TopTop
Begin typing your search above and press return to search.

'വൺ ഇന്ത്യ വൺ പെൻഷൻ'; സമത്വ സാക്ഷാത്ക്കാരത്തിൻ്റെ പേരിൽ പ്രചരിപ്പിക്കുന്ന ഫിനാന്‍സ് മൂലധന ശിങ്കിടിപ്പണി

വൺ ഇന്ത്യ വൺ പെൻഷൻ; സമത്വ സാക്ഷാത്ക്കാരത്തിൻ്റെ പേരിൽ പ്രചരിപ്പിക്കുന്ന ഫിനാന്‍സ് മൂലധന ശിങ്കിടിപ്പണി

"തൊഴിലാളികൾ, ജീവനക്കാർ എന്നിവർക്കും 'സാധാരണ' ജനങ്ങൾക്കുമിടയിലെ (വേതന വ്യത്യാസവും) പെൻഷൻ വ്യത്യാസവും തട്ടിനിരത്തി 'ലെവലാ'ക്കുക; അങ്ങനെ വൃദ്ധരായ എല്ലാവർക്കും 10,000 രൂപ പെൻഷൻ നൽകുക" എന്ന വാദം വെറുതെ ഉണ്ടാകുന്നതല്ല. ബൂർഷ്വാസി നിർമ്മിക്കുന്നതാണ്‌. കൃത്യമായി പറഞ്ഞാൽ ഫിനാൻസ് മൂലധനത്തിൻ്റെ ഫാഷിസ്റ്റ് ധാര നിർമ്മിക്കുന്നതാണ്. "ബൂർഷ്വാസിയെ വെറുതെ വിടുക; വിവിധ തരം അധ്വാനിക്കുന്നവരുടെ വരുമാന അസമത്വമാണ് സാമൂഹ്യ അസമത്വം. അത് തട്ടിനിരത്തി പരിഹരിക്കുക" എന്നതാണ് അതിൻ്റെ സാരാംശം.

'കനത്ത പെൻഷൻ വാങ്ങുന്നവരുടെ പെൻഷൻ വെട്ടിക്കുറച്ച് പെൻഷൻ ഇല്ലാത്തവർക്ക് നൽകുക' എന്ന 'നിഷ്കളങ്ക നീതി' യിലൂടെ പെൻഷൻ എന്നതിനെ, തൊഴിലാളിയുടെ, ജീവനക്കാരൻ്റെ, വേതനവുമായി ബന്ധിപ്പിക്കപ്പെട്ട അവകാശമെന്ന നിലയിൽ നിന്ന് നിഷ്കാസനം ചെയ്ത് 'ഒരു സിവിൽ സമൂഹ ക്ഷേമപദ്ധതി'യാക്കി പുനർനിർവ്വചിക്കുക എന്ന നവക്ലാസ്സിക്കൽ സമ്പദ് ശാസ്ത്രവാദത്തിൻ്റെ സാധൂകരണമാണ് ഇങ്ങനെ അവർ ഇന്ന് തീവ്രതരമായി പ്രചരിപ്പിക്കുന്നത്. അത് ഏറ്റെടുക്കുന്നവർ തൊഴിലാളികളും ഇതര അദ്ധ്വാനിക്കുന്ന ജനതയും തമ്മിൽ പിളർപ്പുണ്ടാക്കുന്ന ഫിനാൻസ് മൂലധന - കുത്തക ബൂർഷ്വാ ശക്തികളുടെ ഫാഷിസ്റ്റ് ദൗത്യത്തിൻ്റെ ശിങ്കിടിപ്പണിയാണ് നിർവ്വഹിക്കുന്നത്. അത് എന്തെങ്കിലും രൂപത്തിലുള്ള സോഷ്യലിസ്റ്റ് ആശയസാക്ഷാത്ക്കാരമല്ല.

ഇന്ന് ലോകം മൂന്നാം മഹാമാന്ദ്യത്തിലൂടെ കടന്നു പോകുമ്പോൾ, ഫിനാൻസ് മൂലധന - കുത്തക ബൂർഷ്വാ ശക്തികൾ ഉയർത്തുന്ന മേൽപ്പറഞ്ഞ തൊഴിലാളി വിരുദ്ധ നയനടത്തിപ്പ് മിക്ക രാജ്യങ്ങളിലും ഫാഷിസ്റ്റ് രൂപം പ്രാപിക്കാൻ തുടങ്ങിയിട്ടുണ്ട്. ആ ഫാഷിസ്റ്റ് രൂപപ്പെടലിൻ്റെ ഭാഗമായി തൊഴിൽ നിയമങ്ങൾ പാടെ ഇല്ലായ്മ ചെയ്യുന്ന പ്രക്രിയ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിനൊന്നുമെതിരായ 'നീതിബോധം', 'വൺ ഇന്ത്യ വൺ പെൻഷൻ' വാദികളെ വികാരം കൊള്ളിക്കുന്നില്ല. കർഷകർ കടം വന്ന് മുട്ടി തൂങ്ങിയും വിഷം കഴിച്ചും ആത്മഹത്യ ചെയ്യുന്നത് കണ്ട് അവരുടെ ചോര തിളയ്ക്കുന്നില്ല. 'ഒരു രാജ്യം ഒരൊറ്റ വായ്പാ നയം' എന്ന് കൃഷിക്കാർക്ക് വേണ്ടി മുദ്രാവാക്യമുയരുന്നില്ല. ബൂർഷ്വാസിക്ക് ഒരു വായ്പാ നയവും കർഷകർക്ക് മറ്റൊരു വായ്പാ നയവുമാണ് നടപ്പിലാക്കുന്നത്. അതിനെതിരെ യാതൊരു വികാരവും ആളിക്കത്തുന്നില്ല. 'ഒരു രാജ്യം ഒരു ഭവന നയം', 'ഒരു രാജ്യം ഒരു ആരോഗ്യനയം' എന്നിവയ്ക്കായും ഇത്തരം വൈകാരിക മുറവിളി ഇല്ലേയില്ല. ഈ മുദ്രാവാക്യങ്ങൾ ഉയർത്തി ശക്തമായ പ്രസ്ഥാനം പടുത്തുയർത്താൻ ആവേശമുണ്ടായിരുന്നുവെങ്കിൽ 'സംസ്ഥാനാന്തര കുടിയേറ്റ'ത്തൊഴിലാളികൾ തിരികെ പലായനം ചെയ്യേണ്ടി വരില്ലായിരുന്നു എന്ന് 'വൺ ഇന്ത്യ വൺ പെൻഷൻ' പ്രസ്ഥാനക്കാർ കാണുന്നുണ്ടെന്ന് തോന്നുന്നില്ല.

മേൽപ്പറഞ്ഞ ബൂർഷ്വാ ആശയം പുതിയതല്ല; പഴയതാണ്‌. അപ്പോൾ പിന്നെ, എന്താണ് ഇപ്പോൾ ബൂർഷ്വാസി ഈ ആശയം പൂർവ്വാധികം ശക്തമായി പ്രചരിപ്പിക്കാൻ കാരണം? ബൂർഷ്യാസി നേരിടുന്ന, നാൾക്കുനാൾ തീവ്രതയേറുന്ന, ക്യാപ്പിറ്റലിസ്റ്റ് പ്രതിസന്ധിയാണ് ഇതിനു കാരണം. ക്യാപ്പിറ്റലിസ്റ്റ് പ്രതിസന്ധി ഇത് ആദ്യമായി സംഭവിക്കുന്നതാണോ? അല്ല. ക്യാപ്പിറ്റലിസ്റ്റ് പ്രതിസന്ധി മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ, 19-ാം നൂറ്റാണ്ടിൻ്റെ അവസാനവും 20-ാം നൂറ്റാണ്ടിൻ്റെ ആരംഭത്തിലുമായി മൂലധനത്തിന് ഗുണപരമായി രൂപാന്തരം സംഭവിച്ചു. മൂലധനം ഫിനാൻസ് മൂലധനമായി പരിണമിച്ചു. ഈ പരിണാമത്തെപ്പറ്റി 'മൂലധനം' എന്ന തൻ്റെ കൃതിയിൽ, അതിൻ്റെ മൂന്നാം വാല്യത്തിൽ (സൂക്ഷ്മമായി എടുത്തുകാട്ടാവുന്നത് മൂന്നാം വാല്യം 27-ാം അദ്ധ്യായമാണ്) മാർക്സ് തന്നെ ചൂണ്ടിക്കാട്ടി. പിന്നീട് ലെനിൻ 'സാമ്രാജ്യത്വം മുതലാളിത്തത്തിൻ്റെ പരമോന്നത ഘട്ടം' എന്ന തൻ്റെ കൃതിയിൽ ഈ പരിണാമത്തിൻ്റെ സ്വഭാവം കൂടുതൽ വിശദമാക്കി. എന്താണ് ആ പരിണാമത്തിലൂടെ മുതലാളിത്തത്തിന് വന്നുചേർന്ന ഗുണപരമായ വ്യത്യാസം? വളരെ ഗഹനമായ വിഷയമാണ് അതെങ്കിലും നമുക്ക് അതിൻ്റെ സാരാംശം ഇങ്ങനെ മനസ്സിലാക്കാം:

19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ മൂലധനം കുത്തക മൂലധനമായി മാറി. തുടർന്ന് , കുത്തക മൂലധനം ബാങ്ക് മൂലധനവുമായി ലയിച്ച്, ഫിനാൻസ് മൂലധനമായി രൂപാന്തരപ്പെട്ടു. ബൂർഷ്വാസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഹീനരൂപമാണ് ഫിനാൻസ് മൂലധനം. എന്തുകൊണ്ടാണ് ഫിനാൻസ് മൂലധനമായി രൂപാന്തരപ്പെടുന്നത് മൂലധനത്തിൻ്റെ ഏറ്റവും ഹീനരൂപമാകുന്നത്? കാരണം, ഈ രൂപഭേദത്തെത്തുടർന്ന് ഉണ്ടായ ഫിനാൻസ് മൂലധനം , തന്ത്രപരമായ സ്വഭാവത്തിൽ, ഉത്പാദനശക്തികളുടെ സമഗ്രവും അടിസ്ഥാനപരവുമായ വികാസത്തിന് പകരം മുരടിപ്പ് കേന്ദ്ര സ്വഭാവമാക്കി മാറ്റി. അതിൻ്റെ ഫലമായി ഫിനാൻസ് മൂലധനത്തിൻ്റെ പ്രതിസന്ധി മുൻപത്തെ ബൂർഷ്വാപ്രതിസന്ധിയേക്കാൾ ഗുരുതരവും ആഴവും പരപ്പുമേറിയതുമായിത്തീർന്നു. എന്താണ് ഫിനാൻസ് മൂലധന പ്രതിസന്ധിയുടെ ഈ കൂടുതൽ ഗുരുതരവും ആഴവും പരപ്പുമേറിയതുമായ സ്വഭാവം? അത് മനസിലാക്കാൻ ഫിനാൻസ് മൂലധനത്തിൻ്റെ ആധാര സ്വഭാവങ്ങൾ പരിശോധിക്കണം.

ഫിനാൻസ് മൂലധനത്തിൻ്റെ ആധാര സ്വഭാവങ്ങൾ രണ്ടാണ്: കുത്തക സ്വഭാവവും ഫിനാൻസ് ബിസിനസ്സും. ഇക്കാര്യം മുൻപ് പറഞ്ഞുവല്ലോ. ഇവയിൽ ആദ്യം ഉണ്ടായ പ്രക്രിയ മൂലധനം പരസ്പര കിടമത്സരത്തിലൂടെ ഒന്നിനെ മറ്റൊന്ന് വിഴുങ്ങി കുത്തക മൂലധനം ഉണ്ടാകുന്ന പ്രക്രിയയാണ്. അതായത്, കുത്തക മൂലധനമായി മാറുന്നതിന് മുൻപ് സ്വതന്ത്ര മത്സരം എന്നതായിരുന്നു ബൂർഷ്വാസിയുടെ സ്വഭാവം. അതായിരുന്നു ബൂർഷ്വാസിയുടെ 'യൌവന'കാലം. അക്കാലത്ത് ബൂർഷ്വാസി വ്യവസായം നടത്തി ലാഭമുണ്ടാക്കുന്നതിനാണ് താത്പര്യം കാണിച്ചത്. ബാങ്കുകൾക്കും പലിശയ്ക്കും അന്ന് ബൂർഷ്വാസി എതിരായിരുന്നു. എന്നാൽ ഫിനാൻസ് മൂലധനമായി മാറിയ ശേഷം അതിൻ്റെ സ്വഭാവം കാതലായ മാറ്റത്തിന് വിധേയമായി. അതായത്, ഈ മാറ്റത്തിനു ശേഷം ഊഹക്കച്ചവടത്തിൽ നിന്നും പലിശയിൽ നിന്നും ഫിനാൻസ് ബിസിനസ്സ് എന്ന ധനവ്യാപാരത്തിൽ നിന്നും കൊള്ളലാഭമടിക്കുക എന്ന സ്വഭാവമാണ് ഫിനാൻസ് മൂലധനത്തിനുള്ളത് എന്ന് വന്നു. ധനമൂലധനവും ധനവ്യാപാരവും മൊത്തം മൂലധന വ്യവസ്ഥയുടെ ഗുരുത്വ കേന്ദ്രമായി വർത്തിക്കാൻ തുടങ്ങി. ആയതിനാൽ, ഫിനാൻസ് മൂലധനവും അതിൻ്റെ ഒരോ രാജ്യത്തെയും പ്രതിനിധിയായ കുത്തക ബൂർഷ്വാസിയും ജനക്ഷേമത്തിനും വേതന വ്യവസ്ഥയ്ക്കും വേണ്ടി ധനവിനിയോഗം നടത്തുന്നത് വെട്ടിക്കുറയ്ക്കണമെന്ന നിലപാട് സ്വീകരിച്ചു.

അതേ സമയം ജനക്ഷേമവ്യവസ്ഥ പാടെ തകർച്ച നേരിട്ടാൽ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾ അപ്പാടെ ബൂർഷ്വാ വ്യവസ്ഥയ്ക്ക് എതിരായിത്തീരുമെന്ന് ഫിനാൻസ് മൂലധനശക്തികൾക്കറിയാം. ആയതിനാൽ, സംഘടിത ആധുനിക തൊഴിലാളി വർഗ്ഗത്തിൻ്റെ വേതനവും ജീവനവ്യവസ്ഥയും വെട്ടിച്ചെറുതാക്കുക, അതിനെതിരെ സംഘടിത ആധുനിക തൊഴിലാളി വർഗ്ഗം സമരം ചെയ്താൽ അതിനെതിരായി ഇതര അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അടക്കം തിരിച്ചുവിട്ട് അതിനെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്ന അടവുപരമായ സമീപനമാണ് ഫിനാൻസ് മൂലധനശക്തികൾ സ്വീകരിച്ചത്‌.

ഫിനാൻസ് മൂലധനത്തിൻ്റെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയായ രണ്ടാം മഹാമാന്ദ്യത്തെ തുടർന്ന് രൂപം കൊണ്ട ഫാഷിസത്തിൻ്റെ പ്രധാന അടവ് ഇതായിരുന്നു. ഇറ്റലിയിലും ജർമ്മനിയിലും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും അന്നും ഇന്നും ഫാഷിസ്റ്റുകൾ, നാസികൾ, ആക്രമിച്ച് തകർത്തത് ഈ അടവ് ഉപയോഗിച്ചു കൊണ്ടാണ്. പെറ്റി ബൂർഷ്വാ - കർഷക മനോഭാവത്തിൻ്റെ 'നീതിബോധ'മാണ് ഈ ആശയപ്രചാരണം പെറ്റുപെരുകുന്ന രാഷ്ട്രീയ ചതുപ്പുനിലമായത്.

രണ്ടാം ലോകയുദ്ധത്തിൻ്റെ അന്ത്യത്തിൽ ഫാഷിസത്തിനെതിരെ സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയനും റെഡ് ആർമിയും വിജയം വരിച്ചു. തുടർന്ന് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ പീപ്പിൾസ് ഡെമോക്രസിയിലൂടെയും സോഷ്യലിസ്റ്റ് വ്യവസ്ഥയിലൂടെയും സോഷ്യലിസ്റ്റ് ചേരിയിൽ ചേർന്നു. സോവിയറ്റ് യൂണിയൻ ലോകമഹാശക്തികളിൽ ഒന്നായിത്തീർന്നു. തുടർന്ന് പുതിയതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളെ ഈ മാറ്റം ആകർഷിച്ചു. സോവിയറ്റ് യൂണിയനിലും സോഷ്യലിസ്റ്റ് രാജ്യങ്ങളിലും നടപ്പാക്കിയ തുല്യ ജോലിക്ക് (പുരുഷൻമാർക്കും സ്ത്രീകൾക്കും) തുല്യവേതനമുൾപ്പെടെയുള്ള വേതനവ്യവസ്ഥയും അതിൻ്റെ ഭാഗമായ പ്രസവാവധിയും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമെല്ലാം പുതിയ സ്വതന്ത്ര രാജ്യങ്ങളിലെ തൊഴിൽ നിയമങ്ങളിലും ഇടം പിടിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ലഭിച്ച മേൽക്കൈ, തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിൻ്റെ കെട്ടുറപ്പ് , ഉശിരാർന്ന സമരങ്ങൾ, കർഷകരും കൈവേലക്കാരും അതിനോട് ഐക്യപ്പെട്ടത്, പൊതു സാമ്രാജ്യത്വ വിരുദ്ധ - ഫാഷിസ്റ്റ് വിരുദ്ധ വികാരം എന്നിവയാണ് ഇതിന് വഴിതെളിച്ചത്. ആയതിനാൽ, 'കൂലിയും പെൻഷനും ഇതര ജീവനാനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുക' എന്ന ഫിനാൻസ് മൂലധന - ഫാഷിസ്റ്റ് നയം തൽക്കാലത്തേക്ക് ചുരുട്ടി വയ്ക്കാൻ ഫിനാൻസ് മൂലധനശക്തികളും ഓരോ രാജ്യത്തേയും അതിൻ്റെ പ്രതിനിധികളും നിർബ്ബന്ധിതമായി.

സോഷ്യലിസ്റ്റ് ക്യാമ്പിനുളളിൽ 1956-ൽ ക്രൂഷ്ചേവ് ഉദ്ഘാടനം ചെയ്ത തിരുത്തൽവാദ പ്രക്രിയ 1990-ൽ ഗൊർബച്ചേവിൻ്റെ നേതൃത്വത്തിൽ ഗ്ലാസ്നോസ്റ്റ് പെരിസ്ട്രോയ്ക്കയിലൂടെ പൂർണ്ണമായ മുതലാളിത്ത പുനഃസ്ഥാപനത്തിലേക്ക് നയിക്കുകയും സോവിയറ്റ് യൂണിയൻ പിരിച്ചുവിടുന്നതിലേക്ക് നയിക്കുകയും ചെയ്തത്; കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ ഉണ്ടായ മുതലാളിത്ത പുനഃസ്ഥാപനം എന്നിവ സോഷ്യലിസത്തിന് തിരിച്ചടിയുണ്ടാക്കി. ഇത് ലോകമെങ്ങും തൊഴിൽ സമയം വർദ്ധിപ്പിക്കൽ, വേതനം, പെൻഷൻ, ഇതര ജീവന ആനുകൂല്യങ്ങൾ എന്നിവ വെട്ടിക്കുറയ്ക്കുക എന്നിങ്ങനെ സംഘടിത ആധുനിക തൊഴിലാളി വർഗ്ഗത്തിന് എതിരായ ഫിനാൻസ് മൂലധനശക്തികളുടെ ചൂഷണ-മർദ്ദന നയങ്ങൾക്ക് ശക്തി പകർന്നു. അവർ ഈ നയങ്ങൾ സാമ്രാജ്യത്വ ആഗോളവൽക്കരണ പദ്ധതിയുടെ ഭാഗമാക്കി മാറ്റിക്കൊണ്ട് പടിപടിയായി നടപ്പാക്കാൻ തുടങ്ങി. അതിനായി കർഷകർ, കൈവേലക്കാർ, പെറ്റി ബൂർഷ്വാസി, കർഷകത്തൊഴിലാളികൾ, ലുംപൻ തൊഴിലാളികൾ എന്നിവരെ സംഘടിത ആധുനിക വ്യവസായ തൊഴിലാളി വർഗ്ഗത്തിന് എതിരായി അണിനിരത്താനുള്ള 'ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രം' പ്രയോഗിക്കാൻ തുടങ്ങി. തൊഴിലാളി ക്ഷേമത്തിനെതിരെ ജനക്ഷേമത്തിൻ്റെ പ്രശ്നത്തെ പ്രതിഷ്ഠിച്ചു. 21-ാം നൂറ്റാണ്ടിൻ്റെ ആരംഭത്തോടെ ഉരുണ്ടുകൂടിയ, 2008 ലെ തകർച്ചയോടെ പ്രകടമായ, കോവിഡ് 19 മഹാമാരിയോടെ മൂർച്ഛിക്കാനാരംഭിച്ച മൂന്നാം മഹാമാന്ദ്യത്തോടെ ഈ പ്രക്രിയ ഫാഷിസ്റ്റ് സ്വഭാവമാർജ്ജിച്ചു.

പെറ്റിബൂർഷ്വാസിയേയും ചെറുകിട-ഇടത്തരം കർഷകരേയും തൊഴിലാളിവർഗ്ഗത്തിലെത്തന്നെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളേയും കൈവേലക്കാരെയും ലുംപൻ തൊഴിലാളികളേയും ലിബറൽ ജനാധിപത്യവാദികളേയും വർഗ്ഗനിരപേക്ഷതാ വാദികളായ ബുദ്ധിജീവികളേയുമെല്ലാം ഫാഷിസ്റ്റ് പോപ്പുലിസത്തിൻ്റെ 'നാഷണൽ സോഷ്യലിസ' ( നാസിസം)ത്തിന് പിന്നിൽ അണിനിരത്താനും ആധുനിക വ്യവസായ തൊഴിലാളിവർഗ്ഗത്തിന് എതിരാക്കി മാറ്റാനും ഉള്ള കുടില പദ്ധതിയാണ് 'വൺ ഇന്ത്യ വൺ പെൻഷൻ പദ്ധതി' എന്ന് വ്യക്തമാണ്.

ഇതിനെ തിരിച്ചറിഞ്ഞ് പൊരുതിത്തോൽപ്പിക്കുകയും തൊഴിലാളി വർഗ്ഗ-കർഷക സഖ്യത്തിലൂന്നിക്കൊണ്ട് എല്ലാ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളേയും ഐക്യപ്പെടുത്തി ജനാധിപത്യ മതേതര ശക്തികളുടെ പിന്തുണ നേടിക്കൊണ്ട് മാന്യമായ തൊഴിൽ, ജീവന വേതന വ്യവസ്ഥ , ഭക്ഷണം, ആരോഗ്യപാലന വ്യവസ്ഥ, ഗാർഹിക വ്യവസ്ഥ, മതേതര ജനാധിപത്യ ആവാസ അവകാശം, സാമൂഹ്യനീതിയിലധിഷ്ഠിതമായ സംവരണാവകാശം , ലിംഗ-ദേശ-ഭാഷാ സമത്വാവകശാങ്ങൾ എന്നിവക്കെല്ലാം വേണ്ടി പിണപറയാത്ത ഐക്യമാണ് വർഗ്ഗീയഫാഷിസ്റ്റ് ശക്തികളുടെ നേതൃത്വത്തിൽ ഇന്ന് ഇന്ത്യയിൽ നടമാടുന്ന ഫിനാൻസ് മൂലധന - കുത്തക ബൂർഷ്വാ ഭൂപ്രഭു ഭരണത്തിനെതിരെ ശക്തമായ കൊടുങ്കാറ്റായി ആഞ്ഞടിക്കേണ്ടത്. ആ കൊടുങ്കാറ്റു ശക്തിയെ ശിഥിലീകരിക്കാനായി മേൽപ്പറഞ്ഞ ചൂഷകവർഗ്ഗങ്ങൾ കളത്തിലിറക്കിയ സങ്കുചിത പിന്തിരിപ്പൻ മുദ്രാവാക്യങ്ങളേയും കുറുമുന്നണി നയങ്ങളേയും നാം തുറന്നു കാട്ടി പരാജയപ്പെടുത്തുകയും വേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories