TopTop
Begin typing your search above and press return to search.

ഇങ്ങനെ കളിച്ചാല്‍ ചെവിക്കു പിടിച്ചു പുറത്താക്കുകയല്ലാതെ മറ്റെന്തു ചെയ്യും? ജോസ് മോന്‍ ഇനിയെങ്ങോട്ട്?

ഇങ്ങനെ കളിച്ചാല്‍ ചെവിക്കു പിടിച്ചു പുറത്താക്കുകയല്ലാതെ മറ്റെന്തു ചെയ്യും? ജോസ് മോന്‍ ഇനിയെങ്ങോട്ട്?

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനെ യു ഡി എഫിൽ നിന്നും പുറത്താക്കി എന്നു പറയുന്നതിനേക്കാൾ കൂടുതൽ ശരി കളിച്ചു കളിച്ചു ജോസ് മോനും സംഘവും കളത്തിനു പുറത്തായി എന്നതാവും. അല്ലെങ്കിലും എത്ര വിശാല മനസ്കനായ റെഫറിക്ക് പോലും കണ്ണടക്കാൻ പറ്റാത്ത രീതിയിലുള്ള കളിയായിരുന്നില്ലേ കളിച്ചു വന്നത്. അങ്ങനെയായാൽ ചെവിക്കു പിടിച്ചു പുറത്താക്കുകയല്ലാതെ മറ്റെന്തു ചെയ്യും? ഇത് തന്നെയാണ് പുറത്താക്കൽ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് യു ഡി എഫ് കൺവീനർ ബെന്നി ബെഹനാനും ഏറ്റവും മിതവും മാന്യവുമായ ഭാഷയിൽ ചോദിച്ചതും. ലാഭ നഷ്ടത്തെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും ആവശ്യത്തിലേറെ സമയം നൽകിയിട്ടും മുന്നണി തീരുമാനം അംഗീകരിക്കാൻ തയ്യാറാവാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എന്നുകൂടി കൺവീനർ വ്യക്തമാക്കുന്നു. സംഗതി ശരിയാണ്. സഹിച്ചു സഹിച്ചു പൊറുതിമുട്ടിയപ്പോഴാണ് യു ഡി എഫിന് ഒടുവിൽ കടുത്ത തീരുമാനം കൈക്കൊള്ളേണ്ടി വന്നത്. എന്നാൽ തങ്ങൾ ചോദിച്ചു വാങ്ങിയ ശിക്ഷയായി ജോസ് കെ മാണി വിഭാഗം പുറത്താക്കൽ നടപടിയെ അംഗീകരിക്കാൻ ഒരുക്കമല്ല. ‘കൊടും ചതി’യെന്നും ‘മാണി സാറിനെ മുന്നിൽ നിന്നും കുത്താൻ സാധിക്കാത്തവർ ഇപ്പോൾ പിന്നിൽ നിന്നും കുത്തി’യിരിക്കുവെന്നും ഇതുകൊണ്ടൊന്നും തങ്ങൾ അനാഥരാവില്ലെന്നും ആയിരുന്നു പുറത്താക്കൽ തീരുമാനം പുറത്തു വന്നയുടൻ തന്നെ ജോസ് കെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിൻഎം എൽ എ യുടെ പ്രതികരണം. തൊട്ടുപിന്നാലെ നടത്തിയ പത്ര സമ്മേളനത്തിൽ ജോസ് കെ മാണി യു ഡി എഫ് നേതൃവത്തിനെതിരായ പ്രതിക്ഷേധം ഒന്നുകൂടി കടുപ്പിച്ചു. യു ഡി എഫ് എന്ന മുന്നണി പടുത്തുയർത്തിയ കെ എം മാണിയെ തന്നെയാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നതെന്നായിരുന്നു ജോസ് കെ മാണിയുടെ ആക്ഷേപം. യു ഡി എഫ് നേതൃത്വം ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത് ' സെലെക്ടിവ് ജസ്റ്റിസ് ' ആണെന്നും 'സെലെക്ടിവ് ജസ്റ്റിസ് എന്നാൽ ഇൻജസ്റ്റിസ്' ആണെന്നും പറഞ്ഞ ജോസ് കെ മാണി യു ഡി എഫ് നേതൃത്വവുമായി ഇനി ചർച്ചയില്ലെന്നും കൂടി പ്രഖ്യാപിച്ചതോടെ ലക്‌ഷ്യം പുതിയ ബന്ധവും പുതിയ മുന്നണിയും ആണെന്ന് വ്യക്തം.

ജോസ് കെ മാണി വിഭാഗം പുറത്താക്കപ്പെടുന്നതിലേക്കു നയിച്ചത് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിന് കൈമാറുന്നത് സംബന്ധിച്ച കരാർ പാലിച്ചില്ല എന്നതാണെങ്കിലും കേരള കോൺഗ്രസ് - എം ചെയർമാൻ കെ എം മാണിയുടെ അവസാന നാളുകളിൽ തന്നെ ആ പാർട്ടിക്കുള്ളിൽ ഉടലെടുത്ത മാണിയുടെ പിൻഗാമി ആരെന്നതു സംബന്ധിച്ച തർക്കം തന്നെയാണ് കാര്യങ്ങൾ ഇപ്പോൾ ഇവിടം വരെ എത്തിച്ചത് എന്നു തന്നെ പറയേണ്ടി വരും. തന്നെ തഴഞ്ഞു പുത്രനെ കേരള പര്യടനം നടത്താൻ മാണി എടുത്ത തീരുമാനം ജോസഫിനെ അന്നേ ചൊടിപ്പിച്ചിരുന്നു. അന്ന് വിദേശ യാത്ര എന്നൊക്കെ പറഞ്ഞു മാറി നിന്ന ജോസഫ് നിലപാട് കടുപ്പിച്ചത് പക്ഷെ മാണിയുടെ മരണത്തിനു ശേഷം ആയിരുന്നുവെന്നു മാത്രം. അന്ന് പാർട്ടി ചെയർമാൻ സ്ഥാനത്തിൽ തുടങ്ങിയ പോര് പിന്നീട് പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിറുത്തുന്നത് സംബന്ധിച്ചും പാർട്ടി ചിഹ്നമായ രണ്ടില സംബന്ധിച്ചും ഏറ്റവും ഒടുവിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവെക്കുന്നതിനെ സംബന്ധിച്ചും ആയെന്നു മാത്രം.കെ എം മാണിയുടെ മരണത്തെ തുടർന്ന് നടന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ തോറ്റത് ജോസ് കെ മാണിയുടെ സ്ഥാനാർഥി ആയിരുന്നെങ്കിലും ഫലത്തിൽ തോൽവി സംഭവിച്ചത് യു ഡി എഫിനായിരുന്നു. പാലാ തോൽവിക്ക് ശേഷവും ചക്കളത്തിൽ പോരാട്ടം തുടരുന്ന ജോസ് - ജോസഫ് വിഭാഗങ്ങളെ അനുനയിപ്പിച്ചു കൊണ്ട് പോകാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഒരു കടുത്ത തീരുമാനത്തിന് യു ഡി എഫ് നേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ജോസഫ് വിഭാഗത്തെ അപേക്ഷിച്ചു കൂടുതൽ അണികളും നേതാക്കളും ഉള്ള ജോസ് പക്ഷം പുറത്തേക്കു പോകുമ്പോൾ അതുണ്ടാക്കാനിടയുള്ള ക്ഷീണം അത്ര ചെറുതൊന്നും ആയിരിക്കില്ല എന്നത് യു ഡി എഫ് നേതൃത്വവും തിരിച്ചറിയായ്കയല്ല. എന്നുകരുതി ഒപ്പം നിൽക്കുന്നവെന്നു പറയുമ്പോഴും മുന്നണി തീരുമാനങ്ങൾക്കു പുല്ലു വില കൽപ്പിക്കുന്ന ഒരു വിഭാഗത്തെ എത്രകാലം കൂടെ പൊറുപ്പിക്കും എന്നതും ഒരു വലിയ പ്രശ്നം തന്നെയാണ്.യു ഡി എഫിൽ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗം ഇനി എങ്ങോട്ടു എന്നതാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിൽ നടക്കുന്നത് അധികാര തർക്കം മാത്രമാണെന്നും അതല്ലാതെ ഇരു വിഭാഗങ്ങൾക്കും യു ഡി എഫിൽ നിന്നും വിഭിന്നമായ രാഷ്ട്രീയ നിലപാട് ഇല്ലെന്നും ആണ് ഏഷ്യാനെറ്റിന് നൽകിയ ഒരു അഭിമുഖത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്. കോടിയേരി ഇത് പറയുന്ന വേളയിൽ ജോസ് വിഭാഗത്തെ യു ഡി എഫ് പുറത്താക്കിയിരുന്നില്ല എന്നതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസ്തുത നിലപാടിൽ മാറ്റം വന്നു കൂടായ്കയില്ല. സി പി ഐ യിൽ നിന്നുള്ള എതിർപ്പാണ് ജോസ് പക്ഷത്തെ സ്വീകരിക്കുന്നതിന് മുന്നിലുള്ള വിലങ്ങു തടി. ഒന്നുകിൽ ജോസോ അല്ലെങ്കിൽ ജോസഫോ എൽ ഡി എഫിലേക്കു എന്ന സംസാരം ഉയർന്ന വേളയിൽ തന്നെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇക്കാര്യത്തിൽ തങ്ങൾക്കുള്ള എതിർപ്പ് പരസ്യമാക്കിയിരുന്നതുമാണ്. ജോസ് കെ മാണി വിഭാഗത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ എൻ ഡി എ തയ്യാറാണെന്ന് പുറത്താക്കൽ തീരുമാനം വന്നയുടൻ തന്നെ ബി ജെ പി നേതാവ് പി കെ കൃഷ്ണ ദാസ് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ ഇടതു, വലതു എന്നതിന്റെ ഒക്കെ പ്രസക്തി നഷ്ട്ടമായിരിക്കുന്നുവെന്നും എൻ ഡി എ കൂടുതൽ കരുത്തു ആർജ്ജിക്കുന്നു എന്നൊക്കെ കൃഷ്ണ ദാസ് അവകാശപ്പെടുന്നുണ്ടെങ്കിലും ആ ചൂണ്ടയിൽ ജോസ് കെ മാണി കൊത്തുമോ എന്നു പറയാറായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ എങ്ങനെയെങ്കിലും എൽ ഡി എഫിൽ കയറിക്കൂടാനാവും ജോസ് കെ മാണിയുടെ ശ്രമം.(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories