TopTop
Begin typing your search above and press return to search.

പിണറായി വിജയനെ സി.കെ.പദ്മനാഭന്‍ സ്തുതിക്കുമ്പോള്‍

പിണറായി വിജയനെ സി.കെ.പദ്മനാഭന്‍ സ്തുതിക്കുമ്പോള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ എല്ലാ അര്‍ത്ഥത്തിലും തകര്‍ന്നടിഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പദ്മനാഭന്‍ മുഖ്യമന്ത്രി പിണറായി വിജയനേയും ഇടതു സര്‍ക്കാരിനേയും സ്തുതിക്കുന്നത് എന്തുകൊണ്ട്? പിണറായിക്കെതിരെ ഇക്കുറി ധര്‍മ്മടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാള്‍ കൂടിയാണ് മുതിര്‍ന്ന നേതാവ് കൂടിയായ സി.കെ. പദ്മനാഭന്‍. കേരളത്തില്‍ ബിജെപി മുന്നേറുമെന്ന പ്രതീക്ഷ അസ്തമിച്ചുവോയെന്നുകൂടി ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സി.കെ. പദ്മനാഭന്‍ ആശങ്കപ്പെടുന്നു. കേരളത്തിലെ ബിജെപിയില്‍ കാലങ്ങളായി പുകയുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ സംഘര്‍ഷാത്മകമായ തലത്തിലേക്ക് എത്തിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. നിലവിലുള്ള സീറ്റ് നഷ്ടപ്പെട്ടുവെന്നു മാത്രമല്ല, നേരത്തെയുണ്ടായിരുന്ന വോട്ടു പങ്കില്‍ അഞ്ചു ശതമാനത്തോളം ഇടിവും ഉണ്ടായിരിക്കുന്നു. സംസ്ഥാനത്തെ പാര്‍ട്ടിയെ കൈവെള്ളയില്‍ വച്ച് നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരനും അദ്ദേഹത്തിന്റെ വിഭാഗത്തിലെ ശക്തനായ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഇനിയുള്ള ദിവസങ്ങള്‍ വലിയ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. കേന്ദ്ര നേതൃത്വത്തിനും സംസ്ഥാനത്തെ പാര്‍ട്ടിയിലും അവര്‍ക്ക് സ്വന്തം നിലപാടുകളെ സാധൂകരിക്കാന്‍ ഏറെ വിയര്‍ക്കേണ്ടിയും വരും. ഈ സാഹചര്യത്തിലാണ് സി.കെ. പദ്മനാഭനെപ്പോലുള്ള പരിണിതപ്രജ്ഞരായ നേതാക്കള്‍ രംഗത്തെത്തുന്നതും പിണറായി വിജയനേയും അദ്ദേഹം നയിച്ച സര്‍ക്കാരിനേയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നത്.

ബിജെപിയില്‍, പാര്‍ട്ടി പ്രവര്‍ത്തകരിലും നേതാക്കളിലും പല തരത്തിലുള്ള അസംതൃപ്തി പുകയുന്നുണ്ടെന്നുകൂടി സികെപി പറഞ്ഞുവെയ്ക്കുന്നു. സംസ്ഥാന അധ്യക്ഷന്‍ രണ്ടിടങ്ങളില്‍ മത്സരിച്ചതടക്കമുള്ള കാര്യങ്ങളില്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടന്നതായി തോന്നുന്നില്ലെന്നുമൊക്കെ അദ്ദേഹം പറഞ്ഞുപോകുമ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത് എന്തെന്ന് വ്യക്തം. പരാജയത്തെ നേതൃത്വം ഗൗരവപൂര്‍വ്വം പരിശോധിക്കണമെന്ന ആവശ്യവും സികെപി മുന്നോട്ട് വെയ്ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കുട്ടിക്കളിയല്ലെന്നും മഹാരഥന്മാര്‍ സ്വജീവന്‍ നല്‍കി വളര്‍ത്തിയെടുത്ത മഹാപ്രസ്ഥാനത്തെ കുട്ടിക്കളിയില്‍ നശിപ്പിക്കല്ലേ, കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കൂവെന്നും പറഞ്ഞുകൊണ്ട് ഇ.എന്‍. നന്ദകുമാറിനെപ്പോലുള്ളവരും രംഗത്തുവന്നുകഴിഞ്ഞു. ഇത്തരത്തില്‍ ചിന്തിക്കുന്ന കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ രംഗത്ത് വരുന്നതോടെ നേതൃമാറ്റം അടക്കമുള്ള ആവശ്യങ്ങള്‍ സംസ്ഥാനത്തെ ബിജെപിയില്‍ കൂടുതല്‍ ശക്തമാകും. ഇപ്പോള്‍ തന്നെ അതിനായുള്ള മുറവിളികളും കരുനീക്കങ്ങളും എതിര്‍ക്യാമ്പുകളില്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഇതിനെ ചെറുത്തുനില്‍ക്കാനുള്ള നീക്കങ്ങള്‍ ഔദ്യോഗിക നേതൃത്വം ആരംഭിച്ചിട്ടുമുണ്ട്. കാര്യങ്ങള്‍ ഗുരുതരമായി പരിണമിച്ച സാഹചര്യത്തില്‍ തോല്‍വി പഠിക്കാനായി ഒരു സമതിയെ ഇന്നലെ ഓണ്‍ലൈനില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ കോര്‍ കമ്മറ്റി നിയോഗിച്ചു. ഈ സമതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍ ഉണ്ടാവുക. തെരഞ്ഞെടുപ്പില്‍ വീഴ്ചയുണ്ടായതായി നിരീക്ഷിച്ച കോര്‍ കമ്മറ്റി മുസ്ലിംവോട്ടുകളുടെ കണ്‍സോളിഡേഷന്‍ സംഭവിച്ചതായും പ്രാഥമികമായി വിലയിരുത്തി.

സംസ്ഥാനത്തെ ബിജെപിയ്ക്കകത്തും ആര്‍എസ്എസ്സിനകത്തും ഭിന്നതാല്പര്യക്കാരുടെ സംഘങ്ങള്‍ കാലങ്ങളായി സജീവമാണ്. ബിജെപിയിലേതുപോലെ പൊതുസമൂഹത്തില്‍ കൂടുതല്‍ ദൃശ്യത ആര്‍എസ്എസ്സിനകത്തെ ഇത്തരം ചേരികള്‍ക്ക് ലഭിക്കുന്നില്ലെന്ന് മാത്രം. എന്തായാലും ഇത്തരം താല്പര്യഗ്രൂപ്പുകളുടെ അത്യന്തം സങ്കീര്‍ണ്ണമായ കൂടിച്ചേരലുകള്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ സംസ്ഥാനത്തെ ഹിന്ദുത്വ ചേരിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പിന്നോക്കം വലിച്ചിരിയ്ക്കുന്നുവെന്നതാണ് സത്യം. താഴെ തട്ടില്‍ സാധാരണക്കാരായ ആളുകളുടെ പിന്തുണ ഹിന്ദുത്വ രാഷ്ട്രീയത്തിന് വര്‍ദ്ധിച്ചുവരുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകളും നിരീക്ഷണങ്ങളും കുറച്ചു വര്‍ഷങ്ങളായി കേരളത്തില്‍ ശക്തമായിരുന്നു. താഴെതട്ടില്‍ അത്തരത്തിലുള്ള ഒരു കണ്‍സോളിഡേഷന്‍ നടക്കുന്നതിന്റെ സൂചനകളും ലഭിച്ചിരുന്നു. വോട്ടു പങ്ക് അടിക്കടി വര്‍ദ്ധിപ്പിച്ചുവരികയുമായിരുന്നു അവര്‍. കേരളത്തില്‍ ഇരു മുന്നണികളോടുമുള്ള ജനങ്ങളുടെ അസംതൃപ്തിയും തങ്ങള്‍ക്ക് അനുകൂലമായിത്തീരുമെന്ന് ബിജെപി കണക്ക് കൂട്ടിയിരുന്നു.

പക്ഷെ അത്തരം കണക്കുകൂട്ടലുകളെയൊക്കെ വൃഥാവിലാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. പത്തിലേറെ സീറ്റുകള്‍ പ്രതീക്ഷിച്ച സംസ്ഥാന നേതൃത്വം ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത്ഷായും അടക്കമുള്ള മിക്കവാറും എല്ലാ മുന്‍നിര നേതാക്കളും ബിജെപിയുടെ പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തുകയുണ്ടായി. പക്ഷെ ഇതുകൊണ്ടൊന്നും അവര്‍ക്കു ഗുണം ഉണ്ടാക്കാനായില്ലെന്നു മാത്രമല്ല, വോട്ടുപങ്കു കാര്യമായി കുറയുകയും ചെയ്തു. മുടന്തടിച്ചു നില്‍ക്കുന്ന പി.കെ. കൃഷ്ണദാസ് വിഭാഗവും ശോഭ സുരേന്ദ്രനും പോലുള്ള നേതാക്കള്‍ മാത്രമല്ല ആര്‍. ബാലശങ്കറിനെപ്പോലുള്ള ബിജെപി ബുദ്ധികേന്ദ്രങ്ങളും ദേശീയതലത്തില്‍ സ്വാധീനമുള്ളവരും മറ്റും പലതരത്തില്‍ മുറിവേറ്റവരാണ്. ഓര്‍ഗനൈസര്‍ മുന്‍പത്രാധിപര്‍ കൂടിയായ ആര്‍. ബാലശങ്കര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. കണക്കുതീര്‍ക്കാനുള്ള അവസരമായി അവരൊക്കെ സാഹചര്യം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും.

തെരഞ്ഞെടുപ്പ് കാലത്ത് അമിതാത്മവിശ്വാസവും വലിയ കണക്കുകളും ഒക്കെയാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പറഞ്ഞുകൊണ്ടിരുന്നത്. തീര്‍ത്തും അയുക്തികമെന്നു തോന്നിപ്പിക്കുന്ന അവകാശവാദങ്ങള്‍ നടത്താന്‍ അവര്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. ബിജെപി രണ്ടക്കം കടക്കുമോയെന്ന തരത്തിലുള്ള ക്യാപ്ഷനും മറ്റും നല്‍കി മാധ്യമങ്ങള്‍ വലിയ ചര്‍ച്ചകളും നടത്തി.മെട്രോമാന്‍ ഇ.ശ്രീധരനെപ്പോലെയുള്ള പൊതു സ്വീകാര്യതയുള്ളവരെ കൊണ്ടുവന്നു നടത്തിയ പരീക്ഷണവും ഫലം കണ്ടില്ല.

ഇത്തരം ഒരു പശ്ചാത്തലത്തിലാണ് സി.കെ. പദ്മനാഭനെപ്പോലുള്ളവര്‍ പിണറായി വിജയനെ പ്രകീര്‍ത്തിച്ചുകൊണ്ടു രംഗത്ത് വരുന്നതെന്നതും ശ്രദ്ധേയമാണ്. തുടര്‍ഭരണം ജനങ്ങളുടെ സ്വപ്‌നമായിരുന്നുവെന്നും എന്തിനും ഏതിനും സര്‍ക്കാരില്‍ കുറ്റം ചാര്‍ത്തുന്ന വികലമായ ജനാധിപത്യബോധം പ്രതിപക്ഷം സ്വീകരിച്ചുവെന്നുമൊക്കെ അദ്ദേഹം ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. മഹാവ്യാധികാലത്ത് കേരള സര്‍ക്കാര്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നും സികെപി ചൂണ്ടിക്കാട്ടുന്നതിന് ഏറെ മാനങ്ങളുണ്ട്. ബിജെപിയ്‌ക്കെതിരെ കടുത്ത ആരോപണങ്ങള്‍ മുഖ്യമന്ത്രി ഉന്നയിച്ചതിനു തൊട്ടടുത്ത ദിവസമാണ് സി.കെ. പദ്മനാഭന്‍ ഈ നിലപാട് പരസ്യമായി പറയുന്നതെന്നതും ചേര്‍ത്തുവച്ച് കാണേണ്ടതാണ്.

തെരഞ്ഞെടുപ്പ് കാലത്ത് ഐക്യത്തോടെയും കെട്ടുറപ്പോടെയും സംഘടനയെ നയിച്ച് തന്ത്രങ്ങള്‍ കാര്യക്ഷമമായി മെനഞ്ഞ് നിലവിലുണ്ടായിരുന്ന നിലയെങ്കിലും സംരക്ഷിച്ചെടുക്കാന്‍ നേതൃത്വത്തിനായില്ലെന്ന വിമര്‍ശനമാണ് താഴെത്തട്ടില്‍ ശക്തമാകുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തി പരിചയമുള്ള നേതാക്കളെ സജീവമാക്കി എതിരാളികളുടെ തന്ത്രങ്ങളെ പ്രതിരോധിക്കാനും കഴിഞ്ഞില്ല. ഇതോടെ ശക്തി കേന്ദ്രങ്ങളില്‍ അടക്കം ബിജെപിയും എന്‍ഡിഎയും പിന്നോക്കം പോയി. പാര്‍ട്ടിയ്ക്കകത്തെ വ്യക്തികളെ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പുകളും വിവിധ സമുദായ ഗ്രൂപ്പുകളും മറ്റു കാലങ്ങളേക്കാള്‍ കരുത്തരായി കാര്യങ്ങള്‍ കൈപ്പിടിയിലാക്കി എന്നതടക്കമുള്ള ആക്ഷേപങ്ങള്‍ ശക്തമാണ്. ഇത്തരം ആക്ഷേപങ്ങളെയെല്ലാം ഫലപ്രദമായി ചെറുക്കുകയും കേന്ദ്ര നേതൃത്വത്തെ അടക്കം കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തങ്ങളുടെ ഇരിപ്പിടം സുരക്ഷിതമാക്കി മുന്നോട്ടുപോവുകയെന്നത് നിലവിലുള്ള നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഏറെ ശ്രമകരമായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)


Next Story

Related Stories