TopTop
Begin typing your search above and press return to search.

അസന്തുഷ്ട ദിനങ്ങളുടെ വക്കിലായ ഇന്ത്യന്‍ ജനാധിപത്യം

അസന്തുഷ്ട ദിനങ്ങളുടെ വക്കിലായ ഇന്ത്യന്‍ ജനാധിപത്യം

ഭരണപരമായ നിശ്ചയാദാര്‍ഢ്യവും, രാഷ്ട്രീയ ശ്രേഷ്ഠതയും, ധാര്‍മിക പൂര്‍ണ്ണതയും എല്ലാം ഒത്തു ചേരുന്നതും, എന്നാല്‍ ശരിക്കും നിര്‍വചനത്തിന് വഴങ്ങാത്തതുമായ ഒരുതരം സൗഭാഗ്യത്തിന്റെ ഇല്ലാതാവല്‍ എല്ലാ ഭരണകൂടങ്ങളും അഭിമുഖീകരിക്കുന്നതാണ്. ഇത്തരം സൗഭാഗ്യം നല്ല അളവില്‍ ഒത്തുചേര്‍ന്നിട്ടുള്ള ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ അനുസരണ ലഭിക്കുമെന്ന് മാത്രമല്ല തന്റെ നിയമങ്ങളും, ഉത്തരവുകളും ബഹുമാനിക്കുവാന്‍ അവരോട് ആവശ്യപ്പെടാനും കഴിയും. അത്തരമൊരു ഭരണാധികാരിക്ക് ഭീഷണിപ്പെടുത്തിയുള്ള ഭരണമല്ല ആദ്യപടിയെന്നു ചുരുക്കം. അതേസമയം, സ്വന്തം സൗഭാഗ്യം നഷ്ടമാവുന്ന ഭരണസംവിധാനം അധികാരത്തില്‍ തുടരുമെങ്കിലും അതിന്റെ ധാര്‍മികമായ നീതീകരണം കൊഴിഞ്ഞുപോവും.

നിരലാംബരും, നിസ്സഹായരുമായ ദശലക്ഷക്കണക്കിന് ഇന്ത്യാക്കാര്‍ കൊറോണയുടെ രണ്ടാം വരവില്‍ വിറങ്ങലിക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ ജീര്‍ണ്ണതകളില്‍ മുഴുകിയ ബഹുമാന്യനായ പ്രധാനമന്ത്രിയും, തുല്യനിലയില്‍ ബഹുമാന്യനായ ആഭ്യന്തരമന്ത്രിയും ഷഹന്‍ഷായും, ഷായുമെന്ന സമവാക്യത്തിനുള്ള അന്ത്യകൂദാശ ചൊല്ലിക്കഴിഞ്ഞു. പ്രധാനമന്ത്രി പദമെന്ന മേലധികാരത്തിന്റെ കാലാവധി ശേഷിക്കുന്നതിനാല്‍ രാജ്യത്തിന്റെ മുന്നില്‍ ഇനിയുള്ള കാലം അസന്തുഷ്ടങ്ങളായ തെരഞ്ഞെടുപ്പുകളാണ്.

ഒരു പക്ഷെ, ഭയാനകമായ ഈയൊരു പതനം ഒഴിവാക്കാനാവുമായിരുന്നില്ല. ദേശക്ഷേമത്തിലും, പൊതു നന്മയിലും നിസ്വാര്‍ത്ഥതയോടെ, പൂര്‍ണ്ണശ്രദ്ധയോടെ മുഴുകിയിരിക്കുന്ന സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയും, ദേശത്തിന്റെ സമൃദ്ധിയും, യശസ്സും മുന്നോട്ടുകൊണ്ടു പോവുന്നതില്‍ മാത്രം അടങ്ങാത്ത താല്‍പര്യമുള്ള നേതാവും എന്ന ഭൂമികയിലായിരുന്നു നരേന്ദ്ര മോദി എന്ന പദ്ധതിയുടെ നിര്‍മ്മിതി. ഉന്നതമായ ലക്ഷ്യത്തിന്റെ കുലീനതയും ഉയര്‍ന്ന വൈയക്തിക സദാചാരസംഹിതയും പുലര്‍ത്തുന്ന ജ്ഞാനിയായ അമരക്കാരന്‍. മാന്യമായ മാര്‍ഗങ്ങളിലൂടെ, മാന്യമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി യത്നിക്കുന്ന മാന്യനായ വ്യക്തി. ദേശത്തിനുള്ള അനുഗ്രഹമാണ് അദ്ദേഹത്തിന്റെ നേതൃത്വം.

'സംവാദത്തിന്റെയും, അഭിപ്രായത്തിന്റെയും സമ്പൂര്‍ണ്ണഘടനയെന്ന്' എഡ്വേര്‍ഡ് സെയ്ദ് ഒരിക്കല്‍ വിശേഷിപ്പിച്ച സംവിധാനത്തിന്റെ ബലത്തിലാണ് ഈ മിത്ത് നിലനിര്‍ത്തപ്പെട്ടത്. മോദിയും, ടീമും വ്യക്തി പ്രഭാവത്തെക്കുറിച്ചുള്ള പാഠപുസ്തകം പൊളിച്ചെഴുതിയപ്പോള്‍ മുഖപ്രസംഗമെഴുത്തുകാരും, ടെലിവിഷന്‍ ആങ്കര്‍മാരും ചിന്തയേതുമില്ലാതെ മഹാനായ നേതാവിന്റെ വാഴ്ത്തുകളില്‍ മുഴുകി. നേതാവിന്റെ നയങ്ങളിലും, രാഷ്ട്രീയത്തിലുമുള്ള പോരായ്മകള്‍ ചൂണ്ടിക്കാട്ടിയവരെ 'രാഷ്ട്രീയം കളിക്കുന്നുവെന്ന്' പറഞ്ഞ് അപ്പോള്‍ തന്നെ അടിച്ചിരുത്തി. മഹാനായ നേതാവ് ജോലിയിലാണ്, ശാന്തതയോടെ നിശ്ശബ്ദത പാലിക്കൂ; ഇതായി നാട്ടുനടപ്പ്.

ഉന്നത ലക്ഷ്യങ്ങളും, ശ്രേഷ്ഠതയും ചേര്‍ത്ത് കൃത്രിമായി സൃഷ്ടിക്കപ്പെട്ട ഈ മിത്തിനു പകരം പശ്ചിമബംഗാളിലും, പുറത്തുമുള്ള ജനങ്ങള്‍ സാക്ഷ്യം വഹിച്ചത് ഏറ്റവുമധികം ആഘോഷിക്കപ്പെട്ട രണ്ട് രാഷ്ട്രീയ നേതാക്കള്‍ പച്ചയായ അധികാര മോഹവുമായി രാഷ്ട്രീയ തുച്ഛതകള്‍ നിറഞ്ഞ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതാണ്. കേന്ദ്രത്തില്‍ ഭരിക്കുന്ന പാര്‍ട്ടി ഒരു പ്രാദേശികക്ഷിയെ സ്ഥാനഭ്രഷ്ടമാക്കുന്നതിന് വേണ്ടി വൃത്തികേടുകളുടെ പരിധികളെല്ലാം ലംഘിക്കുന്നതാണ് നാം കണ്ടത്. അതിനിടയില്‍ സംഭവിക്കുന്ന ദുരന്തം എന്തായാലും തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതോടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും, തുല്യനിലയില്‍ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിക്കും രാഷ്ട്രീയ മാന്യതയും, ജനകീയ അംഗീകാരവും തിരിച്ചു പിടിക്കാനാവുമെന്ന അട്ടിമറി മനസ്ഥിതിയുളളവരുടെ ഹീനമായ കണക്കുകൂട്ടലുകളാണ് അതില്‍ തെളിഞ്ഞത്.

രാഷ്ട്രീയ അഹങ്കാരവും, മഹാമാരിയും

മഹാമാരിയുടെ ഈ രണ്ടാം വരവില്‍ കാര്യക്ഷമതയെക്കുറിച്ചുള്ള വലിയ അവകാശവാദങ്ങള്‍ തുറന്നുകാട്ടപ്പെട്ടുവെന്ന കാര്യം ഈ സിനിസിസത്തിനിടയില്‍ ഓര്‍ക്കേണ്ടതുണ്ട്. മഹാമാരിക്കെതിരായ യുദ്ധം 'ജയിച്ചു'വെന്ന ആര്‍പ്പുവിളികള്‍ക്ക് പ്രധാനമന്ത്രി തന്നെ നേതൃത്വം നല്‍കിയിരുന്നു. വരാനിരിക്കുന്ന വലിയ വിപത്തുകളെ മുന്‍കൂട്ടി കാണുവാനും, മറ്റ് സമൂഹങ്ങളുടെയും, സംവിധാനങ്ങളുടെയും അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉല്‍ക്കൊള്ളാനും, പ്രശ്നങ്ങളെ ദീര്‍ഘദര്‍ശനം ചെയ്യുന്നതിനുമുള്ള കഴിവാണ് രാജ്യം ഭരിക്കുകയെന്ന കലയുടെ അടിസ്ഥാനം.

രണ്ടാം വരവിനെക്കുറിച്ച് യൂറോപ്പില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ ഗൗരവമായി പരിഗണിക്കുന്നതിന് പകരം 'സംവാദ-അഭിപ്രായ ഘടന' സമ്പൂര്‍ണ്ണമായി പ്രധാനമന്ത്രിയെന്ന യുഗപുരുഷന്‍ ആനന്ദത്തോടെ നടപ്പിലാക്കുന്ന 'ടിക്ക ഉത്സവം' അഥവ കുത്തിവെയ്പ് ഉത്സവത്തിന്റെ വാഴ്ത്തുകളില്‍ മുഴുകി.

ഒഴിവാക്കാന്‍ പറ്റാത്ത ദുരന്തമായിരുന്നില്ല മാഹാമാരിയുടെ രണ്ടാം വരവ്. ഭരണപരമായ സ്വന്തം ധര്‍മ്മവും, കഴിവും, അനുഭവ സമ്പത്തും മോദി ഭക്തിക്കായി ഉദ്യോഗസ്ഥ സംവിധാനം കാണക്കിയര്‍പ്പിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ ദുരന്തം. രാജ്യത്തെ ശാസ്ത്ര സംവിധാനത്തിനും ഇതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാവില്ല. തീരുമാനങ്ങളെല്ലാം രാഷ്ട്രീയക്കാര്‍ക്ക് വിട്ടുകൊടുക്കാനും, മഹാമാരിക്കെതിരായ യുദ്ധത്തില്‍ തട്ടിപ്പുകാരായ ബാബമാരെയും, ഗുരുക്കന്മാരെയും വണങ്ങാനും അവര്‍ തയ്യാറാവരുതായിരുന്നു.

പുതിയ ഇന്ത്യയെ ഭരിക്കുന്ന പുതിയ വരേണ്യരുടെ അഹന്തയും, സിനിസിസവുമാണ് ഒരു രാജ്യമെന്ന നിലയില്‍ നമ്മുടെ ഇപ്പോഴത്തെ ദുരവസ്ഥയുടെ കാരണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍ പ്രദേശും, ഗുജറാത്തും ഉദാഹരണങ്ങളായി എടുക്കുക. ഗുജറാത്തിലെ ദുരന്തത്തിന്റെ തീവ്രതയും, ആരോഗ്യ സംവിധാനം തകര്‍ന്നതും തിരിച്ചറിയുന്നതുപോലുമില്ല. ഭരണസംവിധാനത്തിന്റെ ഇതുപോലെയുള്ള നിസ്സംഗത പ്രകൃതി ക്ഷോഭത്തിന്റെയും, ദുരന്തങ്ങളുടെയും കാലയളവില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത് മാത്രമാണ് ദൃശ്യമായിരുന്നത്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോധ്യയില്‍ അമ്പലം പണിയാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് അടുത്ത തെരഞ്ഞെടുപ്പ് ഇപ്പോള്‍ തന്നെ ജയിച്ചതിന് തുല്യമാണെന്ന കരുതുന്ന ഉത്തര്‍ പ്രദേശില്‍ നിഷ്പക്ഷവും, നീതിപൂര്‍വ്വവുമായ ഭരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും കാറ്റില്‍ പറത്തുകയാണ്. സിനിസിസവും, അഹന്തയും, അതിരുകടന്ന അഹങ്കാരവും ഗ്രസിച്ച ബിജെപി നേതൃത്വം ആകമാനം ഭാവനശൂന്യമാണ്.

രാജ്യമാകെ ഇതുവരെ കാണാത്ത വിധം നടമാടുന്ന ദു:ഖവും, വേദനയും, മരണവും അതിന്റെ ഫലമാണ്. മോദി വാഴ്ചയ്ക്ക് അതിന്റെ സൗഭാഗ്യങ്ങളൊക്കെ കൈമോശം വന്നിരിക്കുന്നു. രാജ്യത്തിന് പ്രതിരോധിക്കേണ്ട സമയമായി. നികുതിദായകരുടെ ചെലവില്‍ നടത്തുന്ന പ്രൊപ്പഗാന്‍ഡക്ക് ഹൈക്കോടതികളെ ഇനിയും കബളിപ്പിക്കാനാവില്ലെന്ന് വ്യക്തമായി. ജുഡീഷ്യറിയ്ക്ക് അതിന്റെ ഭരണഘടനാദത്തമായ പ്രൗഢിയും ആര്‍ജ്ജവവും വീണ്ടെടുക്കുന്നതിന് സുപ്രീം കോടതിയില്‍ ചുമതലയേറ്റ പുതിയ ചീഫ് ജസ്റ്റിസ് പ്രേരണയാകുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു. നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന ദേശീയദുരന്തത്തിന്റെ സമയത്ത് വ്യക്തിഗതങ്ങളായ കഴിവുകേടുകള്‍ക്ക് നേരം കളയാനാവില്ല. പരാജയപ്പെട്ട ഒരു നേതൃത്വത്തിന്റെ വീഴ്ചകളെ മറികടക്കുന്നതിനായി ഭരണഘടന സ്ഥാപനങ്ങളുടെ കൂട്ടായ അതിജീവന ശേഷിയെ മുഴുവന്‍ സമാഹരിക്കേണ്ടതുണ്ട്.

ഒരു രാജ്യമെന്ന നിലയില്‍ മുന്നില്‍ കാണാനാവുക അസന്തുഷ്ടങ്ങളായ ദിനങ്ങളും, മാസങ്ങളുമാണ്. മെയ് രണ്ടാം തീയതിയിലെ വോട്ടെണ്ണലിന്റെ ഫലം എന്തായാലും ഷഹന്‍ഷാക്കും, ഷാക്കും നിലതെറ്റുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്തല്ല. പശ്ചിമ ബംഗാളിലെ ഏതെങ്കിലും തരത്തിലുള്ള വിജയം ബിജെപിയുടെ സിനിക്കലായ ഗണിതതന്ത്രങ്ങളെ ബലപ്പെടുത്തുന്നതിനൊപ്പം ഭരണഘടനാസ്ഥാപനങ്ങളുടെ മേലുള്ള കുതിരകയറ്റം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മമതാ ബാനര്‍ജിയെ പുറത്താക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ സ്വവിശുദ്ധിയില്‍ മാത്രം അഭിരമിക്കുന്ന ഭരണ സംഘികള്‍ വെറുപ്പും, വിദ്വേഷവും കെട്ടഴിച്ചു വിടും.

പ്രധാനമന്ത്രിമാരുടെ അധികഭാരം ചുമന്നതിന് രാജ്യത്തിന് കനത്ത വില നല്‍കേണ്ടി വന്നിട്ടുണ്ട്. സ്വയം വിശ്വസിക്കുന്ന തന്‍പോരിമയിലും, സ്വബാധയിലും നിന്നും പ്രധാനമന്ത്രിയെ മുക്തനാക്കുക പ്രയാസകരമെന്നു മാത്രമല്ല അസാധ്യവുമാണ്. കാരണം, ഏകാധിപത്യ വ്യക്തിത്വങ്ങളെല്ലാം എതിര്‍പ്പുകളില്ലാത്ത അധികാരകാംക്ഷികളാണ്. 1974-75-ലെ ഇന്ദിര ഗാന്ധിയപ്പോലെ മോദിയും തീരുമാനിക്കുക രാജ്യത്തിന് വേണ്ടത് ശക്തമായ കരങ്ങളുടെ ഒരു ഡോസ് വാക്സിന്‍ എന്നാവും. ജനാധിപത്യ ഇന്ത്യ കരുതിയിരിക്കണം.

.(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)


Next Story

Related Stories