TopTop
Begin typing your search above and press return to search.

തോറ്റ ട്രമ്പും ജയിക്കുന്ന ട്രമ്പിസവും

തോറ്റ ട്രമ്പും ജയിക്കുന്ന ട്രമ്പിസവും

ജോ ബൈഡന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പിനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതിനെ പറ്റിയുള്ള ഉചിതമായ വിലയിരുത്തല്‍ നാലു വാക്കുകളില്‍ ഒതുങ്ങുന്നതായിരുന്നു. ട്രമ്പ് തോറ്റു; ട്രമ്പിസം ജയിച്ചു. ബുധനാഴ്ച വാഷിംഗ്ടണില്‍ അരങ്ങേറിയ സംഭവങ്ങള്‍ ഈ വിലയിരുത്തലിനെ അക്ഷരാര്‍ത്ഥത്തില്‍ ശരിവെയ്ക്കുന്നു. 2021-ല്‍ ലോകം കാണാനിടയുള്ള ഏറ്റവും വലിയ 10 വിപത്തുകളെ (റിസ്‌ക്) പറ്റിയുളള സാഹിത്യം വായിച്ചുതീരുന്നതിനകം അതില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മുന്നറിയിപ്പ് കണ്‍മുന്നില്‍ സംഭവിച്ചതിന്റെ അങ്കലാപ്പിലാണ് ഈ കുറിപ്പ് എഴുതുന്നത്.

ആഗോള രാഷ്ട്രീയത്തില്‍ സംഭവിക്കാവുന്ന വിപത്തുകളെ ഏറ്റവും നന്നായി വിശകലനം ചെയ്യുന്നവര്‍ എന്നു സ്വയം അവകാശപ്പെടുന്ന യൂറോഏഷ്യ എന്ന ചിന്താസംഭരണിയാണ് (തിങ്ക്ടാങ്ക്) 10 കല്‍പ്പനകള്‍ മുന്നറിയിപ്പായി പുറപ്പെടുവിച്ചിട്ടുള്ളത്. ബിസിനസ്സിനും, നിക്ഷേപത്തിനും അനുയോജ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാനുള്ള ഉപകരണമെന്ന നിലയിലാണ് രാഷ്ട്രീയത്തെക്കുറിച്ചുള്ള 'പൊളിറ്റിക്സ് ഫേസ്റ്റ്' എന്ന അവരുടെ വിശകലനത്തിന്റെ അടിസ്ഥാന മാനദണ്ഡം. ആഗോളതലത്തിലെ വിപത്തുകളെക്കുറിച്ചുള്ള 10 കല്‍പ്പനകള്‍ കൊല്ലം തോറും അവര്‍ പുറത്തിറക്കുന്നു.

2021-ലെ വിപത്തുകളില്‍ ഒന്നാം സ്ഥാനം 46 എന്ന അക്കത്തിനാണ്. അമേരിക്കയുടെ 46-ാമത്തെ പ്രസിഡണ്ടായി ബൈഡന്‍ അധികാരമേല്‍ക്കുമ്പോള്‍ അമേരിക്കന്‍ രാഷ്ട്രീയ വ്യവസ്ഥയും, സമൂഹവും നേരിടുന്ന പ്രതിസന്ധികളുടെ പ്രതീകമെന്ന നിലയില്‍ നക്ഷത്ര ചിഹ്നത്തിന്റെ അകമ്പടിയോടെ -46*- ഇക്കൊല്ലത്തെ മുന്തിയ വിപത്തുകളുടെ സാധ്യതാ പട്ടികയല്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നു. അമേരിക്കന്‍ ഭരണ സംവിധാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും കഠിനമായ അസ്തിത്വ പ്രതിസന്ധി നേരിടുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിപത്തിന്റെ പട്ടികയിലെ ഒന്നാം സ്ഥാനം.

പ്രായപൂര്‍ത്തി വോട്ടവകാശം അനുസരിച്ചുളള ജനാധിപത്യ സംവിധാനത്തിന്റെ സുപ്രധാന അടിത്തറ തെരഞ്ഞെടുപ്പു പ്രക്രിയയാണ്. അതിന്റെ ഗുണദോഷങ്ങളെ പറ്റി വ്യത്യസ്തങ്ങളായ വീക്ഷണങ്ങളും, അഭിപ്രായങ്ങളും ഉണ്ടെങ്കിലും തെരഞ്ഞെടുപ്പു പ്രക്രിയയുടെ സംശുദ്ധി അംഗീകരിയ്ക്കുന്ന രാഷ്ട്രീയകക്ഷികളുടെ സാന്നിദ്ധ്യം പ്രസ്തുത സംവിധാനത്തിന്റെ തുടര്‍ച്ച ഉറപ്പു വരുത്തുന്നു. ഈയൊരു പ്രക്രിയയില്‍ സംഭവിച്ച വിച്ഛേദനമാണ് അമേരിക്ക നേരിടുന്ന ഗുരുതരമായ അസ്തിത്വ പ്രതിസന്ധി..

സാര്‍വത്രിക വോട്ടവകാശം നടപ്പായതിനു ശേഷമുള്ള അമേരിക്കയുടെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഏറ്റവുമധികം വോട്ടുകള്‍ നേടിയ സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ബൈഡനും, പരാജയപ്പെട്ട ട്രമ്പും. 80 ദശലക്ഷം വോട്ടുകള്‍ ബൈഡനും, 74 ദശലക്ഷം വോട്ടുകള്‍ ട്രമ്പും നേടിയിരുന്നു. അതായത് അമേരിക്കയില്‍ വോട്ടു ചെയ്ത ജനങ്ങളില്‍ ഏകദേശം പകുതിയോളം ട്രമ്പിനെ പിന്തുണക്കുന്നവരാണ്. ട്രമ്പിനെ പിന്തുണക്കുന്നതല്ല യൂറോഏഷ്യയിലെ പണ്ഡിതരെ അലട്ടുന്ന വിഷയം. രാഷ്ട്രീയത്തില്‍ മാത്രമല്ല മറ്റുള്ള സാമൂഹ്യ വിഷയങ്ങളിലും ട്രമ്പ് പ്രതിനിധാനം ചെയ്യുന്ന നിയോ-ഫാസിസ്റ്റു മൂല്യങ്ങളെ അതേപടി ഉയര്‍ത്തി പിടിക്കുന്നവരാണ് അവരില്‍ ഭൂരിപക്ഷവും എന്നതാണ് വ്യാകുലപ്പെടുത്തുന്ന സംഗതി. തെരഞ്ഞെടുപ്പില്‍ ട്രമ്പ് പരാജയെപ്പെട്ടുവെങ്കിലും ട്രമ്പിസം രാഷ്ട്രീയമായി വിജയം നേടിയെന്ന ദുരന്തമാണ് അമേരിക്കന്‍ പ്രസിഡന്‍സി വിപത്തുകളുടെ സാധ്യതയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നതിന്റെ പശ്ചാത്തലം. തനിക്ക് ജയിക്കാനാവാത്ത തെരഞ്ഞെടുപ്പ് ആകമാനം തട്ടിപ്പാണെന്നു പറയുന്ന ട്രമ്പിന്റെ വാക്കുകള്‍ വേദവാക്യമായി സ്വീകരിക്കുന്ന ആരാധക കൂട്ടം അമേരിക്കന്‍ സമൂഹത്തില്‍ വലിയ വിഭജനം സൃഷ്ടിച്ചിരിക്കുന്നു. ട്രമ്പും, അനുയായികളും (അവയില്‍ നല്ലപങ്കും കൃസ്ത്യന്‍ മതമൗലിക വാദികള്‍) മാത്രമാണ് യഥാര്‍ത്ഥ അമേരിക്കന്‍ ദേശസ്‌നേഹികളെന്നും ബാക്കിയുള്ളവര്‍ ദേശദ്രോഹികളുമാണെന്ന അടിയുറച്ച വിശ്വാസത്തിന്റെ പേരിലാണ് ബൈഡനും കൂട്ടരും തെരഞ്ഞെടുപ്പില്‍ തിരിമറി നടത്തി വിജയം തട്ടിയെടുത്തെന്ന പ്രചാരണം ഇടതടവില്ലാതെ നടക്കുന്നത്..

കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 11-ദശലക്ഷം വോട്ടുകള്‍ കൂടുതലായി നേടി തന്റെ ജനപ്രിയത ഉയര്‍ത്തിയതിനു പുറമെ ജനപ്രതിനിധി സഭയിലും, സംസ്ഥാന നിയമനിര്‍മാണ സഭകളിലും റിപ്പബ്ലിക്കന്‍ പാര്‍ടി അംഗങ്ങള്‍ക്ക് വിജയിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിലും ട്രമ്പിന്റെ സാന്നിദ്ധ്യം നിര്‍ണ്ണായകമെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ സുപ്രീം കോടതിയില്‍ വലതുപക്ഷ യാഥാസ്ഥിതിക വീക്ഷണം പുലര്‍ത്തുന്നവരുടെ ഭൂരിപക്ഷവും ട്രമ്പിന്റെ സംഭാവനയാണ്. ഈയൊരു സാഹചര്യത്തില്‍ 'സാധാരണ' നിലയിലുള്ള ഭരണം നടത്തുവാന്‍ ബൈഡനു കഴിയാതെ വരുമെന്ന ആകാംക്ഷകളാണ് 46*-ാമത്തെ പ്രസിഡന്‍സിയെ മുന്തിയ വിപത്തുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.

അമേരിക്കയില്‍ എല്ലാവരും ഉറ്റുനോക്കുന്ന പുതിയ ഉത്തേജക പാക്കേജ്, ആരോഗ്യ നയത്തില്‍ ഉചിതമായ മാറ്റം, ദേശീയതലത്തില്‍ ഉയര്‍ന്ന മിനിമം വേതനം തുടങ്ങിയ വിഷയങ്ങളിലെല്ലാം പുരോഗതി കൈവരിയ്ക്കുവാന്‍ ബൈഡന്‍ ഭരണം ഏറെ പണിപ്പെടേണ്ടി വരുമെന്ന സൂചനകള്‍ ഇപ്പോള്‍ തന്നെ വ്യക്തമാണ്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കല്‍, കോവിഡ് നിയന്ത്രണം, കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കുന്നതിനുള്ള നയങ്ങള്‍, കലുഷിതമായ വംശീയ ബന്ധങ്ങള്‍ തുടങ്ങിയ കാതലായ വിഷയങ്ങളിലും ബൈഡന്‍ ഭരണം കാര്യമായ നയങ്ങള്‍ സ്വീകരിക്കുന്നതിന് വിഘാതമായി ട്രമ്പും അനുയായികളും രംഗത്തുണ്ടാവുമെന്നു വ്യക്തമാണ്. ബൈഡന്‍ വിജയം തട്ടിപ്പിലൂടെ നേടിയതാണെന്ന പ്രചരണം അമേരിക്കന്‍ രാഷ്ട്രീയ സംവിധാനത്തിന്റെ വിശ്വാസ്യതയില്‍ സൃഷ്ടിച്ച വിള്ളലിന്റെ അനുരണനങ്ങള്‍ ഭരണനിര്‍വഹണത്തിന്റെ എല്ലാ മേഖലകളിലും പ്രതിഫലിക്കും. തെരഞ്ഞെടുപ്പില്‍ ജയിച്ച വ്യക്തിയെ പ്രസിഡണ്ടായി അംഗീകരിക്കാത്ത പകുതിയോളം വോട്ടര്‍മാരും, വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികളുടെ ഒരു വിഭാഗവുമെന്ന വിചിത്രമായ സാഹചര്യം മറ്റൊരു ജനാധിപത്യ സംവിധാനവും ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല..

ആഭ്യന്തര നയങ്ങളുടെ കാര്യത്തില്‍ നേരിടുന്ന ഈ പ്രതിസന്ധി വിദേശനയത്തിന്റെ കാര്യത്തിലും ബൈഡന്‍ ഭരണകൂടം അഭിമുഖീകരിക്കേണ്ടി വരും. ലോകമാകെ അമേരിക്കന്‍ അധീശത്വം പുലരണമെന്ന കാര്യത്തില്‍ ബൈഡനും, ട്രമ്പും തമ്മില്‍ ഭിന്നതകള്‍ ഇല്ല. പക്ഷെ അത് ഏതു നിലയില്‍ നേടിയെടുക്കാമെന്ന കാര്യത്തില്‍ ഇരു കൂട്ടരും ഭിന്നവീക്ഷണങ്ങള്‍ പുലര്‍ത്തുന്നു. അമേരിക്ക ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്ന സമീപനമാണ് ട്രമ്പിനു പഥ്യമെങ്കില്‍ പരമ്പരാഗത സഖ്യകക്ഷികളെ കൂട്ടി സമന്വയത്തിലൂടെ അധീശത്വം ഉറപ്പിക്കുന്ന രീതിയാവും ബൈഡന്‍ പിന്തുടരുക. പക്ഷെ അടുത്ത നാലു വര്‍ഷത്തിനു ശേഷം ട്രമ്പിസത്തിന്റെ തിരിച്ചുവരവ് ഒരു സാധ്യതയായി നിലനില്‍ക്കുമ്പോള്‍ അമേരിക്കന്‍ കുടക്കീഴില്‍ പഴയതുപോലെ അണിനിരക്കുവാന്‍ സഖ്യകക്ഷികള്‍ തയ്യാറാവുമോയെന്ന കാര്യം സംശയകരമാണ്. യൂറോപ്യന്‍ യൂണിയന്‍ ചൈനയുമായി ഒപ്പുവെച്ച സമഗ്ര നിക്ഷേപ കരാര്‍ ഈയൊരു സംശയത്തെ ബലപ്പെടുത്തുന്നു. ആഭ്യന്തര-വിദേശ നയങ്ങളുടെ കാര്യത്തില്‍ കാതലായ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുവാന്‍ ബൈഡന്‍ നേരിടുന്ന പ്രതിബന്ധങ്ങള്‍ മറികടക്കുക എളുപ്പമല്ലെന്ന നിഗമനമാണ് യൂറോഏഷ്യ പുലര്‍ത്തുന്നത്. ലോകം നേരിടുന്ന വിപത്തുകളുടെ പട്ടികയിലെ ഒന്നാം സ്ഥാനത്തു നിന്നും 46-ാമത്തെ പ്രസിഡന്‍സിക്ക് എളുപ്പത്തില്‍ മോചനം ലഭിക്കുമെന്ന വ്യാമോഹം ആരും പുലര്‍ത്തേണ്ടതില്ലെന്നു ബുധനാഴ്ചത്തെ സംഭവങ്ങള്‍ അടിവരയിടുന്നു.

.


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories