'തീവ്രമായ പ്രശ്നങ്ങള്‍ക്ക് തീവ്രമായ പരിഹാരങ്ങള്‍ തന്നെയാണ് പ്രതിവിധി' എന്നത് ഏറെക്കുറെ ഉപയോഗിച്ചു തേഞ്ഞ ഒരു പ്രയോഗമാണ്. പക്ഷേ, ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നമുക്ക് അത്രയും തീവ്രവും ഗുരുതരവുമായ ഒരു പ്രശ്നമുണ്ട്. 1962-നു ശേഷമുള്ള ഏറ്റവും ഗുരുതരമായ സംഘര്‍ഷമാണ് ചൈനയുമായുള്ളതെന്ന് സര്‍ക്കാര്‍ അനുകൂല, മിതവാദി മാധ്യമസ്ഥാപനങ്ങള്‍ പോലും അഭിപ്രായപ്പെടുന്നുമുണ്ട്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ അയയ്ക്കാന്‍ ഉത്സാഹിക്കുന്ന ചൈനക്കാരെ ഒരു പാഠം പഠിപ്പിക്കാന്‍ നമുക്ക് അസാധാരണമായ വിധത്തില്‍ തീവ്രനിലപാടുള്ള ഒരാള്‍ വേണം.
അതെ, നമുക്കൊരു പുതിയ പ്രതിരോധ മന്ത്രി വേണം.
ഏതാനും വര്‍ഷങ്ങളായി അസമര്‍ത്ഥരായ പ്രതിരോധ മന്ത്രിമാരുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നതു കൊണ്ട് ഏറ്റവും പ്രധാനപ്പെട്ടതായി കാണേണ്ട ദേശസുരക്ഷ ഗുരുതരമായ വിധത്തില്‍ ദുര്‍ബലപ്പെട്ടിരിക്കുന്നു എന്നത് മിക്ക സ്ട്രാറ്റജിക് വിദഗ്ധരും സമ്മതിക്കുന്ന കാര്യമാണ്. എ.കെ ആന്റണിയില്‍ നിന്നു തന്നെ തുടങ്ങാം (അദ്ദേഹം എങ്ങനെ തീരുമാനങ്ങളെടുക്കാതിരിക്കാം എന്നതില്‍ നിര്‍ബന്ധബുദ്ധിയുള്ളയാളായിരുന്നു), അരുണ്‍ ജയ്റ്റ്ലി (പാര്‍ട്ട്-ടൈം), മനോഹര്‍ പരീക്കര്‍ (അസുഖക്കാരന്, തണുത്ത, താത്പര്യമില്ലാത്ത മട്ടുകാരന്‍), നിര്‍മല സീതാരാമന് (ഒരെത്തുംപിടിയുമില്ല), അതിനു ശേഷം ഇപ്പോള്‍ രാജ്നാഥ് സിംഗ്. ഒരു നാട്ടിന്പുറത്തുകാരന്, 1990-കളിലെ രാഷ്ട്രീയ അജണ്ടകളില്‍ കുടുങ്ങിക്കിടക്കുന്നയാള്. ഇവരെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന ഒരു കാര്യവുമുണ്ട്: അവരെല്ലാം കാര്യങ്ങള്‍ ഉണ്ടായിക്കഴിഞ്ഞു മാത്രം പ്രതികരിക്കുന്നവരാണ്.
ഒരുസമയത്തെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയനേതാക്കളില്‍ ഒരാളായിരിക്കാം രാജ്നാഥ് സിംഗ്, പക്ഷേ, ഇന്ന് അദ്ദേഹത്തിന് ആ പ്രാമുഖ്യം കൈമോശം വന്നിരിക്കുന്നു. ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിനെ കൃത്യമായ പദ്ധതികളോടെ ഉയര്‍ത്തിക്കൊണ്ടുവന്നതോടെ പ്രതിരോധ മന്ത്രിക്ക് ഒരുസമയത്ത് ഉണ്ടായിരുന്നതെന്ന് കരുതുന്ന സ്വാധീനശക്തിയൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു. പിന്നെ ജനറല്‍മാര്‍ - എന്താണ് രാഷ്ട്രീയത്തില്‍ സംഭവിക്കുന്നതെന്ന് കൃത്യമായ മനസിലാക്കാന്‍ പ്രാപ്തിയുള്ളര്‍, അദ്ദേഹത്തെ ഗൗരവത്തിലെടുക്കുന്നുമില്ല. നമ്മുടെ അതിര്‍ത്തികളില്‍ ചൈന കടന്നുകയറിയതിന് ഈ സൈനിക മേധാവികളെ പ്രതിക്കുട്ടില്‍ നിര്‍ത്താന്‍ അദ്ദേഹത്തിനൊട്ട് കഴിയുകയുമില്ല. കൃഷ്ണമേനോന്റെ കാര്യത്തില്‍ സംഭവിച്ചത് അതേപടി ആവര്‍ത്തിക്കണം എന്നല്ല, പക്ഷേ, പ്രതിരോധ മന്ത്രാലയത്തിന് പുതിയൊരു തലവന്‍ ഉണ്ടാവേണ്ടതുണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്.
നിലവില്‍ നാം നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികളെ ഒരു അവസരമാക്കി മാറ്റി 'പുതിയ ഇന്ത്യ'ക്ക് ചേരുന്ന വിധത്തില്‍ കാര്യങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്ന, പ്രവര്‍ത്തനോന്മുഖനും കാര്യങ്ങളില്‍ അങ്ങോട്ടുകയറി ഇടപെടുന്നയാളുമായ ഒരു പ്രതിരോധ മന്ത്രിയെ ആവശ്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതെല്ലാം തികഞ്ഞ ഒരാളേയുള്ളൂ, അമിത് ഷാ.
അദ്ദേഹം കര്‍ക്കശക്കാരനാണ്, പ്രധാനമന്ത്രിയേക്കാള്‍ കര്‍ക്കശക്കാരന്‍. പിന്നെ, നോര്‍ത്ത് ബ്ലോക്കില്‍ നിലവില്‍ വഹിച്ചു കൊണ്ടിരിക്കുന്ന ചുമതലകള്‍ക്കൊപ്പം ഇതുംകൂടി അദ്ദേഹത്തിന് സുഗമമായി കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. മറ്റൊരു കാര്യമുള്ളത്, 2019-ലെ ബിജെപി പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ ചെയ്തു തീര്‍ത്തതു കൊണ്ട്, അതും ഒരു വര്‍ഷത്തിനുള്ളില്‍, അദ്ദേഹം ഇപ്പോള്‍ കാര്യമായി ഒന്നും ചെയ്യുന്നുമില്ല. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ തന്റെ ഉരുക്കുമുഷ്ടിയും നിയന്ത്രണങ്ങളുമൊക്കെ കൃത്യമായി തന്നെ അമിത് ഷാ നടപ്പാക്കുന്നുമുണ്ട്. ബാക്കി വരുന്ന ഊര്‍ജവും സമയവുമൊക്കെ ബിഹാറില്‍ മാസങ്ങള്‍ക്ക് ശേഷം നടക്കാന്‍ പോകുന്ന, അതും മത്സരം പോലും പ്രതീക്ഷിക്കേണ്ടതില്ലാത്ത, തെരഞ്ഞടുപ്പിന് വേണ്ടി വെര്‍ച്വല്‍ റാലികളും മറ്റും സംഘടിപ്പിച്ച് വെറുതെ കളയാതെ പ്രതിരോധ മന്ത്രാലയം സ്ഥിതി ചെയ്യുന്ന സൗത്ത് ബ്ലോക്കിലേക്ക് വഴിതിരിച്ചു വിടണം.
അവിടെയിരുന്നു കൊണ്ട് ചൈനക്കാര്‍ ഇപ്പോള്‍ ഉയര്‍ത്തിരിക്കുന്ന ഭീഷണിയെ നേരിടുകയാണ് വേണ്ടത്.
ഗാല്‍വന്‍ വാലിയിലുള്ള ചൈനീസ് കടന്നുകയറ്റം നമ്മെ മാനസികമായി ദുര്‍ബലപ്പെടുത്താനും നമ്മുടെ മനോവീര്യം തകര്‍ക്കാനും കൃത്യമായി ആസൂത്രണം ചെയ്തിട്ടുള്ളതാണ്. ഇന്ത്യ ഒരു 'വിശ്വഗുരു' പദവിയില്‍ എത്താന്‍ ആഗ്രഹിക്കുന്നതിനെ ഭയപ്പെടുത്തി ഒരു ചോദ്യം ചെയ്യപ്പെടാത്ത ആഗോളശക്തിയാകാനുള്ള ശ്രമത്തിലാണ് ചൈന.
ചൈനീസ് നേതൃത്വത്തിന് സുന്-സു (Sun Tzu) എന്ന തന്ത്രജ്ഞന്റെ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാനുണ്ടെങ്കില്‍ നമ്മള്‍ക്കും അത്തരമൊരു പാരമ്പര്യമുണ്ട്- ചാണക്യന്റെ. ആ പരമ്പരയുടെ 'നേരവകാശി'യാണ് താനെന്ന കാര്യം അമിത് ഷാ ഒന്നിലേറെ തവണ തെളിയിച്ചിട്ടുമുണ്ട്. നമ്മുടെ മാധ്യമ ലോകത്തെ മിടുക്കര്‍ പോലും അമിത് ഷായ്ക്ക് 'ആധുനികകാല ചാണക്യന്' എന്ന പേര് ചാര്‍ത്തിക്കൊടുത്തിട്ടുമുണ്ട്.
അമിത് ഷായുടെ കാര്യത്തില്‍ മറ്റ് രണ്ടു വിശേഷണങ്ങള്‍ കൂടി എടുത്തു പറയേണ്ടതുണ്ട്: കടന്നുകയറ്റക്കാര്‍ (ghuspetiyas) അദ്ദേഹത്തില്‍ ഒഴിയാബാധ കൂടിയിരിക്കുന്ന ഒന്നാണ്. മറ്റൊന്ന് അടര്‍ത്തിയെടുക്കുന്ന (Nibbler) തില്‍ അദ്ദേഹം വിശാരദനാണ്. ചൈനീക് കടന്നുകയറ്റക്കാര്‍ക്ക് നമ്മുടെ ഭൂവിഭാഗങ്ങള്‍ അടര്ത്തിയെടുക്കാമെങ്കില്, ആ അടര്ത്തിയെടുക്കലില് എല്ലാ ബിരുദങ്ങളും നേടിയിട്ടുള്ള ഒരു മന്ത്രി നമുക്കുള്ള സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ. സംസ്ഥാനങ്ങള്‍ തോറുമുള്ള കോണ്‍സ്ര് എംഎല്‍എമാരെ വിദഗ്ധമായി അടര്‍ത്തിയെടുക്കുന്ന അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ചൈനക്കാരുമായി ഒരു മത്സരമാവാം. ഇക്കാര്യത്തിലാവട്ടെ, ഏന്തെങ്കിലും മന:സാക്ഷിക്കുത്തിന്റെയോ പുനരാലോചനയുടേയോ ഒന്നും ഒരാവശ്യവുമില്ല താനും.
ഒരേ ആള് തന്നെ ആഭ്യന്തരവകുപ്പും പ്രതിരോധ വകുപ്പും കൈകാര്യം ചെയ്യുന്നത് ല്യൂട്ട്യന്‍സ് ഡല്‍ഹിയിലെ ലോബികള്‍ക്ക് ഇഷ്ടപ്പെട്ടു എന്നു വരില്ല. പക്ഷേ, അതിനുള്ള സമയമായി. ആഭ്യന്തര സുരക്ഷയുടെ ഉപകരണങ്ങളും രാജ്യസുരക്ഷയുടെ സാമഗ്രികളും എത്രത്തോളം ചേര്‍ന്നു പോകാന്‍ സാധിക്കുമെന്ന തരത്തില്‍ ഇന്ത്യ വലിയ രീതിയിലുള്ള ഒരു പുനരാലോചന നടത്തേണ്ട സമയമാണിത്. സാധാരണ മോദി ചെയ്യാറുള്ളതു പോലെ നമ്മുടെ നാല് 'എസ്'-കളും ഒത്തൊരുമിക്കേണ്ട സമയമാണിത്. ശക്തി (Strength) സുരക്ഷ (Security), സമന്വയ (Harmony), സമജ്ദാരി (insightfulness - ഉള്‍ക്കാഴ്ച) എന്നിവയാണവ. ഇതെല്ലാം കൂട്ടിയോജിപ്പിക്കാന്‍ കഴിയുന്ന ആളാകട്ടെ, അമിത് ഷായും.
പ്രതിരോധ വകുപ്പിലേക്ക് പുതിയൊരു ഊര്‍ജം കൊണ്ടുവരാന്‍ അമിത് ഷായ്ക്ക് കഴിയും. രാഷ്ട്രീയ നേതൃത്വത്തെ ബഹുമാനിക്കേണ്ടത് എങ്ങനെയെന്ന് ജനറല്‍മാരെ പഠിപ്പിക്കാന്‍ അദ്ദേഹത്തിനറിയാം. അതിനൊപ്പം, കാര്യങ്ങളെ ചെറുതായി മാത്രം കാണാന്‍ കഴിയുന്ന മന്ത്രിമാരും ജനറല്‍മാരും തമ്മിലുള്ള 'ജുഗല്‍ബന്ധി' ഒരു പക്ഷേ താളം തെറ്റുകയും ചെയ്തേക്കാം.
പിന്നെയുമുണ്ട് കാര്യങ്ങള്‍. അമിത് ഷായ്ക്ക് കാര്യങ്ങളില്‍ കൃത്യമായ വ്യക്തതയുണ്ട്. അക്രമമാണ് ഒരു പ്രശ്നത്തിനുള്ള പരിഹാരമെന്ന് വരികയും അതിന്റെ ഗുണഭോക്താവാകുകയും ചെയ്യാമെങ്കില്‍, എതിരാളികളെ മെരുക്കുകയും രാഷ്ട്രീയ പക്ഷപാതികളെ ഒതുക്കുകയും ചെയ്യാമെങ്കില്‍, നമ്മുടെ രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെ സൈനിക ശക്തി ഉപയോഗിക്കുന്നതില്‍ ഇത്രയധികം ആലോചിക്കാനെന്തിരിക്കുന്നു?
2019 ഓഗസ്റ്റ് അഞ്ചിന്, ജവഹര്‍ലാല്‍ നെഹ്റു ബാക്കിവച്ചു പോയ ഒരു അബദ്ധം, ആര്‍ട്ടിക്കിള്‍ 370, ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത് ഷാ ഇല്ലാതാക്കിയതു പോലെ, നെഹ്റു ബാക്കിവച്ചു പോയ ഏറ്റവും വലിയ മണ്ടത്തരമായ ചൈനക്കാരെ വിശ്വസിക്കല്‍ എന്ന കാര്യവും 'ശരിയാക്കാന്‍' അമിത് ഷായെ ഏല്‍പ്പിക്കാവുന്നതാണ്. ശത്രുവിന്റെ ഗൂഡോദ്ദേശ്യം മനസിലാക്കാനും അതിനു ശേഷം അവരുടെ നിക്ഷിപ്ത താത്പര്യങ്ങളെ ഇല്ലാതാക്കാനും കഴിയുന്ന ഒരു പക്ഷേ ഒരേയൊരാള്‍, ചാണക്യ തന്ത്രം കൈകവശമുള്ള അമിത് ഷാ ആയിരിക്കും. .
ഇതിന് വേറെയും ഗുണഗണങ്ങളുണ്ട്. ആഭ്യന്തര-പ്രതിരോധ മന്ത്രിയെന്ന നിലയില്‍ ഇന്ത്യയുടെ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളിലാകെ അമിത് ഷാ വളരെ നിര്‍ണായകമാകും. രാജ്യത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതിലും അത് നടപ്പാക്കുന്നതിലും അദ്ദേഹത്തിന് പ്രത്യേക പ്രാധാന്യം കൈവരും. അതത്ര മോശം കാര്യമാകാന്‍ വഴിയില്ല, കാരണം ഇപ്പോള്‍ നമ്മുടെ വിദേശകാര്യ മന്ത്രാലയത്തിന് ലഭിക്കുന്ന അര്‍ഹിക്കാത്തതും അനാവശ്യവുമായ പ്രാധാന്യത്തിന് ഒരു തടയിടാന്‍ അമിത് ഷായ്ക്ക് കഴിയും.
ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ സംഘടനാ നാഡികളില്‍ വേരുറപ്പിച്ചിരിക്കുന്ന നെഹ്റുവിയന്‍ മര്യാദകളെ അവസാനിപ്പിക്കേണ്ട സമയമായെന്ന് പുതിയ ഇന്ത്യ തിരിച്ചറിയേണ്ടതുണ്ട്. കാലഹരണപ്പെട്ട വിദഗ്ധന്മാര് ഇപ്പോഴും കരുതുന്നത് പ്രോട്ടോക്കോളും മാന്യതയും ചൈനയെ നേരിടുന്നതിനുള്ള ഒരു മാര്‍ഗമാണെന്നാണ്. ക്രമാതീതമായ പ്രാധാന്യം നമ്മള് നയതന്ത്ര ബന്ധത്തിന് കൊടുത്തെങ്കിലും പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ അത് നമ്മെ എങ്ങുമെത്തിച്ചില്ല. നേരെ മറിച്ച് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയപ്പോള്‍ മാത്രമാണ് മോദി എന്തു സന്ദേശമാണ് നല്‍കുന്നത് എന്ന കാര്യം പാക്കിസ്ഥാന്‍കാര്‍ക്ക് മനസിലായത്.
വളരെ ശക്തമായ പരിഷ്കരണ നടപടികള്‍ സ്വീകരിക്കാനുള്ള സമയമാണ് ഇതെന്ന് അടുത്തിടെയൊക്കെ പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞിരുന്നു. അതില്‍ സാധ്യമായ നിര്‍ഭയവും ഏറ്റവും ശക്തവുമായ പരിഷ്കരണമായിരിക്കും ഒരു പുതിയ പ്രതിരോധ മന്ത്രി, ഒരു പുതിയ സുരക്ഷാ മേധാവി. സ്പഷ്ടവും സന്ദേഹങ്ങളില്ലാത്തതുമായ ഒരു സന്ദേശമായിരിക്കും അത് രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യയുടെ മുഴുവന്‍ ശത്രുക്കള്‍ക്കും നല്‍കുക.
(ദി വയറുമായുള്ള കണ്ടന്റ് ഷെയറിംഗ് പാര്‍ട്ടണര്‍ഷിപ്പിന്റെ ഭാഗമായി ഐപിഎസ്എം ഫൌണ്ടേഷന്റെ അനുമതിയോടെ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്)