TopTop
Begin typing your search above and press return to search.

ഭരണഘടന കത്തിക്കുമെന്ന് അംബേദ്ക്കറെ കൊണ്ട് പറയിച്ചതെന്താവും?

ഭരണഘടന കത്തിക്കുമെന്ന് അംബേദ്ക്കറെ കൊണ്ട് പറയിച്ചതെന്താവും?

1949 നവംബര്‍ 26 -ാം തീയതിയാണ് ഭരണനിര്‍മ്മാണ സഭ ഇന്ത്യ അംഗീകരിച്ചത്. ഭരണഘടന ദിനം എന്നത് ഇന്ത്യയുടെ ഔദ്യോഗികമായി ആചരിക്കാന്‍ തുടങ്ങിയത് നരേന്ദ്രമോദി അധികാരത്തില്‍വന്നതിന് ശേഷം 2015 മുതലാണ്. അതിന് ശേഷം നാല് അഞ്ച് വര്‍ഷങ്ങള്‍ ഭരണഘടനയുമായും നീതിന്യായനിര്‍വഹണമായും സംഭവിച്ച കാര്യങ്ങള്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതുവരെ ഇല്ലാത്ത വിധം ആയിരുന്നു. ഇത് മനസ്സിലാക്കുമ്പോഴാണ് ഭരണഘടന ദിനം ആചരിക്കാന്‍ തിരഞ്ഞെടുത്തവരുടെ സാമര്‍ത്ഥ്യത്തിനുമുന്നില്‍ അമ്പരന്നു പോകുക. അതും ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചപ്പോള്‍ അതിനെതിരെ അവരുടെ മുഖപത്രത്തില്‍ ലേഖനം എഴുതിയവരുടെ പിന്‍മുറക്കാരാണ് നിലപാടിലൊരു തിരുത്തും വരുത്താതെ ഇതൊക്കെ ചെയ്യുന്നതെന്നതെന്നാതാണ് ഏറെ കൗതുകരം

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഏറ്റവും കൂടുതല്‍ പൊതുസമൂഹവും രാഷ്ട്രീയനേതൃത്വവും അക്കാദമിക സമൂഹവുമെല്ലാം ചര്‍ച്ച ചെയ്ത വിഷയം ഭരണഘടനയെക്കുറിച്ചായിരിക്കും. അതിന് വിവിധ കാരണങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഒന്ന് ഭരണ നേതൃത്വത്തിന്റെ നയപരവും രാഷ്ട്രീയവുമായ തീരുമാനങ്ങള്‍. രണ്ട് നീതിന്യയ സംവിധാനത്തിന്റെ ഇടപെടലുകള്‍. ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിച്ചുനിര്‍ത്തുകയെന്നത് എന്നത് ഇന്നൊരു രാഷ്ട്രീയ പദ്ധതിയായി തന്നെ പലരും കാണുന്നു. ഭരണകൂടത്തിന്റെ നിലപാടുകളില്‍ ഭരണകൂടത്തിന്റെ അന്തഃസത്ത ലംഘിക്കപ്പെടുന്നുവെന്ന തോന്നലാണ് ഇതിന് പിന്നില്‍. ഇത് ഭരണഘടന ധാര്‍മ്മികതയുമായി ബന്ധപ്പെട്ടുള്ള വിഷയമാണെന്നതാണ് യാഥാര്‍ത്ഥ്യം. കോണ്‍സ്റ്റിറ്റിയൂഷണല്‍ മൊറാലിറ്റി എന്നത് ഇന്ന് വ്യാപകമായി ഉച്ഛരിക്കപ്പെടാന്‍ കാരണം ഭരണഘടനയുടെ ആദര്‍ശങ്ങള്‍ വ്യാപകമായി കൈയൊഴിയപെടുന്നതുകൊണ്ടാണ്. ഭരണഘടനയെന്നത് ചില വകുപ്പുകളുടെ സംയോജിത രൂപം മാത്രമല്ല, മറിച്ച് അത് പൊതുവില്‍ ഉത്പാദിപ്പിക്കുന്ന മൂല്യമാണെന്നും ഭരണഘടന ധാര്‍മ്മികതയെക്കുറിച്ച് പറയുന്നവര്‍ മുന്നോട്ടുവെയ്ക്കുന്നു. സാമൂഹ്യനീതിയും ജനാധിപത്യവും കൈവരിക്കാതെ രാഷ്ട്രീയ ജനാധിപത്യം നിലനിര്‍ത്താന്‍ കഴിയില്ലെന്ന് അംബേദ്ക്കര്‍ പറയുന്നത് ഈ പാശ്ചത്തലത്തിലാണ്. ഭരണഘടനയെ കേവലമായ ഒരു വ്യവസ്ഥിതിയായി കണ്ട് അതിന് മുന്നി്ല്‍ വഴങ്ങുന്നവര്‍ക്ക് ഭരണഘടന ധാര്‍മ്മികത ബാധകമല്ല. അത്തരക്കാരെ കൂടി മുന്‍കൂട്ടി കണ്ടുകൂടിയാവണം അംബേദ്ക്കര്‍ താന്‍ ഭരണഘടന കത്തിക്കുമെന്ന പറഞ്ഞത്. 1953 സെപ്റ്റംബര്‍ രണ്ടാം തീയതിയായിരുന്നു അംബേദ്ക്കര്‍ അങ്ങനെയൊരു പ്രസ്താവന നടത്തിയത്. ഗവര്‍ണര്‍മാരുടെ അധികാരം സംബന്ധിച്ച രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അംബേദ്ക്കര്‍. അദ്ദേഹം ഇങ്ങനെ പറഞ്ഞു. ന്യൂനപക്ഷത്തെ അവഗണിച്ചുകൊണ്ട് ഒരിക്കലും മുന്നോട്ടുപോകാന്‍ ജനാധിപത്യത്തിന് കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് അംബേദ്ക്കര്‍ ഇങ്ങനെ കൂട്ടിചേര്‍ത്തു ' സര്‍, എന്റെ സുഹൃത്തുക്കള്‍ പറയുന്നു, ഞാനാണ് ഭരണഘടന ഉണ്ടാക്കിയതെന്ന്. അത് കത്തിക്കുന്ന ആദ്യ ആളായിരിക്കും ഞാനെന്ന് പറയാനും ഞാന്‍ തയ്യാറാണ്. എനിക്കത് വേണ്ട്. അതെന്തായാലും നമ്മുടെ ജനങ്ങള്‍ക്ക് അതുമായി മുന്നോട്ട് പോകണമെങ്കില്‍ അവര്‍ ഒരു കാര്യം ഓര്‍ക്കണം, ഭൂരിപക്ഷവും ന്യൂനപക്ഷവും ഉണ്ടെന്ന കാര്യം അവര്‍ ഓര്‍ക്കണം. ന്യൂനപക്ഷത്തിന്റെ മുഖത്ത് നോക്കി നിങ്ങളെ അംഗീകരിക്കുന്നത് ജനാധിപത്യത്തിന് ദോഷം ചെയ്യുമെന്ന പറഞ്ഞുകൊണ്ട് മുന്നോട്ടു പോകാന്‍ കഴിയില്ല. ന്യുനപക്ഷത്തെ ദ്രോഹിക്കുന്നതാണ് ഏറ്റവും വലിയ അപകടം വരുത്തകുയെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു.' ഇതായിരുന്നു അംബേദിക്കറിന്റെ വിവാദമായ വാക്കുകള്‍. ജനാധിപത്യത്തെക്കുറിച്ചുള്ള മൂല്യങ്ങള്‍ അംഗീകരിക്കപെടാത്തതിലുള്ള പ്രതിഷേധമായാണ് അദ്ദേഹം ഇത്രയും തീവ്രമായി സംസാരിച്ചതെന്ന് വ്യക്തമാണ്. അത് പക്ഷെ അദ്ദേഹം വൈകാരികമായി പ്രതികരിച്ചതല്ലെന്ന് വ്യക്തമാണ്. കാരണം അദ്ദേഹം ഇത് വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷം മാര്‍ച്ച് 19 , 1955 ന് രാജ്യസഭാംഗമായ ഡോ. അനൂപ് സിംങ് ഈ വിഷയത്തില്‍ അംബേദ്ക്കറുടെ ശ്രദ്ധ ക്ഷണിക്കുന്നു. മുമ്പ് സംസാരിച്ചപ്പോള്‍ 'ഭരണഘടന കത്തിക്കുമെന്ന് നിങ്ങള്‍ പറഞ്ഞിരുന്നു അതിന്റെ കാരണങ്ങള്‍ എന്തായിരുന്ന'ു എന്നചോദ്യത്തിന് അംബേദ്ക്കര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു ' നിങ്ങള്‍ക്കതിന് മറുപടി വേണോ. ഞാനിപ്പോള്‍ പറയാം. എന്റെ സുഹൃത്തുക്കള്‍ പറയുന്നത് ഞാന്‍ മുമ്പ് സംസാരിച്ചപ്പോള്‍ ഭരണഘടന കത്തിക്കുന്നതിനെക്കുറിച്ച് പറഞ്ഞുവെന്നാണ്. ശരിയാണ്, അന്ന് തിരക്കിനിടയില്‍ എനിക്കത് വിശദീകരിക്കാന്‍ കഴി്ഞ്ഞിരുന്നില്ല. ഇപ്പോള്‍ അത് വിശദീകരിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. കാരണമിതാണ്.നമ്മള്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നത് ദൈവങ്ങള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ ദൈവങ്ങള്‍ക്ക് അവിടെ സ്ഥാനം കിട്ടുമുമ്പെ പിശാചുക്കള്‍ അത് കൈയടക്കിയാല്‍ എന്ത് ചെയ്യും. അമ്പലം തകര്‍ക്കും' ഇതായിരുന്നു അംബേദ്ക്കറിന്റെ മറുപടി. ഇതിലെല്ലാം വ്യക്തമാകുന്നത് ഭരണഘടന കൈകാര്യം ചെയ്യപ്പെടുന്നതില്‍ അദ്ദേഹത്തിനുണ്ടായ എതിര്‍പ്പാണ്. ഭരണഘടനയുടെ മൂല്യങ്ങളെ മാനിക്കപ്പെടാത്തതിലെ വിയോജിപ്പകളാണെന്നതുമാവാം. ഭരണഘടന നിര്‍മ്മാണ സഭയുടെ ചെയര്‍മാനായിരുന്നു, ഭരണഘടനയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയെന്നൊക്കെയുളള വസ്തുതകള്‍ അവശേഷിക്കുമ്പോഴും അംബേദ്ക്കറിന് തന്നെ താന്‍ ഉപയോഗിക്കപ്പെടുകയായിരുന്നുവോ എന്ന ് ചിലഘട്ടങ്ങളില്‍ സംശയം തോന്നിയിരുന്നുവെന്നും കാണാം. ഭരണഘടനയുടെ പേരില്‍ കോണ്‍ഗ്രസ് തന്നെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് അംബേദ്ക്കര്‍ തന്നെ പറഞ്ഞതുമായൊക്കെയുള്ള കാര്യങ്ങള്‍ ഉണ്ട്. അത് മറ്റൊരു വിഷയമാണ്. ഭരണഘടന ദിനത്തില്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ മൊറാറിലിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞപ്പോഴാണ് അംബേദ്ക്കര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ എടുത്തുപറഞ്ഞത്. ഇതേക്കുറിച്ച് അംബേദ്ക്കര്‍ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. 1948 നവംബര്‍ നാലിന് ഭരണഘടനസഭയില്‍ നടത്തിയ പ്രസംഗത്തിള്‍ ഭരണഘടന ധാര്‍മ്മികതയെക്കുറിച്ച് അംബേദ്ക്കര്‍ ഇങ്ങനെ വിശദീകരിച്ചു. 'Constitutional Morality is not a natural sentiment. It has to be cultivated. We must realize that our people have yet to learn it. Democracy in india is a top dressing on an Indian Soil which is essentially undemocratic' ഭരണഘടനയുടെ അധാര്‍മ്മികതയുടെ അഭാവത്തില്‍ ഇന്ത്യന്‍ ജനാധിപത്യം പരിഹാസ്യമായത് നിരവധി സന്ദര്‍ഭങ്ങളിലാണ്.ശബരിമലയിലും അയോധ്യയിലും ഉള്‍പ്പെടെ നിരവധി സന്ദര്‍ഭങ്ങളില്‍ ഇടവേളകളില്ലാതെ അത് ഇപ്പോള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അധികാരകൈമാറ്റത്തിന് ശേഷം ഇന്ത്യയില്‍ നടന്ന എല്ലാ സമഗ്രാധിപത്യ പ്രവണതകള്‍ക്കും ഭരണഘടനയുടെ സംരക്ഷണം സാങ്കേതികമായി ഉണ്ടായിരുന്നുവെന്ന് കാണാം. കേരളത്തില്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സര്‍ക്കാരിനെ പിരിച്ചുവിടുന്നതും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതും കാശ്മിരിനെ തടവിലിടുന്നതും അസമില്‍ 19 ലക്ഷം പേരെ പൗരന്മാരല്ലാതാക്കുന്നതിനുമെല്ലാം ഭരണഘടനയുടെ സാങ്കേതിക സംരക്ഷണത്തിലാണ്. ഇല്ലാത്തത് ഭരണഘടനയുമായി ബന്ധപ്പെട്ട ഒരോ കാലത്തും ഉരുത്തിരുഞ്ഞുവരന്ന ധാര്‍മ്മികതയാണ്. അത്ഭുതകരമെന്ന് പറയട്ടെ ഭരണഘടന ധാര്‍മ്മികതയുടെ നിര്‍വചനം തേടിയിരിക്കയാണ് ഇപ്പോള്‍ സുപ്രീം കോടതി. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യു ഹര്‍ജി പരിഗണിച്ച ബെഞ്ചാണ് വിശാല ബഞ്ചിന്റെ പരിഗണനയ്ക്ക് ഈ വിഷയം കൂടി വിട്ടത്. മതേതരത്വം എന്നത് ഇന്ത്യന്‍ ഭരണഘടനയിലെ പ്രധാന ആശയമാണെന്നും എല്ലാ മതങ്ങളും തുല്യമാണെന്നും പറയുമ്പോള്‍ തന്നെയാണ് ഈമാസം ആദ്യം സുപ്രീം കോടതിയുടെ ഭരണ ഘടന ബഞ്ച് ഒരു സ്വത്ത് തര്‍ക്കകേസില്‍ വിധി പറഞ്ഞുകൊണ്ട് ക്ഷേത്രനിര്‍മ്മാണത്തിന് ഉത്തരവിട്ടത്. വിശ്വാസത്തെ പ്രമുഖ സ്ഥാനത്ത് നിര്‍ത്തിയായിരുന്നു വിധി. പൗരസമൂഹത്തിന്റെ സാമാന്യയുക്തികള്‍ ഭരണഘടന ബഞ്ച് പരിഗണിച്ചുപോലുമില്ല. വിശ്വാസം തന്നെ നിയമമാക്കിമാറ്റപ്പെടുന്ന അവസ്ഥ. ഇന്ത്യന്‍ ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നമ്പോള്‍ നിയമവുമായി ബന്ധപ്പെട്ട പാശ്ചാത്യ ആശയങ്ങളല്ല, മറിച്ച് ഭാരിതീയ പാരമ്പര്യമാണ് മാതൃകയാക്കേണ്ടതെന്നായിരുന്നു ആര്‍എസ്എസ്സിന്റെ നിലപാട്. ഇന്ത്യയുടെ ഗ്രാമങ്ങളിലെ മാതൃകകളാവണം സ്വതന്ത്ര്യ ഇന്ത്യയുടെ മുന്നോട്ടുവഴികളില്‍ വഴികാട്ടേണ്ടെതെന്നും ഇത്തരക്കാര്‍ വാദിച്ചു. ഇത്തരം അഭിപ്രായങ്ങളോടുള്ള അംബേദ്ക്കറിന്റെ മറുപടി ഇങ്ങനെയായിരുന്നു : what is the village but a sink of localism a den of ignorance narrow mindedness and communalism' അതൊക്കെ കഴിഞ്ഞ കാല സംവാദങ്ങള്‍. ഇപ്പോള്‍ നടക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള നീക്കമാണ്. മുസ്ലീങ്ങള്‍ ഒഴികെ പാകിസ്താനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും എത്തുന്നവര്‍ക്ക് പൗരത്വം നല്‍കാനുള്ള ബില്ല് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍. . അത് ഭരണഘടനവിരുദ്ധമാകുമോ എന്ന് നിയമം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണെങ്കില്‍ മാത്രമെ പറയാന്‍ കഴിയു. അംബേദ്ക്കര്‍ പറഞ്ഞ കാര്യം ന്യൂനപക്ഷത്തെ സംബന്ധിച്ച് അത് രാഷ്ട്രീയ ന്യൂനപക്ഷമാകട്ടെ സാമുദായിക ന്യുനപക്ഷമാകട്ടെ അംഗീകരിക്കപ്പെടാതിരിക്കുമ്പോഴാണ് ഭരണഘടന ധാര്‍മ്മികത എന്ന ആശയം ഇല്ലാതാക്കപ്പെടുന്നത്. ഇന്ത്യ ഇപ്പോള്‍ തീവ്രമായി അനുഭവിക്കുന്ന പ്രശ്‌നം ഇതാണ്. ഭരണഘടന ധാര്‍മ്മികത എന്നത് ഒരു ആശയം ആയതിനാല്‍ അതിനെ നിലനിര്‍്ത്തുകയെന്നത് ഒരു രാഷ്ട്രീയ പരിസരത്തുനിന്ന് മാ്ത്രം സാധ്യമാണ്. ഇപ്പോള്‍ രാജ്യത്ത് മേല്‍ക്കൈ കിട്ടിയിരിക്കുന്ന രാഷ്ട്രീയത്തിന് ധാര്‍മ്മികമായ ഉത്കണ്ഠകള്‍ ഒരുകാര്യത്തിലും ഇല്ല. അതുകൊണ്ട് ഭരണഘടനയുടെ കാര്യത്തിലും അവര്‍ക്ക് അത് മനസ്സിലാകില്ല.


Next Story

Related Stories