TopTop
Begin typing your search above and press return to search.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്വപ്നം മുസ്ലീം ലീഗ് നടത്തിക്കൊടുക്കും, പച്ചക്കൊടി വീശാനൊരുങ്ങി കോണ്‍ഗ്രസ്

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്വപ്നം മുസ്ലീം ലീഗ് നടത്തിക്കൊടുക്കും, പച്ചക്കൊടി വീശാനൊരുങ്ങി കോണ്‍ഗ്രസ്

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി തന്നെ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടി യു ഡി എഫുമായി ധാരണയിൽ എത്തിയേക്കുമെന്ന സൂചന ശക്തമാക്കിയിരിക്കുകയാണ് മുസ്ലിം ലീഗിന്റെയും വെൽഫെയർ പാർട്ടിയുടെയും നേതാക്കൾ. മുൻപ് പറഞ്ഞു കേട്ടതുപോലെ മുസ്ലിം ലീഗും വെൽഫെയർ പാർട്ടിയും തമ്മിൽ പ്രാദേശിക തലത്തിലുള്ള ധാരണക്കുള്ള നീക്കങ്ങളല്ല മറിച്ചു യു ഡി എഫുമായി സംസ്ഥാന തലത്തിൽ തന്നെയുള്ള ധാരണക്കുള്ള ആലോചനകളാണ് നടക്കുന്നതെന്നാണ് ഇതോടെ വ്യക്തമാകുന്നത്. വെൽഫെയർ പാർട്ടി- യു ഡി എഫ് ധാരണാ നീക്കം സംബന്ധിച്ച ആദ്യ സൂചന നൽകിയത് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ഷെരീഫ് ആയിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നും നല്ല പുരോഗതിയുണ്ടെന്നും ആയിരുന്നു ഷെരീഫ് പറഞ്ഞത്. ഷെരീഫിന്റെ വാക്കുകൾ ശരിവെക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ഇന്നലെ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടിയിൽ നിന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിൽ നിന്നും ഉണ്ടായത്. മുസ്ലിം ലീഗുമായല്ല യു ഡി എഫുമായാണ് ചർച്ച നടക്കുന്നതെന്ന് സമ്മതിച്ച ലീഗ് നേതാക്കൾ പക്ഷെ ചർച്ചയെക്കുറിച്ചു കൂടുതൽ പ്രതികരിക്കാൻ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. ഒരർത്ഥത്തിൽ തുടക്കത്തിൽ മുസ്ലിം ലീഗ് നേതൃത്വവും വെൽഫെയർ പാർട്ടി നേതൃത്വവുമായി മാത്രം നടന്നിരുന്ന ഒരു ചർച്ച എന്നതിൽ നിന്നും യു ഡി എഫുമായി നടക്കുന്ന ചർച്ച എന്നതിലേക്ക് കാര്യങ്ങൾ വളരുമ്പോൾ അതേക്കുറിച്ചു പ്രതികരിക്കേണ്ടത് സ്വാഭാവികമായും യു ഡി എഫ്എ നേതൃത്വമാണല്ലോ. ഇക്കാര്യം പറയാതെ പറയുന്ന രീതിയാണ് കുഞ്ഞാലിക്കുട്ടിയും മജീദും സ്വീകരിച്ചതെന്നത് വ്യക്തം.

വെൽഫെയർ പാർട്ടി - യു ഡി എഫ് ധാരണാ നീക്കം കേരളത്തിൽ ശക്തമായ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും എന്ന കാര്യത്തിൽ തര്‍ക്കമില്ല. മുസ്ലിം ലീഗുമായി വെൽഫെയർ പാർട്ടി പ്രാദേശിക ധാരണക്ക് ഒരുങ്ങുന്നു എന്ന വാർത്ത പുറത്തു വന്നയുടൻ കേരളത്തിൽ അരുതാത്തത് എന്തോ നടക്കാൻ പോകുന്നുവെന്ന മട്ടിലുള്ള പ്രതികരണമായിരുന്നു സി പി എമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. വെൽഫെയർ പാർട്ടിയും എസ് ഡി പി ഐ യും ഉൾപ്പെടെയുള്ളവരുമായി സഖ്യം ഉണ്ടാക്കാനുള്ള മുസ്ലിം ലീഗ് തീരുമാനം മതനിരപേക്ഷ രാഷ്ട്രീയത്തോടുള്ള വെല്ലുവിളിയാണെന്നായിരുന്നു സി പി എം സംസ്ഥാന സെക്രെട്ടറിയേറ്റിന്റെ വിമർശനം. മത മൗലികവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപം എന്നാണു വെൽഫെയർ പാർട്ടിയെ സി പി എം സെക്രട്ടറിയേറ്റ് വിശേഷിപ്പിച്ചത് തന്നെ. മുസ്ലിം ലീഗ് - വെൽഫെയർ പാർട്ടി ധാരണാ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദും മുസ്ലിം യൂത്ത് ലീഗും പരസ്യമായി തന്നെ രംഗത്ത് വന്നിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുമായി ആശയപരമായി തന്നെ മുസ്ലിം ലീഗിന് വിയോജിപ്പുണ്ടെന്നും അതുകൊണ്ടു തന്നെ വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം നടക്കാത്ത കാര്യമാണെന്നും ആയിരുന്നു യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ നിലപാട്. യൂത്ത് ലീഗിന്റെ പ്രതികരണം ചില തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അത് താനെ നീങ്ങിക്കൊള്ളുമെന്നും ആയിരുന്നു ഇത് സംബന്ധിച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ മറുപടി. എന്നാൽ ധാരണാ നീക്കത്തെ അപലപിച്ചുകൊണ്ടു ആര്യാടൻ മുഹമ്മദ് നടത്തിയ പ്രസ്താവനയോട് മുസ്ലിം ലീഗിൽ നിന്നോ കോൺഗ്രസിൽ നിന്നോ ആരും പ്രതികരിച്ചു കണ്ടില്ല.

തുടക്കത്തിൽ ഉണ്ടായ പ്രതിക്ഷേധ സ്വരങ്ങൾ ഏതാണ്ട് കെട്ടടങ്ങിത്തുടങ്ങിയ വേളയിലാണ് യു ഡി എഫുമായുള്ള ചർച്ചകൾ സജീവമാണെന്ന വെൽഫെയർ പാർട്ടി നേതാവിന്റെ വെളിപ്പെടുത്തലും അതിനെ ശരിവെക്കും വിധത്തിലുള്ള ലീഗ് നേതാക്കളുടെ പ്രതികരണവും. ഇതോടെ കേവലം പ്രാദേശിക ധാരണാ നീക്കം എന്നതിൽ നിന്നും വെൽഫെയർ പാർട്ടി - യു ഡി എഫ് ധാരണാ നീക്കം എന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നിരിക്കുന്നു. മുൻപ് ഉന്നയിച്ച അതേ വിമർശം ആയിരിക്കില്ല ഒരുപക്ഷെ സി പി എം ഇനിയിപ്പോൾ ഉന്നയിക്കുക. തീർച്ചയായും അതിനു കൂടുതൽ മൂർച്ച കൈവരാതെ തരമില്ല. അത് മുന്നിൽ കണ്ടു കൊണ്ട് തന്നെയാവണം വെൽഫെയർ പാർട്ടി നേതാവ് തങ്ങൾ 2015 ലെ തദ്ദേശ തിരെഞ്ഞെടുപ്പിൽ എൽ ഡി എഫുമായി ധാരണ ഉണ്ടാക്കിയിരുന്നുവെന്നും ചില പഞ്ചായത്തുകളിൽ ഇപ്പോഴും ഇടതു മുന്നണിയുമായി ഭരണം പങ്കിടുന്നുണ്ടെന്നും പറഞ്ഞത്. 2015 ലെ തിരെഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ വെൽഫെയർ പാർട്ടിയുമായി പ്രാദേശിക ധാരണ ഉണ്ടായിരുന്നുവെന്നതിനു തെളിവുകൾ ഉണ്ടെന്നതിനാൽ വെൽഫെയർ പാർട്ടി നേതാവിന്റെ അവകാശവാദത്തെ സി പി എമ്മിന് പാടെ തള്ളിക്കളയാനാകില്ല.

2015 ൽ എടുത്ത നിലപാടായിരുന്നില്ല പക്ഷെ ഇക്കഴിഞ്ഞ പാർലമെന്റ് തിരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി സ്വീകരിച്ചത്. പരസ്യമായി യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല തങ്ങൾക്കു ചെറിയ തോതിലെങ്കിലും വേരോട്ടമുള്ള മണ്ഡലങ്ങളിൽ യു ഡി എഫ് സ്ഥാനാര്‍ത്ഥികൾക്കുവേണ്ടി ജീവമായി പ്രവർത്തിക്കുകയും ചെയ്തു. പരമാവധി മുസ്ലിം വോട്ടുകൾ യു ഡി എഫിന് അനുകൂലമായി പോൾ ചെയ്യപ്പെടുന്നതിനു വെൽഫെയർ പാർട്ടിയുടെ പിന്തുണ സഹയാകമായി എന്നത് ഒരു വസ്തുതയുമാണ്. എന്നാൽ യു ഡി എഫിന്റെ, പ്രത്യേകിച്ച് കോൺഗ്രസിന്റെ എല്ലാ നിലപാടുകളോടും ജമാഅത്തെ ഇസ്ലാമിക്കോ വെൽഫെയർ പാർട്ടിക്കോ യോജിപ്പില്ലെങ്കിലും തിടുക്കപ്പെട്ടു യു ഡി എഫുമായി അടുക്കാൻ ശ്രമിക്കുന്നത് എൽ ഡി എഫിന് പിന്തുണ നൽകിയാലും ആ മുന്നണിയിൽ കയറിപ്പറ്റുക എളുപ്പമല്ലെന്ന തിരിച്ചറിവിൽ നിന്നുകൂടിയാണ്. ഇക്കാര്യത്തിൽ ഐ എൻ എലിനു ഉണ്ടായ അനുഭവം കണ്‍മുന്നില്‍ തന്നെയുണ്ട്. നിലവിൽ യു ഡി എഫിന്റെ നില അത്ര ഭദ്രമല്ലെങ്കിലും ആ മുന്നണിയുമായി തന്നെ ബന്ധം സ്ഥാപിക്കാൻ ഒരുങ്ങുന്നത് തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ടു തന്നെയാണ്.

ഇപ്പോൾ നടക്കുന്നുവെന്ന് പറയപ്പെടുന്ന വെൽഫെയർ പാർട്ടി - യു ഡി എഫ് ധാരണ ചർച്ച സംബന്ധിച്ച് കോൺഗ്രസ് പാർട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കൾ ഇനിയും പ്രതികരിച്ചിട്ടില്ല എന്നതുകൊണ്ട് മാത്രം അങ്ങനെയൊരു ധാരണ ഉണ്ടാകില്ലെന്ന് അർത്ഥമില്ല. കേരളാ കോൺഗ്രസിലെ തമ്മിലടിയും സ്വന്തം പാർട്ടിയിലെ തന്നെ പ്രശ്നങ്ങളും കൊണ്ട് ഉഴലുന്ന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിലവിൽ മുസ്ലിം ലീഗ് നിർദ്ദേശിക്കുന്ന വഴിക്കു നീങ്ങുകയല്ലാതെ തരമില്ല. പോരെങ്കിൽ ഇക്കഴിഞ്ഞ പാർലമെന്റ് തിരെഞ്ഞെടുപ്പിൽ യു ഡി എഫിന് ഉജ്ജ്വല വിജയം ഒരുക്കുന്നതിൽ വെൽഫെയർ പാർട്ടി വഹിച്ച പങ്കിനെ കുറച്ചുകാണാനും ആവില്ല. അവിടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി യു ഡി എഫുമായി ധാരണയിലെത്താൻ കിണഞ്ഞു ശ്രമിക്കുന്ന വെൽഫെയർ പാർട്ടിയുടെയും അതിനായി ചരടു വലി നടത്തുന്ന മുസ്ലിം ലീഗ് നേതാക്കളുടെയും പ്രതീക്ഷയും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories