TopTop
Begin typing your search above and press return to search.

നെഗറ്റീവ് പബ്ലിസിറ്റിയാണ് ഏറ്റവും വലിയ പബ്ലിസിറ്റി എന്ന തിരിച്ചറിവിൽ ഉമ്മന്‍ ചാണ്ടി മാത്രം ഇതെല്ലാം കണ്ട് ചിരിച്ചു നിൽക്കുന്നു

നെഗറ്റീവ് പബ്ലിസിറ്റിയാണ് ഏറ്റവും വലിയ പബ്ലിസിറ്റി എന്ന തിരിച്ചറിവിൽ ഉമ്മന്‍ ചാണ്ടി മാത്രം ഇതെല്ലാം കണ്ട് ചിരിച്ചു നിൽക്കുന്നു

കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തെ സംസ്ഥാന നിയമസഭയിൽ പ്രതിനിധീകരിക്കാൻ ഉമ്മൻ ചാണ്ടി ആരംഭിച്ചിട്ട് അരനൂറ്റാണ്ട് പൂർത്തിയായപ്പോൾ അത് സമുചിതമായി ആഘോഷിച്ചത് പ്രധാനമായും രണ്ട് കൂട്ടരാണ്. അതിശയ കഥകളൂം അപദാനങ്ങളും അപാരമായ വാഴ്ത്തുക്കളുമായി ഒരു വശത്ത് മനോരമയും മാതൃഭൂമിയും മുതൽ മാധ്യമം വരെ എത്തുന്ന കുത്തക മൂരാച്ചി ഇടതുവിരുദ്ധ പത്രങ്ങൾ. മറുവശത്ത് അവർ എഴുതിയ ഓരോ വീരകഥയും ട്രോളും പരിഹാസവും പുച്ഛവും മേമ്പൊടിയും സമാസമം ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സിപിഎം അനുഭാവികൾ എന്നവകാശപ്പെടുന്ന സൈബർ ഗുണ്ടകൾ. ഗുണ്ടകൾക്ക് ചെറിയൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നിരിക്കണം. തങ്ങളുടെ മുഖ്യശത്രു ഉമ്മൻ ചാണ്ടി ആണോ അതോ മാധ്യമങ്ങളാണോ എന്നത്. എന്തായാലും ഉമ്മൻ ചാണ്ടിയെപ്പറ്റി, മാധ്യമങ്ങള്‍ എഴുതിക്കൂട്ടിയ വില്ലാളി വീരൻ വീരമണികണ്ഠൻ കഥകളെ ഇകഴ്ത്തി തുടർച്ചയായി സൈബർ ആക്രമണം നടത്തി മാധ്യമങ്ങളോടുള്ള അരിശം ഗുണ്ടകൾ തീർത്തു കൊണ്ടിരിക്കുന്നു. നെഗറ്റീവ് പബ്ലിസിറ്റിയാണ് ഏറ്റവും വലിയ പബ്ലിസിറ്റി എന്ന തിരിച്ചറിവിൽ ചാണ്ടിയാർ മാത്രം ഇതെല്ലാം വീക്ഷിച്ചു കൊണ്ട് നിൽക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും സോളാർ കേസ് ഉണ്ടാക്കിയ അപമാനങ്ങളുമായി സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ഏറെ അകന്ന് ആന്ധ്രയിലെ രേഖകളിൽ മാത്രം അവശേഷിക്കുന്ന കോൺഗ്രസ്സ് യൂണിറ്റിന്റെ ചുമതലകളുമായി പോയ ഉമ്മൻ ചാണ്ടി കേവലം രണ്ടാഴ്ചകൾ കൊണ്ട് കേരളത്തിന്റെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്നായി മാറിയത് തീർച്ചയായും മാധ്യമങ്ങളുടെയും സൈബർ ഗുണ്ടകളുടെയും സ്‌നേഹവും പരിലാളനങ്ങളും കൊണ്ട് മാത്രമാണ്. അതും ചെറിയ സമയം ഒന്നുമല്ല. നാടുമൊത്തം കൊറോണ ഉണ്ടാക്കിയ ഭയത്തിലും അരക്ഷിതത്വത്തിലും മുഴുകിയിരിക്കുന്നു. സ്വപ്നയും ശിവശങ്കറും കോൺസുലേറ്റും വി മുരളീധരനും ഒക്കെ ചേരുന്ന മുഴുനീള ആക്ഷൻ ത്രില്ലർ സംസ്ഥാനം മുഴുവൻ നിറഞ്ഞാടുന്നു. കോൺഗ്രസ്സുകാർ ഒരുക്കിയ അമ്പതാം വാർഷിക പരിപാടി എൻഐഎയും കെ ടി ജലീലും വി ടി ബൽറാമും ഒലിവുയാത്രയുടെ രാഷ്ട്രീയവും മഷി കുപ്പിയുടെ മാഹാത്മ്യവും എല്ലാം ചേർന്ന് നിക്ഷ്പ്രഭമാക്കുന്നു. എന്നിട്ടും ഉമ്മൻ ചാണ്ടി താരമായി തന്നെ കേരളത്തിൽ നിറഞ്ഞു നിൽക്കുന്നു.

സൈബർ ഗുണ്ടകൾ പറയുന്നത് പ്രകാരം ഉമ്മൻ ചാണ്ടിയെപ്പോലെ മോശം ആയിട്ടുള്ള ഒരു പൊതുപ്രവർത്തകൻ കേരളത്തിൽ ഉണ്ടായിട്ടില്ല. അവരുടെ ആക്രമണം കണ്ടു മനം മടുത്താകണം മുഖ്യമന്ത്രി സാക്ഷാൽ പിണറായി വിജയൻ തന്നെ ചാണ്ടി മാഹാത്മ്യം മാധ്യമങ്ങളുമായി പങ്കുവയ്ക്കാൻ മുന്നോട്ടു വന്നത്. ചാണ്ടിയുടെ അരനൂറ്റാണ്ട് പരിപാടിയിൽ ഓൺലൈൻ ആയി ആശംസകൾ നേർന്നവരിൽ കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനുമുണ്ടായിരുന്നു എന്നതും ഗുണ്ടകൾക്ക് വലിയൊരു ക്ഷീണം ആകാം.

അരനൂറ്റാണ്ടിന്റെ ഈ അവസരത്തിൽ ഉമ്മൻ ചാണ്ടിയെ പ്രശംസിക്കുകയോ ഇകഴ്ത്തുകയോ ചെയ്യാത്ത ഒരേയൊരു ആൾ മാത്രമേ ഒരുപക്ഷെ കേരളക്കരയിൽ ഉണ്ടാകൂ. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. ആഘോഷപരിപാടികളുടെ ഒരു വേദിയിയിലും നാളിതുവരെ അദ്ദേഹം വന്നിട്ടില്ല. പത്രങ്ങൾ മത്സരിച്ചു പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലും സുധീരന്റെ അനുഭവങ്ങൾ ഉണ്ടായിരുന്നില്ല.

എന്നാൽ കെപിസിസി അധ്യക്ഷനായി താൻ നിയമിതനായ ശേഷം ആദ്യമായി ഉമ്മൻ ചാണ്ടിയെ കണ്ടപ്പോൾ എന്തെങ്കിലും ഒന്ന് മിണ്ടുക പോലും ചെയ്യാനാകാത്ത വിധം അദ്ദേഹം അസ്വസ്ഥനായിരുന്നു എന്ന് സുധീരൻ തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. കേരളത്തിലെ മദ്യപാനികളുടെ സമീപകാല ചരിത്രം എടുത്താൽ ലോക്ഡൗണിനു മുൻപ് വലിയ ഒരു മദ്യപ്രതിസന്ധി ഉണ്ടാക്കിയത് ഉമ്മൻ ചാണ്ടിയും സുധീരനും തമ്മിലുള്ള പ്രശനങ്ങളായിരുന്നു. രണ്ടു വ്യക്തികൾക്കിടയിലെ തർക്കം പാർട്ടിയെയും മുന്നണിയെയും സർക്കാരിന്റെ സൽപ്പേരിനെയും ബാധിക്കുന്ന നിലയിൽ വളർന്നെന്നു മാത്രമല്ല, കെ.എം മാണിയെ കോഴ മാണി എന്ന വിളിപ്പേരിന് യോഗ്യനാക്കുക വരെ ചെയ്തു. അന്നത്തെ പടലപ്പിണക്കങ്ങൾ കേരളത്തിലെ കോൺഗ്രസ്സ് രാഷ്ട്രീയത്തെ എവിടെ എത്തിച്ചു എന്നതും അപദാന കഥകളിൽ കാണാൻ ഉണ്ടാകില്ല.

എന്ത് തന്നെ ആയാലും അരനൂറ്റാണ്ടായി ഉമ്മൻ ചാണ്ടി കേരളത്തിലെ ഏറ്റവും വലിയ അത്ഭുത പ്രതിഭാസമാണ്. തീർന്നു എന്ന് എല്ലാവരും കരുതുന്ന സമയത്ത് അദ്ദേഹം അത്ഭുതകരമായി പൊന്തി വരും. ഇകഴ്ത്തലുകളും അപമാനിക്കലുകളും ഇന്ധനമായി കണ്ട് ഉയർന്നു വരും. നീണ്ടകാലത്തെ പ്രതിയോഗികൾ ആയിരുന്ന കരുണാകരനും മകൻ മുരളീധരനും പോലും കഴിയാതിരുന്നത്.

സോളാർ കേസിൽ സ്വയം കുഴിച്ച കുഴികളും സ്വയം നിയമിച്ച അന്വേഷണ കമീഷന്റെ സാഹസങ്ങളും കഴിഞ്ഞ് പ്രത്യേക നിയമസഭാ സമ്മേളനം പോലും വിളിച്ചു ചേർക്കപ്പെട്ടത് ഉമ്മൻ ചാണ്ടി വധം ബാലെ എന്ന നിലയിലായിരുന്നു. വീട്ടിലെ കുട്ടികളേയും സ്ത്രീകളെയും പ്രായം ചെന്നവരെയും ടിവിയുടെ മുന്നിൽ നിന്നും മാറ്റിയിരുത്തി സോളാർ നിയമസഭാ സമ്മേളന റിപ്പോർട്ടുകൾ കണ്ടാൽ മതിയെന്ന് കൈരളി ചാനൽ മുന്നറിയിപ്പ് നൽകുമ്പോഴും ചാണ്ടിയാർ ശാന്തനായിരുന്നു. നാലുകൊല്ലം പോലീസിനെയും വിജിലൻസിനെയും ഉപയോഗിച്ച് ഏതു തരം അന്വേഷണവും ശിക്ഷയും ഉറപ്പാക്കാമായിരുന്ന പിണറായി സർക്കാർ അത് ചെയ്യാതെ ഇപ്പോഴും സോളാർ സോളാർ എന്നാർക്കുമ്പോഴും, ഉമ്മൻ ചാണ്ടി അതെല്ലാം തിരിച്ചുവരവുകളുടെ വഴിയായി കാണുന്നു എന്നതും പുതിയ കാലത്തെ രാഷ്ട്രീയമാകാം.

സോളാറിനേയും ബാർ കോഴയേയുംക്കാളുമുപരി ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ സർക്കാരും വിമര്‍ശിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യേണ്ടിയിരുന്നത് വിഴിഞ്ഞം തുറമുഖ നിർമ്മാണം അദാനിയെ ഏൽപ്പിച്ചതിനും അതുവഴി തീരം കടലെടുത്ത് ഇന്നും മത്സ്യത്തൊഴിലാളികളും തീരദേശ പരിസ്ഥിതിയും കൊടും വെല്ലുവിളികൾ നേരിടേണ്ടി വരുന്നതും സംബന്ധിച്ചായിരുന്നു. പിണറായി വിജയൻ ആരോപിച്ചതനുസരിച്ച് അയ്യായിരം കോടി രൂപയുടെ അഴിമതി. എന്നാൽ നരേന്ദ്ര മോദിയുടെ സംഘമിത്രം അദാനിക്ക് വേണ്ടി ഉമ്മൻ ചാണ്ടി കൊണ്ട് വന്ന പദ്ധതി പിണറായി സർക്കാർ പ്രവർത്തികമാക്കുമ്പോഴും ഉമ്മൻ ചാണ്ടി മാറി നിന്ന് ചിരിക്കുന്നുണ്ട്. പാറ്റൂർ ഭൂമിയിടപാടും കളമശ്ശേരി ഭൂമി തട്ടിപ്പും വി.എസ് അച്യുതാനന്ദൻ സർക്കാർ കൊണ്ടുവന്ന നെൽവയൽ-തണ്ണീർതട നിയമത്തിൽ വെള്ളം ചേർക്കലും എല്ലാമായി അത്ര രസമുള്ളതൊന്നും ആയിരുന്നില്ല ഉമ്മൻ ചാണ്ടിയുടെ ഭരണകാലം. വർഗ സമരങ്ങൾ വിട്ട് വർഗ സഹകരണങ്ങളിലേക്ക് എതിർപക്ഷം വന്നപ്പോൾ അവിടെയും യോജിപ്പിന്റെ വഴിയിൽ അദ്ദേഹം ഉണ്ടായിരുന്നു. ഭൂരിപക്ഷ വർഗീയതയോട് നാമമാത്രമായ എതിർപ്പ് പോലും പലപ്പോഴും കാട്ടിയിട്ടില്ല.

കോൺഗ്രസ്സ് ആശയങ്ങളെ പോലും ഉയർത്തിക്കാണിക്കാതെ തന്റെ ആശയസംഹിതകൾ ജനങ്ങളാണ് എന്നും പുസ്തകം വായിക്കാത്ത തനിക്കു വായന തന്നെ ജനങ്ങളാണ് എന്നുമെല്ലാം പരത്തി പറയുകയാണ് അദ്ദേഹം ചെയ്തത്. എത്ര നാണംകെട്ടാലും നാണം കെടുത്തിയാലും കസേര വിട്ട് ഇറങ്ങില്ല എന്ന് പറഞ്ഞ കേരള ചരിത്രത്തിലെ ആദ്യത്തെ ഭരണാധികാരിയായി അദ്ദേഹം മാറിയതും ഈയൊരു കാലഘട്ടത്തിൽ തന്നെയായിരുന്നു.

എവിടെയാണ് ഉമ്മൻ ചാണ്ടിയുടെ പ്രസക്തിയും പ്രധാന്യവും എന്ന് ചോദിച്ചാൽ അത് വ്യത്യസ്ത ധാരകളെയും വിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ടുപോകുന്നതിലാണ്. മലയാള മനോരമയുടെ ബാലജന സഖ്യവും ഓർത്തഡോക്സ് സഭയും വളർത്തിക്കൊണ്ടു വന്ന ഉമ്മൻ ചാണ്ടി പലപ്പോഴും യാക്കോബായ സഭക്കാർക്കു പോലും താത്പര്യമുള്ള ആളായി മാറിയത്, കോട്ടയത്തിനു സഹജമായ വിട്ടാൽ ചുരുങ്ങുകയും വലിച്ചാൽ വലിയുകയും ചെയ്യുന്ന റബ്ബറിന്റെ രാഷ്ട്രീയം ഉൾക്കൊള്ളുന്നത് കൊണ്ടാകാം. നീണ്ട കാലങ്ങളിൽ എ.കെ ആന്റണി ഗ്രൂപ്പിന്റെ സാമ്പത്തിക സ്രോതസും തന്ത്രജ്ഞനും കൗടില്യനും ആയിരുന്നപ്പോൾ തന്നെ കരുണാകരനുമായി ഒരു പാച്ചു-കോവാലൻ ബന്ധം നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തന്നെ ഒതുക്കുന്നതിലും അടിച്ചിരുത്തുന്നതിലും വലിയ പങ്കുവഹിച്ച ചാണ്ടിയാണ് തന്റെ നേതാവ് എന്ന് മുരളീധരനെക്കൊണ്ട് തന്നെ പറയിച്ച കഴിവും അദ്ദേഹത്തിനുണ്ട്.

കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ ഒരണ വിമോചന സമരകാലം മുതൽ കേരളത്തിലെ വിദ്യാർത്ഥി യുവജന മുന്നേറ്റങ്ങളെ അങ്ങേയറ്റം പ്രതിലോമപരമായി സ്വാധീനിച്ചു എന്നത് ഉമ്മൻ ചാണ്ടി മാത്രമായി ഏറ്റെടുക്കേണ്ടതല്ല; മറിച്ച് വയലാർ രവിയും എ.കെ ആന്റണിയുമായി പങ്കുവയ്‌ക്കേണ്ടതുമാണ്. എം.എ ജോൺ മുതൽ കോൺഗ്രസ്സിൽ ഒതുക്കലിനും പുറത്തിരുത്തലിനും വിധേയരാകേണ്ടി വന്നവരുടെ പട്ടികയും വലുതാണ്. വലിയ ഭരണപാടവം ഒന്നുമില്ലെങ്കിലും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആകുന്നത് വരെയുള്ള കാലത്ത് വലിയ പൊതുസ്വീകാര്യത നിലനിർത്തി. തൊഴിൽ മന്ത്രിയും ധനമന്ത്രിയും എന്ന നിലകളിൽ പലപ്പോഴും വിവാദങ്ങളിലേക്ക് പോകാതെ നിലനിന്നു.

കരുണാകരനെ താഴെയിറക്കാൻ മുന്നണിയുടെ ഉള്ളിൽ ചാരക്കേസ് അടക്കം ഉപയോഗിച്ച് കരുനീക്കുമ്പോൾ ആണ് ഉമ്മൻ ചാണ്ടി ആന്റണിയുടെ നിഴലിൽ നിന്നും പുറത്ത് വരുന്നത്. എങ്കിലും കരുണാകരൻ രാജി വച്ച ഒഴിവിൽ ഡൽഹിയിൽ നിന്നും പ്രത്യേക വിമാനത്തിൽ വന്ന് ആന്റണി മുഖ്യമന്ത്രി ആയിടത്തു നിന്നാണ് പുതിയ ഉമ്മൻ ചാണ്ടിയുടെ ആരംഭം കുറിക്കുന്നത്.

ത്യാഗത്തിന്റെയും കരുണയുടെയും കഥകളും ഉപകഥകളും കൊണ്ട് മാധ്യമങ്ങൾ ഉമ്മൻ ചാണ്ടിയെ ജനഹൃദയങ്ങളിലേക്കു ഇറക്കി കൊണ്ട് വന്നു. കഥയെഴുത്തുകാർ മനോരമയുടെ അപ്പുറം മറ്റു പത്രങ്ങളിലേക്കും നീണ്ടു. സ്വതസിദ്ധമായ സൗമ്യതയും ചിരിയും ശാന്തതയും കൂടിയായപ്പോൾ ഉമ്മൻ ചാണ്ടി മുഖ്യധാരാ സമൂഹത്തിൽ പ്രിയപ്പെട്ടവനായി.

ഏറെ സ്വകാര്യതകൾ ഇല്ലാത്ത നേതാവെന്ന നിലയിലും ആർക്കും സമീപസ്ഥനായ നേതാവ് എന്ന നിലയിലും തന്നെയാണ് ഉമ്മൻ ചാണ്ടി ജനങ്ങൾക്കിടയിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. സ്വന്തം മണ്ഡലത്തിലും പുറത്തും നിലനിർത്തുന്ന രാഷ്ട്രീയാതീതമായ സ്വാധീനത്തിനു പിന്നിലും അത് തന്നെയാണ്. എല്ലാ പ്രതിലോമതകൾക്കും ആധികാരികത നല്കുന്നതിനിടയിലും ജനസമ്പർക്കവും മാന്യമാ യ പെരുമാറ്റവും കൊണ്ട് അവയെ എല്ലാം മറച്ചു പിടിച്ചു.

ഒരർത്ഥത്തിൽ ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ സാദ്ധ്യതകൾ വൈകി മാത്രമാണ് നാടിനു വേറിട്ട് കാണാനായത്. നീണ്ടകാലം അത് ആന്റണിയുടെ രാഷ്ട്രീയ താത്പര്യങ്ങളും നിലപാടുകളുമായി അഭേദ്യം ബന്ധപ്പെട്ടു കിടന്നു. ആന്റണിയുടെ അനുയായിയും നിഴലും എന്നതിൽ നിന്നും അദ്ദേഹം പുറത്തു വരുന്നത് ഒരുപാട് വൈകി മാത്രമാണ്. മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ അദ്ദേഹം കോൺഗ്രസിന്റെ മുഖ്യമന്ത്രി എന്നതിനേക്കാൾ മുസ്ളീം ലീഗിന്റെയും കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെയും മുഖ്യമന്ത്രി ആയിരുന്നു. അഞ്ചാം മന്ത്രി തുടങ്ങിയ പാണക്കാട്ടെ വാശികൾക്ക് കീഴടങ്ങിയിടത്താണ് ഉമ്മൻ ചാണ്ടിയുടെ തകർച്ച തുടങ്ങുന്നതും. സ്വന്തം പാർട്ടിയിൽ സുധീരനെയും മുരളീധരനെയും ഒതുക്കുക മാത്രമല്ല, രമേശ് ചെന്നിത്തലയെ സുകുമാരൻ നായരുടെ ഇടപെടലിൽ ഉയർന്നു വന്ന ഒരു നായർ നേതാവായി ചുരുക്കാനും ഉമ്മൻ ചാണ്ടിയുടെ കൗശലങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്.

സംഘടനാപരമായും രാഷ്ട്രീയമായും കോൺഗ്രസ് നേരിടുന്ന പല തകർച്ചകളിലും ഉമ്മൻ ചാണ്ടിക്ക് ഉത്തരവാദിത്തമുണ്ട്. എന്നിരിക്കിലും സംസ്ഥാന കോൺഗ്രസിലെ ഏറ്റവും ജനപ്രിയനും സ്വീകാര്യനുമായി അദ്ദേഹം തുടരുകയുമാണ്. രാഷ്‌ടീയം സാധ്യതകളുടെ കലയാകുമ്പോൾ അതിലെ പ്രധാന കഥാപാത്രമാണ് ഉമ്മൻ ചാണ്ടി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ.എ ഷാജി

കെ.എ ഷാജി

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories