TopTop
Begin typing your search above and press return to search.

എന്തുകൊണ്ടാണ് വെള്ളക്കാരേക്കാള്‍ അമേരിക്കയിലെ കറുത്ത വര്‍ഗക്കാരെ കൊറോണ വൈറസ് കൂടുതലായി ബാധിക്കുന്നത്?

എന്തുകൊണ്ടാണ് വെള്ളക്കാരേക്കാള്‍ അമേരിക്കയിലെ കറുത്ത വര്‍ഗക്കാരെ കൊറോണ വൈറസ് കൂടുതലായി ബാധിക്കുന്നത്?

ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രമാണ് അമേരിക്ക എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സമ്പദ്‌വ്യവസ്ഥയാണെങ്കിലും സൈനിക ശക്തിയാണെങ്കിലും ഗവേഷണ മേഖലയിലുള്ള മികവാണെങ്കിലും ലോകത്തില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത് അമേരിക്കയാണ്. എന്നാല്‍ കൊറോണ വൈറസ് ഇന്നലെ വരെ അമേരിക്കയില 45,000 പേരുടെ ജീവനെടുത്തു കഴിഞ്ഞു.

ലോകത്ത് എല്ലായിടത്തും നിലനില്‍ക്കുന്ന ഒരു കാര്യം, കോവിഡ് ബാധിച്ച് മരണമടയാനുള്ള സാധ്യത പ്രായമേറിയവരില്‍ കൂടുതലാണ് എന്നാണ്. കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ മരിച്ച 80 ശതമാനത്തോളം ആളുകളും 65-ഓ അതില്‍ കൂടുതലോ പ്രായമുള്ളവരാണ് എന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവന്‍ഷന്‍ (CDC) ബുധനാഴ്ച പുറത്തുവിട്ട വിശകലനത്തില്‍ പറയുന്നത്.

പ്രായമായവരില്‍ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതു കൊണ്ടാണ് അവര്‍ക്ക് കോവിഡ് പോലുള്ള രോഗങ്ങള്‍ കൂടുതല്‍ അപകടകാരിയാകുന്നത്. അതുപോലെ അവര്‍ക്ക് മറ്റ് അസുഖങ്ങള്‍ ഉണ്ടെന്നതും രോഗബാധ ശക്തമാകാന്‍ കാരണമാകും. എന്നാല്‍ CDC- ന്റെ റിപ്പോര്‍ട്ടില്‍ ഇവര്‍ക്കുള്ള മറ്റ് അസുഖങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല.

എന്നാല്‍ അതിനേക്കാള്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതായത്, പ്രായമായ വെള്ളക്കാരേക്കാള്‍ രോഗബാധ ഏല്‍ക്കുന്നതും മരിക്കുന്നതും ആ പ്രായത്തിലുള്ള കറുത്ത വര്‍ഗക്കാരാണ്. ഇതിന് പെട്ടെന്ന് ചൂണ്ടിക്കാട്ടാവുന്ന ഒരുദാഹരണം, വെള്ളക്കാരേക്കാള്‍ സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയിലല്ല പ്രായമായ കറുത്ത വര്‍ഗക്കാര്‍ എന്നതാണ്. ഇതേ സാമ്പത്തിക നിലയുടെ അടിസ്ഥാനത്തില്‍ തന്നെ പറയുകയാണെങ്കില്‍, ആഫ്രിക്കന്‍ അമേരിക്കക്കാര്‍ കൂടുതലായി ജോലി ചെയ്യുന്നത് അവശ്യ വ്യവസായ മേഖലകളിലാണ് എന്നതാണ്. നിലനില്‍ക്കുന്ന ഈ അസമത്വത്തെക്കുറിച്ച് അമേരിക്കയിലെ ദിനപത്രങ്ങള്‍ നിരന്തരമായി പറയുന്നുമുണ്ട്.

ന്യൂയോര്‍ക്കിലെ വിവരങ്ങള്‍ വിശകലനം ചെയ്തു കൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്ന കാര്യം വെളുത്ത വര്‍ഗക്കാരേക്കാള്‍ ഇരട്ടി അപകടകാരിയാണ് കറുത്ത വര്‍ഗക്കാര്‍ക്ക് കൊറോണ വൈറസ് എന്നാണ്. ഇതും അവരുടെ സാമ്പത്തിക നിലയുമായും ജോലിയുമായുമൊക്കെ ബന്ധപ്പെടുത്താവുന്ന കാര്യങ്ങള്‍ തന്നെയാണ്.

ന്യൂയോര്‍ക്കിലെ മെട്രോപ്പൊലീറ്റന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി എടുക്കുക. ബസ്, സബ്‌വേ ജീവനക്കാരെ കോവിഡ് മാരകമായാണ് ബാധിച്ചത് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രില്‍ എട്ട് വരെ 41 പേര്‍ മരിക്കുകയും 6,000-ത്തോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയോ രോഗം പടരാതിരിക്കാന്‍ അവര്‍ സ്വയം ക്വാറന്റൈന്‍ ചെയ്യുകയോ ഉണ്ടായിട്ടുണ്ട്. ഇതിന് പ്രധാന കാരണം, ഈ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 60 ശതമാനം പേരും കറുത്ത വര്‍ഗക്കാരോ ലാറ്റിനമേരിക്കക്കാരോ ആണ് എന്നതാണ്.

അമേരിക്കന്‍ ജനസംഖ്യയുടെ മൂന്നിലാന്നാണ് കറുത്ത വര്‍ഗക്കാരുള്ളത്. ആകെ ജനസംഖ്യയുടെ 13 ശതമാനമാണ് അവരുള്ളത്. എന്നാല്‍ ചിക്കാഗോയിലും ലൂസിയാനയിലും മരിച്ച കൊറോണ വൈറസ് രോഗികളില്‍ 70 ശതമാനം പേരും ആഫ്രിക്കന്‍ അമേരിക്കക്കാരാണ്. അതിലേറെ ഗുരുതരമാണ്, അധികാരത്തിലുള്ളവരും സമ്പന്നരായ വെളുത്ത വര്‍ഗക്കാരുമൊന്നും ഇവരുടെ കഷ്ടസ്ഥിതിയെക്കുറിച്ച് വ്യാകുലരേ അല്ല എന്നുള്ളതും.

അമേരിക്കന്‍ സര്‍ജന്‍ ജനറല്‍ ജെറോം ആഡംസ് തന്നെ ഇക്കഴിഞ്ഞ ഏപ്രില്‍ 10-ന് പറഞ്ഞത് ഇതിനു തെളിവാണ്. ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്ക് രോഗബാധ കൂടുതലുണ്ടാകുന്നുണ്ടെങ്കില്‍ അത് സ്വന്തം ഉത്തരവാദിത്തത്തില്‍ വരുന്ന കാര്യമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കൊറോണ വൈറസ് എന്ന മഹാമാരിയെ എങ്ങനെ നേരിടണമെന്നറിയാതെ ലോകത്തെ ഏറ്റവും ശക്തമായ, സമ്പന്ന രാഷ്ട്രം പകച്ചു നില്‍ക്കുന്നതിനിടെയാണ് ഈ വാചകങ്ങള്‍ ഉണ്ടായത് എന്നതും ശ്രദ്ധിക്കണം. കോവിഡിന്റെ കാര്യത്തില്‍ കറുത്ത വര്‍ഗക്കാര്‍ നിസഹായരല്ല എന്ന്, വൈറ്റ് ഹൗസില്‍ നടന്ന ബ്രീഫിംഗിനിടെ പറഞ്ഞ ആഡംസ്, മറ്റൊന്നു കൂടി കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗും വ്യക്തിശുചിത്വവും പാലിക്കുന്നതും പ്രധാനമാണ്, അതോടൊപ്പം ആഫ്രിക്കന്‍ അമേരിക്കക്കാര്‍ മദ്യവും സിഗരറ്റും മയക്കുമരുന്നും ഉപേക്ഷിക്കണമെന്നുമായിരുന്നു ആ വാചകങ്ങള്‍.

ആഡംസിന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് അമേരിക്കന്‍ സമൂഹത്തിലെ പുരോഗമന വിഭാഗക്കാരില്‍ നിന്നുണ്ടായത്. കാരണം, ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അമേരിക്കന്‍ സമൂഹത്തെക്കുറിച്ച് പൊതുവായോ അല്ലെങ്കില്‍ വെള്ളക്കാരെക്കുറിച്ചോ ഉണ്ടാകാറില്ല. എന്നാല്‍ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ കാര്യത്തിലാകുമ്പോള്‍ അത് കൂടുതലാണു താനും. അവര്‍ക്ക് ആഡംസിനെ പോലുള്ളവരുടെ ഉപദേശങ്ങളല്ല വേണ്ടത്, മറിച്ച് അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികളാണ് ആവശ്യം. കണക്കുകളും ഇത് ശരിവയ്ക്കുന്നുണ്ട്. 2018-ല്‍ ഒമ്പതു ശതമാനം വെള്ളക്കാരായ അമേരിക്കക്കാര്‍ പട്ടിണിയില്‍ ജീവിക്കുമ്പോള്‍ കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ ഇത് 22 ശതമാനമാണ്. അവര്‍ നേരിടുന്ന വിവേചനം ആരോഗ്യ മേഖലയിലും ശക്തമാണ്. അതുപോലെ കറുത്ത വര്‍ഗക്കാരുടെ താമസത്തിന്റെ കാര്യത്തിലും വിവേചനം നിലനില്‍ക്കുന്നതിനാല്‍ അവര്‍ക്ക് പലപ്പോഴും മറ്റ് സമൂഹങ്ങള്‍ ജീവിക്കുന്നതിനു പുറത്തേക്ക് പോയി, പാരിസ്ഥിതികമായി മോശം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നിടത്ത് ജീവിക്കേണ്ടി വരുന്നു. അത് പകര്‍ച്ചവ്യാധികളും ശ്വാസകോശ രോഗങ്ങളുമൊക്കെ കൂടുതലായി അവരില്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories