TopTop
Begin typing your search above and press return to search.

തുടര്‍ന്നുപോകുവാന്‍ ജീവിതം ഒരു പുല്‍നാമ്പ് ഈ രാത്രിക്കപ്പുറം കരുതിവെയ്ക്കുക തന്നെ ചെയ്യും- ചുമരെഴുത്തുകള്‍; മലയാളിയുടെ ലോക്ക് ഡൗണ്‍ ചിന്തകള്‍

തുടര്‍ന്നുപോകുവാന്‍ ജീവിതം ഒരു പുല്‍നാമ്പ് ഈ രാത്രിക്കപ്പുറം കരുതിവെയ്ക്കുക തന്നെ ചെയ്യും- ചുമരെഴുത്തുകള്‍; മലയാളിയുടെ ലോക്ക് ഡൗണ്‍ ചിന്തകള്‍

മഹാമാരി പടരുന്ന നരച്ച ഒരാകാശത്തിന് കീഴെ, അന്യമായൊരു നഗരത്തില്‍, രണ്ടു മുറികളുള്ള വീട്ടിലെ, ഒരു മനുഷ്യന്റെ അരണ്ട കണ്ണുകള്‍ ഞാന്‍ കാണുന്നു.

അയാള്‍ക്ക് നാട്ടിലേക്ക് കടക്കുവാന്‍ ആവുന്നതിനുമുന്നേ അതിര്‍ത്തികളെല്ലാം അടച്ചുകഴിഞ്ഞിരുന്നു. പ്രായമായ അമ്മയും, പ്രായമെത്താത്ത കുഞ്ഞും അതിനും മുമ്പേ അയാളുടെ യാത്രയുടെ ചിന്തയെ തടസ്സപ്പെടുത്തിയിരുന്നു. രോഗം പടരുന്ന നഗരത്തില്‍ നിന്നും നാട്ടില്‍ ചെന്നാല്‍ ഇവര്‍ക്കെങ്ങാനും തന്നെപ്രതി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവുമോ എന്ന് അയാള്‍ ഭയന്നിരുന്നു.

ഈ ഭയത്തിനിടയിലും അയാള്‍ സ്വയം തര്‍ക്കിച്ചുകൊണ്ടിരുന്നു. അയാള്‍ പണിയെടുക്കുന്ന സ്ഥാപനത്തില്‍ ആരും നാട്ടിലേതു പോലെ മുഖം മൂടിവെച്ച് നടക്കുന്നുണ്ടായിരുന്നില്ല. സര്‍ക്കാരില്‍ നിന്നും ഇടയ്ക്കിടെ കൈകഴുകുവാനുള്ള നിര്‍ദേശവും ലഭിച്ചിരുന്നില്ല. അപ്പോള്‍ ഈ വ്യാധി ഇവിടെ അത്രയ്ക്ക് രൂക്ഷമല്ലായിരിക്കുമോ? നാട്ടിലുള്ള സ്‌കൂളുകളൊക്കെ അടച്ചതിനു ശേഷവും മറ്റു പല സംസ്ഥാനങ്ങളിലെയും കുട്ടികള്‍ സ്‌കൂളുകളില്‍ പോയിക്കൊണ്ടിരുന്നല്ലോ. അയാളുടെ നഗരത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അയാര്‍ക്ക് ചുറ്റും നഗരം പതിവ് തിരക്ക് കാണിച്ചു.

എന്നാല്‍ അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ചില വ്യവസായസ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം വന്നു. അതില്‍ അയാളുടെ സ്ഥാപനം പെട്ടില്ലായിരുന്നു. അവിടെ എല്ലാവരും പതിവ് പോലെ വരികയും പണിയെടുക്കുകയും ചെയ്തു. അന്നാദ്യമായി പ്രധാനമന്ത്രി ഒരു ദിവസത്തേക്ക് ജനതാകര്‍ഫ്യു പ്രഖ്യാപിച്ചു. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. വൈകുന്നേരം അഞ്ചുമണിക്ക് ഈ മഹാവ്യാധി തടയുവാന്‍ പ്രവര്‍ത്തിക്കുന്നവരോടുള്ള ആദരസൂചകമായി എല്ലാവരും താളം കൊട്ടണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

വൈകുന്നേരം അഞ്ചുമണിക്ക് തന്റെ മുറിയില്‍ നിന്നും അയാള്‍ ഞെട്ടി എഴുന്നേറ്റു. മുന്നിലുള്ള റോഡില്‍ കൊട്ടിപ്പാടി ജനക്കൂട്ടം കടന്നു പോകുന്നു. അയാളുടെ മനസ്സില്‍ ഒരു നിമിഷം ബ്രേക്ക് ദ് ചെയിന്‍ എന്ന മുദ്രാവാക്യവും സാമൂഹ്യമായി പാലിക്കേണ്ട നിശ്ചിത അകലവുമെല്ലാം കടന്നു പോയി. കണ്മുന്നില്‍ നിന്നും കൈവിട്ടുപോകുന്ന കുഞ്ഞിന്റെ ബാല്യവും, നഷ്ടപ്പെടാവുന്ന ജോലിയും, തന്റെ അശ്രദ്ധ മൂലം പടരാവുന്ന പകര്‍ച്ചവ്യാധിയുമൊക്കെ അയാളെ വല്ലാത്ത ഒരു അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു.

ഒരാഴ്ചക്കുള്ളില്‍ അയാള്‍ പലരെയും വിളിച്ചു അഭിപ്രായം ചോദിച്ചിരുന്നു. താന്‍ നാട്ടിലേക്ക് പോകണമോ? അതോ, ഇവിടെ ഈ മഹാനഗരത്തില്‍ തന്നെ തുടരണമോ?

അമ്മ വിളിച്ച് അയാളോട് തിരികെ വരാന്‍ പറഞ്ഞു. ഭാര്യയാവട്ടെ അടിയന്തരമായി നാട്ടിലേക്ക് വരണമെന്ന് പറഞ്ഞു, അല്ലെങ്കില്‍ അവിടെ വന്നു അയാളെ കൂട്ടിക്കൊണ്ട് വരും എന്ന് ഭീഷണിപ്പെടുത്തി. ഭീതി പൂര്‍ണതമായി പടര്‍ന്നിട്ടില്ലാത്ത ആ ദിവസങ്ങളില്‍ അയാള്‍ അവരോടു പണി വിട്ടു വരാന്‍ ആവില്ലെന്ന് പറഞ്ഞു. ആ നഗരത്തില്‍ അവര്‍ക്ക് പരിചയമുള്ളവരെയെല്ലാം വിളിച്ച്, അയാളെ അവരുടെ വീട്ടിലേക്കു വിളിച്ചു കൊണ്ടുപോകാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചു. സ്ഥിതി വഷളാവുകയാണെങ്കില്‍ അയാളെ തങ്ങളുടെ വീട്ടിലേക്കു കൂട്ടി കൊണ്ടുപോയ്ക്കൊള്ളാമെന്ന് ഒരു ബന്ധു സമ്മതിച്ചു. ആ നഗരത്തില്‍ വന്നതിനു ശേഷം അയാള്‍ അവരെ വിളിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല.

അയാള്‍ക്കുള്ളിലെ ആമ മെല്ല തോട് പൊളിച്ചു അതിന്റെ തല പുറത്തേക്കു ഇടുന്നതിനെ കുറിച്ച് ആലോചിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് പുറത്തേക്കു വരും എന്ന് അയാള്‍ക്ക് തന്നെ നിശ്ചയം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അയാള്‍ക്ക് തൊലി ഉരിയുന്നത് പോലെ തോന്നി. അവരോടോ മറ്റാരോടുമോ പറയാനാവാത്ത ജാള്യതകൊണ്ട് അയാളുടെ കണ്ണുകള്‍ നിറഞ്ഞു പോയി. സ്വന്തം കുഞ്ഞിനോട് പോലും സംസാരിക്കാനാവാത്ത ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ മെല്ലെ ശബ്ദം ഉയര്‍ത്തി തുടങ്ങിയിട്ടേ ഉള്ളൂ.

നാട്ടിലുള്ള ഡോക്ടര്‍ അയാളോട് ഭക്ഷണവും വെള്ളവും കിട്ടുന്ന ഇടമാണെങ്കില്‍ല് അവിടെ തന്നെ തങ്ങാമെന്ന് പറഞ്ഞു. താമസസ്ഥലത്തിനടുത്തുള്ള ഒരാള്‍ അയാള്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുമായിരുന്നു. വെള്ളം അയാള്‍ വാങ്ങുകയാണ് ചെയ്യുന്നത്.

നാട്ടില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അയാള്‍ എങ്ങനെയും ഒരാഴ്ചക്ക് ശേഷം നാട്ടിലേക്ക് പോവാം എന്ന് തീര്‍ച്ചപ്പെടുത്തി. അവിടെ പൊതു ഐസോലെഷന്‍ വാര്‍ഡുകളില്‍ ഇരുന്നതിനു ശേഷം വീട്ടിലേക്കു പോകാം എന്ന് തീരുമാനിച്ചു. എന്നാല്‍ പിന്നീട് പ്രധാനമന്ത്രി ഇരുപത്തൊന്നു ദിവസത്തേക്ക് രാജ്യം അടച്ചിടുകയാണെന്നും, ലക്ഷ്മണ രേഖ വരച്ച് ജനങ്ങള്‍ നാടിന്റെ നന്മയെക്കരുതി വീട്ടില്‍ക്കൂടണമെന്നും പറഞ്ഞു. ഒരു എട്ടു മണിക്കാണ് പ്രഖ്യാപനം വന്നത്. അന്ന് പന്ത്രണ്ടുമണി മുതല്‍ രാജ്യം വാതിലുകള്‍ കൊട്ടിഅടച്ചു.

മഹാമാരിയെ ചെറുക്കാന്‍ സംസ്ഥാനങ്ങള്‍ പലതും സജ്ജമയിരുന്നോ? രാജ്ദീപ് സര്‍ദേശായി കേരളത്തിന്റെ മുഖ്യമന്ത്രിയോട് സംസ്ഥാനം സജ്ജമാണോ എന്ന് ന്യൂസ് അവറില്‍ ചോദിക്കുന്നതും, അദ്ദേഹം അക്കങ്ങള്‍ നിരത്തി വിശദീകരിക്കുന്നതും കണ്ടു. അദ്ദേഹത്തിന്റെ ശബ്ദത്തില്‍ അമിതാവേശം ഒട്ടും ഉണ്ടായിരുന്നില്ല. മഹാപ്രളയത്തില്‍ ജനങ്ങളുടെ കൈപിടിച്ച അതേ സൗമ്യതയില്‍ അദ്ദേഹം മറുപടി പറഞ്ഞു.

ഇരുപത്തൊന്നു ദിവസത്തെ പ്രഖ്യാപനം വന്നു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അയാളെ ഇത് അറിയിച്ചു. നാട്ടിലേക്ക് പോകാമായിരുന്നു എന്ന മറുപടി സന്ദേശം മാത്രം അയാള്‍ തിരിച്ചയച്ചു. അയാള്‍ പറയാതെ പറഞ്ഞത് ഞാന്‍ കേട്ടു.

ഇപ്പോള്‍ ഓരോ ദിവസത്തെയും നിമിഷങ്ങള്‍ക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യം വന്നിരിക്കുന്നു. സാമൂഹിക വ്യാപനത്തിലേക്ക് രാജ്യം എത്താതിരിക്കാന്‍ രാജ്യം മൊത്തമായും പിന്നെ സംസ്ഥാനവും എല്ലാ കരുതലും എടുക്കുന്നു. അതിനിടയിലും ചില സംസ്ഥാനങ്ങളില്‍ കര്‍ഫ്യൂ ധിക്കരിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ വരുന്നു. പിന്നീട് കശ്മീരില്‍ നിന്നും ആദ്യത്തെ മരണ വാര്‍ത്ത വന്നു. മുംബൈയിലെ ചേരികളില്‍ കൊറോണ സ്ഥിരീകരിച്ച വാര്‍ത്തകളും. അമേരിക്കയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം അധികരിക്കുന്നു. ഇറ്റലിയില്‍ കാര്യങ്ങള്‍ നേരിയ തോതില്‍ കരക്കടുക്കുമ്പോള്‍, ഇംഗ്ലണ്ടിലേയും സ്‌പെയിനിലെയും കാര്യങ്ങള്‍ മോശമായി തന്നെ തുടരുന്നു.

ഇറ്റലിയിലെ മരണ നിരക്ക് കൂടുമ്പോഴും ജപ്പാന്‍ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ മെല്ലെ ആണ് രോഗം പടര്‍ന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ രോഗവിവരങ്ങളും അതിന്റെ പ്രസരം കുറയുന്നതിന്റെ പ്രതീക്ഷയും അടുത്തടുത്തായി വരുന്നു.

അടഞ്ഞു പോയ വാതിലിനിപ്പുറത്ത്, മുറികള്‍ക്കുള്ളില്‍ പുലര്‍ച്ചെയുടെ തണുപ്പും, ഉച്ചവെയിലിന്റെ ചൂടും, വൈകുന്നേരങ്ങളുടെ പത്രസമ്മേളനങ്ങളും കടന്നിറങ്ങുന്നു. മുറികളില്ലാത്ത ജനങ്ങള്‍ അവരുടെ തലയില്‍ ഭാണ്ഡക്കെട്ടുകളുമായി നഗരങ്ങള്‍ താണ്ടി, വെയില്‍ വകവെക്കാതെ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോവുന്നു. അവരുടെ തോളില്‍ കുഞ്ഞുങ്ങള്‍ വാടിത്തളര്‍ന്നു കിടക്കുന്നു.

ഗ്രാമാതിര്‍ത്തി കടന്ന് അവര്‍ ചെല്ലുമ്പോള്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ അവരെ കാത്തിരിക്കുന്നുണ്ടാവാം. നഗരത്തിലെ മുറിയിലിരുന്നു കൊണ്ട് എന്റെ സുഹൃത്ത് അയാളുടെ കുഞ്ഞിന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയും.

തുടര്‍ന്നുപോകുവാന്‍ ജീവിതം ഒരു പുല്‍നാമ്പ് ഈ രാത്രിക്കപ്പുറം കരുതിവെയ്ക്കുക തന്നെ ചെയ്യും.


ആരതി അശോക്

ആരതി അശോക്

എഴുത്തുകാരി, പാലക്കാട് വിക്ടോറിയ കോളേജ് അധ്യാപിക

Next Story

Related Stories