TopTop
Begin typing your search above and press return to search.

ടെക്നോ-ദേശീയതയും അപ്ലിക്കേഷൻ നിരോധനവും; ഇരുതല മൂര്‍ച്ചയുള്ള ഒരു വാള്‍

ടെക്നോ-ദേശീയതയും അപ്ലിക്കേഷൻ നിരോധനവും; ഇരുതല മൂര്‍ച്ചയുള്ള ഒരു വാള്‍

ഹിമാലയന്‍ അതിർത്തിയില്‍ ചൈനയുമായുള്ള സംഘർഷങ്ങൾ മൂലം 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് തിരിച്ചടിയായി ഇന്ത്യ ഇന്നലെ 59 ചൈനീസ് അപ്ളിക്കേഷനുകള്‍ നിരോധിച്ചു.

നിരോധിത സേവനങ്ങളിൽ ഇ-കൊമേഴ്‌സ് ഭീമനായ അലിബാബ ഗ്രൂപ്പിന്റെ യുസി വെബ്, സോഷ്യൽ മീഡിയ ലീഡർ ടെൻസെന്റിന്റെ വീചാറ്റ്, ക്യു ക്യു മെയിൽ, ക്യു ക്യു മ്യൂസിക്, ക്യു ക്യു ന്യൂസ്, ക്യു ക്യു പ്ലയർ തുടങ്ങിയവയും ബൈഡു മാപ്പ്, വളരെ പ്രശസ്തമായ കാം സ്കാനർ, ഡി യു ബാറ്ററി സേവ്യർ എന്നിവ ഉൾപ്പെടുന്നു.

135 കോടി ജനസംഖ്യയുടെ പകുതിയോളം വരുന്ന, ലോകത്തിലെ രണ്ടാമത്തെ വലിയ ഇന്റർനെറ്റ് വിപണിയായ ഇന്ത്യ ഇതാദ്യമായാണ് ഇത്രയധികം വിദേശ അപ്ലിക്കേഷനുകൾ ഒരുമിച്ചു നിരോധിക്കാൻ ഉത്തരവിട്ടത്.

'ടെക്‌നോ ദേശീയത' നമുക്ക് രാജ്യത്തിന് ഗുണമാണോ ദോഷമാണോ എന്നാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്.

നമ്മൾ ഉപയോഗിക്കുന്ന ഏതാണ്ട് എല്ലാ അപ്ലിക്കേഷനുകളും വിദേശിയാണ്. അതിൽ തന്നെ മിക്കവാറും എല്ലാം തന്നെ രണ്ടേ രണ്ടു അമേരിക്കൻ കമ്പനികളായ ഗൂഗിളിന്റെയും ഫേസ്ബുക്കിന്റേയുമാണ് - മാപ്, യൂട്യൂബ്, ജിമെയിൽ, ഫേസ്ബുക് , വാട്സാപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയവ. പിന്നെ കുറച്ചു ലോക്കൽ ഡെലിവറി, പേ ടി എം , ഫ്ലിപ്കാർട് പോലെയുള്ളവയും പിന്നെ ന്യൂസ് അപ്ലിക്കേഷനുകളും; അവയിൽ പോലും മിക്കതും ചൈനീസ്, അമേരിക്കൻ ഉടമസ്ഥതയിലോ അല്ലെങ്കിൽ ടെക്നോളജി പാർട്ണർഷിപ്പിലോ ഉള്ളവയാണ്.

ടിക് ടോക്കിന്റെ മൂന്നിലൊന്ന് ഉപഭോക്താക്കളും ഇന്ത്യാക്കാരാണ് - ഫേസ്ബുക്കിന്റെ നാലിലൊന്നും - ഇന്ത്യൻ ജനതയുടെ ഏതാണ്ട് മൂന്നിലൊന്നോളം ആളുകൾ വാട്സാപ്പ് ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യൻ മാർക്കറ്റിൽ വിൽക്കപ്പെടുന്ന സ്മാർട്ഫോണുകളിൽ ഏതാണ്ട് 80 ശതമാനവും ചൈനീസ് ബ്രാൻഡുകൾ ആണ്. അതിൽ ഏറ്റവും വലുതായ ഷിവോമിയുടെ, ലോകം മുഴുവൻ വിൽക്കുന്നതിൽ പകുതിയിലധികവും നമ്മുടെ നാട്ടിലാണ് വിൽക്കുന്നത്

ഈ കമ്പനികളെല്ലാം ഏതാണ്ട് 10 കൊല്ലം മുമ്പ് നിലവിൽ പോലും ഇല്ലാത്തവയാണ്.

തൊണ്ണൂറുകളിൽ തുടങ്ങിയ, ഏതാണ്ട് നാൽപതു ലക്ഷത്തോളം ആളുകൾക്ക് ഡയറക്റ്റ് ജോലി കൊടുക്കുന്ന ഇന്ത്യയുടെ സോഫ്റ്റ്‌വെയർ ഇൻഫർമേഷൻ ടെക്നോളജിയുടെ എക്സ്സ്‌പോർട് വരുമാനം ഏതാണ്ട് 130 ബില്യൺ ഡോളർ ആണ്.

എന്തുകൊണ്ടാണ് ഇൻഫോർമേഷൻ ടെക്നോളജിയിൽ വലിയ കമ്പനികൾ ചൈനയ്ക്കു മുമ്പേ ആരംഭിച്ച, ഇത്രയധികം ഇംഗ്ലീഷ് പരിജ്‌ഞ്ഞാനമുള്ള നമ്മൾ ഒരു ടിക് ടോക്കോ അല്ലെങ്കിൽ ഫേസ്ബുക്കോ ഉണ്ടാക്കിയില്ല?

ഇപ്പോഴത്തെ നിരോധനം ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളെ ഒരു ഫേസ്ബുക്, ടിക്‌ടോക് ആൾട്ടർനേറ്റീവ് ഉണ്ടാക്കാൻ സഹായിക്കുമോ എന്നൊക്കെയാണ് ചർച്ച ചെയ്യേണ്ടത്.

ഇതേപോലെ ചൈനയും പത്തുകൊല്ലം മുൻപ് ഗൂഗിളും ഫേസ്ബുക്കും നിരോധിച്ചിരുന്നു. ആ അവസരം മുതലെടുത്ത് കുറെ കമ്പനികൾ ചൈനയുടെ ഷെൻചെൻ എന്ന സിറ്റിയിൽ ഉണ്ടായി - ലോകത്തിലെ ഏറ്റവും വലിയ ഇ കോമേഴ്‌സ് ആയ അലിബാബയും ഇപ്പോള്‍ നരേന്ദ്ര മോദി നിരോധിച്ച വീ ചാറ്റിന്റെ ഉടമയായ ടെൻസെന്റും അടക്കം. ആ ഷെൻചെൻ കമ്പനികൾ ഉണ്ടാക്കിയ ആപ്ലിക്കേഷനുകളും സർവീസുകളും ഏതാണ്ട് പത്തുകൊല്ലം കൊണ്ട് ലോകോത്തരമായ മാറി.

അതിൽ ഒരു കമ്പനി - ടെൻസെന്റ്: ടെൻസെന്റിനു രണ്ടു രണ്ടേ രണ്ട് ആപ്ലിക്കേഷനേ ഉള്ളു - വീ ചാറ്റും പിന്നെ ക്യു ക്യു വും.

വീ ചാറ്റ് എന്ന ആപ്പ്: ഒരേ ഒരു ആപ്പ് - നൂറു കണക്കിന് ഉപയോഗങ്ങളാണ് - സാധനങ്ങൾ മേടിക്കാം, പെയ്മെന്റ് വാലറ്റ് ആണ്, കാൾ ചെയ്യാം, മെസ്സേജ് അയക്കാം, ഡേറ്റിംഗ് സൈറ്റ് ഉണ്ട്, വീഡിയോ ഷെറിങ്ങിനുപയോഗിക്കാം, കാർ റെന്റ് ചെയ്യാം, ക്ലാസിഫൈഡ് അഡ്വര്‍ടൈസ്‌മെന്റ്റ് ആണ് (നമ്മുടെ ക്വിക്ക് ആർ പോലെ), ന്യൂസ് കിട്ടും, ഡെലിവെറിക്ക് ഉപയോഗിക്കാം, സ്വന്തം മാപ്പുണ്ട്, ഹോട്ടൽ ബുക്ക് ചെയ്യാം, സ്വന്തമായിട്ട് ബ്യുട്ടിപാര്‍ലർ വരെ ഉണ്ട് - അങ്ങനെ നിങ്ങൾ ഉപയോഗിക്കുന്ന മിക്കവാറും എല്ലാം ഒരേ ഒരാപ്പിലൂടെ സാധിക്കും - ഇങ്ങനെ യുള്ള ആപ്പുകളെ 'സൂപ്പർ ആപ്പ്' എന്നാണ് പറയുന്നത്.

ചൈനക്കാർ ഇപ്പോള്‍ പേഴ്സ് കൊണ്ടു നടക്കാറില്ല - പകരം വീ ചാറ്റുള്ള ഒരു സ്മാർട്ഫോൺ ഉണ്ടാകും - അത് മതി. ചൈനയിൽ ക്രെഡിറ്റ് കാർഡുകൾ ഇല്ല - വീ ചാറ്റ് പേ മതി എന്ത് വാങ്ങാനും എവിടെ നിന്നും. ടെൻസെന്റിന്റെ അതായത്, വീചാറ്റിന്റെ ഉടമ കമ്പനിയുടെ കഴിഞ്ഞ വർഷത്തെ വരുമാനം 40 ലക്ഷം കോടി രൂപയാണ്. ഏതാണ്ട് അറുനൂറു ബില്യണ്‍ ഡോളർ അഥവാ ഏറ്റവും വലിയ ഇന്ത്യൻ കമ്പനിയായ നമ്മുടെ അംബാനിയുടെ കമ്പനിയുടെ 8 ഇരട്ടി മാർക്കറ്റ് വാല്യുവും.

ഇങ്ങനെ ഏതാണ്ട് നാലഞ്ച് സൂപ്പർ ആപ്പുകളുണ്ട് ലോകത്ത് - ഇപ്പോൾ ട്രെൻഡ് എന്താണെന്നുവച്ചാൽ സൂപ്പർ ആപ്പുകൾ എല്ലാം ചൈനീസ് ആണ്. കാലിഫോർണിയൻ അല്ല എന്ന് ചുരുക്കം.

അതേപോലെയുള്ള ഒരു കമ്പനിയാണ് ഷിവോമി - ഷിവോമി ഫോൺ മാത്രമല്ല ഉണ്ടാക്കുക. ഏതാണ്ട് നൂറോളം സ്റ്റാർട്ട് അപ്പുകളെ നാലുകൊല്ലം മുമ്പ് ഏറ്റെടുത്ത ആ കമ്പനി ഇന്ന് ഫാനും മിക്സിയും വാഷിംഗ് മെഷീനും ഉണ്ടാക്കുന്നു - എല്ലാം കണക്റ്റ് ആയത്. അതായത് ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ മിക്കവാറും എല്ലാ വീട്ടുസാധനങ്ങളും കൺട്രോൾ ചെയ്യാം - ഫാൻ ഓഫ് ചെയ്യാം, സ്പീഡിൽ കറക്കാം - തുണി അലക്കാം, കറി വയ്ക്കും; അങ്ങനെ സ്മാർട്ട് ഹോം എന്ന അവസ്ഥ.

ഗൂഗിൾ നിരോധനം കൊണ്ടാണോ ചൈനീസ് കമ്പനികൾ ഇത്ര വലുതായത് എന്ന് നോക്കിയാൽ അല്ല എന്ന് പറയേണ്ടി വരും.

ഇന്ത്യ പോലുള്ള ഒരു വലിയ മാർക്കറ്റിൽ നേരിടുന്ന പ്രതിസന്ധി എന്നത് ചൈനക്ക് തീർച്ചയായും വലിയ നഷ്ടമാണ്. ഇത് പക്ഷെ, നമ്മുടെ രാജ്യത്തിന് ഗുണമാണോ ദോഷമാണോ എന്ന് നമ്മൾ ചർച്ച ചെയ്യേണ്ടതുണ്ട്.

പെട്ടെന്നുള്ള ഒരു നിരോധനം ഒരു തരത്തിലും ഗുണം ചെയ്യില്ല എന്നാണ് തോന്നുന്നത്.

കാരണം പലതാണ്.

ടെക്‌നോളജി പ്രത്യേകിച്ച് ഇന്റർനെറ്റുമായി ബന്ധപ്പെട്ട ടെക്നോളജി അറിവ് പങ്കിട്ടാണ് വളരുക - പെട്ടെന്നുണ്ടാകുന്ന ഒരു ഷോക്ക് പല ഇന്ത്യൻ കമ്പനികളെയും തകർക്കും - സാമ്പത്തികമായോ അറിവ് പങ്കിടുന്നതിൽ ഉള്ള ബ്രേക്ക് കാരണമോ ഒക്കെ.

മെഷീൻ ലേണിംഗ് - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ ഇന്ത്യന്‍ കമ്പനികളൊന്നും തന്നെ ലോകോത്തരമല്ല - ചൈനീസ് പാർട്ണർഷിപ്പുകൾ വേണം ടിക് ടോക്കിനോ വീ ചാറ്റിനോ ഒക്കെ പകരമായി കമ്പനികൾ ഉണ്ടാക്കാൻ.

സ്റ്റാർട്ട് ആപ്പുകളെ ഫണ്ട് ചെയ്യാൻ അല്ലെങ്കിൽ മെൻഡർ ചെയ്യാനുള്ള ഒരു സാഹചര്യം ഇന്ത്യയിൽ ഇന്നില്ല. ഇൻഫോസിസ് പോലെയുള്ള കമ്പനികൾ ഏതാണ്ട് 10 ബില്യൺ ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടു വച്ചിരിക്കുകയാണ്.

ബ്രെയിൻ ട്രയിൻ എന്ന് പറയുന്ന കാര്യം - ഒന്നാമത് നമ്മുടെ സര്‍ക്കാര്‍ വിദ്യാഭ്യാസത്തിൽ പണം മുടക്കുന്നത് കുറച്ചു കൊണ്ട് വരികയാണ്. പണം മാത്രമല്ല - നല്ല യൂണിവേഴ്സിറ്റികൾ, അവിടുത്തെ വിദ്യാർത്ഥികൾ ഒക്കെ രാജ്യദ്രോഹികളായിട്ടാണ് പൊതുസമൂഹവും സര്‍ക്കാരും കാണുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ യൂണിവേഴ്സിറ്റികൾ എല്ലാം പഴഞ്ചനായി മാറുന്നുണ്ട്. അപ്പോളെന്താണ് സംഭവിക്കുക? കഴിവുള്ളവർ രാജ്യം വിട്ടു പോകും. അമേരിക്കയിൽ പോയി പഠിച്ചിട്ടു തിരിച്ചു വന്നോ അല്ലെങ്കിൽ എവിടെയോ ഉള്ള ചൈനീസ് കമ്പനിക്കു വേണ്ടി ജോലി ചെയ്യുമ്പോൾ നമ്മൾ സുന്ദർ പിച്ചായിയും പദ്മശ്രീ വാരിയരും ഒക്കെ ഇന്ത്യയിൽ ഉണ്ടായവരാണെന്നു പുളകം കൊള്ളുന്ന സംസ്കാരം ഉള്ള കാലത്തോളം ഇതൊക്കെ ബുദ്ധിമുട്ടാണ്.

ശാസ്ത്രീയ ചിന്താഗതി വളരെ കുറവുള്ള ഒരു സമൂഹമാണ് നമ്മുടേതെന്നതിലും സംശയമില്ല; അതുകൊണ്ടാണ് കൊറോണക്കെതിരെ ചെണ്ടകൊട്ടിയും മെഴുകുതിരി കത്തിച്ചും നമ്മൾ പോരാടുന്നത്.

വേറൊന്നാണ് അഴിമതി - മിക്കവാറും നമ്മുടെ പാര്‍ട്ടികള്‍ കുറെ കാശൊക്കെ മേടിച്ച് ഈ കമ്പനികളെ ഒക്കെ തന്നെ ഒന്നോ രണ്ടോ മാസത്തിനകം തിരിച്ചു കൊണ്ട് വരാനാണ് സാധ്യത.

ടെക്‌നോ ദേശീയത ഇരുവശത്തും മൂർച്ചയുള്ള ഒരു വാളാണ്; കാത്തിരുന്ന് കാണാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories