥാനം രക്ഷപ്പെടില്ല- ശേഖർ ഗുപ്ത എഴുതുന്നു

വികാസ് ദുബെയുടെത് ബ്രാഹ്മണ മാഫിയ സംഘം, ഉത്തർപ്രദേശിനെ വിഭജിക്കാതെ ആ സംസ്ഥാനം രക്ഷപ്പെടില്ല- ശേഖർ ഗുപ്ത എഴുതുന്നു

കൊറോണ വൈറസില്‍ നിന്നും ചൈനയില്‍ നിന്നും ഉത്തര്‍പ്രദേശ് തല്‍ക്കാലം നമുക്ക് മോചനം നല്‍കിയിരിക്കുന്നു. അതിന് നമുക്ക് എന്താണ് ചെയ്യാന്‍ കഴിയുക? നന്ദി പറയണോ പറയാതിരിക്കണോ?

പടരുന്ന മഹാമാരിയെ പോലെയും അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്ന അയല്‍ക്കാരനെ പോലെയും തന്നെ ഉത്തര്‍പ്രദേശിന്റെ കാര്യവും അസ്വസ്ഥജനകമാണ്. അങ്ങേയറ്റം പരിതാപകരമായി സംവിധാനം ചെയ്ത ഒരു 'ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ ഒരാള്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇത്രയും കഴിവുകെട്ട രീതിയില്‍ അത് സംവിധാനം ചെയ്തതിന് പൊലീസുകാര്‍ക്കും അവരുടെ രാഷ്ട്രീയ യജമാനന്‍മാര്‍ക്കും ജോലി നഷ്ടപെടുകയോ, ഏറ്റുമുട്ടല്‍ കൊലപാതകം നടത്തിയതിന് അവരെ ജയിലിലടക്കുകയോ വേണം. ഈ നുണക്കഥ വിശ്വസിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വിക്രം വേതാളത്തിലെ കഥകളും വിശ്വസിക്കാം. എന്നെ സംബന്ധിച്ച് അതിലെ കഥകള്‍ കൂടുതല്‍ വിശ്വാസക്ഷമമാണ്. 36 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളുമുള്ള ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ മൊത്തം ജനസംഖ്യയുടെ 15 ശതമാനവും ഭരണ കക്ഷിയുടെ ആകെ എംപിമാരുടെ അഞ്ചിലൊന്നും അവിടെനിന്നാണ്. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും തെരഞ്ഞെടുക്കപ്പെട്ടത് അവിടെനിന്നാണ്. അങ്ങനെയുള്ള ഉത്തര്‍പ്രദേശ് എന്താണ് നമ്മോട് പറയുന്നത്? പോയി പണി നോക്കാനാണ് ആ സംസ്ഥാനം പറയുന്നത്. നിങ്ങളുടെ നിയമ സംവിധാനവും ഭരണഘടനയും കോടതിയും എടുത്തുകൊണ്ടുപോയി കൊള്ളുക. ഞങ്ങള്‍ ഞങ്ങളുടെ നിയമങ്ങള്‍ നിര്‍മ്മിക്കുകയും ആവശ്യമുള്ളപ്പോള്‍ തകര്‍ക്കുകയും ചെയ്യും. എന്തുകൊണ്ടാണെന്ന് ചോദ്യമെങ്കില്‍ അതിനുള്ള ശക്തി ഞങ്ങള്‍ക്കുണ്ടെന്നാണ് വാസ്തവം.ഏറ്റവും ശക്തമായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഏറ്റവും മോശമായി ഭരിക്കപ്പെടുന്ന സംസ്ഥാനവും അത് തന്നെ. വിവിധ മാഫിയ ഗ്രൂപ്പുകള്‍ക്കിടയില്‍പ്പെട്ടിരിക്കുകയാണ് അത്. അതില്‍പെട്ട ഒന്നാണ് സംസ്ഥാന സര്‍ക്കാരും. ഉത്തര്‍പ്രദേശിനെ ആന്തരികമായി ഇല്ലാതാക്കുന്ന വൈറസിന് ആ സംസ്ഥാനത്തോളം തന്നെ ശക്തിയുണ്ട്. അത് ഇന്ത്യയേയും തകര്‍ക്കുകയാണ്. ആദ്യം ഉത്തര്‍പ്രദേശിന്റെ വലിപ്പം സംബന്ധിച്ച് പ്രശ്‌നങ്ങള്‍ നോക്കാം. ഇന്ത്യയിലെ 10 ല്‍ ഒന്നിലേറ ജില്ലകള്‍ ഉള്ളത് ഉത്തര്‍പ്രദേശിലാണ്. അതായത് 739 ല്‍ 75 എണ്ണം. ഉത്തര്‍പ്രദേശിനോളം ജനസംഖ്യയുള്ള രാജ്യങ്ങളെക്കുറിച്ച് ഓര്‍ത്താല്‍ ആ സംസ്ഥാനത്തെ ഭരിക്കുകയെന്നത് എത്രമാത്രം വിഷമം പിടിച്ച പണിയാണെന്ന് മനസ്സിലാകും. ബ്രസിലീലും പാകിസ്താനിലും ഏകദേശം അതേ ജനസംഖ്യയാണ്. 20 കോടിയ്ക്ക് സമീപം. പാകിസ്താന് നാല് പ്രവിശ്യകളുണ്ട്. സ്വയംഭരണപ്രദേശങ്ങള്‍ എന്നു പറയുന്ന രണ്ട് ഫെഡറല്‍ സംവിധാനങ്ങളുണ്ട്. ബ്രസിലിലാകട്ടെ 26 സംസ്ഥാനങ്ങളുണ്ട്. ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി ഇതെല്ലാം തനിച്ച് ചെയ്യുകയാണ്. അത് അസാധ്യമാണ്. അതാണ് സംസ്ഥാനത്തിന്റെ ഭരണ നിര്‍വഹണത്തിലും സാമൂഹ്യവികസന സൂചികളിലും പ്രതിഫലിക്കുന്നത്. പാകിസ്താന്റെ അതേ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ് ആ രാജ്യത്തിന്റെ പരിതാപകരമായ സാമൂഹ്യ സൂചകങ്ങളും പങ്കിടുന്നുവെന്ന കാര്യം നേരത്തെ ദിപ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശൈശവ മരണ നിരക്കിന്റെ കാര്യത്തില്‍ പാക്കിസ്ഥാനെക്കാള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍, പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തിലും ലിംഗാനുപാതത്തിന്റെ കാര്യത്തിലും ഉത്തര്‍പ്രദേശ് പിന്നിലാണ്. ജനസംഖ്യാ വളര്‍ച്ച നെഗറ്റീവ് ആയ കാര്യത്തില്‍ ഏകദേശം ഒപ്പത്തിനൊപ്പവുമാണ്. അടുത്തകാലത്തായി ഉത്തര്‍പ്രദേശിലെ ജനസംഖ്യാവളര്‍ച്ച കുറയുകയാണ് ചെയ്തയ്ത്. അത് പാക്കിസ്ഥാനെ പോലെ രണ്ട് ശതമാനമായി തുടരുന്നു, അതായത് ഇന്ത്യയിലെ ഇതര പ്രദേശങ്ങളിലെ അപേക്ഷിച്ച് കൂടുതലാണ് അത്. രാജ്യത്തിന്റെ ദേശീയ വരുമാനത്തിന്റെ പകുതിയാണ് ഉത്തര്‍പ്രദേശിലേത്. അവിടുത്ത കുറ്റകൃത്യങ്ങളുടെ നിരക്കും, മാഫിയ സ്വാധീനവും, രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണവും എല്ലാം സിനിമകള്‍ക്കുള്ള വിഷയമാണ്. ഉത്തര്‍പ്രദേശ് വലിയ സംസ്ഥാനമാണ്, അവിടുത്തെ രാഷ്ട്രീയം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അധികാര ഘടനയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ നീതിക്ക് വേണ്ടി ജാതി ഉള്‍പ്പെടെ വിവിധ മാഫിയകളെ ആശ്രയിക്കുന്നു.

ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കാം. യാദവവിഭാഗത്തിലെ അച്ഛനോ മകനോ ആണ് അധികാരത്തിലെങ്കില്‍ അതിന്റെ അര്‍ത്ഥം യാദവര്‍ക്ക് അധികാരം കിട്ടിയിരിക്കുന്നുവെന്നതാണ്. അതായത് ജനസംഖ്യയുടെ ഒമ്പത് ശതമാനം ഉള്ള ആളുകള്‍ക്ക്. അവര്‍ താക്കുര്‍ വിഭാഗത്തില്‍പ്പെട്ടവരുമായോ, മുസ്ലീങ്ങളുമായോ ധാരണയില്‍ ഏര്‍പ്പെടുന്നു. അതുകൊണ്ട് അധികാരവുമായി ഇവരൊക്കെയും കണ്ണിചേര്‍ക്കപ്പെടുന്നു. ക്ഷേമപദ്ധതികളുടെ കാര്യത്തിലും, എന്തിന് കുഴല്‍കിണറുകള്‍ അനുവദിക്കുന്നത് മുതല്‍ പ്രധാനപ്പെട്ട ഓഫീസര്‍മാരെ നിയമിക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ ഇവര്‍ പരിഗണിക്കപ്പെടുന്നു. ഇതില്‍നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ജാതിവിഭാഗങ്ങള്‍ മാഫിയ നേതാക്കളുടെ സഹായം തേടുന്നു. അധികാരത്തിലില്ലാത്ത ജാതി വിഭാഗങ്ങളുള്‍പ്പെട്ടതാവും ഏറ്റവും സജീവമായ മാഫിയ സംഘം. 1980 വരെ സവര്‍ണ വിഭാഗത്തില്‍പ്പെട്ടവര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍, ക്രിമിനല്‍ മാഫിയ സംഘങ്ങള്‍ പലതും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. ഏറ്റുമുട്ടല്‍ സംസ്‌ക്കാരം കൊണ്ടുവന്നത് 1981-82 കാലത്ത് വി പി സിംങ് മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു. 299 ആക്രമികളെയാണ് ഒരുമാസം കൊണ്ട് കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ സഹോദരനും അലഹബാദ് ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റീസ് ചന്ദ്രശേഖര്‍ പ്രസാദും മകനും പ്രതികാരമെന്നോണം കൊല്ലപ്പെട്ടപ്പോഴാണ് അത് അവസാനിച്ചത്. അധികം വൈകാതെ വിപി സിംങ് രാജിവെയ്ക്കുകയും ചെയ്തു. ഗുസ്തി ചാമ്പ്യനായിരുന്ന മുലായം സിംങ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കെതിരെ അദ്ദേഹത്തിന് യോജിക്കാത്ത മനുഷ്യാവകാശ പോരാളിയുടെ വേഷവുമായി പ്രചാരണം നടത്തി പ്രശസ്തനായി എന്നതാണ് ഇതിന്റെ രാഷ്ട്രീയമായ നീക്കിബാക്കി. ഏറ്റുമുട്ടല്‍ കൊലപാകതങ്ങളില്‍ ഇരകളാക്കപ്പെട്ടവര്‍ ഏറെയും പിന്നാക്ക ജാതി വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ പിന്തുണക്കാരായി.

സംസ്ഥാനത്തെ അധികാരം യാദവ വിഭാഗമുള്‍പ്പെട്ട പിന്നാക്ക കീഴ് ജാതി വിഭാഗങ്ങളിലേക്ക് മാറിയപ്പോള്‍, സവര്‍ണ വിഭാഗക്കാര്‍ സംഘടിത ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് മാറി. ബ്രാഹ്മണ്‍, താക്കുര്‍ ഗ്യാങ്ങുകള്‍ ഉണ്ടായി. പശ്ചിമ ഉത്തര്‍പ്രദേശ് നിയമരാഹിത്യത്തിന്റെ മേഖലയായി. കാണ്‍പൂരിലെ, ഇപ്പോള്‍ സര്‍ക്കാര്‍ നേരിടുന്ന മാഫിയ സംഘം ബ്രാഹ്മണരുടെതാണ്. 1989 നാരയണ്‍ ദത്ത് തിവാരിയായിരുന്നു സംസ്ഥാനത്തെ അവസാനത്തെ ബ്രാഹ്മണ്‍ മുഖ്യമന്ത്രി. ഗോവിന്ദ് വല്ലഭ് പന്ത് മുതല്‍ കമലാപഥി ത്രിപാഠി വരെയുള്ള ശക്തര്‍ക്ക് ശേഷം. 31 കൊല്ലമായി ആ സമുദായത്തിന് അധികാരമില്ല. അങ്ങനെ വികാസ് ദുബെ കാണ്‍പൂരിലെ റോബിന്‍ ഹുഡായി മാറി. നേരത്തെ ഗോരഖ്പൂരില്‍ ഹരിശങ്കര്‍ തിവാരി ഉണ്ടായിരുന്നതുപോലെ. ഇന്നത്തെ ചര്‍ച്ചാ വിഷയം ക്രമസമാധാനമായതുകൊണ്ടാണ് അക്കാര്യം വിശദമായി പ്രതിപാദിച്ചത്. മറ്റുകാര്യങ്ങളെക്കുറിച്ച് ഒന്ന് ഓടിച്ചു നോക്കാം. ഏഴ് ദശാബ്ദത്തിനിടയില്‍ സംരംഭകര്‍ ഇവിടെ ഉണ്ടായില്ല. ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന നോയ്ഡയല്ലാതെ മറ്റൊരിടത്തും ഒരു വ്യവസായ എസ്റ്റേറ്റുകള്‍ പോലും ഉണ്ടായില്ല.

ഇന്ത്യയിലെ ഏറ്റവും മികച്ചതും പാരമ്പര്യമുള്ളതുമായ നഗരങ്ങള്‍ ഇവിടെയാണ്. അവയൊക്കെ ഇല്ലാതാക്കപ്പെടുകയോ നാശോന്മുഖമോ ആണ്. കാണ്‍പൂര്‍, അലഹബാദ് തുടങ്ങിയവ. പടിഞ്ഞാറാന്‍ ഭാഗത്ത് ഹരിത വിപ്ലവത്തിന്റെ ഭാഗമായി ഉണ്ടായ ചില നഗരങ്ങള്‍ മാത്രമാണ് ഇതിന് അപവാദം 25 കോടി ജനങ്ങള്‍, 2,43,00 ചതുരശ്ര കിലോമീറ്ററില്‍ 75 ജില്ലകളിലായി കഴിയുന്നു. ഒരു സര്‍ക്കാരിന് ഭരിക്കാന്‍ ബുദ്ധിമുട്ടുള്ള അത്രയും വലിപ്പമുണ്ട് ഇതിന്. ഒരു സര്‍ക്കാര്‍ എന്നാല്‍ ഇപ്പോഴത്തെ രീതി അനുസരിച്ച് ഒരു വ്യക്തിയാണ്. അതുപൊലെ തന്നെ, 80 ലോക്‌സഭ സീറ്റ് എന്നത് ഒരു സംസ്ഥാനത്തിന് ഫെഡറല്‍ അധികാര ഘടനയില്‍ അമിത പ്രാധാന്യം കിട്ടുന്നുവെന്നതിന്റെ അർത്ഥമാണ്. കർണാടക, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ആകെ അംഗങ്ങളെക്കാള്‍ കൂടുതലാണ് ഉത്തർപ്രദേശിൽനിന്നുള്ളത്. അത് രാഷ്ട്രീയമായി അസന്തുലിതമാണ്.. അവിടെ സാമൂഹ്യ സൂചികകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രോല്‍സാഹനങ്ങൾ കുറവായ, ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടുകിടക്കുന്ന ഉത്തര്‍പ്രദേശില്‍ പ്രത്യേകിച്ചും. ഉത്തര്‍പ്രദേശിനെ നാല് അല്ലെങ്കില്‍ അഞ്ച് സംസ്ഥാനങ്ങളായി വിഭജിക്കണം. പശ്ചിമ മേഖല കുറച്ചു കാലമായി ഹരിത് പ്രദേശ് എന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. തെക്ക് ഭാഗക്ക് ബുന്ധേക്ക് ലാന്റ് രൂപികരിക്കണം, ഇതിനൊടോപ്പം മധ്യപ്രദേശിലെ ജനനിബിഡമായ ചില ജില്ലകളും ചേര്‍ക്കാം. ഗോര്‍ഖ്പൂര്‍ തലസ്ഥാനമായി പൂര്‍വാഞ്ചല്‍ രൂപികരിക്കാം. ഇതില്‍ നേപ്പാള്‍ അതിര്‍ത്തി മുതല്‍ ബിഹാര്‍ വരെയുള്ള എല്ലാ കിഴക്കന്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തണം. ലക്‌നൗ തലസ്ഥാനമായുള്ള സംസ്ഥാനത്തെ മധ്യദേശത്തെ നിങ്ങള്‍ക്ക് അവാധ് പ്രദേശെന്നൊ മറ്റൊ വിളിക്കാം. ഇതോടെ നാല് സംസ്ഥാനങ്ങളാകും. എന്റെ അഭിപ്രായത്തില്‍ അഞ്ചെണ്ണമാവും കൂടുതല്‍ നല്ലത്. പൂര്‍വാഞ്ചല്‍ അവികസതിവും കൂടുതല്‍ വ്യാപ്തിയുള്ളതുമാണ്. അതിനെ വിഭജിച്ച് വാരണസി തലസ്ഥാനമായി മറ്റൊരു സംസ്ഥാനവുമാകാം., എന്നാല്‍ ഒരു രാഷ്ട്ര നേതാവും ഇത് ആഗ്രഹിക്കുന്നില്ല. യുപിയെ ഒന്നിച്ചു നിര്‍ത്താന്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉള്ളവരാണ്. സംസ്ഥാനം എത്രത്തോളം നാശത്തിന്റെ വക്കിലാണെങ്കിലും എന്തിനാണ് ഇപ്പോഴത്തെ സൗകര്യങ്ങള്‍ ഇല്ലാതാക്കുന്നത്. എന്നാല്‍ ആരെങ്കിലും അതിന് തയ്യാറായി വെല്ലുവിളി ഏറ്റെടുത്തില്ലെങ്കില്‍ ഇന്ത്യയിലെ ആറിലൊന്ന് ആളുകള്‍ വസിക്കുന്ന ഈ സംസ്ഥാനത്തിന് ഒരു പ്രതീക്ഷയും അവശേഷിക്കുന്നില്ല.

(അഴിമുഖത്തിന്റെ കണ്ടന്‍റ് പാര്‍ട്ട്ണര്‍ ആയ ദി പ്രിന്‍റ് പ്രസിദ്ധീകരിച്ച കോളം ഐ പി എം എസ് എഫിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്.)


ശേഖര്‍ ഗുപ്ത

ശേഖര്‍ ഗുപ്ത

'ദി പ്രിന്‍റ് 'സ്ഥാപകന്‍, കോളമിസ്റ്റ്

Next Story

Related Stories