TopTop
Begin typing your search above and press return to search.

പിണറായി പറഞ്ഞത് അക്ഷരം പ്രതി ശരി, അന്ന് ആ സിന്‍ഡിക്കേറ്റിൽ പ്രവർത്തിച്ചിരുന്ന ചിലർ ഇന്നും വ്യാജ വാർത്ത ചമയ്ക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും സജീവം

പിണറായി പറഞ്ഞത് അക്ഷരം പ്രതി ശരി, അന്ന് ആ സിന്‍ഡിക്കേറ്റിൽ പ്രവർത്തിച്ചിരുന്ന ചിലർ ഇന്നും വ്യാജ വാർത്ത ചമയ്ക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും സജീവം

"നുണ വാർത്തകൾ മെനയുന്നതിൽ മാധ്യമ പ്രവർത്തകർ മിടുക്കരാണ്. എല്ലാവരുമല്ല. ചില മാധ്യമ പ്രവർത്തകരെക്കുറിച്ചാണ് പറയുന്നത്. അതെല്ലാം കണ്ടും നേരിട്ടുമാണ് ഇവിടെ ഇരിക്കുന്നത്. അന്ന് വേറെ കസേരയിൽ ആയിരുന്നെന്നു മാത്രം. ഇപ്പോൾ പുതിയ രീതി കണ്ടിട്ട് വേവലാതിപ്പെടുന്ന ആളായി കാണരുത് . മുഖ്യമന്ത്രി ആയതിനാലാണ് ഇപ്പോൾ അതിനു (വിവാദങ്ങൾക്ക് ) മറുപടി പറയാനല്ല സമയമെന്നു പറഞ്ഞത്. മറ്റൊരുപാട് ജോലികളുണ്ട്..."

ഇന്നലത്തെ കോവിഡ് അവലോകനയോഗ ശേഷമുള്ള പത്രസമ്മേനത്തിനിടയിൽ സ്‌പ്രിംഗ്‌ളറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണ് ഇത്. -

ഒരു കൂട്ടർ ശുദ്ധ നുണ കെട്ടിച്ചമക്കുമ്പോൾ താൻ എന്ത് 'നിജസ്ഥിതി' പറയണമെന്നാണ് നിങ്ങൾ ആവശ്യപ്പെടുന്നത് എന്ന മറുചോദ്യവുമായാണ് മുഖ്യമന്ത്രി സ്‌പ്രിംഗ്‌ളറുമായി ബന്ധപ്പെട്ട ചോദ്യത്തെ നേരിട്ടത്. ആരോപണം ഉന്നയിക്കുന്നവർ തെളിവുണ്ടെങ്കിൽ കൊണ്ടുവരട്ടെ എന്നും ആർക്കാണതിനു തടസ്സം എന്നും ചോദിച്ച മുഖ്യമന്ത്രി, ആരോപണം ഉന്നയിച്ചവരോട് തന്നെ തെളിവും ചോദിക്കൂ എന്നും നിർദ്ദേശിച്ചു. ഒപ്പം അനാവശ്യ വിവാദങ്ങൾക്കു മറുപടി പറയാനല്ല ഇപ്പോൾ സമയമെന്നും ശ്രദ്ധിക്കാൻ മറ്റു കാര്യങ്ങൾ ഉണ്ടെന്നും പറഞ്ഞിട്ടാണ് മുഖ്യമന്ത്രി ഇന്നലത്തെ പത്ര സമ്മേളനം അവസാനിപ്പിച്ചത്.

മുഖ്യമന്ത്രി ഇത്രയൊക്കെ പറഞ്ഞിട്ടും നേരം വെളുക്കാത്തത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും കൂട്ടർക്കും മാത്രമല്ലെന്ന് ഇന്നത്തെ ചില പത്രങ്ങൾ കണ്ടപ്പോൾ വീണ്ടും ഒരിക്കൽ കൂടി ബോധ്യപ്പെട്ടു. വിവാദ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടിയെന്നും ആരോപണം ഭയന്ന് കഴിഞ്ഞയാഴ്ച പത്രസമ്മേളനം നിര്‍ത്തിയ മുഖ്യമന്ത്രി അത് വിവാദമായപ്പോഴാണ് പത്രസമ്മേളനവുമായി തിരിച്ചെത്തിയത് എന്നിങ്ങനെ പോകുന്നു മാധ്യമ ശിങ്കങ്ങളുടെ വിലയിരുത്തലുകൾ. ഭരണകൂടത്തിനും അതിന്റെ തലപ്പത്തിരിക്കുന്നവർക്കും സ്തുതി പാടുക എന്നുള്ളതല്ല യഥാർത്ഥ മാധ്യമ പ്രവർത്തനം എന്നതൊക്കെ ശരി തന്നെ. പക്ഷെ വിമർശനത്തിനും ഒരു കാലവും നേരവുമൊക്കെയുണ്ടെന്ന് ഈ ശിങ്കങ്ങളും മനസ്സിലാക്കിയാൽ നന്ന്. മരണവീട്ടിൽ ചെന്ന് ആരും പൂരപ്പാട്ട് പാടാറില്ലല്ലോ! ലോകത്തെ തന്നെ പല രാജ്യങ്ങളുടെയും ഇന്ത്യയിലെ തന്നെ പല സംസ്ഥാനങ്ങളുടെയും സ്ഥിതിയുമായി തട്ടിച്ചു നോക്കുമ്പോൾ ഭാഗ്യത്തിന് കോവിഡ് വ്യാപനത്തിന്റെയും മരണങ്ങളുടെയും കാര്യത്തിൽ കേരളം ഏറെ സുരക്ഷിതം എന്നു തോന്നിപ്പിക്കാവുന്നിടത്താണ് നിൽക്കുന്നത്. എന്നു കരുതി നമ്മൾ പൂർണ സുരക്ഷിതർ ആണെന്ന് കരുതുക വയ്യ. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ കേരളം കൈവരിച്ച നേട്ടത്തിന് പിന്നിൽ കൃത്യമായ ഒരു ഏകോപനവും അത് സാധ്യമാക്കിയ ഒരു സർക്കാരും ഉണ്ടെന്ന കാര്യം ആർക്കും അത്രയെളുപ്പത്തിൽ എഴുതിത്തള്ളാനാവില്ല. ഇത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നുവെന്നതും കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ കേരളം കൈവരിച്ച നേട്ടം വിദേശ മാധ്യമങ്ങൾ പോലും തലക്കെട്ടാക്കുന്നുവെന്നതും ഇവിടെ ചിലർക്ക് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. അതിൽ നിന്നും ഉടലെടുത്ത ഒന്നാണ് ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള വിവാദങ്ങൾ എന്നും ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞ കാര്യമാണ്.

എന്നിട്ടും എന്തുകൊണ്ട് ചില മാധ്യങ്ങളെങ്കിലും കോവിഡിനിടയിലും അനാവശ്യ വിവാദങ്ങൾക്ക് പിന്നാലെ പോകുന്നുവെന്ന് ചോദിച്ചാൽ അതിനുള്ള ഏറ്റവും ലളിതമായ ഉത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്നതാണ്. കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ ഒരു പത്രാധിപർ ഉണ്ടായിരുന്ന നാടാണിത്. കമ്മ്യൂണിസ്റ്റ് വിരുദ്ധ വാർത്തകൾക്ക് വലിയ മാർക്കറ്റ് പണ്ടും ഇന്നും ഉണ്ടെന്നു മനസ്സിലാക്കിയവരാണ് കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഭൂരിഭാഗം പത്ര മാനേജ്മെന്റുകളും. ത്രിപുര കൂടി വീണതോടെ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് തുരുത്തായി കേരളം മാറിയിരിക്കുന്നു. ആ തുരുത്തു കൂടി ഇല്ലാതാക്കാനുള്ള കൂട്ടായ യജ്ഞത്തിന് പിന്നിലെ മാധ്യമ പങ്ക് ഒട്ടും ചെറുതല്ല. അതുകൊണ്ടു തന്നെ വ്യാജ വാർത്താ നിര്‍മ്മിതിയും വിതരണവും തുടരുക തന്നെ ചെയ്യും എന്ന കാര്യത്തിൽ തർക്കം വേണ്ട.

ഇത് പറയുമ്പോൾ നുണ വാർത്തകൾ മെനയുന്നതിൽ ചില മാധ്യമ പ്രവർത്തകർ മിടുക്കരാണ് എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയെക്കുറിച്ചു കൂടി ചിലതു പറയേണ്ടതുണ്ടെന്നു തോന്നുന്നു. അത് 2005-ൽ മലപ്പുറത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ചമയ്ക്കപ്പെട്ട ചില വാർത്തകളുമായി ബന്ധപ്പെട്ടുള്ളതാണ്. പാർട്ടിക്കുള്ളിൽ വിഭാഗീയത ഉടലെടുത്തിരിക്കുന്നുവെന്നു സിപിഎം നേതൃത്വം തന്നെ ഏതാണ്ട് പരസ്യമായി തന്നെ അംഗീകരിച്ച കാലമായിരുന്നു അത്. അതുകൊണ്ടു തന്നെ അതുവെച്ചായിരുന്നു വ്യാജ വാർത്തകൾ ചമയ്ക്കപ്പെട്ടതും. അന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയനും പാർട്ടിയിലെ തലമുതിർന്ന നേതാവായ വി.എസ് അച്യുതാന്ദനും രണ്ടു തട്ടിലാകയാൽ മലപ്പുറം സമ്മേളനത്തോടെ പാർട്ടി രണ്ടായി പിളരും എന്നുവരെയുള്ള വാർത്തകൾ അന്ന് പ്രചരിച്ചിരുന്നു. "പിണറായിക്കാരൻ വിജയൻ മലപ്പുറം വഴി പിണറായിലേക്ക്" എന്ന തലക്കെട്ടോടുകൂടിയ സചിത്ര ലേഖനവും ഒരു മുൻനിര ആഴ്ചപ്പതിപ്പിൽ അച്ചടിക്കപ്പെട്ടു. (എന്നാൽ മലപ്പുറം സമ്മേളനത്തോടുകൂടി പിണറായി വിജയൻ കെട്ടും കിടക്കയുമെടുത്തു പിണറായിലേക്കു മടങ്ങിയില്ല. മറിച്ച്, പാർട്ടിയിൽ കൂടുതൽ കരുത്താനാവുന്നതാണ് കണ്ടത്.)

ഈ ഘട്ടത്തിലാണ് ' മാധ്യമ സിന്‍ഡിക്കേറ്റ്', 'എംബഡഡ് ജേർണലിസം' എന്ന പ്രയോഗങ്ങളുമായി പിണറായി വിജയൻ രംഗത്ത് വന്നത്. തിരുവനന്തപുരത്തെ ഒരു കേന്ദ്രത്തിലിരുന്ന് ഒരു ചെറിയ സംഘം മാധ്യമ പ്രവർത്തകർ തയ്യാറാക്കുന്ന വ്യാജ വാർത്തകളാണ് പല പത്രങ്ങളും പ്രസിദ്ധപ്പെടുത്തുന്നത് എന്നായിരുന്നു പിണറായിയുടെ വിമർശനം. ഇത് അക്ഷരം പ്രതി ശരിയായിരുന്നുവെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസില്‍ അക്കാലത്ത് തിരുവനന്തപുരത്ത് രാഷ്ട്രീയകാര്യ ലേഖകൻ ആയി പ്രവർത്തിച്ചിരുന്ന എനിക്കും നല്ല ബോധ്യമുള്ള കാര്യമാണ്. അന്ന് ആ സിന്‍ഡിക്കേറ്റിൽ പ്രവർത്തിച്ചിരുന്ന ചിലർ ഇന്നും വ്യാജവാർത്ത ചമയ്ക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും സജീവമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories