TopTop
Begin typing your search above and press return to search.

എൻ രാജേഷിലൂടെ പ്രസരിക്കുന്ന പാര്‍ട്ടിയുടെ 'കാരുണ്യം'; ശിശുപീഡകന്റെ വക്കീല്‍ എന്നത് യോഗ്യതയാകുമ്പോള്‍

എൻ രാജേഷിലൂടെ പ്രസരിക്കുന്ന പാര്‍ട്ടിയുടെ കാരുണ്യം; ശിശുപീഡകന്റെ വക്കീല്‍ എന്നത് യോഗ്യതയാകുമ്പോള്‍

കേരളത്തിൽ ജില്ലകൾ തോറുമുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റികളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്‌സംഗം ചെയ്ത് ഗർഭിണിയാക്കുകയും പ്രസവിച്ച കുഞ്ഞിനെ നിയമവിരുദ്ധമായി അനാഥാലയത്തിന് കൈമാറുകയും കൂട്ടത്തിൽ മറ്റൊരുപാട് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഒടുവിൽ എല്ലാത്തിലും കൂടിയായി പോലീസ് പിടിയിലാവുകയും ഒടുവിൽ ഇപ്പോൾ ശിക്ഷിക്കപ്പെട്ട് സന്തുഷ്ടമായ ജയിൽ ജീവിതം നയിക്കുകയും ചെയ്യുന്ന പഴയ ഇൻഫാം കർഷക പോരാളിയും നസ്രാണി ദീപികയുടെ മുഖ്യചുമതലക്കാരിൽ ഒരാളുമായിരുന്ന ഫാദർ റോബിൻ വടക്കുംചേരി. നവജാത ശിശുവിനെ അമ്മയിൽ നിന്നും മാറ്റാനും അമ്മയ്ക്കും കുഞ്ഞിനും അവകാശപ്പെട്ട നീതികൾ നിഷേധിക്കാനും റോബിൻ അച്ചന് തുണയായി നിന്നത് വയനാട് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മറ്റി തലവൻ ഫാദർ തോമസ് ജോസഫ് തേരകവും കമ്മറ്റി അംഗമായിരുന്ന സിസ്റ്റർ ഡോക്ടർ ബെറ്റി ജോസും ആയിരുന്നു. സംഭവം വിവാദമായപ്പോൾ സർക്കാർ ആ കമ്മിറ്റി മൊത്തം പിരിച്ചു വിട്ടു. ആ സമയത്താണ് കേരളത്തിലെ ഏതാണ്ടെല്ലാ ജില്ലകളിലും ഇത്തരം കമ്മിറ്റികളുടെ നേതൃത്വം പുരോഹിതന്മാരും കന്യാസ്ത്രീകളുമാണ് കൈക്കലാക്കിയിരിക്കുന്നത് എന്ന വാദവുമായി ഹിന്ദുത്വ ശക്തികൾ മുന്നോട്ടു വരുന്നത്.

ഭാഗികമായി അത് ശരിയുമായിരുന്നു. 2015 ൽ ബാലാവകാശ (കുട്ടികളുടെ കരുതലും, സംരക്ഷണവും) നിയമം പ്രാബല്യത്തിൽ വന്നപ്പോൾ അതനുസരിച്ചുള്ള ജില്ലാതല കമ്മിറ്റികൾ രൂപീകരിക്കേണ്ടി വന്നപ്പോൾ കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാരിതര സംഘടനകളുടെ ആളുകളെയാണ് അന്നത്തെ സർക്കാർ അവയിലെ അംഗങ്ങളായി കണ്ടെത്തിയത്. അനാഥാലയങ്ങൾ നടത്തുന്നവർക്ക് മുൻ‌തൂക്കം കൊടുത്തു. സ്വാഭാവികമായും അനാഥാലയ വ്യവസായ രംഗത്തെ മുന്‍നിരക്കാരായ ക്രിസ്ത്യൻ, മുസ്ളീം പൗരോഹിത്യങ്ങൾ അങ്ങനെ ഈ കമ്മിറ്റികളുടെ തലപ്പത്തെത്തി. അവരിൽ തന്നെ ക്രിസ്ത്യാനികൾ ആയിരുന്നു കൂടുതൽ. പാലക്കാട് ജില്ലയിലെ പഴയ കമ്മിറ്റിയുടെ തലവനും ഒരു പുരോഹിതൻ ആയിരുന്നു. ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പാവപ്പെട്ട കുട്ടികൾ മലപ്പുറത്തെയും കോഴിക്കോട്ടെയും രണ്ടു മുസ്ളീം അനാഥാലയങ്ങളിലേക്ക് പഠനത്തിനായി വന്നപ്പോൾ അതിനെ ഈ പുരോഹിതനും കൂട്ടരും കുട്ടിക്കടത്തായി ചിത്രീകരിച്ചു എന്ന് പറഞ്ഞു ആ വിഷയത്തിൽ ഇരു ന്യൂനപക്ഷ വിഭാഗങ്ങളും തമ്മിൽ തർക്കവും ഉണ്ടായിരുന്നു. കുട്ടിക്കടത്തല്ല എന്നും അന്നത്തെ കമ്മിറ്റി പറഞ്ഞത് തെറ്റായിരുന്നു എന്നും ഇപ്പോൾ വിഷയം അന്വേഷിച്ച സി ബി ഐ തന്നെ കണ്ടെത്തിയിട്ടുമുണ്ട്.

എന്ത് തന്നെ ആയാലും ഫാദർ റോബിൻ കേസും കുട്ടിക്കടത്തു വിവാദവും മാറ്റി നിർത്തിയാൽ പഴയ ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലെ തലവന്മാരും അംഗങ്ങളും വലിയ വിവാദമൊന്നും ഉണ്ടാക്കിയിട്ടില്ല. ചുരുങ്ങിയത് കുഞ്ഞുങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച് പ്രാഥമിക ധാരണകൾ എങ്കിലും അവര്‍ക്ക് ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായി പിണറായി വിജയന്‍റെ ഇടതുപക്ഷ സർക്കാർ കമ്മിറ്റികളെ പുരോഹിതവിമുക്തമാക്കി പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചത്. പുരോഹിതർ പോയപ്പോൾ പാർട്ടിയുടെ നിഴലിൽ ജീവിച്ച ഭാഗ്യാന്വേഷികളും പരിമിത വിഭവരും സ്ഥാനം പിടിച്ചു. ഹിന്ദുത്വ ശക്തികൾ ആകട്ടെ പുരോഹിതർ രംഗം വിട്ടതോടെ ഈ വിഷയം മറന്ന് കൂടുതൽ നേട്ടം ഉണ്ടാക്കാവുന്ന മേഖലകളിലേക്ക് മാറിപ്പോയി. ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾക്കും അനുയായികൾക്കും അനുഭാവികൾക്കും ഈ പദവികൾ നിഷിദ്ധമാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. അല്ലേയല്ല. ബാലാവകാശ നിയമത്തിൽ നിയമിക്കപ്പെടേണ്ടവരുടെ യോഗ്യതകൾ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ആ യോഗ്യതകൾ ഉണ്ടോ എന്നത് മാത്രമാണ് കാര്യം. വ്യക്തമായ നിയമാവലി ഉണ്ടായിട്ടും അതിനെ അട്ടിമറിച്ച്‌ നിയമനം നടത്തിയത് കൊണ്ടാണ് എൻ രാജേഷിനെ പോലൊരാൾ പാലക്കാട് കമ്മിറ്റി അധ്യക്ഷൻ ആയതും അതുവഴി സർക്കാർ പ്രതിക്കൂട്ടിൽ ആയതും. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണക്കേസുകളിൽ പ്രതികളുടെ വക്കീൽ ആയിരുന്നു എന്നത് ഒരു കാരണവശാലും ഈ പദവിയിൽ വരാനുള്ള യോഗ്യതയല്ല. അതിനപ്പുറം ആയ സ്ഥാനത്തിന് ഒരു ദുര്യോഗവും വരാനുമില്ല. ബാലനീതി നിയമം അനുസരിച്ച് ഓരോ ജില്ലയിലും കമ്മിറ്റി രൂപീകരിക്കുമ്പോൾ അതിനു ഒരു ചെയർപേഴ്സനും നാല് അംഗങ്ങളും വേണം. അംഗങ്ങളിൽ ഒരാൾ സ്ത്രീ ആയിരിക്കണം. കുട്ടികളുടെ ക്ഷേമം സംബന്ധിച്ച മേഖലകളിൽ മുൻപ് പ്രവർത്തിച്ച പരിചയം ചെയർപേഴ്സനും അംഗങ്ങൾക്കും വേണം എന്ന് നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ കേസുകളിലെ കുറ്റാരോപിതരെ കോടതിയിൽ വാദിച്ചു രക്ഷിക്കുന്നു എന്നത് കുട്ടികളുടെ ക്ഷേമത്തിനായി മുൻപ് പ്രവർത്തിച്ചുള്ള പരിചയമായി കണക്കാക്കാൻ സുബോധം ഉള്ളവർക്ക് കഴിയില്ല. എന്നിട്ടും രാജേഷ് സ്വയവും രാജേഷിന്റെ നേതാക്കൾ കൂട്ടായും അങ്ങനെ ആയതുകൊണ്ടാണ് 'അപമാനിതനാ'യി രാജേഷിനിപ്പോൾ പുറത്തുപോകേണ്ടി വന്നിരിക്കുന്നത്.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ പദവിയും അധികാരവും ഉണ്ട് ഈ ചെയർമാന്. അതുകൊണ്ട് തന്നെ നിയമം പറയുന്നില്ലെങ്കിലും ഒരു അഭിഭാഷകൻ ആ സ്ഥാനത്ത് വരുന്നത് നല്ലതാണ്. കമ്മറ്റിയുടെ നടപടികൾ കോടതികളിൽ ചോദ്യം ചെയ്യപ്പെടുമ്പോഴും കുട്ടികൾക്ക് യഥാർത്ഥ നീതി ഉറപ്പാക്കാനും അതുകൊണ്ട് സാധിക്കും. എന്നാൽ രാജേഷിനെ പോലുള്ള അഭിഭാഷകർ വരുമ്പോൾ ഗുണത്തിലധികം ദോഷമാണ് ഉണ്ടാവുക. സ്വാഭാവിക നീതിയാണ് ഈ വിഷയത്തിൽ പിണറായി സർക്കാർ ചവിട്ടി മെതിച്ചത്. പാർട്ടിക്കാർക്ക് സ്ഥാനം നൽകിയോ എന്നതല്ല വിഷയം. യോഗ്യതയില്ലാത്ത അനർഹർക്ക് നൽകി എന്നതാണ്.

ഒരു പൊതുതാത്പര്യ ഹർജി കൊടുത്തു പോലും സാമൂഹിക പ്രതിബദ്ധത കാണിക്കാത്ത ഒരു ക്രിമിനൽ കേസുകൾ വാദിക്കുന്ന വക്കീലിനു ഇരിക്കേണ്ട സ്ഥലമല്ല ഇത്‌. ആരോഗ്യം, വിദ്യാഭ്യാസം, വികസനം എന്നിങ്ങനെ ഏതെങ്കിലും മേഖലയിൽ കുട്ടികൾക്കായി പ്രവർത്തിച്ച പരിചയം നിയമം പറയും പ്രകാരം രാജേഷിനുണ്ടോ? ഇപ്പോൾ രാജേഷ് പോകുന്നുള്ളൂ. സർക്കാർ നിയമിച്ച മറ്റുജില്ലകളിലെ പലരുടെയും യോഗ്യതകൾ നോക്കിയാൽ സ്ഥിതി ഇതുതന്നെ ആയിരിക്കും. മഹത്തായ ലക്ഷ്യങ്ങളോടെ കുട്ടികൾക്കായി കൊണ്ടുവരപ്പെട്ട ഈ സംവിധാനം കേരളത്തിൽ ഈ വിധമാണ് അട്ടിമറിക്കപ്പെടുന്നതെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയെന്നാണ്? പാർട്ടിക്കാർ തന്നെ വേണമെന്നുണ്ടെങ്കിൽ ബാലസംഘത്തിലും ജനാധിപത്യ മഹിളാ അസോസിയേഷനിൽ നിന്നും പരിഗണിക്കാമായിരുന്നു. പാർട്ടി വക ചാരിറ്റികളുടെ നടത്തിപ്പുകാരെ നോക്കാമായിരുന്നു. വർഗ്ഗ ബഹുജന- സർവ്വീസ് സംഘടനകളിൽ അറിവും വിവേകവും കുട്ടികളോട് സ്നേഹവുമുള്ളവരെ പരിഗണിക്കാമായിരുന്നു. എൻ രാജേഷ് അവിടെ എവിടെയാണ് വരുന്നത്? ഇവിടെ പ്രശ്നം മനോഭാവം മാത്രമാണ്. സാമൂഹിക സുരക്ഷയുടെ കാരുണ്യ നയനങ്ങളെ തിമിരം ബാധിച്ചിരിക്കുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗമാവാനുള്ള യോഗ്യതകൾ സംക്ഷിപ്തമായി ഇങ്ങനെ: ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 27 (4) കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമം എന്നീ മേഖലകളില്‍ ഏഴ് വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചമില്ലാത്ത ഒരാളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ അംഗമായി നിയമിക്കരുത്. അല്ലെങ്കില്‍ കുട്ടികളുടെ മനശ്ശാസ്ത്രം, കുട്ടികളുടെ മാനസികാരോഗ്യം, നിയമം, സാമൂഹികശാസ്ത്രം, മാനവവികസനം എന്നിവയില്‍ ഡിഗ്രിയുള്ള ഒരു പ്രാക്ടീസിങ് പ്രഫഷണലോ ആയിരിക്കണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories