TopTop
Begin typing your search above and press return to search.

ഇന്ത്യൻ മുസ്ലിമിന്റെ പ്രശ്നങ്ങൾക്ക് ഉവൈസിമാർ പരിഹാരമോ?

ഇന്ത്യൻ മുസ്ലിമിന്റെ പ്രശ്നങ്ങൾക്ക് ഉവൈസിമാർ പരിഹാരമോ?

പാർലമെന്റിലെ പ്രതിപക്ഷ ശബ്ദങ്ങളിൽ ശ്രദ്ധേയമാണ് അസദുദ്ദീൻ ഉവൈസി. മുത്തലാഖ് നിരോധനം, സാമ്പത്തിക പിന്നോക്ക വിഭാഗ സംവരണം, പൗരത്വ ഭേദഗതി തുടങ്ങിയ നിയമങ്ങളുടെ ബില്ലുകളുടെ മേൽ ഉയർന്ന പാർലമെന്റ് സംവാദങ്ങളിലെ ഉവൈസിയുടെ പ്രസംഗം നേടിയ കൈയടി ചെറുതൊന്നുമല്ല. വാട്ട്സ്അപ്പ് സ്റ്റാറ്റസുകളിലും ഗ്രൂപ്പ് ചർച്ചകളിലും ഉവൈസിയുടെ ശബ്ദങ്ങൾ ഹൈലൈറ്റ് ചെയ്യപ്പെട്ടു. അടുത്ത കാലങ്ങളിൽ മലയാളികൾക്കിടയിലും ഉവൈസി അംഗീകാരം നേടിത്തുടങ്ങി. ന്യൂനപക്ഷ ശബ്ദങ്ങളുടെ പ്രതിനിധാനം കൂടിയാവുമ്പോൾ മുസ്ലിംകൾക്കിടയിൽ വിശേഷിച്ചും അയാൾ സ്വീകാര്യനാകും. സംഘ് പരിവാറിനെതിരെ ഘോരമായി ശബ്ദിക്കാൻ ഉവൈസിക്കാവും. അവരുടെ ഓരോ നീക്കങ്ങളെയും പാർലമെന്റിൽ ജനാധിപത്യ മതേതര മൂല്യങ്ങളുടെ വെളിച്ചത്തിൽ ഇഴകീറി പരിശോധിക്കാനും മറുപടി നൽകാനും ഉവൈസിക്ക് കഴിയുന്നു. ഒരു നിയമജ്ഞൻ കൂടിയാണ് ഉവൈസി. തീർച്ചയായും ഉവൈസിയുടെ ശബ്ദങ്ങൾക്ക് കൈയടി നൽകണം. പോത്സാഹിപ്പിക്കണം, പക്ഷേ ഒന്നുണ്ട്; അത് ഉവൈസിയുടെ പാർട്ടി രാഷ്ട്രീയത്തെ വളർത്താനുള്ള അജണ്ടയായി മാറരുത്. മുസ്ലിം സ്വത്വരാഷ്ട്രീയമാണ് ഹൈദരാബാദിൽ വളർന്ന ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസേ ഇത്തിഹാദുൽ മുസ്ലിമീൻ (AIMIM) മുന്നോട്ടു വെക്കുന്നത്. അതുകൊണ്ട് തന്നെ പ്രായോഗിക രാഷ്ട്രീയത്തിൽ ജനാധിപത്യ രീതിശാസ്ത്രം ഉവൈസിയുടെ പാർട്ടിയിൽ നിന്ന് അകലം പാലിക്കും. മതാടിസ്ഥാനത്തിൽ ജനസംഖ്യാപരമായ അളവുകോലുകളെ ആശ്രയിച്ചായിരിക്കും അതിന്റെ വളർച്ച. മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ പച്ച പിടിക്കുമ്പോൾ തന്നെ ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ ഭൂരിപക്ഷ വർഗീയ രാഷ്ട്രീയത്തിന് വളമായിത്തീരാനുള്ള ഇരുതല മൂർച്ചയുണ്ട് അതിന്. അതു തന്നെയാണ് അത്തരം പാർട്ടികൾ ഘടനാപരമായി ഉയർത്തുന്ന വെല്ലുവിളി. അത്തരം വെല്ലുവിളിയുടെ ശക്തി അടയാളപ്പെട്ടപ്പോഴാണ് ഈ രാഷ്ട്രം 1947 ലെ ഒരു അർദ്ധരാത്രിയിൽ രണ്ടായി പകുത്തപ്പെട്ടത് എന്നത് ചരിത്ര സത്യം. മലയാളി ന്യൂനപക്ഷങ്ങളോടാണ് എനിക്ക് പറയാനുള്ളത്, അതായത് ഉവൈസിയെ തോളിലേറ്റി സമകാലിക ഇന്ത്യൻ രാഷ്ട്രീയം നേരിടുന്ന ഭൂരിപക്ഷ വർഗീയ വെല്ലുവിളികളെ ശക്തമായ ന്യൂനപക്ഷ രാഷ്ട്രീയം മുന്നോട്ടുവെച്ച് ചെറുക്കാം എന്നു കൊതിക്കുന്ന നിസ്സാര പൊതുബോധം ചെലവഴിക്കുന്നവരോട്. ഉവൈസി സംഭവമാണ്; അയാളുടെ തീപ്പൊരി വാക്കുകൾക്ക് എതിരാളിയുടെ ഗൂഢതന്ത്രങ്ങളെ പുകപ്പിക്കാൻ കഴിയുന്നുണ്ട്. പക്ഷേ ഉവൈസിയുടെ രാഷ്ട്രീയത്തിന് ഇന്ത്യയെ സമകാലിക പ്രതിസന്ധികളിൽ നിന്ന് എത്രത്തോളം മോചിപ്പിക്കാനാവുമെന്നാണ് ചിന്തിക്കേണ്ടത്. അതായത് താൽക്കാലിക ശമനത്തേക്കാൾ ദീർഘകാല നേട്ടങ്ങളാവണം രാഷ്ട്ര നന്മയിൽ മുന്നിൽ കാണേണ്ടത്. ഉവൈസിമാർ ഇന്ത്യയൊട്ടാകെ ജനിക്കണമെന്ന അന്തക്കേട് വിളമ്പുന്നതും ഉവൈസിയുടെ പാർട്ടി കേരളത്തിൽ മുളച്ചു പൊന്തണമെന്നുള്ള വിവരക്കേടുകൾ ഷെയർ ചെയ്യുന്നതും അങ്ങേയറ്റം അവജ്ഞയോടെയേ കാണാൻ കഴിയൂ. അത്തരക്കാരുടെ ആഗ്രഹങ്ങൾ നിറവേറ്റപ്പെടുന്നത് വിഭജിത ചേരികളുടെ മത്സരങ്ങൾ അരങ്ങേറുന്ന ഭൂമിയായി ഈ രാഷ്ട്രത്തെ തുരുത്തുകളാക്കി മുറിച്ചു കീറുന്നതിലായിരിക്കും. അതിൽ നശിക്കുന്നത് ജനാധിപത്യത്തിന്റെ ആത്മാവായ മതേതരത്വമാണ്. അത് ഇന്ത്യയുടെ നിലവിലെ അവസ്ഥയെ കൂടുതൽ രൂക്ഷമാക്കുകയേയുള്ളൂ. അതിനാൽ ഉവൈസിയെ പുണർന്നുള്ള പ്രായോഗിക രാഷ്ട്രീയം ആഗ്രഹിക്കുന്നവർ ചെലവഴിക്കുന്ന ഊർജ്ജം മതസ്പർധയുടെ ചാരത്തിൽ നിന്നെഴുന്നേറ്റ ഒരു രാഷ്ട്രത്തിന്റെ ജനസംഖ്യാനില പ്രതിയുള്ള അജ്ഞതയിൽ നിന്നും താൽക്കാലിക ശമന പ്രാപ്തിയുള്ള വൈകാരിക തള്ളിച്ചയുടേതുമാണ്. അജയ്യനായ രാഷ്ട്രീയ നേതാവിന്റെ അഭാവമാണോ ഇന്ത്യൻ മുസ്ലിംകൾ നേരിടുന്ന പ്രശ്നം. അങ്ങനെ ഒരു നേതാവായി ജിന്ന അവതരിച്ചപ്പോഴാണ് പാക്കിസ്ഥാൻ ഉദയം കൊണ്ടത്. അതുകൊണ്ട് തന്നെ ഉവൈസിയെ ന്യൂനപക്ഷ രാഷ്ടീയത്തിന്റെ പതാക വാഹകനാക്കി മുന്നോട്ടു നീങ്ങാനുള്ള ആലോചനകൾ വിഡ്ഢിത്തവും വിനാശകരവുമാണ്. ഉവൈസിക്ക് പകരം മറ്റാരുമായാലും. വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുന്നേ ചില ചോദ്യങ്ങൾക്ക് ഉത്തരം തേടേണ്ടിയിരിക്കുന്നു. ദലിത് രാഷ്ട്രീയമോ ഇതര സാമുദായിക രാഷ്ട്രീയങ്ങളോ ഉയർത്തുന്ന സ്വത്വരാഷ്ട്രീയ സമീപനത്തിലെ പ്രതിനിധാന കാഴ്ച്ചപ്പാടുകളോട് മുസ്ലിം രാഷട്രീയത്തെ തുലനപ്പെടുത്താൻ കഴിയുമോ. അംബേദ്ക്കറുടെ കാഴ്ച്ചപ്പാടുകൾക്ക് -"രാഷ്ടീയ സ്വാതന്ത്ര്യം മുഖേന സാമ്പത്തിക സാമൂഹിക സ്വാതന്ത്ര്യം " - സമകാലിക ന്യൂനപക്ഷ സമസ്യകളെ അഭിമുഖീകരിക്കാനാവുമോ. വർഗീയതയും ജാതീയതയും ഒരേ തുലാസിൽ തൂങ്ങുമോ? പ്രാഥമികമായി മനസ്സിലാക്കേണ്ടിയിരിക്കുന്നത് മുസ്ലിംകൾ നേരിടുന്ന വെല്ലുവിളികൾ (അവരുടെ സാമൂഹിക സ്ഥിതി വളരെ ശോചനീയമാണെന്നു സമ്മതിക്കവെ തന്നെ) അവർണ്ണ ഹിന്ദു സമുദായങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ജാതീയത അടിസ്ഥാനമാക്കുന്ന മനുഷ്യ വിരുദ്ധമായ വർണ്ണബോധം മുസ്ലിംകൾക്കെതിരെ പുലർത്തപ്പെടുന്നില്ല. വിശ്വാസപരമായി അസ്പൃശ്യത കൽപിക്കുന്നില്ല. പക്ഷേ മുസ്ലിംകളെ അകറ്റുക എന്ന ആവശ്യം പേറുന്നത് അധികാര താൽപ്പര്യമാണ്. അതായത്, ജാതീയ വിവേചനം കൊണ്ട് അവർണ്ണരുടെ മേൽ നേടിയെടുക്കുന്ന മേൽക്കോയ്മ മുസ്ലിംകളുടെ മേൽ സാധൂകരിക്കുന്നതിലെ പ്രത്യയശാസ്ത്രപരമായ പരാജയം സൃഷ്ടിച്ച ഇഛാഭംഗവും സമാന്തര അധികാര ധാരയായി വളരാനുള്ള മുസ്ലിം സമുദായത്തിന്റെ ഘടനാപരമായ സാധ്യതകളും സവർണ്ണ അധികാര ശക്തികളിൽ സൃഷ്ടിച്ച കുടിലമായ വിദ്വേഷവും വെറുപ്പുമാണ് ഇന്ത്യൻ മുസ്ലിംകളെ ശത്രുക്കളാക്കി മാറ്റുന്നതിൽ ചരിത്രപരമായി മുൻപന്തിയിൽ നിന്നത്. മുസ്ലിംകൾ അധികാര ഹീനരും സാമൂഹികമായി ദുർബ്ബലരും ആയാലും (ഹിന്ദു ഐക്യമെന്ന വ്യാജചമയത്തിനകത്ത് ) മുസ്ലിം വിരുദ്ധത ഊതിവീർപ്പിച്ചു കൊണ്ടിരിക്കൽ അവരുടെ നിലനിൽപ്പിന്റെ ഭാഗമായി മാറി. നുണപ്രചരണങ്ങളും വ്യാജ ചരിത്രവ്യാഖ്യാനങ്ങളും അപര വിദ്വേഷവും കൊണ്ട് പൊതുബോധത്തിൽ വാർപ്പുകൾ പണിത് ഇന്നും അത് അനുസ്യൂതം തുടർന്നുകൊണ്ടേയിരിക്കുന്നു. ഇന്ന് ഇന്ത്യൻ മുസ്ലിം നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പല കാരണങ്ങളാൽ വന്നു ചേർന്നതാണ്. അത് രാഷ്ടീയ പ്രതിനിധാനത്തിന്റെ അഭാവം കൊണ്ട് വന്ന് ചേർന്നതുമല്ല, രാഷ്ടീയ പ്രതിനിധാനം കൊണ്ട് മാത്രം പരിഹരിക്കാനാവുന്നതുമല്ല. അധികാര സിരാ കേന്ദ്രങ്ങളിൽ മുസ്ലിം പ്രാതിനിധ്യം കാലക്രമേണ കുറഞ്ഞു വരുന്ന പ്രവണത നാം കണ്ടു കൊണ്ടിരിക്കുന്നു. ആയിടക്കാണ് ഉവൈസിമാരുടെ ആവശ്യം തങ്ങളുടെ നിലനിൽപ്പിനാവശ്യമാണെന്ന രാഷ്ട്രീയ ചിന്ത സമകാലിക സാഹചര്യത്തിൽ ചില ന്യൂനപക്ഷ മനസ്സുകൾ പങ്കുവെക്കുന്നത്. പാർലമെന്റ് വിറപ്പിക്കുന്ന ഊക്കോടെ ഉവൈസി സംഘ് പരിവാർ അജണ്ടകളെ തുറന്നടിക്കുന്നു. ഭരണഘടനയുടെ മൂല്യങ്ങളും ധാർമികതയും നിലനിർത്തണമെന്നു വാദിക്കുന്നു. പക്ഷേ, ഉവൈസി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തിന് അഭിലഷണീയമല്ലെന്ന് പറയാതെ വയ്യ. അത് തന്റെ വ്യക്തി സാമർത്ഥ്യം കൊണ്ട് ഉവൈസി നേടുന്ന കൈയടികളെ പിന്തിരിപ്പിക്കാനല്ല, മറിച്ച് ദീർഘകാല രാഷ്ട്രനന്മ മുൻനിർത്തി അതിൽ ഒളിഞ്ഞിരിക്കുന്ന വെല്ലുവിളികളെ കാണാനാണ്. കേരളത്തിൽ ഉവൈസിയുടെ പാർട്ടിക്ക് പ്രചരണം വേണമെന്നാണ് ചിലർ ആഗ്രഹിക്കുന്നത്. മുസ്ലിം ലീഗിനു പകരം മുസ്ലിംകളെ യഥാവിധം പ്രതിനിധീകരിക്കുന്ന ഉവൈസിയുടെ പാർട്ടിക്ക് കേരളത്തിൽ നിന്ന് (മലപ്പുറമായിരിക്കാം) MP മാർ ഉണ്ടായിരിക്കണമെന്നും പാർലമെന്റിൽ വാ തുറക്കാൻ പോലുമാവാത്ത പ്രതിനിധികളെ ചുമക്കുന്ന മുസ്ലിം ലീഗിനെ പാഠം പഠിപ്പിക്കണമെന്നുമൊക്കെ വലിയ വായിൽ ചിലർ തള്ളുന്നു. അവരുടെ ലോജിക്ക് തിരിയാൻ കോമൺസെൻസ് മതി; 'മുസ്ലിംകളുടെ പേരിലാണ് ലീഗും ഉവൈസിയുടെ പാർട്ടിയും പ്രവർത്തിക്കുന്നത്. അതിനാൽ ലീഗിന് വോട്ടു ചെയ്യുന്ന കേരള മുസ്ലിംകൾക്ക് AlMIM നു വോട്ടു ചെയ്യാനാണോ ബുദ്ധിമുട്ട്.' ഇതാണാ ബുദ്ധി. സത്യത്തിൽ കേരള മുസ്ലിംകളെ വില കുറച്ച് കാണാനുള്ള ശ്രമത്തിനപ്പുറം ഇപ്പോഴും സംഘ് പരിവാറിനു കാലുറക്കാത്ത കേരളത്തെ അവർക്ക് വളക്കൂറുള്ള മണ്ണാക്കി തീറെഴുതിക്കൊടുക്കാനുള്ള തലതിരിഞ്ഞ കുബുദ്ധിയുണ്ട് ഇതിൽ. കേരളത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽ ഇന്നുവരെ പ്രത്യക്ഷ ഭാവത്തെ മതേതര മൂല്യങ്ങൾക്കൊപ്പം മിനുക്കിയെടുക്കാൻ മെനക്കെട്ടുകൊണ്ട് ഉദാരസമീപനത്തിലൂടെ മുസ്ലിംകളെ പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗിനെ തികച്ചും കേരളീയ സാഹചര്യത്തിൽ നിന്നും വ്യത്യസ്തമായ ഒരു ഭൂമിയിൽ പിറന്ന, വർഗീയ ചുവയുള്ള പ്രസംഗങ്ങളിൽ കൂടി പലരെയും ആവേശം കൊള്ളിച്ച ഒരു നേതാവ് വളർത്തിയ, പാർട്ടിയുമായി കൂട്ടി വായിക്കാൻ ശ്രമിക്കുന്നതിൽ വൈകല്യങ്ങൾ ഒരുപാടുണ്ട്. കേരള മണ്ണിൽ വർഗീയത വിളമ്പാത്ത പാർട്ടിയാണ് മുസ്ലിം ലീഗ് എന്ന കാര്യത്തിൽ അതിശയോക്തിയില്ല. മുസ്ലിംലീഗിനെ ചുണ്ടിക്കാണിച്ച് സംഘ്പരിവാറിനു കേരളത്തിൽ വളരാൻ കഴിഞ്ഞിട്ടില്ലെന്ന യാഥാർത്ഥ്യം സംഘ് പരിവാറിന്റെ ന്യൂനതയാണോ അതോ, മുസ്ലിം ലീഗിന്റെ ഗുണമാണോ. പറഞ്ഞു വന്നത് ലീഗ് പുകൾപെറ്റ പാർട്ടിയാണെന്നല്ല, മറിച്ച് ന്യൂനപക്ഷത്തിന്റെ ഓരോ നീക്കങ്ങളെയും വർഗീയവൽക്കരിച്ച് ഭൂരിപക്ഷ പ്രീണനം നടത്തുന്ന സംഘപരിവാർ ഇഛകൾക്ക് ലീഗ് പാത്രമായിട്ടില്ല എന്നതാണ്. എന്നാൽ ഉവൈസിയുടെ പാർട്ടി വളരെ നേരത്തേ ഇത് ചെയ്തിട്ടുമുണ്ട്. ഇനിയും ചെയ്യും. സംഘ്പരിവാർ ഭീഷണി ന്യൂനപക്ഷത്തിനു നേരെ മാത്രല്ല, ഈ രാജ്യത്തിന്റെ മതേതര ജനാധിപത്യ അന്തസ്സിനു തന്നെയാണെന്നു മനസ്സിലാക്കാതിരിമ്പോഴാണ് ഭൂരിപക്ഷ വർഗീയതക്കെതിരെ ന്യൂനപക്ഷ വർഗീയതയെ ആശ്ലേഷിക്കേണ്ടി വരുന്നത്. അതിനാൽ സംഘ് പരിവാറിനെതിരെ ഉവൈസിക്കു കൈയടിക്കുന്നവർ, അയാളുടെ രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിക്കണമെന്നു പറയാതെ വയ്യ. കോൺഗ്രസ് അടക്കമുള്ള പാർട്ടികളിൽ മുസ്ലിം പ്രാതിനിധ്യം കൊഴിഞ്ഞു പോകുന്ന ദാരുണ യാഥാർത്ഥ്യങ്ങൾ മുന്നിൽ കണ്ട്, മുസ്ലിംകൾക്ക് വേണ്ടി സംസാരിക്കാൻ, അവരുടെ വിഷയങ്ങൾ പാർലമെന്റിൽ ഉയർത്തിപ്പിടിക്കാൻ രാഷ്ട്രീയ പ്രതിനിധി ആവശ്യമല്ലെ എന്നാണ് ചില കോണിൽ നിന്നുള്ള ചോദ്യം. ഒന്നാമതായി മനസ്സിലാക്കേണ്ടത് മുസ്ലിംകൾ ഈ രാജ്യത്തിന്റെ ന്യൂനപക്ഷമാണ്. ന്യുനപക്ഷ വിരുദ്ധ രാജ്യനയങ്ങൾ ഭരണഘടനാവിരുദ്ധമാണ്, എതിർക്കപ്പെടേണ്ടതാണ്. ആ സമയത്ത് ഭരണഘടനക്ക് വേണ്ടി സംസാരിക്കാൻ ഏതൊരു മതേതര ഇന്ത്യൻ പൗരനും ബാധ്യസ്ഥനാണ്. അയാളുടെ മതം അതിൽ വിഷയമേ അല്ല. അതുകൊണ്ടാണ് കപിൽ സിബൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തിയുക്തം ശബ്ദിച്ചത്. രണ്ട്, മുസ്ലിം പ്രതിനിധി മാത്രമേ തങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി ശബ്ദിക്കൂ എന്നാണെങ്കിൽ എത്ര മുസ്ലിം പ്രതിനിധികളെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ചിതറിക്കിടക്കുന്ന മുസ്ലിംകൾക്ക് വേണ്ടി തെരഞ്ഞെടുക്കാനാവും, എത്ര മണ്ഡലങ്ങളിൽ സ്വത്വരാഷ്ട്രീയം വിജയിക്കും എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ മാത്രം വിളവ് കൊയ്യുന്ന സ്വത്വരാഷ്ട്രീയം, അതിനു വളരാനാവത്ത മുസ്ലിം ന്യൂനപക്ഷ ഇടങ്ങളിൽ എതിർചേരിയിൽ സംഘ് പരിവാറിനെ വളർത്താൻ മാത്രമേ തുണയാകൂ. മൂന്ന്, കോൺഗ്രസ് അടക്കമുള്ള മതേതര പാർട്ടികൾ സംഘ് പരിവാർ നയങ്ങളോട് മൃദു സമീപനം പുലർത്തി ന്യൂനപക്ഷ പ്രാതിനിധ്യം വെടിയുമ്പോൾ മുസ്ലിംകൾ രാഷ്ട്രീയത്തിലേക്ക് സ്വത്വ പ്രവേശനം നടത്തുന്നത് ദീർഘകാല വീക്ഷണത്തിൽ രാജ്യത്തിന്റെ അഖണ്ഡതയെ മുറിച്ചു കീറുകയാണ്. രാജ്യത്തെ വീണ്ടും തുരുത്തുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതിനോട് ചേർത്തുവായിക്കേണ്ടതാണ് നേരത്തേ വിശദീകരിച്ച ചോദ്യം; മുസ്ലിംകൾ നേരിടുന്ന പ്രശ്നം രാഷ്ട്രീയ പ്രാതിനിധ്യമില്ലായ്മയാണോ? അംബേദ്ക്കർ കാഴ്ച്ചപ്പാട് മുസ്ലിം പ്രതിസന്ധികൾക്ക് വഴങ്ങുമോ? മുസ്ലിംകൾ അനുഭവിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥക്ക് രാഷ്ട്രീയ പ്രതിനിധ്യത്തിന് ചെറിയ പങ്കേയുള്ളൂ. പരമപ്രധാനമായ പ്രശ്നം മുസ്ലിംകളുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയാണ്. ഈ പിന്നോക്കാവസ്ഥ സൃഷ്ടിച്ചത് സാമ്പത്തിക പിന്നോക്കാവസ്ഥയാണ് എന്ന് മറുവാദം നടത്താം. പക്ഷേ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും സാമ്പത്തിക ആശ്വാസത്തിനും മറ്റും സർക്കാറുകൾ നടപ്പിലാക്കുന്ന പദ്ധതികളും അനുകൂല്യങ്ങളും സാമ്പത്തിക പിന്നോക്കാവസ്ഥക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരമല്ലേ ഇന്ത്യയിൽ? ന്യൂനപക്ഷ സംവരണങ്ങളും മുസ്ലിംകൾക്ക് അനുകൂലമല്ലേ. പക്ഷേ അവയൊന്നും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയാത്തത് ആരുടെ പ്രശ്നമാണ്. കൂലങ്കഷമായി ചിന്തിച്ചാൽ, മുസ്ലിംകൾ നേരിടുന്ന നേതൃരാഹിത്യം അത് രാഷ്ട്രീയപരമല്ല മറിച്ച് സാമുദായികപരമാണ്. അതായത് പുരോഗമനാത്മകമായി തങ്ങളെ മുന്നോട്ടു നയിക്കുന്ന സാമുദായിക നേതൃത്വത്തിന്റെ അഭാവമാണ് ഇന്ത്യൻ മുസ്ലിംകളുടെ പ്രശ്നം. അത്തരം നേതൃത്വത്തിന് രാഷ്ട്രീയ ഭേദമന്യേ സമുദായത്തിന്റെ ഭൗതികപരമായ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കാനാവണം എന്നതു പരമ പ്രധാനമായ നിബന്ധനയാണ്. ഇതൊരു കേവല വാദമല്ല, ഇതിന്റെ ഒരു നിദർശനമായി ചൂണ്ടിക്കാണിക്കാവുന്ന മുസ്ലിം നേതൃത്വമാണ് കേരളത്തിലെ മുസ്ലിം പണ്ഡിതൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. അരിവാൾ സുന്നിയെന്ന വിളിപ്പേരുണ്ടായ കാന്തപുരം ഇന്നു താമര സുന്നിയെന്നു വിമർശകരാൽ വിളിക്കപ്പെടുമ്പോൾ അതിനെ അദ്ദേഹത്തിന്റെ ഗുണാത്മക വശമായാണ് ഞാൻ കാണുന്നത്. രാഷ്ട്രീയ നേതൃത്വം ആരു തന്നെയായാലും സമുദായത്തിന്റെ ഭൗതികപരമായ ഉന്നമനത്തിനു വേണ്ടി അവരുടെ ഒപ്പം ചേർന്ന് സർക്കാർ സംവിധാനങ്ങളെ പരമാവധി ചൂഷണം ചെയ്യാമെന്ന നയം അദ്ദേഹത്തിൽ കാണുന്നുണ്ട്. ബംഗാളിലും ഗുജറാത്തിലും കാശ്മീരിലും അദ്ദേഹം നടത്തുന്ന നിരവധി സ്ഥാപനങ്ങൾ അതിന്റെ ഉൽപ്പന്നങ്ങളാണ്. ഹൈദരാബാദിലെ ചില സുഹൃത്തുക്കൾ പങ്കുവെച്ച ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാം. 'ഉവൈസി നാലുവട്ടം പ്രതിനിധീകരിച്ച ഹൈദരാബാദ്-ലോക്സഭാ മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ചാർമിനാറും പരിസരവും ഇരുപത് വർഷത്തോളമായി മാറ്റമില്ലാതെ മുരടിച്ചുകൊണ്ടേയിരിക്കുന്നു.' *ലേഖകന്‍റെ ഫേസ്ബുക്ക് പേജ്:

https://m.facebook.com/lathubai.kunnilhouse

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories