TopTop
Begin typing your search above and press return to search.

മരീചികയാവുന്ന മൗലികാവകാശങ്ങള്‍

മരീചികയാവുന്ന മൗലികാവകാശങ്ങള്‍

ഭരണകൂടത്തിന്റെ ഒരു പ്രധാന ദൗത്യം കുറ്റകൃത്യങ്ങളെ നിയമാനുസൃതം തടയുകയും, കുറ്റവാളികള്‍ക്ക് തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന പ്രവര്‍ത്തിയാണ്. പൊതുമണ്ഡലത്തില്‍, കുറഞ്ഞപക്ഷം, അത്തരമൊരു വിശ്വാസം നിലനിര്‍ത്തുവാന്‍ ഭരണകൂടങ്ങള്‍ ബദ്ധശ്രദ്ധരാണ്. ഏതൊരു ഭരണകൂടം സംവിധാനത്തിന്റെയും ഭരണ നീതീകരണത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഈ വിശ്വാസം. കുറ്റകൃത്യങ്ങളുടെ പ്രഭവകേന്ദ്രം ഭരണകൂടസംവിധാനത്തിന് ബാഹ്യമായ മേഖലയിലാണെന്ന ധാരണ ഭരണ നീതീകരണത്തിന്റെ ഭാഗമാവുന്നത് ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ കുറ്റകൃത്യം ഭരണകൂടത്തില്‍ അന്തസ്ഥിതമാവുന്ന അവസ്ഥയെ എങ്ങനെയാണ് മനസ്സിലാക്കാനാവുക?

ഭരണകൂടബാഹ്യമായ പ്രവര്‍ത്തിയെന്ന നിലയില്‍ നിന്നും മാറി ഭരണകൂട സംവിധാനത്തിനുളളില്‍, അതിന്റെ അവിഭാജ്യഘടകമെന്ന നിലയില്‍ അരങ്ങേറുന്ന പ്രവര്‍ത്തനമാണ് കുറ്റകൃത്യമെന്ന സ്ഥിതിവിശേഷത്തെ എങ്ങനെയാണ് ഉള്‍ക്കൊള്ളാനാവുക? നിയമപാലനവും, നിയമവിരുദ്ധതയും തമ്മില്‍ പരസ്പരബന്ധിതമാവുന്ന ഈ പ്രതിഭാസത്തെ ചില ഇറ്റാലിയന്‍ പണ്ഡിതര്‍ ഇന്‍ട്രക്കിയോ (Intreccio) എന്നു നാമകരണം ചെയ്തതായി ബാര്‍ബറ ഹാരിസ് വൈറ്റ് ചൂണ്ടിക്കാട്ടുന്നു. (1) സംഘടിതമായ വലിയ കുറ്റകൃത്യങ്ങള്‍, ചെറിയ കുറ്റകൃത്യങ്ങള്‍, സംഘടിതവും, അസംഘടിതവുമായ സാമ്പത്തിക മേഖലകള്‍ തുടങ്ങിയ നിലകളില്‍ വ്യാപിച്ചു കിടക്കുന്ന രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ ശൃംഖലകളുടെ അടരുകളില്‍ നിയമപരിപാലനവും, നിയമവിരുദ്ധതയും തമ്മിലുള്ള പരസ്പരാശ്രിതത്വവും, ബന്ധങ്ങളും കെട്ടുപിണയുന്നു. നിയമവിരുദ്ധ ധനസമ്പാദനം, പൊതുസമ്പത്തിന്റെ ആസൂത്രിത കൊളള, നികുതി നിയമങ്ങള്‍ തുടങ്ങിയ ഏതു മേഖലയെടുത്താലും ഈ കെട്ടുപാടുകളുടെ നാള്‍വഴികള്‍ വ്യക്തമായും തെളിഞ്ഞു കാണം. ഈയൊരു സാഹചര്യത്തില്‍ നിയമപരിപാലനം ഈ കെട്ടുപാടുകളുടെ സംരക്ഷണവും, അതിനു വേണ്ടിയുളള തത്രപ്പാടുകളെ സ്വാഭാവികമായും പൊതുമണ്ഡലത്തില്‍ നിന്നും പരമാവധി മറച്ചുപിടിക്കാനുള്ള വ്യഗ്രതയും മാത്രമാവുന്നു. നിയമപരിപാലനത്തിന്റെ പേരില്‍ യഥാര്‍ത്ഥത്തില്‍ നിയമവിരുദ്ധതയാണ് നടക്കുന്നതെന്ന 'ഓര്‍വേലിയന്‍ യാഥാര്‍ത്ഥ്യം' അതിന്റെ എല്ലാവിധ അക്രമോത്സുകതയോടും കൂടി അഴിഞ്ഞാടുന്ന വേദിയായി ഭരണ സംവിധാനം മാറിയെന്ന ആശങ്ക നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബാംഗ്ലൂരില്‍ നിന്നുള്ള ദിഷ രവിയെന്ന 22-കാരി പെണ്‍കുട്ടിയുടെ അറസ്റ്റും തടവും.

.രാജ്യത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകയായ ദിഷ രവിയുടെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റം. നികിത ജേക്കബ്ബ്, ശന്തനു മുകള്‍ക് എന്ന രണ്ടു പേരും സമനമായ ആരോപണം നേരിടുന്നു. സ്വീഡനില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റാ തെണ്‍ബര്‍ഗിനും ആഗോള തലത്തില്‍ പ്രശസ്തരായ മറ്റു ചിലര്‍ക്കും കര്‍ഷക സമരത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ ശേഖരിച്ചു നല്‍കിയെന്നാണ് ഇവര്‍ ചെയ്ത കുറ്റം. 'അര്‍ബന്‍ നക്സല്‍', 'ടുക്ക്ടെ, ടുക്ക്ടെ' ഗ്രൂപ്പ് എന്നെല്ലാം പറയുന്നതു പോലെ പോലീസിന്റെ പുതിയൊരു വിശേഷണമാണ് 'ടൂള്‍കിറ്റ്'. ഒരു പ്രത്യേക സംഭവത്തെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങള്‍ ഒറ്റ ഫയലില്‍ ആക്കുന്ന ഏര്‍പ്പാടിനെ സൈബര്‍ ലോകത്ത് ടൂള്‍കിറ്റ് എന്ന പേരില്‍ അറിയപ്പെടുന്നു. വിക്കിപീഡിയയുടെ മാതൃകയിലുള്ള ഒരു മിനിയേച്ചര്‍ പരിപാടി. 'ടൂള്‍ കിറ്റില്‍ മലയാളിയും' എന്നു ഒന്നാം പേജില്‍ ലീഡ് വാര്‍ത്ത ചമക്കുന്ന മലയാളത്തിലെ പത്രാധിപ പ്രതിഭകള്‍ മറച്ചുവയ്ക്കുന്ന കാര്യം ദിഷ രവിയെ അറസ്റ്റു ചെയ്ത ശേഷമുള്ള ഡല്‍ഹി പോലീസിന്റെയും, അവരെ അഞ്ചു ദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ട മജിസ്ട്രറ്റിന്റെയും ചെയ്തികള്‍ ഭരണഘടനപരമായ പ്രാഥമികമായ അവകാശങ്ങളുടെ ലംഘനമാണെന്ന ലളിതമായ വസ്തുതയാണ്.

ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തു നിന്നും കുറ്റാരോപിതനായ ഒരാളെ മറ്റൊരു സംസ്ഥാനത്തെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ നിയമപരമായ പരിപാലിക്കേണ്ട പ്രാഥമിക കടമകള്‍ ഇവയാണ്. കസ്റ്റഡയിലെടുക്കപ്പെട്ട വ്യക്തി താമസിക്കുന്ന പ്രദേശത്തിന്റെ അധികാര പരിധിയിലുള്ള മജിസ്ട്രേറ്റിന്റെ മുമ്പില്‍ പ്രസ്തുത വ്യക്തിയെ ഹാജരാക്കണം. അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിയെ സംസ്ഥാനത്തിന് പുറത്തേക്കു കൊണ്ടു പോകണമെങ്കില്‍ മജിസ്ട്രേറ്റ് പുറപ്പെടുവിക്കുന്ന ട്രാന്‍സിറ്റ് വാറണ്ട് ഉണ്ടാവണം. ദിഷയുടെ കാര്യത്തില്‍ പ്രാഥമികമായ ഈ രണ്ടു കാര്യങ്ങളും ഡല്‍ഹി പോലീസ് നിറവേറ്റിയതായി കാണുന്നില്ല. ദിഷയെ ഹാജരാക്കിയ ഡല്‍ഹിയിലെ മജിസ്ട്രേറ്റ് കോടതിയുടെ പ്രവര്‍ത്തിയാണ് അതിനേക്കാള്‍ വിചിത്രം. 22-വയസ്സായ പെണ്‍കുട്ടിക്ക് കോടതിയില്‍ തന്നെ പ്രതിനിധീകരിയ്ക്കുവാന്‍ വക്കീല്‍ പോലുമില്ലെന്ന കാര്യം പരിഗണിക്കാതെയാണ് മജിസ്ട്രേറ്റ് ദിഷയെ അഞ്ചു ദിവസത്തെ കസ്റ്റഡയില്‍ വിട്ടത്. ഭരണഘടനപരമായ അവകാശങ്ങള്‍ക്ക് തരിമ്പും വില കല്‍പ്പിക്കാത്ത സ്ഥിതിയെന്നതിനു പകരം ഭരണകൂട സംവിധാനം മുഴുവന്‍ നിയമവിരുദ്ധതയാവുന്നതിന്റെ ലക്ഷണമായി മാത്രമാണ് ഈ സ്ഥതിവിശേഷത്തെ മനസ്സിലാക്കാനാവുക. നിയമപരമായി അവകാശപ്പെട്ട പരിരക്ഷകളെ കാറ്റില്‍ പറത്തുന്ന മജിസ്ട്രേറ്റു കോടതിയുടെ വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് ഇതൊന്നുമറിഞ്ഞതായി പോലും ഭാവിക്കുന്നില്ല. സ്വന്തം ഭാഗം വാദിക്കുവാന്‍ വക്കീലിന്റെ സഹായം പോലും ലഭ്യമാകാത്ത കോടതികള്‍ നിലനില്‍ക്കുമ്പോഴാണ് 'ഇന്ത്യാക്കാര്‍ അവരുടെ സ്വകാര്യതയെ പറ്റി വ്യാകുലരാണ്' എന്ന ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. തികച്ചും ന്യായമായ ഈ നിരീക്ഷണത്തിന്റെ മറവിലും ആരാലും ശ്രദ്ധിക്കാതെ പോകുന്ന നിയമവിരുദ്ധതകള്‍ പെരുകുകയാണ്.

ദിഷയും, കുറ്റാരോപിതരായ മറ്റുള്ളവരും അഭിമുഖീകരിയ്ക്കുന്ന ഭരണഘടനപരമായ അവകാശങ്ങളുടെ നിഷേധം പുതിയ കാര്യമല്ല. ഇക്കാര്യം ഈ രാജ്യത്തെ കൊച്ചുകുഞ്ഞുങ്ങള്‍ പോലും തിരിച്ചറിയുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഭീമ-കോറേഗാവ് മുതല്‍ കോഴിക്കോട് പന്തീരാങ്കാവ് വരെയുള്ള കേസ്സുകള്‍, പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം മുതല്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപം വരെയുള്ള കേസ്സുകള്‍ തുടങ്ങിയ നിരവധി ഉദാഹരണങ്ങള്‍ ഇക്കാര്യത്തില്‍ ചൂണ്ടിക്കാണിക്കാനാവും. ഇക്കഴിഞ്ഞ ഫെബ്രുവരി 10-ന് രാജ്യസഭയില്‍ സര്‍ക്കാര്‍ നല്‍കിയ ഒരു കണക്ക് കാണുക. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം അഥവാ യുഎപിഎ പ്രകാരം തടവിലായവരുടെയും, ശിക്ഷിക്കപ്പെട്ടവരുടെയും കണക്കാണ് ആഭ്യന്തര സഹമന്ത്രി ജി. കൃഷ്ണ റെഡ്ഡി സഭയില്‍ അവതരിപ്പിച്ചത്. 2016 മുതല്‍ 2019 വരെയുള്ള മൂന്നു വര്‍ഷത്തെ കാലയളവില്‍ 5,922 പേരാണ് യുഎപിഎ പ്രകാരം ജയിലില്‍ അടക്കപ്പെട്ടിട്ടുള്ളത്. അതില്‍ ശിക്ഷിക്കപ്പെട്ടവര്‍ 132 പേര്‍ മാത്രം. അതായത് കഷ്ടി രണ്ടു ശതമാനം.

ഭീകര പ്രവര്‍ത്തനവും, രാജ്യ ദ്രോഹവുമടക്കമുള്ള അത്യന്തം ഗൗരവമായ ഗണത്തില്‍ പെടുത്താവുന്ന കുറ്റകൃത്യങ്ങളാണ് യുഎപിഎ പ്രകാരം ചുമത്തുന്നത് എന്നാണ് അന്വേഷണ ഏജന്‍സികളുടെ അവകാശവാദം. അത്തരം കേസ്സുകളിലെ തെളിവു ശേഖരണവും മറ്റും ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുമെന്നാണ് സ്വാഭാവികമായും ധരിക്കുക. സാധാരണ കേസ്സുകളില്‍ കുറ്റം തെളിയുന്നതുവരെ നിരപരാധിയെന്നാണ് കണക്കാക്കുന്നതെങ്കില്‍ യുഎപിഎ കേസ്സുകളില്‍ സ്വന്തം നിരപരാധിത്വം തെളിയിക്കുവാനുള്ള ബാധ്യത മിക്കവാറും കുറ്റാരോപിതരില്‍ നിക്ഷിപ്തമാണ്. സാധാരണ കേസ്സുകളില്‍ കുറ്റാരോപിതര്‍ക്ക് ലഭ്യമായ നിയമപരമായ പല അവകാശങ്ങളും യുഎപിഎ കേസ്സുകളില്‍ ലഭ്യമല്ലെന്നു മാത്രമല്ല കുറ്റാരോപിതരോടു പോലും വെളിപ്പെടുത്താത്ത സുരക്ഷിത സാക്ഷികളെ ഹാജരാക്കുന്നതിനുള്ള അവകാശവും പ്രോസിക്യൂഷന് ലഭിക്കുന്നു. ഇതെല്ലാം കഴിഞ്ഞിട്ടും ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം രണ്ടു ശതമാനം മാത്രമാണെന്ന അവസ്ഥ നിയമവ്യവസ്ഥയുടെ ദുരുപയോഗത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരും, വക്കീലന്മാരും മറ്റു പലരും വര്‍ഷങ്ങളായി ഉന്നയിക്കുന്ന വിഷയമാണ് യുഎപിഎ-യുടെ ദുരുപയോഗം. യുഎപിഎ പ്രകാരം തടവിലാക്കപ്പെടുന്നവര്‍, അവര്‍ യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും കുറ്റകൃത്യം ചെയ്തതായി തെളിയിക്കപ്പെടാതെ തന്നെ വര്‍ഷങ്ങളോളം തടവറയില്‍ കഴിയാന്‍ നിര്‍ബന്ധിതമാവുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പൗരന്റെ ഭരണഘടനപരമായ അവകാശങ്ങള്‍ പരിരക്ഷിക്കുവാന്‍ ഉത്തരവാദപ്പെട്ട കോടതികള്‍ ഈ വിഷയത്തില്‍ പലപ്പോഴും പുലര്‍ത്തുന്ന അലംഭാവം നിയമപരിപാലനം അസഹനീയമായ നിലയില്‍ നിയമവിരുദ്ധതയായി പരിണമിക്കുന്നില്ലേയെന്ന സന്ദേഹമായി അവശേഷിക്കുന്നു.

1. ദ വൈല്‍ഡ് ഈസ്റ്റ്; ക്രിമിനല്‍ പൊളിറ്റിക്കല്‍ എക്കോണമീസ് ഓഫ് സൗത്ത ഏഷ്യ: എഡിറ്റഡ്; ബാര്‍ബറ ഹാരിസ്-വൈറ്റ്, ലൂസിയ മിഷേലൂത്തി. 2019

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories