TopTop
Begin typing your search above and press return to search.

എന്തിനോടെങ്കിലും ആസക്തി ഇല്ലാത്ത മനുഷ്യരുണ്ടോ? കുറ്റപ്പെടുത്തുക അല്ല വേണ്ടത്, ഈ സമയത്ത് അവര്‍ക്ക് കൈത്താങ്ങാവുക

എന്തിനോടെങ്കിലും ആസക്തി ഇല്ലാത്ത മനുഷ്യരുണ്ടോ? കുറ്റപ്പെടുത്തുക അല്ല വേണ്ടത്, ഈ സമയത്ത് അവര്‍ക്ക് കൈത്താങ്ങാവുക

മദ്യം ലഭിക്കാതെ നാല് പേർ ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. ഈ വാർത്ത നമ്മളെ പലരേയും വിഷമിപ്പിക്കുമ്പോൾ മദ്യപാനികൾ മരിച്ചത് നന്നായി എന്നും, അവരേക്കൊണ്ട് സമൂഹത്തിന് എന്ത് പ്രയോജനം എന്ന് ചിന്തിക്കുകയും അവരുടെ മരണത്തിൽ സന്തോഷിക്കുകയും ചെയ്യുന്ന ഒരു ചെറു വിഭാഗമെങ്കിലും നമ്മുക്കിടയിലുണ്ട്. മദ്യത്തോട് അമിതാസക്തി ഉള്ളവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരു സഹായവും ചെയ്യാതെ അവരെ വിധിക്കാൻ തിടുക്കം കൂട്ടുന്നവരാണിവർ. എന്തിനോടെങ്കിലും ആസക്തി ഇല്ലാത്ത മനുഷ്യരുണ്ടോ? ഇല്ല എന്ന് തന്നെ പറയാം. നമ്മൾ ഒക്കെ പല തരത്തിലുള്ള ആസക്തികളാൽ ചുറ്റപ്പെട്ടവരാണ്. ഒരു വേള അത് ലഭിച്ചില്ല എങ്കിൽ എല്ലാവരും അസ്വസ്ഥരാകും. ഷോപ്പിംഗ്, ഫുഡ്, ലൈഗിംകത അങ്ങനെ പലതിനോടും നമ്മളിൽ പലരും അടിമകളാണ്‌. ഇത്തരം ആസക്തികളെ മദ്യപാനവുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യുമ്പോൾ ലഹരി വസ്തുക്കളോടുള്ള അമിതാശ്രയത്വം മറ്റുള്ള ആസക്തികളിൽ വിഭിന്നവും തീവ്രവുമായ ഒരു രോഗാവസ്ഥ ആണെന്ന് മാത്രം. രോഗമുള്ള ഒരാൾക്ക് എന്താണ് നല്കേണ്ടത്? നിങ്ങളുടെ ദേഷ്യവും അമർഷവും അവരുടെ മേലെയ്ക്കിട്ട് മദ്യപിക്കുന്നവരെയും അവരുടെ കുംടുംബാംഗങ്ങളെയും കുറ്റപ്പെടുത്തി ഈ സമൂഹത്തിൽ നിന്നു അകറ്റി നിർത്തുകയുമാണോ ചെയ്യേണ്ടത്? അതോ അവർക്ക് വേണ്ട സഹായം നല്കി ചികിത്സയ്ക്ക് വിധേയമാക്കുകയാണോ വേണ്ടത്? തീർച്ചയായും ചിക്സയും, പുനരധിവാസവുമാണ് ഇവർക്ക് നല്കേണ്ടത് എന്ന് ഈ സാഹചര്യത്തിലെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്. ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആയിരിക്കുമ്പോൾ "ഇവനൊക്കെ മദ്യം മതി" "ലഹരിക്കാണെങ്കിൽ പാമ്പിനെ കൊണ്ട് കൊത്തിച്ചാൽ മതി" എന്നൊക്കെ അഭിപ്രായ പ്രകടനം നടത്തുന്നവർ എന്തുകൊണ്ടാണ് ഇത്തരക്കാർ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നത് എന്ന് ആലോചിക്കുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ട്. ലഹരിയോടുള്ള അമിതാസക്തിയാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത് എന്ന തിരിച്ചറിവ് ഈ ആസ്ക്തി എത്രമാത്രം ഭീകരമാണെന്ന് ' നമുക്ക് മനസ്സിലാക്കി തരും. മദ്യം ലഭിക്കാതെ വരുന്ന ഒരു ദിവസത്തേക്കുറിച്ച് ചിന്തിക്കാൻ കഴിയാത്തവരാണ് അമിത മദ്യാസക്തി ഉള്ളവരിൽ ഒട്ടുമിക്കവരും. ഉറങ്ങാൻ കിടക്കുന്നതും ഉണർന്നെണീക്കുന്നതുമൊക്കെ പിറ്റേന്ന് എങ്ങനെ മദ്യപിക്കും എന്ന് മനസ്സിൽ കൊണ്ടു നടത്തുന്നവർ. ലഹരിയേ ജീവിതമായി കണ്ട് ആഘോഷമാക്കിയ ഇത്തരക്കാർക്ക് പെട്ടെന്ന് ഒരു ദിവസം മദ്യം ലഭിക്കാതാകുമ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നും. മദ്യത്തിൻ്റെ അഭാവത്തോട് അവരുടെ ശരീരം ശക്തമായി പ്രതികരിക്കാൻ തുടങ്ങും. തലവേദന, അമിതവിയര്‍പ്പ്, ഉത്ക്കണ്ഠ, ഓക്കാനം, ദേഷ്യം പ്രകടിപ്പിക്കൽ, കൈ വിറയൽ, ഉറക്കക്കുറവ്, വിശപ്പില്ലായ്ക, നെഞ്ചിടിപ്പ്, സ്ഥലകാലബോധമില്ലായ്മ, പരസ്പര ബന്ധമില്ലാത്ത സംസാരം, വിഭ്രാന്തി എന്നങ്ങനെയുള്ള ലക്ഷണങ്ങൾ ആയി ആണ് ഇവ പ്രധാനമായും പുറത്ത് വരിക. ചിലരാവട്ടെ അപസ്മാരം, ഡെലീരിയം ട്രെമന്‍സ് (delirium tremens) എന്ന മദ്യപാനത്തിൻ്റെ ഏറ്റവും ഭീകരമായ അവസ്ഥയിൽ വരെ എത്തിച്ചേരുന്നു. കഴിഞ്ഞ ദിവസം വരെ മദ്യം ലഭിക്കുമെന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു ,പുറത്ത് ഇറങ്ങാൻ കഴിയില്ല എങ്കിലും മദ്യം വീട്ടിൽ കൊണ്ട് വന്ന് വെച്ച് ഇടയ്ക്ക് ഇടയ്ക്ക് ഉപയോഗിക്കാം എന്ന് കരുതിയ മദ്യപാനികൾക്ക് കനത്ത തിരിച്ചടി ആയിരുന്നു സർക്കാർ ബിവറേജസ് ഔട്ട് ലെറ്റുകളും, ബാറും പൂട്ടും എന്ന അറിയിപ്പ്. അത് നടപ്പിലാക്കിയപ്പോൾ അവർ ലഹരിക്കായി മറ്റ് വഴി തേടി പോകേണ്ടി വരുന്നു. കള്ളവാറ്റും, മറ്റുള്ള ലഹരി വസ്തുക്കളും എന്തിനേറെ അല്പം ഒരു ആശ്വാസത്തിനായി ആയുർവേദ ഷോപ്പിലെ അരിഷ്ടത്തിൽ വരെ അവസാനം ആശ്രയിക്കേണ്ടി വരുന്നു. ലോകം മുഴുവൻ കൊറോണയുടെ ഭീതിയിൽ ആയിരിക്കുമ്പോൾ ഇവരുടെ വാക്കുകൾക്ക് നാം ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ മദ്യപാനം ഒരു രോഗം ആണെന്ന് നാം ഈ ആത്മഹത്യകളുടെ വാർത്തകൾ കേൾക്കുമ്പോൾ തിരിച്ചറിയേണ്ടതുണ്ട്. മദ്യം കഴിക്കുന്നവർക്ക് ചില ശീലങ്ങൾ ഉണ്ട്. ചില ആളുകൾ സ്ഥിരം കഴിച്ച് കൊണ്ടിരിക്കുന്ന ബ്രാൻ്റ് അല്ലാതെ മറ്റ് ബ്രാൻ്റുകൾ ഉപയോഗിക്കാറില്ല. എന്നാൽ മറ്റ് ചിലരാകട്ടെ ലഹരിക്കായി റം, വിസ്കി, ബ്രാണ്ടി എന്നിങ്ങനെ ഏത് തരത്തിലുള്ള ബ്രാൻ്റുകളും ഉപയോഗിക്കുന്നവരാണ്. എന്നാൽ മദ്യം ലഭിക്കാതെ വരുമ്പോൾ ഈ രണ്ട് തരത്തിലുള്ള ആളുകളും കഞ്ചാവ്,പാൻ മസാല, ലഹരി നല്കുന്ന ഗുളികകൾ, വ്യാജമദ്യം തുടങ്ങി മുന്നിൽ ലഭ്യമാകുന്ന ഏത് ലഹരി വസ്തുക്കളിലേയ്ക്ക് വേണമെങ്കിലും തിരിയാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഒരു ഗുരുതരമായ പ്രശ്‌നമാണ്. ആൽക്കഹോൾ അടങ്ങിയ എന്തും ഇവർ ലഹരിക്കായി ഉപയോഗപ്പെടുത്താം എന്നത് കൊണ്ട് തന്നെ ലഹരിക്കായി അവർ പല പരീക്ഷണങ്ങളും നടത്തി നോക്കിയേക്കാം. സാനിറ്റൈസറില്‍ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ ലഹരിക്കായി ഉപയോഗപ്പെടുത്തുന്നത് മരണത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദദ്ധർ പറഞ്ഞത് ഇതുകൊണ്ട് ഒക്കെയാണ്. നിങ്ങളുടെ വീട്ടിലുള്ള പ്രിയപ്പെട്ടവരോ, ബന്ധുക്കളോ, സുഹൃത്തുക്കളോ, പരിചയക്കാരോ ആരെങ്കിലും സ്ഥിരമായ മദ്യപാന ശീലം ഉള്ളവരാണ് എങ്കിൽ അവരെ ശ്രദ്ധിക്കേണ്ടത് ഈ ഒരു സാഹചര്യത്തിൽ അത്യാവശ്യമായിരിക്കുന്നു. ഈ ഒരു സാഹചര്യത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ക്ക് സഹായത്തിനായി എല്ലാ ജില്ലകളിലും ഉള്ള എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ഡി- അഡിക്ഷൻ സെന്ററുകളിൽ എത്തിക്കേണ്ടതുണ്ട്. അസ്വസ്ഥതയുടെ പൊതുവെ കാണാറുള്ള ലക്ഷണങ്ങളായ വിറയൽ, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, ഉത്കണ്ഠ,എന്നിവയൊക്കെ കാണുമ്പോൾ തന്നെ വൈദ്യ സഹായം നല്കാൻ ബന്ധുമിത്രാധികൾ ശ്രദ്ധിക്കണം.ഏറ്റവും അടുത്തുളള എക്സൈസ് ഓഫീസിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ സഹായത്തിനായി സമീപിക്കാവുന്നതാണ്. ലഹരിക്കടിമപ്പെട്ടവരുടെ ചിക്ത്സക്കായി 14 ജില്ലകളിലേയും ഡി അഡിഷ്ഷൻ സെൻ്ററുകളേയും കൗൺസിലിംഗിനു വേണ്ടി തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളിലുള്ള കൗൺസിലിംഗ് സെന്ററുകളുമായും ബന്ധപ്പെടാവുന്നതാണ്. കൗൺസിലിംഗിന് ടോൾ ഫ്രീ നമ്പരായ '14405' ഓർത്ത് വയ്ക്കാം. കുറ്റപ്പെടുത്തുക അല്ല വേണ്ടത് ഈ സമയത്ത് ഒരു കൈ താങ്ങാകുകയാണ് വേണ്ടത്.


Next Story

Related Stories