TopTop
Begin typing your search above and press return to search.

അടച്ചുപൂട്ടല്‍ എത്ര കാലം? വൈറസിനൊപ്പം അതിജീവിക്കാന്‍ സാധിക്കുമോ?; കോവിഡ്-19 തന്ത്രം, സ്വീഡിഷ് മാതൃകയും ഇന്ത്യയ്ക്കുള്ള പാഠങ്ങളും

അടച്ചുപൂട്ടല്‍ എത്ര കാലം? വൈറസിനൊപ്പം അതിജീവിക്കാന്‍ സാധിക്കുമോ?; കോവിഡ്-19 തന്ത്രം, സ്വീഡിഷ് മാതൃകയും ഇന്ത്യയ്ക്കുള്ള പാഠങ്ങളും

എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള വളര്‍ച്ചയ്ക്കായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ സ്വീഡന്‍ പിന്തുടരുന്ന തന്ത്രമായ 'സ്വീഡിഷ് മാതൃകയെ' കുറിച്ച് ദശാബ്ദങ്ങളായി ലോകം ചര്‍ച്ച ചെയ്യുന്നു. എന്നാല്‍, കഴിഞ്ഞ രണ്ട് മാസമായി മറ്റൊരു 'സ്വീഡിഷ് മാതൃകയെ' കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും അരങ്ങേറുന്നു. കൊറോണ വൈറസ് പ്രതിസന്ധിയെ സ്വീഡന്‍ എങ്ങനെ നേരിടുന്നു എന്നതിനെ കുറിച്ചാണത്. സ്‌കാന്‍ഡിനേവിയന്‍ അയല്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ലോകത്തിലെ മിക്ക രാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുകയും രാജ്യങ്ങള്‍ക്കുള്ളില്‍ ജനങ്ങളുടെ സഞ്ചാരം വിലക്കുകയും തങ്ങളുടെ പൗരന്മാര്‍ക്ക് കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തപ്പോള്‍, വളരെ വ്യത്യസ്തമായ ഒരു സമീപനമാണ് സ്വീഡന്‍ സ്വീകരിച്ചത്. അവര്‍ സര്‍വകലാശാലകളിലെയും സ്‌കൂളുകളിലെയും ക്ലാസ് മുറി അദ്ധ്യയനം നിറുത്തിവെക്കുകയും ഫുഡ്‌ബോള്‍ സീസണ്‍ നീട്ടിവെക്കുകയും 50ലധികം ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിക്കുകയും ചെയ്തു. ഇവ മാറ്റി നിറുത്തിയാല്‍ രാജ്യത്തെ ജീവിതം സാധാരണഗതിയില്‍ മുന്നേറുന്നു. ഓഫീസുകളും സ്‌കൂളുകളും ബാറുകളും ഭക്ഷണശാലകളും മാത്രമല്ല ബാര്‍ബര്‍ ഷോപ്പുകളും സ്പാകളും പോലും നേരത്തലത്തെ പോലെ തന്നെ തുറന്ന് പ്രവര്‍ത്തിക്കുന്നു. വളരെ കുറച്ച് ആളുകള്‍ മാത്രമേ പുറത്തിറങ്ങുമ്പോള്‍ മുഖാവരണം ധരിക്കുന്നുള്ളൂ. കൊറോണ വൈറസ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടുള്ള സ്വീഡിഷ് അധികൃതരുടെ ഉദാസീനതയാണ് ഇതെന്ന് ആരും വ്യാഖ്യാനിക്കരുത്. തുടക്കത്തില്‍, ചൈനയിലെ വുഹാന് പകരം ഫെബ്രുവരിയിലെ സ്‌കൂള്‍ അവധിക്കാലത്ത് സ്‌കീയിംഗ് യാത്രയ്ക്ക് പോയ തങ്ങളുടെ കുടുംബങ്ങള്‍ വഴി ഇറ്റാലിയന്‍ ആല്‍പ്‌സില്‍ നിന്നും രാജ്യത്ത് വലിയ രീതിയില്‍ വൈറസ് പ്രവേശിച്ചപ്പോള്‍ ആദ്യം ഒന്ന് അമ്പരന്ന് പോയെങ്കിലും, ഈ മഹാമാരി ഉയര്‍ത്തുന്ന ഭീഷണികളുടെ ഗുരുതരാവസ്ഥയെ കുറിച്ച് സ്വീഡിഷ് സര്‍ക്കാരും മാധ്യമങ്ങളും സമൂഹവും മനസിലാക്കുന്നുണ്ട്. സ്വീഡിഷ് സമീപനം പ്രതിസന്ധിയെ കുറിച്ച് വിശദീകരിക്കുന്നതിനായി സ്വീഡന്‍ പ്രധാനമന്ത്രി സ്ഥിരമായി പത്രസമ്മേളനങ്ങള്‍ നടത്തുകയും പത്രങ്ങളെയും ടെലിവിഷന്‍ ചാനലുകളെയും അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. രാജാവ് പോലും രാജ്യത്തെ അഭിസംബോധന ചെയ്തു. അത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ്. മിക്ക അക്കാദമിക് പ്രവര്‍ത്തനങ്ങളും വെബ് അധിഷ്ടിതമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടുന്ന പ്രവണത ജനങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ട്. പുറത്തിറങ്ങുമ്പോള്‍ അവര്‍ നിശ്ചിത അകലം പാലിക്കുകയും ചെയ്യുന്നു. 70 വയസില്‍ കൂടുതലുള്ളവരോട് വീട്ടില്‍ തന്നെ കഴിയാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മറ്റുള്ളവരോട് മുതിര്‍ന്ന ആളുടകളുമായുള്ള കൂടിക്കാഴ്ചകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോവിഡ്-19ന്റെ നേരിയ ലക്ഷണം പോലുമുള്ള ആര്‍ക്കും ഒരു ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ രോഗാവധി എടുക്കാനും വീട്ടില്‍ തങ്ങാനും സാധിക്കും. ഉപ്‌സാലയും ലുണ്ടും പോലുള്ള സര്‍കലാശാല പട്ടണങ്ങള്‍ ഏപ്രില്‍ 30ന് ഉള്ള അവരുടെ 'വസന്തോല്‍സവം' ആഘോഷിച്ചില്ല. വലിയ യോഗങ്ങള്‍, കോണ്‍ഫറന്‍സുകള്‍, മിക്കവാറും ഔദ്ധ്യോഗിക യാത്രകള്‍ എന്നിവ റദ്ദാക്കുകയോ ശരത്ക്കാലത്തേക്ക് മാറ്റിവെക്കുകയോ ചെയ്തിട്ടുണ്ട്. അതേ സമയം തന്നെ, ഏതെങ്കിലും മദ്യശാലകളോ ഭക്ഷണശാലകളെ സാമൂഹ്യ അകല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ അവ അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പും നിലവിലുണ്ട്. ഓരോ ദിവസവും കോവിഡ്-19ന്റെ ഏറ്റവും പുതിയ സ്ഥിരീകരിക്കപ്പെട്ട വിവരങ്ങള്‍ സ്വീഡന്റെ പൊതുജന ആരോഗ്യ ഏജന്‍സി പുറത്തുവിടുന്നുണ്ട്; തീവ്ര ശിശ്രൂഷ വിഭാഗത്തില്‍ ചികിത്സയിലുള്ളവര്‍, കോവിഡ്-19 മൂലം മരണമടഞ്ഞവര്‍ എന്നിവരെ കുറിച്ചെല്ലാം അതില്‍ വ്യക്തമായ വിവരങ്ങളുണ്ടാവും. മെഡിക്കല്‍ പരിശോധന നടത്തി ഉറപ്പുവരുത്തിയ കേസുകള്‍ മാത്രമേ ഈ വിവരങ്ങളില്‍ ഉള്‍ക്കൊള്ളിക്കുന്നുള്ളൂ. അതിനാല്‍ തന്നെ യഥാര്‍ത്ഥ കേസുകളെക്കാള്‍ കുറഞ്ഞ സംഖ്യയാവും ഈ അറിയിപ്പുകളില്‍ ഉണ്ടാവുക. പല രാജ്യങ്ങളെയും പ്രത്യേകിച്ചും അതിന്റെ അയല്‍രാജ്യങ്ങളെ തട്ടിച്ച് നോക്കുമ്പോള്‍ സ്വീഡന്‍ വളരെ കുറച്ച് ആളുകളെ മാത്രമേ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളു. സ്ഥിതി ഗുരുതരമല്ലാത്ത കോവിഡ്-19 രോഗികളോട് വീട്ടില്‍ തുടരാനും രോഗം ഭേദമാക്കാനുമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ തന്ത്രം വിജയകരമായിരുന്നില്ലെന്ന് ഉപരിതലത്തില്‍ തോന്നാം. കാരണം, 2020 ഏപ്രിലില്‍, സ്വീഡനിലെ മരണ നിരക്ക് അയല്‍രാജ്യങ്ങളായ ഡെന്‍മാര്‍ക്ക്, നോര്‍വെ, ഫിന്‍ലാന്റ് എന്നിവയെക്കാള്‍ ഏകദേശം മൂന്നിരട്ടിയും യുണൈറ്റഡ് സ്റ്റേറ്റ്‌സിനെ അപേക്ഷിച്ച് നോക്കിയാല്‍ പോലും ഉയര്‍ന്നതുമായിരുന്നു. രാജ്യത്ത് വൈറസ് വ്യാപിച്ചത് കൂടുതലും മധ്യവയസ്‌കര്‍ക്കായിരുന്നെങ്കിലും പ്രായമായവര്‍ക്കിടയിലാണ് മരണം അധികവും സംഭവിച്ചത്. സ്വീഡനിലെ കോവിഡ്-19 മരണങ്ങളില്‍ ഭൂരിഭാഗവും സംഭവിച്ചത് പ്രായമായവര്‍ക്കായുള്ള ശിശ്രൂഷ കേന്ദ്രങ്ങളില്‍ വച്ചായിരുന്നു. മിക്ക യൂറോപ്യന്‍ രാജ്യങ്ങളും യുഎസും മരണങ്ങള്‍ അധികവും രേഖപ്പെടുത്തുന്നത് ആശുപത്രികളില്‍ വച്ച് സംഭവിച്ചത് മാത്രമാണെന്നതും നഴ്‌സിംഗ് ഹോമുകളിലോ അല്ലെങ്കില്‍ ദീര്‍ഘകാല ശിശ്രൂഷ കേന്ദ്രങ്ങളിലോ വച്ച് സംഭവിച്ച മരണങ്ങള്‍ അവര്‍ കണക്കുകളില്‍ ഉള്‍ക്കൊള്ളിക്കുന്നില്ല എന്നതും മറ്റൊരു വിഷയമാണ്.പ്രായമായവര്‍ക്കുള്ള ശിശ്രൂഷ കേന്ദ്രങ്ങളില്‍ ഉയര്‍ന്ന മരണ നിരക്ക് സ്വീഡിഷ് അധികാരികളെ അമ്പരപ്പിച്ചു. അവര്‍ അത് പ്രതീക്ഷിച്ചിരുന്നില്ല എന്ന് വേണം കരുതാന്‍. ശിശ്രൂഷ കേന്ദ്രങ്ങളില്‍ വൈറസ് കടക്കുന്നത് തടയാനുള്ള വഴികള്‍ കണ്ടെത്താന്‍ അവര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ പുറത്തുനിന്നുള്ള എല്ലാ സന്ദര്‍ശനങ്ങളും നിരോധിച്ചിരിക്കുകയാണ്. പ്രായമായ ആള്‍കള്‍ക്കിടിയില്‍ മാത്രമല്ല, സോമാലിയ, ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ കുടിയേറ്റ സമൂഹങ്ങള്‍ക്കിടയിലെ മരണ നിരക്കും വളരെ ഉയര്‍ന്നതാണ്. വിവര വ്യാപനത്തിന്റെ അഭാവവും സ്‌റ്റോക്‌ഹോമിലെ ചില കുടിയേറ്റ 'ചേരികളിലെ' പാര്‍പ്പിട നിബിഡതയും ഇതിന് ആക്കം കൂട്ടിയിട്ടുണ്ടാവാം. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ വെറും പത്ത് ശതമാനം മാത്രം അധിവസിക്കുന്ന തലസ്ഥാന നഗരമായ സ്റ്റോക്‌ഹോമാണ് രാജ്യത്തെ മൊത്തം കോവിഡ്-19 മരണങ്ങളുടെ അമ്പത് ശതമാനത്തിനും സാക്ഷിയായത്. എന്നാല്‍ പ്രായമാര്‍ക്കിടയിലും കുടിയേറ്റ ജനവിഭാഗങ്ങള്‍ക്കിടയിലും കൂടുതല്‍ മരണങ്ങള്‍ നടന്നതുകൊണ്ട് മാത്രമല്ല സ്റ്റോക്‌ഹോമിലെ മരണങ്ങളുടെ എണ്ണം കൂടിയത്. ഇറ്റലിയില്‍ രോഗവ്യാപനം ഗുരുതരമായ അതേ ആഴ്ചയാണ് ഫെബ്രുവരിയിലെ അതിന്റെ സ്‌കൂള്‍ അവധി ആരംഭിച്ചത് എന്നതും ഒരു കാരണമാണ്. കാരണങ്ങള്‍ എന്തൊക്കെ ആയാലും സ്വീഡനില്‍ മരണങ്ങളുടെ എണ്ണത്തില്‍ സംഭവിച്ച വര്‍ദ്ധന, സ്വീഡന്റെ തന്ത്രത്തെ കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ത്തി.കോവിഡ്-19 കേസുകളുടെ ദ്രുതഗതിയില്‍ കുത്തനെയുള്ള വര്‍ദ്ധന നേരിടാന്‍ തങ്ങളുടെ ആരോഗ്യ ശിശ്രൂഷ സംവിധാനത്തിന് കെല്‍പില്ലാത്തതിനാല്‍, എത്രയും പെട്ടെന്ന് തന്നെ രോഗവ്യാപന വക്രത നിവര്‍ത്തിയെടുക്കുകയാണ് അതിന്റെ ലക്ഷ്യമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് 'അസാധാരണ' സമീപനത്തെ പ്രതിരോധിക്കാന്‍ സ്വീഡന്‍ ശ്രമിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശുപത്രികളില്‍ പോകുന്നു എന്ന് ഉറപ്പാക്കുന്നതിനായി ഡേ കെയറുകളും ജൂനിയര്‍ സ്‌കൂളുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ട്. കാരണം, സ്‌കൂള്‍ പൂര്‍ണമായും അടച്ചിട്ടാല്‍, ആരോഗ്യ പ്രവര്‍ത്തകരില്‍ മുപ്പത് ശതമാനവും കുട്ടികളോടൊപ്പം വീട്ടില്‍ തന്നെയായിരിക്കും.ഫലപ്രദമായ ശാസ്ത്രീയ ഔഷധ ഇടപെടലിനുള്ള അന്വേഷണ ഘട്ടത്തില്‍ മാത്രമാണ് ഇപ്പോഴും ലോകം എന്നതിനാല്‍ തന്നെ കൊറോണ വൈറസിനെതിരായ പോരാട്ടം കുറച്ച് കാലം കൂടി തുടരുമെന്നും അതുവരെ സാമ്പത്തികരംഗത്ത് അനിശ്ചിതാവസ്ഥ തുടരുന്നത് രാജ്യത്തിന് താങ്ങാനാവില്ലെന്നും സ്വീഡന്‍ തിരിച്ചറിയുന്നുണ്ട്. സ്വീഡന്റെ മൊത്തം ആഭ്യന്തര ഉല്‍പാദന അനുപാതത്തിന്റെ 90 ശതമാനത്തില്‍ കൂടുതല്‍ വ്യാപാരമായതിനാല്‍, മാസങ്ങളോളം രാജ്യത്ത് പൂര്‍ണമായ അടച്ചുപൂട്ടല്‍ നടപ്പിലാക്കുന്നതിനുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ഗൗരവതരമായ പരിമിതികളുണ്ട്. അടച്ചുപൂട്ടല്‍ ഇല്ലാതെ തന്നെ, കൊറോണ വൈറസ് പ്രതിസന്ധി ഉടലെടുത്തതിന് ശേഷം സ്വീഡന്റെ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനത്തില്‍ നിന്നും 11 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. മാത്രമല്ല, 2020 വര്‍ഷത്തെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനം നാല് മുതല്‍ പത്ത് ശതമാനം വരെ ഇടിയാനുള്ള സാധ്യതയും മുന്നിലുണ്ട്. കൂടാതെ, അടച്ചുപൂട്ടല്‍ എന്നത് ഒരു പ്രതിവിധിയല്ല. ഒരു വലിയ ജനവിഭാഗത്തെ രോഗം ബാധിക്കുന്നത് ഒരു നിശ്ചിതകാലത്തേക്ക് വൈകിപ്പിക്കുക മാത്രമാണ് അത് ചെയ്യുന്നത്. തുടക്കത്തില്‍ മരണങ്ങളുടെ എണ്ണം കുറയ്ക്കാന്‍ അടച്ചുപൂട്ടല്‍ കൊണ്ട് സാധിച്ചേക്കാമെങ്കിലും ഒരിക്കല്‍ അടച്ചുപൂട്ടല്‍ പിന്‍വലിക്കുകയും ശാസ്ത്രീയ പ്രതിവിധികള്‍ ഒന്നും തന്നെ കണ്ടെത്തുകയും ചെയ്തിട്ടില്ലെങ്കില്‍ മരണ നിരക്ക് കുതിച്ചുയരുമെന്ന് പോള്‍ ഡബ്ലിയു ഫ്രാങ്ക്‌സ് വാദിക്കുന്നു. ആക്രമണോത്സുകമായ നിയന്ത്രണങ്ങള്‍ വഴി ജനങ്ങളെ രോഗവ്യാപനത്തില്‍ നിന്നും സംരക്ഷിക്കുന്നത്, കാട്ടുതീയുടെ പാതയിലുള്ള വനങ്ങളെ സംരക്ഷിക്കുന്നത് പോലെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തുടര്‍ച്ചയായ അഗ്നിശമന നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ അന്തിമമായി വനം മുഴുവന്‍ കത്തിപ്പോകും.സമൂഹ രോഗപ്രതിരോധശക്തി തന്ത്രം അതുകൊണ്ട്, സമ്പൂര്‍ണ അടച്ചുപൂട്ടലിന് പകരം പരിമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും അതുവഴി കൊറോണ വൈറസിനോടുള്ള ജനങ്ങളുടെ സമൂഹ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്ന നിലയിലേക്ക് എത്തിച്ചേരുകയും ചെയ്യുക എന്നതാണ് സ്വീഡന്റെ തന്ത്രം, സാമൂഹ്യ രോധപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്ന തന്ത്രം തങ്ങള്‍ പിന്തുടരുന്നതായി സ്വീഡന്‍ ഔദ്ധ്യോഗികമായി അംഗീകരിക്കുന്നില്ലെങ്കിലും, ജനസംഖ്യയില്‍ ഭൂരിപക്ഷത്തെയും രോഗത്തില്‍ നിന്നും മുക്തമാക്കിക്കൊണ്ട് രോഗവ്യാപനത്തിനെതിരായ സ്വീഡിഷ് ജനതയുടെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. സ്റ്റോക്‌ഹോം സാമൂഹ്യ രോഗപ്രതിരോധ ഘട്ടത്തിലേക്ക് എത്രയും പെട്ടെന്ന് തന്നെ എത്തിച്ചേരുമെന്നും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് ആ നില കൈവരുമെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു തവണ രോഗം ബാധിക്കുന്നത് കൊണ്ടു മാത്രം പ്രതിരോധശക്തി വര്‍ദ്ധിക്കുമോ ഇല്ലയോ എന്ന ചോദ്യം തീര്‍ച്ചയായും നിലനില്‍ക്കുന്നുണ്ട്. വൈറസിന്റെ വ്യാപനത്തെ സംബന്ധിച്ച ഗണിതശാസ്ത്ര മാതൃകകള്‍ ശരിയാണെങ്കില്‍, രോഗബാധിതാനന്തര പ്രതിരോധശക്തി നേടിയെടുക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, അതിന്റെ സാമ്പത്തികരംഗത്തെ താരതമ്യേന നിയന്ത്രണവിധേയമായ അവസ്ഥയില്‍ നിലനിറുത്തിക്കൊണ്ടും കര്‍ക്കശമായ പൊതുസുരക്ഷാ നടപടികള്‍ സ്വീകരിക്കാതെയും തങ്ങളുടെ മരണ നിരക്ക് ഗണ്യമായി കുറയ്ക്കുന്നതില്‍ വൈകാതെ തന്നെ സ്വീഡന്‍ വിജയം കൈവരിക്കും. രോഗം ഇപ്പോഴും വ്യാപിക്കുകയും ഇതിനെതിരായ ഔഷധം ഇനിയും കണ്ടെത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വീഡന്റെ സമീപനം വിജയമായിരുന്നോ പരാജയമായിരുന്നോ എന്ന് കാലത്തിന് മാത്രമേ തെളിയിക്കാന്‍ സാധിക്കൂ. എന്നാല്‍, പട്ടാളച്ചിട്ടയിലുള്ള അടച്ചുപൂട്ടല്‍ സമീപനം സ്വീകരിക്കുകയും ഒരു മാസത്തോളം രോഗവ്യാപന നിരക്ക് നിയന്ത്രിക്കുകയും, ഇപ്പോള്‍ പൊതുജന ആവശ്യവും കമ്പോള സമ്മര്‍ദവും നിമിത്തം നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന മിക്ക രാജ്യങ്ങളിലും കോവിഡ്-19 മരണനിരക്ക് ഉയരുന്ന ഒരു സാഹചര്യം തീര്‍ച്ചയായും ഉടലെടുക്കും. സ്വീഡനെ പോലെ രോഗവ്യാപന വക്രത നിവര്‍ത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു എന്ന് മാത്രമല്ല അവരുടെ സാമ്പത്തികരംഗം ഇപ്പോള്‍ തന്നെ നിരപ്പിലാവുകയും ചെയ്തിരിക്കുന്നു. സ്വീഡിഷ് നയത്തിന് ആരാധകരും വിമര്‍ശകരുമുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വലതുപക്ഷ സംഘങ്ങളാണ് അപ്രതീക്ഷിത പിന്തുണയുമായി രംഗത്തെത്തിയ ഒരു വിഭാഗം. സ്വീഡനെ എപ്പോഴും വിമര്‍ശിച്ചിരുന്നവരാണ് ഇവര്‍. വലിയ അളവില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് സ്വീഡന്‍ 2014ല്‍ തങ്ങളുടെ വാതിലുകള്‍ തുറന്നിട്ടതിനെ തുടര്‍ന്ന് ഈ വിമര്‍ശനം പ്രത്യേകിച്ചും വിഷലിപ്തമായി തീരുകയും ചെയ്തിരുന്നു. എന്നാല്‍, ഈ സംഘങ്ങള്‍ തന്നെ കഴിഞ്ഞ ഏതാനും ആഴ്ചകളായി തങ്ങളുടെ രാജ്യങ്ങളിലെ അടച്ചുപൂട്ടലുകളെ എതിര്‍ക്കാന്‍ ആരംഭിക്കുകയും കൊറോണ വൈറസ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനുള്ള സ്വീഡിഷ് മാതൃക യുഎസും പിന്തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ സ്വീഡിഷ് സമീപനത്തിന് പിന്നിലെ യുക്തിവിചാരം മനസിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗരേഖകള്‍ ജനങ്ങള്‍ അനുസരിക്കുമെന്നും അതിനാല്‍ തന്നെ പൊതുസുരക്ഷ നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് പോലീസ് രാജ് നടപ്പിലാക്കേണ്ട ആവശ്യമില്ലെന്നും സ്വീഡനിലെ അധികാരികള്‍ വിശ്വസിക്കുന്നു. സര്‍ക്കാരും സമൂഹവും തമ്മിലും സമൂഹത്തിനുള്ളില്‍ തന്നെയുമുള്ള പരസ്പര വിശ്വാസത്തിന്റെ ആധിക്യത്തിന്റെ പേരില്‍ സുപ്രസിദ്ധമാണ് സ്വീഡന്‍. കൂടാതെ, ജാന്തെ പെരുമാറ്റ ചട്ട നിയമങ്ങള്‍ പാലിക്കുന്ന നിയമത്തെ അനുസരിക്കുന്ന, വിദ്യാഭ്യാസമുള്ള, മതേതരമായ, ശാസ്ത്രത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു സമൂഹമാണ് സ്വീഡന്റേത്. ജാന്തെ തത്വസംഹിത പ്രകാരം മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നവരാണ് തങ്ങളെന്ന് ആരും സ്വയം വിശ്വസിക്കുന്നില്ല. അതിനാല്‍ തന്നെ, സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗരേഖകള്‍ ലംഘിക്കാനുള്ള അപകടസാധ്യത തുലോം വിരളമാണ്. ഇതിനെല്ലാം ഉപരിയായി, രാജ്യത്തിന്റെ ജനസംഖ്യയില്‍ പകുതിയും വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്നവരായതിനാല്‍, സാമൂഹ്യ അകലം പാലിക്കല്‍ സ്വീഡിഷ് സമൂഹത്തെ സംബന്ധിച്ചിടത്തോളം അന്യമായ ഒരാശയമല്ല. വീട്ടിലിരുന്ന ജോലി ചെയ്യുന്നത് ഈ രാജ്യത്ത് സര്‍വസാധാരണമാണ്. സാര്‍വത്രിക അതിവേഗ ഇന്റര്‍നെറ്റ് ശൃംഖല സൗകര്യങ്ങള്‍ ഇതിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഇന്ത്യയ്ക്കുള്ള പാഠങ്ങള്‍ ഈ സാഹചര്യത്തില്‍, കൊറോണ വൈറസിനെ നേരിടുന്നതില്‍ 'ആവശ്യമായ അളവില്‍ മാത്രമുള്ള' (ലാഗോം എന്ന സ്വീഡിഷ് വാക്ക്), പരിമിത നിയന്ത്രണങ്ങള്‍ മാത്രമുള്ള സ്വീഡിഷ് മാതൃക, അത് ഒടുവില്‍ വിജയകരമായി തീരുകയാണെങ്കില്‍ പോലും, മറ്റ് രാജ്യങ്ങളില്‍ പൊതുവിലും ഇന്ത്യയില്‍ പ്രത്യേകിച്ചും അന്ധമായി അനുകരിക്കുക അസാധ്യമാണ്. നമുക്ക് അറിയാവുന്നത് പോലെ തന്നെ, ഒരു സുവര്‍ണ തത്വമില്ല എന്നതാണ് ആ നയരൂപീകരണത്തിലെ സുവര്‍ണ തത്വം. എന്നാല്‍ സ്വീഡിഷ് മാതൃകയില്‍ ഇന്ത്യയ്ക്ക് പഠിക്കാവുന്ന നിരവധി പാഠങ്ങളുണ്ട്.

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത അളവിലുള്ള ഒരു ഭീമാകാരമായ ആരോഗ്യ പ്രതിസന്ധിയാണ് കൊറോണ വൈറസ് പ്രതിസന്ധി. രാഷ്ട്രീയ നേതൃത്വത്തെ അല്ലെങ്കില്‍ ഉദ്യോഗസ്ഥ വൃന്ദത്തെക്കാള്‍ വൈറസിനെയും അതിന്റെ ശക്തിദൗര്‍ബല്യങ്ങളെയും അറിയുകയും മനസിലാക്കുകയും ചെയ്ത വിദഗ്ധരായിരിക്കണം ഈ പ്രതിസന്ധിയില്‍ നയങ്ങള്‍ രൂപീകരിക്കേണ്ടത്. സ്വീഡനില്‍, തന്ത്രങ്ങള്‍ രൂപീകരിക്കാനും അത് പൗരന്മാര്‍ക്കിടയില്‍ പ്രചരിപ്പിക്കാനുമുള്ള ഉത്തരവാദിത്വം പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെനല്ല. മറിച്ച് രാജ്യത്തിന്റെ മുഖ്യ എപ്പിഡമോളജിസ്റ്റായ ആന്‍ഡേഴ്‌സ് ടെഗ്നലിലാണ് ആ ചുമതല നിക്ഷിപ്തമായിരിക്കുന്നത്. നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എപ്പിഡമോളജിസ്റ്റുകളുടെ ഒരു സംഘം ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടും ടെഗ്നലിലന് ആ പ്രവര്‍ത്തന സ്വാതന്ത്ര്യം രാഷ്ട്രീയ നേതൃത്വം അനുവദിച്ച് നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ നീക്കാന്‍ സ്വീഡന്റെ അയല്‍രാജ്യങ്ങള്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യത്തില്‍, വിഷയത്തില്‍ വൈദഗ്ധ്യമുള്ള ഒരാളെയും അദ്ദേഹത്തിന്റെ സംഘത്തെയും തീരുമാനമെടുക്കാനുള്ള ചുമതല ഏല്‍പിച്ച സ്വീഡനിലെ രാഷ്ട്രീയക്കാരുടെ നിലപാട് ശരിയായിരുന്നു വേണം അനുമാനിക്കാന്‍. തന്ത്രത്തിന് രൂപം നല്‍കുന്നതിനും നയിക്കുന്നതിനും തങ്ങളുടെ പൊതുജനാരോഗ്യ വിദഗ്ധരെയാണ് ഇന്ത്യ മുന്നോട്ട് കൊണ്ടുവരേണ്ടത്. അല്ലാതെ രാഷ്ട്രീയക്കാരെയല്ല.പ്രതിസന്ധി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഒരു രാജ്യത്തിന് കൃത്യമായ നയം ഉണ്ടായിരിക്കണമെന്നും സര്‍ക്കാരത് ജനങ്ങളോട് തുറന്നു പറയേണ്ടതുണ്ടെന്നും സ്വീഡന്റെ തന്ത്രം വെളിവാക്കുന്നു. അറിയപ്പെടാത്ത നിരവധി കാര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, ആവശ്യ ഘട്ടങ്ങളില്‍ നയങ്ങളില്‍ പരിഷ്‌കാരങ്ങളും മാറ്റങ്ങളും വരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തുറന്ന സമീപനം പുലര്‍ത്തേണ്ടതും അത്യന്താപേക്ഷിതമാണ്. തുറന്നതും സത്യസന്ധതവും നിരന്തരവുമായ ആശയവിനിമയത്തിലൂടെ സര്‍ക്കാരിന് ജനങ്ങളുടെ വിശ്വാസവും സഹകരണവും നേടിയെടുക്കാന്‍ സാധിക്കും. തങ്ങളും തീരുമാനങ്ങളുടെ ഭാഗമാണെന്ന് ജനങ്ങള്‍ക്ക് തോന്നണം. മറ്റുള്ളവര്‍ക്കായി തങ്ങള്‍ ത്യാഗം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് എന്ന മനോഭാവം ഒരു വിഭാഗത്തിനും ഉണ്ടാവാനും പാടില്ല. വലിയ അളവിലുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്ന ഇത്തരം സാഹര്യത്തില്‍ സര്‍ക്കാരിന്റെ നയം വിഭാഗീയമായിരിക്കരുത് എന്ന് മാത്രമല്ല, തങ്ങളോട് അനുകമ്പയും പരിഗണനയും പ്രദര്‍ശിപ്പിക്കുന്ന ശരിയായ ഒന്നാണ് അതെന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും തോന്നുകയും വേണം. മറ്റുള്ളവരുടെ നയങ്ങളെയും നടപടികളെയും അന്ധമായി അനുകരിക്കുന്നതിന് പകരം തങ്ങളുടെ വലിപ്പം, സാമ്പത്തികരംഗം, സംസ്‌കാരം, കാലവസ്ഥ എന്നീ ഘടകങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള പരപ്രേരണ കൂടതെയുള്ള സജീവ ഇടപെടല്‍ നയങ്ങളാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഇതുപോലെയുള്ള ഒരു പ്രതിസന്ധിയില്‍ രാജ്യം ഒന്നിച്ച് നില്‍ക്കുകയും ജനങ്ങള്‍ പരസ്പരം സഹായിക്കുകയും ചെയ്യണം. അതുകൊണ്ടു തന്നെ, ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുകയും സമൂഹത്തില്‍ വിഭജനങ്ങളുണ്ടാക്കുന്നത് ഒഴിവാക്കുന്ന വിധത്തില്‍ സര്‍ക്കാരും മാധ്യമങ്ങളും പ്രചാരണം നടത്തുകയും ചെയ്യേണ്ടത് സുപ്രധാനമാണ്. കുടിയേറ്റക്കാര്‍ക്കിടയില്‍ നിരവധി കോവിഡ്-19 മരണങ്ങളുണ്ടായിട്ടും സ്വീഡനില്‍ ആരും കുടിയേറ്റക്കാരെ പേരെടുത്ത് വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. രാജ്യത്തെ പ്രതിസന്ധിയുടെ കേന്ദ്രബിന്ദു സ്റ്റോക്‌ഹോം ആയിട്ട് പോലും രാജ്യത്തുള്ള ആരും ആ നഗരത്തെയോ അല്ലെങ്കില്‍ കായിക ആഘോഷത്തിനായി ഫെബ്രുവരിയില്‍ തങ്ങളുടെ മക്കളെ ഇറ്റലിയിലേക്ക് കൊണ്ടുപോയ മാതാപിതാക്കളെയോ കുറ്റപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചൈനയുമായുള്ള സ്വീഡന്റെ ഉഭയകക്ഷി ബന്ധങ്ങള്‍ മനുഷ്യാവകാശ പ്രശ്‌നങ്ങളുടെ പേരില്‍ തകര്‍ന്നിരിക്കുകയാണെങ്കിലും, കൊറോണ വൈറസിന്റെ പേരില്‍ ചൈനയെ സ്വീഡന്‍ കുറ്റപ്പെടുത്തുകയോ അതിനെ വുഹാന്‍ വൈറസ് എന്ന് വിളിക്കുകയോ ചെയ്തിട്ടില്ല. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഐക്യത്തോടെ നില്‍ക്കുകയും ഈ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടുകയും ചെയ്യുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. മാത്രമല്ല, ബലിയാടുകളെ കണ്ടെത്തുന്നതിനുള്ള രാഷ്ട്രീയ വിഴുപ്പലക്കല്‍ കളികള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും സ്വീഡനില്‍ നിന്നും ഏറെ കാര്യങ്ങള്‍ പഠിക്കാനുമുണ്ട്. ഒരു ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയിലാണ് സ്വീഡന്‍ കൊറോണ വൈറസിനെ കൈകാര്യം ചെയ്യുന്നത്. രാജ്യത്തിന്റെ നയങ്ങള്‍ക്ക് രൂപം നല്‍കുന്നതാകട്ടെ രാഷ്ട്രീയ ഔചിത്യബോധത്തെക്കാള്‍ സാമ്പത്തിക ആവശ്യങ്ങളുമാണ്. സ്വീഡനിലെ കോവിഡ്-19 രോഗികളുടെ എണ്ണം ഇപ്പോഴും വലുതാണെങ്കിലും ഇറ്റലിയിലെ പോലെ അതിന്റെ ആശുപത്രി സംവിധാനം തകര്‍ന്ന് തരിപ്പണമായിട്ടില്ല. ചൈനയിലെ പോലെ ഇരുട്ടിവെളുക്കുന്നതിന് മുമ്പ് പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കേണ്ടി വന്നിട്ടുമില്ല. മതിയായ വ്യക്തിഗത ആരോഗ്യ സംരക്ഷണ ഉപകരണങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ചില മുറുമുറുപ്പുകള്‍ ഉയരുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ കഴിവിന്റെ പരമാവധി ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ ചുമതല നിര്‍വഹിക്കാനുള്ള നിലമൊരുക്കുന്നതിനായി പ്രീ സ്‌കൂളുകളും ജൂനിയര്‍ സ്‌കൂളുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ ശിശ്രൂഷ സംവിധാനങ്ങളില്‍ സഹായങ്ങള്‍ നല്‍കുന്നതിന് സന്നദ്ധരായി നിരവധി ആളുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. കോവിഡ്-19 മഹാമാരിയ്‌ക്കെതിരായ പോരാട്ടത്തില്‍ സഹായിക്കുന്നതിനായി സ്വീഡിഷ് രാജകുമാരിമാരില്‍ ഒരാള്‍ പോലും ഒരു ആശുപത്രിയില്‍ സേവനം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വിദഗ്ധരെ അഭിനന്ദിക്കുന്ന പൊതു പ്രകടനങ്ങളോ ആശുപത്രികളുടെ മേല്‍ പുഷ്പവൃഷ്ടി നടത്തുന്നത് പോലുള്ള അഭ്യാസങ്ങളോ നടക്കുന്നില്ല. എന്നാല്‍, അടിസ്ഥാന ഉപകരണങ്ങളുടെ അഭാവം മൂലം ഡോക്ടര്‍മാരും നേഴ്‌സുമാരും കഷ്ടപ്പെടുന്നില്ല എന്ന് മാത്രമല്ല വൈറസ് പടര്‍ത്താന്‍ ശ്രമിക്കുന്നു എന്ന സംശയത്തിന്റെ പേരില്‍ അവരുടെ അയല്‍ക്കാരാരും അവരോട് മോശമായി പെരുമാറുകയും ചെയ്യുന്നില്ല. പൊതുപ്രദര്‍ശനങ്ങള്‍ക്കായി തങ്ങളുടെ വിഭവങ്ങള്‍ ധൂര്‍ത്തടിക്കുന്നതിന് പകരം, അടിസ്ഥാന ചികിത്സ ഉപകരണങ്ങളും സാമ്പത്തിക ഉത്തേജനവും പ്രദാനം ചെയ്തുകൊണ്ട് ആരോഗ്യരംഗത്തെ വിദഗ്ധരെ പിന്തുണയ്ക്കാന്‍ തങ്ങളുടെ വിഭവങ്ങളും സമയവും ഉപയോഗിക്കുകയാണ് ഇന്ത്യയിലെ സര്‍ക്കാരും പൗരസമൂഹവും ചെയ്യേണ്ടത്. അന്തിമമായി, കൊറോണ വൈറസിനെ ദീര്‍ഘകാലം അകറ്റി നിറുത്താന്‍ അടച്ചുപൂട്ടല്‍ വഴി സാധിക്കില്ലെന്ന വസ്തുത ഇന്ത്യ അംഗീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മാത്രമല്ല, വൈറസിനോടൊപ്പം അതിജീവിക്കാനുള്ള വഴികള്‍ കണ്ടെത്തേണ്ടതും അത്യാവശ്യമാണ്. സ്വീഡനില്‍ ചില നഗരകേന്ദ്രങ്ങളില്‍, പ്രത്യേകിച്ചും രാജ്യത്തിന്റെ മധ്യമേഖലയിലുള്ള കേന്ദ്രങ്ങളിലേക്ക് കോവിഡ്-19 ഒതുങ്ങിയിട്ടുണ്ട്. ഇത് മൂലം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള സഹായത്തോടെ ഈ പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങളുടെ വിതരണം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗവ്യാപനം നടന്ന സ്റ്റോക്‌ഹോമില്‍ സാമൂഹ്യ പ്രതിരോധശക്തി ഉടനടി കൈവരിക്കുകയോ അല്ലെങ്കില്‍ ഇതിനകം തന്നെ കൈവരിക്കുകയോ ചെയ്തിട്ടുണ്ട്. ചൈനയിലെയോ ജപ്പാനിലേയോ പോലെ ചില പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ തന്നെ കോവിഡ്-19 വ്യാപനം ചില പ്രത്യേക പ്രദേശങ്ങളിലേക്ക് ഒതുക്കാന്‍ സ്വീഡന് സാധിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തത്തില്‍ ഒരു മൂര്‍ദ്ധന്യ അവസ്ഥയിലേക്ക് നിര്‍ബന്ധിച്ച് തള്ളിവിടുന്നതിന് പകരം, ചില പ്രത്യേക പ്രദേശങ്ങളിലേക്ക് വൈറസിനെ ഒതുക്കുകയും പ്രദേശങ്ങളില്‍ നിന്നും പ്രദേശങ്ങളിലേക്കും പിന്നീട് നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കും സാമൂഹ്യ പ്രതിരോധ ശക്തി വ്യാപിപ്പിക്കുകയും ചെയ്യുക എന്ന തന്ത്രം സജീവമായി നടപ്പിലാക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്. വൈറസ് വ്യാപനം ആഗോളതലത്തിലുള്ളതായിരിക്കാം. പക്ഷെ, അതിനെതിരെയുള്ള യുദ്ധം ജയിക്കേണ്ടത് പ്രാദേശിക തലത്തിലാണ്.(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories