TopTop
Begin typing your search above and press return to search.

ഞങ്ങൾ പറയും അനുസരിച്ചാൽ മതി, ഈ ഒരൊറ്റ നിയമമേയുള്ളൂ മോദി ഭരണത്തിലിനി

ഞങ്ങൾ പറയും അനുസരിച്ചാൽ മതി, ഈ ഒരൊറ്റ നിയമമേയുള്ളൂ മോദി ഭരണത്തിലിനി

'SOMEONE must have traduced Joseph K., for without having done anything wrong he was arrested one fine morning.' ഫ്രാൻസ് കാഫ്കയുടെ ' The Trial' എന്ന നോവൽ ആരംഭിക്കുന്നത് ഇങ്ങനെ ഒരു പ്രസ്താവനയോടുകൂടിയാണ്. ആരോ എന്തോ പരദൂഷണം പറഞ്ഞതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ജോസഫ് കെ യുടെ മറ്റൊരു അവതാരമാണ് ആനന്ദിന്റെ ഗോവർദ്ധനനും (ഗോവർധന്റെ യാത്രകൾ). നീതിന്യായ വ്യവസ്ഥ എന്ന സങ്കല്പത്തിന്റെ അര്‍ത്ഥശൂന്യത വിളിച്ചോതുന്നുണ്ട് കാഫ്കയും ആനന്ദും തങ്ങളുടെ കൃതികളിലൂടെ. കേവലം ഒരു വഴിപോക്കനായ ഗോവർധൻ അറസ്റ്റ് ചെയ്യപ്പെടുന്നതും തൂക്കിലേറ്റപ്പെടാൻ വിധിക്കപ്പെടുന്നതും കല്ലുവിന്റെ മതിൽ വീണു ആട് ചാവാൻ ഇടയായ സംഭവത്തിൽ കുറ്റക്കാരെന്നു രാജാവ് കണ്ടെത്തിയ ആരുടേയും കഴുത്തു ആരാച്ചാർ ഉണ്ടാക്കിയ കുരുക്കിന് പാകമല്ലാതെ വന്നതിനാലാണ്. കുരുക്കിനു പാകമുള്ള മെലിഞ്ഞ കഴുത്തു തേടിയുള്ള അന്വേഷണം ഒടുവിൽ എത്തി നിന്നതു ഗോവർദ്ധനിൽ ആയിരുന്നു എന്നതു കൊണ്ട് മാത്രം. എന്തിനിപ്പോൾ കാഫ്കയും ആനന്ദും അല്ലെങ്കിൽ എന്തിനു ജോസഫ് കെയും ഗോവർധനും എന്നൊക്കെ ചോദിച്ചേക്കാം. അവരൊക്കെ വീണ്ടും പ്രസക്തരാവുന്ന ഒരു കാലഘട്ടത്തിലൂടെയാണ് സ്വതന്ത്രം എന്ന് നമ്മൾ പറയുന്ന നമ്മുടെ ഭാരതം കടന്നു പോകുന്നത് എന്നതാണ് ഏക ഉത്തരം. സ്വാതന്ത്ര്യത്തിനു മുൻപുള്ള അവസ്ഥയിൽ നിന്നും നമ്മുടെ രാജ്യം അധികമൊന്നും മുന്നോട്ട് പോയിട്ടില്ലായെന്നു അരക്കിട്ടുറപ്പിക്കുന്ന സംഭവങ്ങളാണ് അനുദിനം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്ദിരഗാന്ധിയുടെ അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തുന്ന സംഭവ വികാസങ്ങൾ. ഇന്ദിരയുടേത് പ്രഖ്യാപിത അടിയന്തിരാവസ്ഥ ആയിരുന്നെങ്കിൽ നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ അത് ഒരേ സമയം പ്രഖ്യാപിതവും അപ്രഖ്യാപിതവും ആവുന്നു എന്ന വ്യത്യാസം മാത്രം. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു അടുത്തിടെ വടക്കു കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ കലാപം റിപ്പോർട്ട് ചെയ്തപ്പോൾ ആർ എസ് എസിനെയും പോലീസിനെയും വിമർശിച്ചു എന്നാരോപിച്ചു കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം രണ്ടു വാർത്താ ചാനലുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് മാത്രമല്ല കലാപത്തിന് തിരി കൊളുത്തിയ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ അടക്കമുള്ള ബി ജെ പി നേതാക്കൾക്കെതിരെ നടപടി വേണമെന്ന് പറയാൻ ഭയപ്പെടുന്ന കോടതികളുടെ അവസ്ഥയും കൂടി ചേർത്തു വായിച്ചാൽ രണ്ടാം മോദി സർക്കാരിനു കീഴിൽ നമ്മുടെ ഇന്ത്യ എവിടെ എത്തി നിൽക്കുന്നു എന്നു വ്യക്തമാകും. ഈ വിഷയത്തിലേക്കു കടക്കുന്നതിനു മുൻപ് ഒരിക്കൽ കൂടി പ്രിയ എഴുത്തുകാർ കാഫ്കയിലേക്കും ആനന്ദിലേക്കും ഒരിക്കൽ കൂടി സഞ്ചരിക്കേണ്ടതുണ്ടെന്നു തോന്നുന്നു. കാഫ്ക, എന്നെ പോലെ തന്നെ ഏതു മലയാളി വായനക്കാരനും ഒരു കാലത്തു സുപരിചിതനായിരുന്നു. ഇന്നിപ്പോൾ എങ്ങനെ എന്ന് എനിക്കും അറിയില്ല. കാഫ്കയുടെ 'Letters to Milena' പ്രിയ സുഹൃത്ത് ഷെൽവിയുടെ 'മൾബറി' യിലൂടെ മൊഴിമാറ്റിയവതരിപ്പിച്ച ആൾ എന്ന നിലക്കല്ല, കാഫ്കയെ ഏറെ വായിച്ച ഒരാൾ എന്ന നിലയിൽ കൂടിയാണെങ്കിലും നിരൂപകർ ആരോപിക്കുന്ന കേവലം അസ്തിത്വ ദുഃഖം എന്നതിനുമപ്പുറം ഹിറ്റ്ലറുടേയും മറ്റും കീഴിൽ ഉരുത്തിരിഞ്ഞുവന്ന ഫാസിസ്റ്റ് ഭരണകൂടങ്ങളും അവക്ക് കീഴിലെ കോടതികളുമൊക്കെ കാഫ്കയുടെ രചനകളിൽ, അവരെയൊന്നും തന്നെ പരാമർശിക്കാതെ തന്നെ നിറഞ്ഞു നിൽക്കുന്നുണ്ട്. കാഫ്ക വരച്ചിട്ട, പങ്കുവെച്ച ആ ഭയ വിഹ്വലതകൾ ഇന്നും അതേ അർത്ഥത്തിലും വ്യാപ്തിയിലും നിലനിൽക്കുന്നുവെന്ന അവസ്ഥ ഇന്ത്യയിൽ എന്നല്ല ലോകം എമ്പാടും ഉണ്ട്. കോടതി മുറികൾ കണ്ടു മടുത്തിട്ടാണോ കാഫ്ക ' വിചാരണ ' പോലുള്ള കൃതികൾ രചിച്ചതെന്നു സ്ഥാപിക്കാൻ മുതിരുന്നില്ല. എങ്കിലും ആധുനിക ഹിന്ദി സാഹിത്യത്തിന്റെ ജനയിതാവെന്നു അറിയപ്പെടുന്ന ഭാരതേന്ദു ഹരിശ് ചന്ദ്ര യുടെ 'അംധേർ നഗരി ചൗപട് രാജാ ' എന്ന പ്രഹസനത്തിലെ ഒരു കഥാപാത്രമായ ഗോവർധനെ വെച്ച് നോവൽ എഴുതാനുണ്ടായ പ്രചോദനം അല്ലെങ്കിൽ നോവ് എന്തായിരുന്നുവെന്ന് ആനന്ദ് തന്നെ പ്രസ്തുത നോവലിന്റെ ആമുഖത്തിൽ പറയുന്നുണ്ട്. ആമുഖം ഇങ്ങനെ തുടങ്ങുന്നു : "ഉത്തര ഭാരതത്തിലെ മുഫസ്സൽ പട്ടണങ്ങളിലെ കച്ചേരികൾ സന്ദർശിച്ചിട്ടുള്ളവരെ ഒരു സംഗതി ആകര്‍ഷിക്കാതിരുന്നിട്ടുണ്ടാവില്ല. കച്ചേരി വളപ്പിലെ മരങ്ങളുടെ താഴെ, പായയും ജമുക്കാളവും വിരിച്ചു, പെട്ടികളും മാറാപ്പു കെട്ടുകളും പാചക സാമഗ്രികളുമായി പാർപ്പുറപ്പിച്ചിരിക്കുന്ന മനുഷ്യരും അവരെ ചുറ്റി വളർന്ന ബസാറുകളും. അവരുടെ കൂട്ടത്തിൽ വയസ്സായവരും സ്ത്രീകളും കുട്ടികളുമൊക്കെ ഉണ്ടാവും .." ഔദ്യോഗിക ജോലിക്കിടയിൽ താൻ കണ്ടെത്തിയ ഈ ഹതഭാഗ്യരിൽ ഒരാളുടെ കഥ ഒരിക്കൽ ഒരു ചെറുകഥയായി എഴുതിയെങ്കിലും തൃപ്തി വന്നില്ലെന്നും അതുകൊണ്ടാണ് നോവൽ എന്ന വലിയ ക്യാൻവാസ് തന്നെ തിരഞ്ഞെടുത്തതെന്നും ആനന്ദ് ആമുഖത്തിൽ പറയുന്നുണ്ട്. വീണ്ടും ആനന്ദിന്റെ വാക്കുകളിലേക്ക് : 'ഞാൻ ഒരു നിമിത്തമെന്നോണം കോടതികളെക്കുറിച്ചു പറഞ്ഞുവെന്നേയുള്ളു. പ്രശ്നം വാസ്തവത്തിൽ വെറും കോടതികളുടേതല്ല. പരിഹാരം, നമ്മുടെ പല മനുഷ്യാവകാശവാദികളും വിശ്വസിക്കുന്നതുപോലെ വക്കീലന്മാരുടെ കയ്യിലുമല്ല. വക്കീലന്മാരുടെ വാക്‌സാമർഥ്യത്തിനെ അവലംബിക്കുന്ന കോടതികൾ, വാസ്തവത്തിൽ, ശരിയും തെറ്റും നിശ്ചയിക്കാൻ പണ്ട് ഉപയോഗിച്ചിരുന്ന കോഴിപ്പോരിൽ നിന്നും, അങ്കത്തട്ടിലെ ചേകവന്മാരുടെ പയറ്റിൽ നിന്നും ഏറെ വ്യത്യസ്തമല്ല..' കോടതികൾ മാത്രമല്ല അധികാരത്തിനുവേണ്ടി അങ്കം വെട്ടുന്ന രാജാക്കന്മാരെ പോലെ തന്നെ ധർമ്മ സംസ്ഥാപനത്തിന്റെ പേര് പറഞ്ഞു യുദ്ധം ചെയ്യുന്ന ധർമജ്ഞരും ഒക്കെ തന്നെ തങ്ങളുടെ ശരിയും തെറ്റും തെളിയിക്കാൻ വേണ്ടി നിരപരാധികളുടെ മേൽ കടന്നു കയറുന്നു എന്നും ആനന്ദ് നിരീക്ഷിക്കുന്നുണ്ട്. തല്ക്കാലം കാഫ്കയെയും ആന്ദിനെയും വിട്ടു വീണ്ടും ഇന്നലെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏഷ്യാനെറ്റ് , മീഡിയ വൺ എന്നീ വാർത്താ ചാനലുകൾക്കുമേൽ വീശിയ വാളിലേക്കു തന്നെ മടങ്ങാം. എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാൻ പണ്ടും ഭരണകൂടങ്ങൾ പ്രയോഗിച്ച അതേ തന്ത്രം തന്നെയാണ് ഇവിടെയും മോദിജിയുടെ സർക്കാർ പ്രയോഗിച്ചത്. ബി ജെ പി ക്കാരൻ കൂടിയായ രാജീവ് ചന്ദ്രശേഖറിന് പണം മുടക്കുണ്ടെങ്കിലും അദ്ദേഹത്തിന്റെ വരുതിയിൽ നിൽക്കാത്ത ഒന്നാണ് ഏഷ്യാനെറ്റ് എന്നത് ഇതിനു മുൻപും അവർ തെളിയിച്ചു കഴിഞ്ഞതാണ്. മീഡിയ വൺ ആവട്ടെ ജമാ അത്തെ ഇസ്‌ലാമിയുമായി ബന്ധമുള്ള ഒന്നെന്ന നിലയിൽ ആർക്കും എപ്പോഴും എന്ത് കുറ്റം വേണമെങ്കിലും ചുമത്താവുന്ന ഒന്നും. ഇന്ദിരയുടെ അടിയന്തരാവസ്ഥ കാലത്തെന്ന പോലെ തന്നെ രണ്ടാം മോദി സർക്കാരിന് കീഴിലും മാധ്യമങ്ങൾക്കും ഒരൊറ്റ നിയമേ ഉള്ളൂ; ഞങ്ങൾ പറയും അതനുസരിച്ചാൽ മതിയെന്ന നിയമം. വിലക്കേർപ്പെടുത്തപ്പെട്ട മാധ്യമങ്ങൾക്കെതിരെയുള്ള കുറ്റപത്രം വായിച്ചാൽ ഒരു കാര്യം വ്യക്തമാകും. ആർ എസ് എസ്സിനും പോലീസിനും അത് വഴി മോദി ഭരണകൂടത്തിനും എതിരെ വാർത്ത ചമച്ചു എന്നതാണ് ആ കുറ്റം. മാധ്യമങ്ങൾക്കെതിരെയുള്ള കരിനിയമം കാശ്മീരിൽ നിലവിൽ വന്നിട്ട് മാസങ്ങൾ തന്നെ കഴിയുന്നു. ഇന്നലെ ഇപ്പോൾ ഡൽഹിയിൽ ഉണ്ടായതിന്റെ മറ്റൊരു പതിപ്പ് അടുത്ത കാലത്തു കർണാടകത്തിലെ മംഗളുരുവിലും നമ്മൾ കണ്ടതാണ്. അവിടെ ഇല്ലാത്ത കലാപം സൃഷ്ട്ടിച്ചു യെദിയൂരിയപ്പയുടെ പോലീസ് നിരപരാധികൾക്കുനേരെ വെടി ഉതിർത്തപ്പോഴും അത് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിൽ പോലീസ് ബന്ദികൾ ആക്കിയത് ഏഷ്യാനെറ്റിന്റേയും മീഡിയ വണ്ണിന്റെയും വാർത്താ സംഘത്തെ തന്നെയായിരുന്നു എന്നതും വിസ്മരിരിച്ചുകൂടാ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories