TopTop
Begin typing your search above and press return to search.

കൊറോണയ്ക്കെതിരെ സ്വന്തം ഖജനാവ് തുറക്കാന്‍ ആരാധനാലയങ്ങള്‍ മടിക്കരുത്; മനുഷ്യരുണ്ടെങ്കിലേ ദൈവവുമുള്ളൂ

കൊറോണയ്ക്കെതിരെ സ്വന്തം ഖജനാവ് തുറക്കാന്‍ ആരാധനാലയങ്ങള്‍ മടിക്കരുത്; മനുഷ്യരുണ്ടെങ്കിലേ ദൈവവുമുള്ളൂ

ടാസ്‌ക് എല്ലാം കഴിഞ്ഞെങ്കില്‍ നമുക്ക് കണ്ണ് തുറന്ന് ഒന്ന് ലോകത്തെ നോക്കാം.

നമ്മള്‍ വിചാരിക്കുന്നതിനുമപ്പുറമാണ് കൊറോണ വൈറസിന്റെ ഭീകരത.10 ലക്ഷം രോഗബാധിതര്‍ എന്ന നിലയില്‍ നിന്ന് 17 ലക്ഷത്തിലേയ്ക്ക് എത്താന്‍ കൊറോണ വൈറസിന് ഏതാനും ദിവസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. മരണങ്ങള്‍ ഒരു ലക്ഷം കവിഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകത്തെ ഇത്രത്തോളം അസ്വസ്ഥമാക്കിയ വേറെയൊരു കാര്യവും കാണില്ല. അമേരിക്കയില്‍ ഒരു ദിവസം ശരാശരി മരണനിരക്ക് തന്നെ ആയിരത്തോടടുത്തു. ഇനി ഇന്ത്യയുടെ കാര്യമെടുത്താല്‍ ആദ്യമൊക്കെ ലോകരാജ്യങ്ങളെ നോക്കി അമ്പരന്നു നിന്ന നമ്മള്‍ പെട്ടെന്നാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. അതുകൊണ്ടാണ് ജനതാ കര്‍ഫ്യുവും തുടര്‍ന്ന് വന്ന ലോക്ക്ഡൌണും 130 കോടി ജനങ്ങളെ സുരക്ഷിതരായി വീട്ടിലിരിക്കാന്‍ പ്രേരിപ്പിച്ചത്. അഭയാര്‍ത്ഥി പലായനം അതിലൊരു കയ്‌പേറിയ യാഥാര്‍ത്ഥ്യം പോലെ നില്‍ക്കുന്നുണ്ടെങ്കിലും.ഇന്ത്യയില്‍ തന്നെ കേരളത്തില്‍ വന്നതിനു ശേഷമാണ് തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും കോവിഡ് ബാധിതര്‍ ഉണ്ടായത്. ഇന്നിപ്പോള്‍ കേരളത്തില്‍ ഉള്ളതിന്റെ രണ്ടിരട്ടിയായി അവിടങ്ങളിലെ രോഗബാധിതര്‍. സാമൂഹിക വ്യാപനം ഉണ്ടായി, പക്ഷെ വ്യാപകമായിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത സമിതികള്‍ ശരിവെയ്ക്കുന്നുമുണ്ട്. ഇതില്‍ നിന്നും നമുക്കെങ്ങനെ രക്ഷപെടാം എന്നത് മാത്രമായിരിക്കണം ഇനിയങ്ങോട്ടുള്ള ചിന്തകള്‍. ഹിന്ദി സീരിയല്‍ ഗിമ്മിക്കുകള്‍ ഇവിടെ ഒരു രീതിയിലും നമുക്ക് രക്ഷപെടാനുള്ള മാര്‍ഗമല്ല. വൈറസിനെ ശാസ്ത്രീയമായി തന്നെ നേരിട്ടേ പറ്റൂ. അതിനു ഡോക്ടര്‍മാര്‍ തന്നെ വേണം. ആദ്യം അവരുടെ രക്ഷയ്ക്കുള്ള PPE (personal protective equipment) കിറ്റ് ഓരോ ഡോക്ടര്‍മാര്‍ക്കും എത്തിക്കേണ്ട ബാധ്യത കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. കേരളത്തിന്റെ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ മുന്‍പ് പറയുകയുണ്ടായി, ഇത് ആദ്യനിര ഡോക്ടര്‍മാരാണ്; അവര്‍ക്കു ബുദ്ധിമുട്ട് നേരിടുന്ന പക്ഷം നമ്മള്‍ രണ്ടും മൂന്നും നിരകള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്ന്. ഇത്രത്തോളം ദീര്‍ഘവീക്ഷണം ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍ക്കുണ്ട് എന്ന് കണ്ടു തന്നെ അറിയണം.ആദ്യം മുതലേ കോവിഡിനെ വിജയകരമായി നേരിട്ട പല രാജ്യങ്ങളിലും ഉപയോഗിച്ച കാര്യമാണ് ടെസ്റ്റ്. ഒരാളെപ്പോലും വിട്ടുപോകാതെ നമ്മള്‍ ടെസ്റ്റ് ചെയ്‌തേ പറ്റൂ. അതിനാവശ്യമായ എല്ലാ ടെസ്റ്റിംഗ് ഉപകരണങ്ങളും കുറഞ്ഞ നിരക്കില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം. റാപിഡ് ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആയവരെയും പോസിറ്റീവ് ആകാന്‍ സാധ്യതയുള്ളവരെയും 14 ദിവസത്തേക്കും അതിനു ശേഷം വീണ്ടും ഒന്നോ രണ്ടോ ആഴ്ച്ചക്കാലം പൊതുസമൂഹത്തില്‍ നിന്നും ക്വാറന്റൈന്‍ ചെയ്ത് നെഗറ്റീവ് ആക്കി മാറ്റിയാല്‍ മാത്രമേ നമുക്ക് ഈ വൈറസ് നെ അതിജീവിച്ചു എന്ന് പറയാന്‍ പറ്റൂ. ഇന്ത്യയില്‍ ആദ്യമായി കോവിഡ് രോഗികള്‍ ഉണ്ടായത് കേരളത്തിലാണ്. അവരെ ഉടന്‍ തന്നെ ഐസൊലേറ്റ് ചെയ്യുകയും പിന്നീട് വന്ന ഓരോ കേസിനും ക്വാറന്റൈന്‍ രീതി അവലംബിച്ചത് കാരണം രോഗവ്യാപനത്തിന്റെ ഗ്രാഫ് കുറയ്ക്കാന്‍ കേരളത്തിന് സാധിച്ചു .കോവിഡിന് ഇതുവരെ വാക്‌സിന്‍ കണ്ടുപിടിക്കാത്ത സ്ഥിതിയില്‍ രോഗം വന്ന ഒരാളുടെ പ്ലാസ്മ - ആന്റിബോഡി പ്രിവന്റീവ് ആയി ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെങ്കിലും അത്‌പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമേ നടപ്പാക്കാനാവൂ. വളരെ ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയില്‍ മാത്രമേ ഇത് പരീക്ഷിക്കുകയുള്ളൂ താനും. എന്നിട്ടും കേരളം വിശദമായ പ്രോട്ടോക്കോള്‍ സമര്‍പ്പിച്ച് ഐസിഎംആറില്‍ നിന്ന് അതിനുള്ള അനുമതി നേടിയെടുത്തു. ഈ രോഗത്തെ എങ്ങനെയും കീഴടക്കിയേ പറ്റൂ എന്ന കേരളത്തിന്റെ നിശ്ചയദാര്‍ഢ്യം ലോകത്തിനു മാതൃകയാണ് .നിലവിലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ഒട്ടും ചിലവില്ലാത്ത ബ്രേക്ക് ദി ചെയിന്‍, സോഷ്യല്‍ ഡിസ്റ്റന്‍സിങ്, മാസ്‌കിങ് എന്നിവയൊക്കെ തന്നെ. അതു കൊണ്ട് തന്നെ അത് കുറേക്കാലത്തേക്കെങ്കിലും കര്‍ശനമായി പാലിക്കാന്‍ നാം മടിക്കേണ്ടതില്ല. ആള്‍ക്കൂട്ടങ്ങളാണ് വൈറസിന്റെ വ്യാപന കേന്ദ്രങ്ങള്‍ എന്നുള്ളതുകൊണ്ട് തന്നെ ആള്‍ക്കൂട്ട സാധ്യതയുള്ള എല്ലാ കാര്യങ്ങളും അടച്ചിടേണ്ടതാണ്. അതില്‍ ആരാധനാലയങ്ങള്‍ മുതല്‍ സിനിമാ തീയേറ്ററും ജിമ്മുകളും വരെ ഉള്‍പ്പെടും. മത ചടങ്ങുകള്‍ ഈ അവസ്ഥയില്‍ വിശ്വാസം കൂട്ടാന്‍ ഒരു രീതിയിലും സഹായിക്കില്ല എന്ന് മാത്രമല്ല ആളുകളുടെ അസഹിഷ്ണുതയ്ക്കും പത്രമാകും. സ്‌കൂളുകളും കോളേജുകളും ഓഫീസുകളും ഓണ്‍ലൈന്‍ ആയി പ്രവര്‍ത്തിക്കുന്ന ഒരു രീതി കുറേക്കാലത്തേക്കെങ്കിലും അവലംബിക്കുന്നത് നന്നായിരിക്കും .യാത്രകള്‍ വളരെ അത്യാവശ്യത്തിനു മാത്രമായി ചുരുക്കേണ്ടി വരും. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, എയര്‍പോര്‍ട്ട് ഇവിടങ്ങളിലൊക്കെ ഫ്ലാഷ് തെര്‍മോമീറ്റര്‍ ഉപയോഗിക്കുകയും സംശയം തോന്നുന്നവരെ ടെസ്റ്റിന് വിധേയമാക്കുകയും, അസുഖം കണ്ടെത്തിയവരെ അവിടെ നിന്ന് തന്നെ ഐസൊലേറ്റ് ചെയ്യുകയും ചെയ്താല്‍ രോഗവ്യാപനം വലിയ രീതിയില്‍ തടയാം. ഒരു വിധം അസുഖങ്ങളെ മാറ്റി നിര്‍ത്താന്‍ നമുക്ക്, ബ്രേക്ക് ദി ചെയിനും സോഷ്യല്‍ ഡിസ്റ്റന്‍സിംഗും ഒക്കെ തുടര്‍ന്ന് പോകാം. വാഹനങ്ങളിലും പൊതു സ്ഥലങ്ങളിലുമുള്ള അണുനശീകരണം ഇനിയങ്ങോട്ട് തുടരുന്നതാണ് ഏറ്റവും നല്ലത്. എല്ലാ സ്ഥലങ്ങളിലും ഡിസിന്‍ഫെക്ഷന്‍ ചേംബര്‍ വളരെ നല്ലൊരു ആശയമാണ്. കോറോണയില്‍ നിന്ന് മാത്രമല്ല ഒരു വിധം എല്ലാ രോഗാണുക്കളില്‍ നിന്നുമുള്ള രക്ഷയാവും. വൃത്തിയുള്ള ഒരു ജനത എന്നത് മനോഹരമായ ഒരു സങ്കല്‍പ്പമാണ്. കുറെയൊക്കെ നമുക്ക് അത് പ്രവര്‍ത്തികമാക്കാം.ഇതിനൊക്കെ ആവശ്യമായ പണം കണ്ടെത്തുക ദുഷ്‌കരം തന്നെ. പ്രത്യേകിച്ച് ലോകമെമ്പാടും ഒരു സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് താഴ്ന്നു കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍. ലോകരാജ്യങ്ങളില്‍ ആരോടും തന്നെ സഹായം അഭ്യര്‍ത്ഥിക്കുന്നത് ബുദ്ധിമുട്ടു തന്നെയാവും. പല രാജ്യങ്ങളും അവരുടെ ആളുകളെ മാത്രം നിര്‍ത്തി ബാക്കിയുള്ളവരെ കയറ്റി വിടാന്‍ തന്നെ ആലോചിക്കും .എല്ലാ രീതിയിലുള്ള ഉത്പ്പാദന പ്രവര്‍ത്തനങ്ങളും നിര്‍ത്തിയതിനാല്‍ ഗവണ്മെന്റ് ഫണ്ട് കണ്ടെത്താന്‍ ബുദ്ധിമുട്ടും. ഒരു സാലറി ചലഞ്ച് കൊണ്ട് മാത്രം തീരുന്ന ഒരു പ്രശ്‌നമല്ല ഇത്. എവിടെയൊക്കെയാണ് പണം കെട്ടിക്കിടക്കുന്നത് എന്ന് സര്‍ക്കാര്‍ കണ്ടുപിടിക്കണം. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ ആരാധനാലയങ്ങളാണ്. മുന്‍പില്‍ കാണിക്ക വഞ്ചിയുള്ള ഓരോ ആരാധനാലയവും അതില്‍ പകുതി നാടിന്റെ രക്ഷയ്ക്കായി കൊടുക്കണം. നാട്ടുകാരുണ്ടെങ്കിലല്ലേ വീണ്ടും ഈ ആരാധനാലയങ്ങള്‍ക്ക് പ്രസക്തിയുള്ളൂ.മറ്റൊരു കാര്യം, ലോകത്തിന് ഇന്നാവശ്യം മരുന്നും ഭക്ഷണവുമാണ്. ലോക്ക്ഡൌണ്‍ കാലം കഴിഞ്ഞാല്‍ ഇന്ത്യ ഇത് ഗൗരവമായി എടുക്കണം. ലോകത്തിന് ആവശ്യമുള്ള ഭക്ഷണവും മരുന്നും നിര്‍മ്മിക്കുകയും എത്തിച്ചു കൊടുക്കുകയും ചെയ്യുന്നത് മനുഷ്യത്വപരം എന്നത് മാത്രമല്ല ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകേറ്റാനുള്ള ഏറ്റവും വലിയ ഒരു മാര്‍ഗ്ഗം കൂടിയാവും. ലോകരാജ്യങ്ങളിലേക്കുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതി അതിന്റെ ആദ്യ ചുവടാവട്ടെ എന്ന് നമുക്ക് ആശംസിക്കാം. കേരളവും ഈ രീതിയില്‍ ചിന്തിക്കുകയാണെങ്കില്‍ വലിയ തൊഴില്‍ സാധ്യതയും സാമ്പത്തിക രക്ഷപെടലുമാവും. ഇപ്പോള്‍ തന്നെ കേരളം നിപയേയും കോവിഡിനെയും വിജയകരമായി പ്രതിരോധിക്കുന്ന രീതി ലോകം കാണുന്നുണ്ട്. എല്ലാ ചികിത്സകള്‍ക്കുമുള്ള ഒരിടം എന്ന രീതിയില്‍ കേരളത്തിന് സ്വയം പ്രൊമോട്ട് ചെയ്യാന്‍ സാധിക്കുമെങ്കില്‍ കേരളത്തിന്റെ മെഡിക്കല്‍ ടൂറിസം രംഗം വളരെയേറെ മുന്നോട്ടു പോകും. ഒപ്പം കേരളത്തിന്റെ സാമ്പത്തിക നിലയും തൊഴില്‍ രംഗവും. ചൈന ഈ രീതിയില്‍ ചിന്തിച്ചു തുടങ്ങി എന്നത് മാത്രമല്ല, മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ നിറഞ്ഞു തുടങ്ങി. മരുന്നും സുരക്ഷാ ഉപകരണങ്ങളും ഏറ്റവും കൂടുതല്‍ കയറ്റി അയയ്ക്കുന്ന രാജ്യവുമായി അവര്‍ മാറി. കോവിഡ് തകര്‍ത്തെറിഞ്ഞപ്പോഴും അവരുടെ ഷെയര്‍ മാര്‍ക്കറ്റ് മുകളിലേയ്ക്കു തന്നെ കുതിച്ചു.കുറേയേറേ നഷ്ടങ്ങളും വളരെക്കാലത്തെ ദുരിതങ്ങളും കൊറോണ സംഭാവന ചെയ്യുന്നുണ്ട്. എന്നാല്‍പ്പോലും അത് വലിയൊരു സാധ്യതയും മുന്നില്‍ വെക്കുന്നുണ്ട്. ഇനിയങ്ങോട്ട് എങ്ങനെയാവണമെന്നതാണ് അത്! ഈ ലോക്ക്ഡൌണ്‍ കാലത്ത് നാം സ്വീകരിച്ച മിത ജീവിതം, വിഭവങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സൂക്ഷ്മത, ദിവസക്കൂലി കൊണ്ട് ജീവിക്കുന്നവരോടുള്ള കരുതല്‍ ഒക്കെ നാളെ മുന്നോട്ടു നയിക്കാനുള്ള മാര്‍ഗ്ഗരേഖകളാവട്ടെ. ആരോഗ്യ പ്രവര്‍ത്തകരെ കയ്യടിച്ച് അഭിനന്ദിക്കാനും ഇന്ത്യയുടെ ഐക്യത്തിനായി ദീപം തെളിയിക്കാനും ഞങ്ങള്‍ ഇനിയും തയ്യാറാണ്. പക്ഷെ കേരളത്തില്‍ അവലംബിക്കുന്ന ശാസ്ത്രീയ രീതികള്‍ ഇന്ത്യയുടെ എല്ലാ ഭാഗത്തും വ്യാപിപ്പിക്കാനും വൈറസിനെ എന്നെന്നേക്കുമായി ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഉന്മൂലനം ചെയ്യാനും നമുക്കാവണം. ഏറ്റവും കുറഞ്ഞ മരണ നിരക്കും ഏറ്റവും കൂടുതല്‍ രോഗമുക്തിയുമാണ് കേരളാ മോഡല്‍ ഏറ്റവും വിജയകരം എന്ന് അവകാശപ്പെടാന്‍ കാരണം. ഇന്ത്യയില്‍ എവിടെ കൊറോണ വൈറസ് ഉണ്ടെങ്കിലും അത് മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ഒരു ഭീഷണിയാണ്. അന്തര്‍ സംസ്ഥാന യാത്രകള്‍ ചെയ്യുന്നവരാണ് ഒരുവിധം ഇന്ത്യക്കാര്‍ എന്നത് തന്നെ കാരണം. കുറേക്കൂടി വൃത്തിയുള്ള, ആരോഗ്യമുള്ള ഒരു ഇന്ത്യന്‍ ജനതയെ വാര്‍ത്തെടുക്കല്‍ കൂടിയാവട്ടെ ഈ കോറോണക്കാലം.(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories