TopTop
Begin typing your search above and press return to search.

പിഞ്ചുമകന്റെ മുന്നിലിട്ട് ഭര്‍ത്താവും കൂട്ടുകാരും കൂടി ഒരു സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചത് ഒരു കാര്‍ട്ടൂണിസ്റ്റിന് വെറും തമാശയായി തോന്നുന്ന അശ്ലീല സമൂഹം

പിഞ്ചുമകന്റെ മുന്നിലിട്ട് ഭര്‍ത്താവും കൂട്ടുകാരും കൂടി ഒരു സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചത് ഒരു കാര്‍ട്ടൂണിസ്റ്റിന് വെറും തമാശയായി തോന്നുന്ന അശ്ലീല സമൂഹം

കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലത്സംഗം ചെയ്തത്. സ്വന്തം മകന്റെ മുന്നില്‍ വച്ചായിരുന്നു യുവതി ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നതെന്നത് സമൂഹ മനഃസാക്ഷിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നില്‍ ജനം ഒന്നടങ്കം തങ്ങളുടെ വേദനയും പ്രതിഷേധവും ഉയര്‍ത്തുമ്പോഴായിരുന്നു ഒരു കാര്‍ട്ടൂണിസ്റ്റിന് യുവതിക്ക് നേരിടേണ്ടി വന്ന ക്രൂരത വെറുമൊരു തമാശയായി തോന്നിയത്. അയാള്‍ക്കത് സംസ്ഥാന സര്‍ക്കാരിനെ പരിഹസിക്കാനുള്ള കേവലമൊരു ' വിഷയം' മാത്രമായാണ് തോന്നിയത്.

പീഡിപ്പിക്കപ്പെട്ടത് ഒരു അമ്മയാണ്. സ്വന്തം കുഞ്ഞിന്റെ മുന്നില്‍ വച്ചാണ് അവര്‍ അപമാനിക്കപ്പെട്ടത്. സമൂഹത്തിലെ തിന്മകള്‍ക്കെതിരേ തന്റെ വരകള്‍ കൊണ്ട് പോരാടുന്നവരാണ് കാര്‍ട്ടൂണിസ്റ്റുകളെന്നാണ് നാം കരുതുന്നത്. രാജ്യത്തെ കാര്‍ട്ടൂണിസ്റ്റുകളുടെ വലിയ നിര അത് തെളിയിച്ചിട്ടുമുണ്ട്. അതില്‍ വലിയൊരളവ് മലയാളികളാണ് താനും. എന്നാല്‍ 'ഹ കു' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഹരികുമാര്‍ എന്ന കാര്‍ട്ടൂണിസ്റ്റ് ആ ധാരണകളെല്ലാം തിരുത്തുകയാണ്.


ഹരികുമാറിന്റെ മുന്‍കാല കാര്‍ട്ടൂണുകള്‍ കണ്ടിട്ടുള്ളവര്‍ക്ക് കഠിനംകുളം സംഭവം അയാള്‍ക്ക് തമാശയായി തോന്നിയതില്‍ അത്ഭുതം തോന്നില്ല. സ്ത്രീകളെ അപമാനിക്കാന്‍ വേണ്ടി മാത്രം വരയ്ക്കുന്നൊരാള്‍. അന്ധമായ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ പോലും അയാള്‍ക്ക് സ്ത്രീകളെ അപമാനിക്കണം. ഒരുപക്ഷേ, കഠിനംകുളത്ത് ആ യുവതിയോട് അതിക്രമം കാണിച്ച നരാധമന്മാരുടെ മുഖത്ത് ഉണ്ടായിരുന്നതിനെക്കാള്‍ വഷളത്തം നിറഞ്ഞ ചിരിയായിരിക്കും ഹരികുമാറിന്റെ മുഖത്ത് ഓരോ തവണയും തന്റെ കൈകൊണ്ടു നടത്തുന്ന നീചപ്രവര്‍ത്തികള്‍ക്ക് ശേഷം ഉണ്ടായിക്കൊണ്ടിരുന്നത്. അശ്ലീല തമാശകള്‍ അയാളെ അത്രയേറെ ഹരം പിടിപ്പിക്കുന്നതുകൊണ്ടായിരിക്കുമല്ലോ, അതയാള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത്.


സ്ത്രീകളെ അപമാനിക്കാന്‍ ഹരികുമാറിന് അയാള്‍ പിന്തുടരുന്ന രാഷ്ട്രീയവും പ്രോത്സാഹനം ചെയ്തിരുന്നോ എന്നു സംശയിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ല. ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന ജിഹ്വയയായി പ്രവര്‍ത്തിക്കുന്ന പത്രത്തില്‍ കാര്‍ട്ടുണിസ്റ്റ് ആയി ജോലി ചെയ്യുമ്പോഴും അയാളുടെ പേനയും പെന്‍സിലും സ്ത്രീ ശരീരത്തിലും അവരുടെ ആത്മാഭിമാനത്തിലുമായിരുന്നു ചിരി കണ്ടെത്തിയിരുന്നത്. ഒടുവില്‍ ജോലിയില്‍ നിന്നും പറഞ്ഞു വിടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയെങ്കിലും.

താന്‍ അപമാനിക്കപ്പെട്ടതിനെ കുറിച്ച് ആ യുവതി പറയുന്ന കാര്യങ്ങള്‍ കേട്ടിരിക്കാന്‍ പോലും കഴിയില്ല. തന്റെ അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ കുഞ്ഞിന് ഏറ്റുവാങ്ങേണ്ടി വന്ന ക്രൂരതയറിഞ്ഞപ്പോള്‍ തളര്‍ന്നുപോയവരാണ് ഓരോ മനുഷ്യനും. എന്തായാലും മനുഷ്യര്‍ക്കിടയില്‍ നിന്നല്ല ഹരികുമാര്‍ ആ അശ്ലീലം കാണിച്ചിരിക്കുന്നത്. അയാള്‍ക്കും ആ യുവതിയെ ഉപദ്രവിച്ചവര്‍ക്കും വ്യത്യാസമില്ല. അവര്‍ ഒരേ കൂട്ടമാണ്. പക്ഷേ, ഇങ്ങനെയൊരു സൃഷ്ടി നടത്തുമ്പോള്‍, ഇതിന് ആസ്വാദകരുണ്ടാകുമെന്ന് ഹരികുമാര്‍ വിചിരിച്ചിരുന്നോ? അങ്ങനെയൊരു ആസ്വാദകവൃന്ദം അയാള്‍ക്ക് ഉണ്ടായിരിക്കുമോ? തുടര്‍ച്ചയായി അശ്ലീലം മാത്രം വരയ്ക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നത് തനിക്കൊപ്പം നിന്നു ചിരിക്കാന്‍ ആളുണ്ടെന്ന വിചാരമായിരിക്കുമോ? ആണെങ്കില്‍ ഒരു ഹരികുമാറിനെ മാത്രം പഴിച്ചിട്ട് കാര്യമില്ല. ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ അതില്‍ ആഹ്ലാദവും തമാശയും കണ്ടെത്തുന്ന ഒരു വിഭാഗം ഈ സമൂഹത്തില്‍ ഉണ്ടെങ്കില്‍ ഹരികുമാര്‍മാര്‍ ഇനിയും ഇതുപോലുള്ള വൈകൃത രചനകള്‍ക്ക് തയ്യറാകും. അവരെ സംബന്ധിച്ച് സ്ത്രീ എന്നാല്‍ ഒരു അശ്ലീല തമാശ മാത്രമാണ്.

ഇത്രയേറെ അധ:പതിച്ച രീതിയിലല്ലെങ്കിലും രാഷ്ട്രീയ വിമര്‍ശനത്തിനും സര്‍ക്കാര്‍ വിമര്‍ശനത്തിലും നിലവാരം കുറഞ്ഞതും മനുഷ്യത്യരഹിതമായതുമായ കാര്‍ട്ടൂണുകള്‍ മുഖ്യധാര പത്രങ്ങളുടെ മുന്‍പേജുകള്‍ നാമിപ്പോള്‍ സ്ഥിരമായി കാണുന്നുണ്ടല്ലോ. അത് വരയ്ക്കുന്ന 'വിഖ്യാത കാര്‍ട്ടുണിസ്റ്റു'കളൊന്നും ഇതുവരെ സമൂഹ വിചാരണ ചെയ്യപ്പെട്ട് കണ്ടിട്ടുമില്ല. 'ദയാരഹിത'മായ അവരുടെ വിമര്‍ശന വരകള്‍ അനസ്യൂതം തുടരുന്നുണ്ട്. പേരെടുക്കാന്‍ അവര്‍ക്കിടയില്‍ മത്സരവുമുണ്ട്. ആ മത്സരത്തില്‍ ജയിക്കാന്‍ എത്ര നീചമായ പ്രവര്‍ത്തികള്‍ക്കും മുതിരും. ജനാധിപത്യ സംവിധാനത്തില്‍ മൗൗലികാവകാശമെന്നൊക്കെ പറഞ്ഞ് തനിക്ക് എന്തും വരയ്ക്കാം എന്ന ധാര്‍ഷ്ഠ്യമാണ് ഇവര്‍ക്കുള്ളതെങ്കില്‍, അതേ മൗലികാവകാശം അവര്‍ ഇരകാളാക്കുന്നവര്‍ക്കും ഉണ്ടെന്ന കാര്യം നിയമസംവിധനം മറന്നു കളയരുത്. വളഞ്ഞ വരകള്‍ അവസാനിപ്പിക്കണം.


രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories