TopTop
Begin typing your search above and press return to search.

ഓഡിറ്റില്ല, എന്ത് ചെയ്യുമെന്ന് വ്യക്തതയുമില്ല; പിഎം കെയേഴ്സ് ഫണ്ട് കൊണ്ട് ആര്‍ക്കാണ് പ്രയോജനം?

ഓഡിറ്റില്ല, എന്ത് ചെയ്യുമെന്ന് വ്യക്തതയുമില്ല; പിഎം കെയേഴ്സ് ഫണ്ട് കൊണ്ട് ആര്‍ക്കാണ് പ്രയോജനം?

കോവിഡ്-19 ഇന്ത്യയെ പിടികൂടി തുടങ്ങിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യം ചെയ്തത് പാത്രം കൂട്ടിയിടിക്കാനും മെഴുകുതിരി കത്തിക്കാനും പറയുക മാത്രമായിരുന്നില്ല; ഒരു ഫണ്ട്, രൂപികരിക്കുക കൂടിയായിരുന്നു. അതാണ്‌ പിഎം കെയേഴ്സ് ഫണ്ട്. പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസണ്‍സ് അസിസ്റ്റന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍സ് ഫണ്ട് എന്നാണ് ഇതിന്റെ മുഴുവന്‍ പേര്. ഇന്ത്യ ലോക്ഡൗണിലേക്ക് പോയി അധികം വൈകാതെ പിഎം കെയേഴ്സ് ഫണ്ടും വന്നു; മാര്‍ച്ച് 28ന്. ഒരു ട്രസ്റ്റാണ് ഇത് നിയന്ത്രിക്കുക. പ്രധാനമന്ത്രിയും ധന, പ്രതിരോധ, ആഭ്യന്തര മന്ത്രിമാരും ഉള്‍പ്പെട്ട ട്രസ്റ്റ്. മറ്റാരുമില്ല, പൗരസമൂഹത്തിന്റെ പ്രതിനിധികളില്ല, ധന, സാമൂഹ്യ ശാസ്ത്ര വിദഗ്ദരില്ല.

ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആശ്വാസമെത്തിക്കാനാണ് ഈ ഫണ്ട് രൂപികരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. അതെന്തിനാണ് വേറൊരു ഫണ്ട്, അതിനല്ലേ പ്രൈം മിനിസ്റ്റേഴ്‌സ് നാഷണല്‍ റിലീഫ് ഫണ്ട് എന്ന് പ്രതിപക്ഷമുള്‍പ്പെടെ പലരും ചോദിച്ചതാണ്. അപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത് അത് സര്‍വ ദുരന്തങ്ങള്‍ക്കും കൂടിയുളളതാണ്. ഈ പി എം കെയേഴ്സ് പകര്‍ച്ചവ്യാധി ദുരന്തങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. പ്രൈം മിനിസ്റ്റേഴ്‌സ് നാഷണല്‍ റലീഫ് ഫണ്ട് എന്നത് ഇന്ത്യ വിഭജനത്തിനുശേഷം അതിര്‍ത്തിക്കപ്പുറത്തുനിന്ന് എത്തിയവരെ സഹായിക്കുന്നതിന് വേണ്ടി അന്നത്തെ പ്രധാനമന്ത്രി 1948-ല്‍ തുടങ്ങിയതാണ്. പൊതുപങ്കാളിത്തമുള്ള സഹായ നിധി. നെഹ്‌റു തുടങ്ങിയത് പോരാ,സ്വന്തമായി ഒരു ഫണ്ട് തുടങ്ങണമെന്ന മോദിയുടെ ആഗ്രഹമാണ് കെയര്‍സിന്റെ പിന്നിലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. തുടങ്ങിയ സ്ഥിതിക്ക് നെഹ്റു സ്ഥാപിച്ച ഫണ്ടിനെ കടത്തിവെട്ടിയേ പറ്റൂ. അതിനുള്ള ശ്രമങ്ങളായി പിന്നീട്. അതിലും മോദി വിജയിച്ച മട്ടാണ്. പണം വലിയ തോതിൽ അതിലേക്ക് എത്തുന്നതായാണ് റിപ്പോർട്ട്. ആദായ നികുതിയില്‍നിന്ന് ഇളവ്, വ്യവസായങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടില്‍ പെടുത്തും തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് സംഭവാന ചെയ്യുന്നവര്‍ക്ക് മുന്നില്‍ വെച്ചത്. വ്യവസായ സ്ഥാപനങ്ങള്‍ പിഎം കെയര്‍സില്‍ കൊടുത്താല്‍ മതി സിഎസ്ആറിന് വേണ്ടി വേറെ ചിലവഴിക്കേണ്ടതില്ല. ഒരു മാസം കഴിഞ്ഞപ്പോള്‍ എത്ര തുക കിട്ടിയെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. ആദ്യത്തെ ഒരാഴ്ചത്തെ കണക്ക് ഒരു മാധ്യമം പുറത്തുവിട്ടത് പ്രകാരം 6500 കോടി രൂപ കിട്ടിയെന്നാണ്. ഇപ്പോള്‍ എത്ര എന്നതിനെ സംബന്ധിച്ച് ഒരു വ്യക്തതയുമില്ല. എല്ലാ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളോടും ഫണ്ടിലേക്ക് തുക സംഭാവന ചെയ്യാന്‍ നിര്‍ബന്ധം പിടിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. വിവിധ മന്ത്രാലയങ്ങള്‍ ഇതിനകം തന്നെ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളമായും അല്ലാതെയും ഉള്ള തുക ഫണ്ടിലേക്ക് നല്‍കി കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ റെയില്‍വെ നല്‍കിയത് 151 കോടി രൂപയാണ്. ഇങ്ങനെ ഒട്ടുമിക്ക വകുപ്പുകളും സ്ഥാപനങ്ങളും നല്‍കുന്നു. അതിന് പുറമെ കോര്‍പറേറ്റ് വ്യവസായ സ്ഥാപനങ്ങള്‍ നല്‍കുന്ന തുക എത്രയെന്നതിന് വ്യക്തതയുമില്ല. ഈ തുകയുടെ വരവും ചെലവും ആര് പരിശോധിക്കുമെന്നതാണ് അടുത്ത ചോദ്യം. പ്രധാനമന്ത്രി ചെയര്‍മാനും ആഭ്യന്തര, ധന, പ്രതിരോധ മന്ത്രിമാര്‍ അംഗങ്ങളുമായുളള ട്രസ്റ്റു തന്നെ ഫണ്ടിനെ സംബന്ധിച്ച പരിശോധന ആരു നടത്തണമെന്ന് തീരുമാനിക്കും. അതായത്, ജനങ്ങളുടെ പണം ആണെങ്കിലും ഭരണഘടനാ സ്ഥാപനമായ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് ഇതില്‍ വലിയ പങ്കൊന്നും ഉണ്ടാകില്ലെന്ന് അര്‍ത്ഥം. ഇതുവരെ കിട്ടിയ വിവരങ്ങള്‍ അനുസരിച്ച്, മറ്റൊരു രൂപത്തിലുള്ള ഇലക്ട്രറല്‍ ബോണ്ട് പോലെ ആകുമോ പിഎം കെയര്‍സ് എന്നും സംശയിക്കാവുന്നതാണ്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുന്നണിയില്‍ നിന്ന് പോരാടിക്കുന്നത്, പദ്ധതികള്‍ തയ്യാറക്കുന്നത്, ആളുകള്‍ക്ക് ദുരിതാശ്വാസം എത്തിക്കുന്നത് എന്നിവയിലൊക്കെ പ്രധാന പങ്ക് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. ചില സംസ്ഥാന സര്‍ക്കാരുകളുടെ പ്രാപ്തിയും മറ്റ് ചിലവയുടെ കഴിവുകേടുമെല്ലാം ഇതിനകം ലോകത്തിന് വ്യക്തമായതാണ്. കേരളം. ഛത്തീസ്ഗഡ്, ഒഡീഷ എന്നിവയൊക്കെ മികവിന്റെ കഥകള്‍ പറയുമ്പോള്‍ അപ്പുറത്ത് ഗുജറാത്തും ഉത്തര്‍പ്രദേശും മധ്യപ്രദേശുമെല്ലാം കെടുകാര്യസ്ഥതയുടെയും പ്രാപ്തികേടിന്റെയും ഉദാഹരണങ്ങളായി നിലകൊള്ളുന്നുമുണ്ട്. അതെന്തായാലും സംസ്ഥാനങ്ങള്‍ക്ക് വലിയ ചെലവുള്ള സമയമാണിത്. വരുമാനമാണെങ്കില്‍ തീര്‍ത്തും ഇല്ലാതായ മട്ടാണ്. ഈ സംസ്ഥാനങ്ങള്‍ക്ക് പിഎം കെയേഴ്സ് ഫണ്ടില്‍ നിന്ന് ദുരിതാശ്വാസത്തിനായി എന്തെങ്കിലും നല്‍കിയോ? ഇല്ല. ഇനി നൽകുമോ. സാധ്യത തീരെ ഇല്ല. ലോക്ഡൗണ്‍ കാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലായ ഒരു വിഭാഗം അന്തര്‍ സംസ്ഥാന തൊഴിലാളികളാണ്. മുന്‍കൂട്ടി അറിയിപ്പില്ലാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പതിനായിരങ്ങളാണ് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടത്. 300-ഉം 400-ഉം കിലോമീറ്റര്‍ അകലെയുള്ള സ്വന്തം നാടുകളിലേക്ക് നടന്നുപോകാന്‍ തീരുമാനിച്ചവരാണ് അവരില്‍ പലരും. പിന്നീട് അവരെ പല കേന്ദ്രങ്ങളിലാക്കി. കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് ഇവര്‍ക്ക് നാടുകളിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിനായി സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ട്രെയിനുകളും അനുവദിച്ചു. ഒരു മാസത്തിലേറെയായി പണമൊന്നും ഇല്ലാതിരിക്കുന്നവരാണ്. അവര്‍ എങ്ങനെ പോകും? സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ സൂചിപ്പിച്ചതുപോലെ, വരുമാനം ഇല്ലാതിരിക്കുകയും കൂടുതല്‍ ചിലവ് ചെയ്യേണ്ടിവരികയും ചെയ്യുന്ന അവസ്ഥയിലാണ്. അതുകൊണ്ട് കുടിയേറ്റ തൊഴിലാളികളുടെ യാത്ര ചെലവ് വഹിക്കുകയെന്നത് സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ച് ശ്രമകരമാണ്. അത്തരമൊരു സാഹചര്യത്തില്‍ ഈ പിഎം കെയര്‍സ് ഫണ്ട് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? ഇതുവരെയില്ല. അതിനും ആ പണം കിട്ടില്ലെന്നാണ് ഇതുവരെയുള്ള തീരുമാനം. ഇതില്‍നിന്ന് പണം ചിലവഴിച്ച് കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം തയ്യാറല്ല. അപ്പോള്‍ മറ്റൊരു ചോദ്യം 151 കോടി രൂപയാണ് റെയില്‍വെ പിഎം കെയര്‍സ് ഫണ്ടിന് നല്‍കിയിട്ടുള്ളത്. ആ പണമൊന്നും ആവശ്യമുണ്ടായിരുന്നില്ലല്ലോ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഏറ്റവും ദുര്‍ബലരായ മനുഷ്യരെ അവരുടെ നാട്ടിലെത്തിക്കാന്‍ എന്നതാണ്. എന്തായാലും ആ ചോദ്യത്തിന് റെയില്‍വെ മറുപടി പറയാന്‍ സാധ്യതയില്ല. റെയില്‍വെ മറുപടി പറഞ്ഞില്ലെങ്കിലും ജനങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ട് ചോദ്യമുണ്ട്. ദുരന്ത നിവരാണത്തിന് എന്ന് പറഞ്ഞ് തുടങ്ങിയ ഫണ്ട് കൊണ്ട് ആര്‍ക്കാണ് പ്രയോജനം. സിഎജി ഓഡിറ്റ് ചെയ്യാത്ത, സംസ്ഥാനങ്ങള്‍ക്ക് ഉപകരിക്കാത്ത, അന്തര്‍ സംസ്ഥാന തൊഴിലാളിക്ക് ഗുണമില്ലാത്ത, പതിനായിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് കൊണ്ട് യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് പ്രയോജനം. മോദി സർക്കാർ പറഞ്ഞില്ലെങ്കിലും കാലം അതിന് ഉത്തരം തരുമായിരിക്കും(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories