തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിയില്‍ നിന്നും മനസ്സുകൊണ്ടു പുറത്തുവരുന്നതിനും കൂടുതല്‍ കരുത്തോടെ നിയമസഭ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളിലേക്ക് കടക്കുന്നതിനും കോണ്‍ഗ്രസിനു കഴിയാതെ പോകുന്നത് എന്തുകൊണ്ട്? തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് നേരിടേണ്ടിവന്നിട്ടുള്ള ഏറ്റവും വലിയ തിരിച്ചടിയൊന്നുമല്ല കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്. യുഡിഎഫ് മുന്നണി രൂപപ്പെട്ടതിനുശേഷമുള്ള ചരിത്രം തന്നെ നോക്കിയാലും ഇതിലും മോശം സാഹചര്യം ഉണ്ടായിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ വിരലിലെണ്ണാവുന്ന അംഗങ്ങളുമായി നിയമസഭയില്‍ ഇരുന്നിട്ടുമുണ്ട്. പക്ഷെ പ്രശ്നം അതൊന്നുമല്ല. കോണ്‍ഗ്രസ് മനസ്സുകൊണ്ടു പരാജയപ്പെട്ടവരായി തീര്‍ന്നിരിക്കുന്നുവെന്നതാണ് സംഗതി.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. വലിയ രാഷ്ട്രീയമായ മേല്‍ക്കൈ ലഭിക്കേണ്ടിയിരുന്ന ഒരു സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസും യുഡിഎഫും തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷെ അത് അവര്‍ക്കു സാധ്യമാക്കാനായില്ല. കാരണങ്ങള്‍ ആ ദിവസം മുതല്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്. തിരിച്ചടി യാഥാര്‍ത്ഥ്യമെങ്കിലും തെരഞ്ഞെടുപ്പിലെ കണക്കുകള്‍ വിശദമായി പരിശോധിച്ചാല്‍ പുറത്തുകടക്കാനാവാത്ത കെണികള്‍ അതിലുണ്ടോ? ഫലം വന്ന ശേഷം പരാജയത്തെ അപ്പാടെ സ്വീകരിച്ച് പിന്നോക്കം പോകുന്നതിനു പകരം കണക്കുകള്‍ വസ്തുനിഷ്ഠമായി പരിശോധിച്ച് രാഷ്ട്രീയമായി ഫലപ്രദമായി ചെറുത്തുനില്ക്കാന് സാധിക്കാതെ പോകുന്നതെന്തുകൊണ്ടെന്നതാണ് ആ പാര്‍ട്ടി വിശദമായി പരിശോധിക്കേണ്ടത്.
ആദ്യ ദിവസങ്ങളില്‍ അതിനായി ചില ദുര്‍ബല ശ്രമങ്ങള്‍ മാത്രമാണ് ഉണ്ടായത്. കുറെ വൈകിയിട്ടാണെങ്കിലും ഇപ്പോള്‍ കണക്കുകളിലേക്ക് കൂടുതല്‍ കടക്കാനുള്ള ശ്രമങ്ങള്‍ കാണുന്നു.കെപിസിസിയുടെ ഗവേഷണ വിഭാഗം തന്നെ കണ്ടെത്തി ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ തന്നെയുണ്ടല്ലോ. അതു തന്നെ പറയുന്നത് എന്താണ്? അവര്‍ക്കു പിടിച്ചു നില്ക്കാന് പറ്റാത്ത പ്രശ്നങ്ങള്‍ പരാജയത്തിന്റെ കണക്കുകളില്‍ ഉണ്ടെന്നല്ല. പക്ഷെ തിരിച്ചടിക്ക് അപ്പുറത്തേക്ക് അവരെ നയിച്ചുകൊണ്ടുപോകാന്‍ സാധിക്കുന്ന ഇച്ഛാശക്തിയും സാഹചര്യങ്ങളെ മനസ്സിലാക്കി രൂപം കൊള്ളേണ്ട നേതൃത്വവും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടോയെന്നതാണ് കണക്കുകളെ കടന്നുനില്‍ക്കുന്ന കാതലായ പ്രശ്നം. അതിനവരെ പ്രാപ്തരാക്കുന്നതാണോ കേന്ദ്ര നേതൃത്വം? ഓരോരുത്തര്‍ക്കും അവരവരുടെതായ തലത്തില്‍ ഔന്നത്യമുള്ള നേതാക്കളാണ് കേരളത്തിലെ കോണ്‍ഗ്രസിനുള്ളത്. പക്ഷെ മാറുന്ന കേരളത്തേയും, ഇന്ത്യയേയും ഇവിടത്തെ വോട്ടര്‍മാരുടെ അന്തസഞ്ചാരങ്ങളേയും അവര്‍ എത്രമാത്രം മനസ്സിലാക്കുന്നുണ്ട്? നാള്‍ക്കുനാള്‍ ദുര്‍ബലമായി കൊണ്ടിരിക്കുന്ന, പഴഞ്ചന്‍ മട്ടുകാരായ നേതാക്കള്‍ക്ക് ഈ പൊളിറ്റിയില്‍ ഉണ്ടാകുന്ന ഗതീയതകളെ കുറിച്ച് എത്രമാത്രം തിരിച്ചറിവുണ്ട്?
ഗ്രൂപ്പുകള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുത്തരിയൊന്നുമല്ല. ഇപ്പോള്‍ കാണുന്ന ഗ്രൂപ്പൊന്നുമല്ല, പഴയ ചാലപ്പുറം ഗ്രൂപ്പുപോലെ അതിശക്തവും തീവ്രവുമായ പല ഗ്രൂപ്പുകളും ആ രാഷ്ട്രീയത്തിന്റെ പിന്‍കാല ചരിത്രത്തില്‍ കാണാം. ഗ്രൂപ്പുകള്‍ ശക്തമായിരുന്ന കാലങ്ങളില്‍ തന്നെ, കടുത്ത ആഭ്യന്തര പ്രശ്നങ്ങളെ അതിജീവിച്ചു വലിയ വിജയങ്ങളിലേക്ക് കോണ്‍ഗ്രസിന് എത്താന്‍ സാധിച്ചിട്ടുണ്ട്. അതിനുശേഷിയുള്ള നേതാക്കളും അതിന് പാര്‍ട്ടിയെ സജ്ജമാക്കുന്ന തരത്തിലുള്ള ദേശീയ നേതൃത്വവും ഒക്കെ ആ പാര്‍ട്ടിയ്ക്കുണ്ടായിരുന്നു. ആ നേതാക്കളില്‍ പലരും ഇപ്പോഴും നമുക്കിടയിലുണ്ടെങ്കിലും കാര്യങ്ങള്‍ ആ പാര്‍ട്ടിയില്‍ നേരാംവഴിക്ക് പോകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങള്‍ അഭിമുഖം കാണുന്ന സമൂഹത്തെ അവര്‍ക്ക് എത്രമാത്രം യാഥാര്‍ത്ഥ്യബോധത്തോടെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്? തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ അതിനനുസരിച്ച് രൂപപ്പെടുത്താന്‍ സാധിക്കുന്നുണ്ട്? തികച്ചും അനുകൂലമല്ലാത്ത രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നും പിടിച്ചു നില്ക്കാന് സാധിക്കുന്ന ഫലം സിപിഎമ്മും എല്‍ഡിഎഫും നേടിയെടുത്തത് അത് സാധ്യമാക്കുന്ന തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചതുകൊണ്ടുമാത്രമാണ്. അതലവര് കാണിച്ച കൈയടക്കം എന്തുകൊണ്ട കൂറെകൂടി അനുകൂല സാഹചര്യമുണ്ടായിട്ടുകൂടി കോണ്‍ഗ്രസിനു സാധിക്കാതെ പോയി?
തദ്ദേശ തെരഞ്ഞെടുപ്പിലൊക്കെ പരാജയം അത്രയ്ക്ക് അസാധാരണമൊന്നുമല്ല. പക്ഷെ പരാജയത്തിനു കീഴ്പ്പെട്ടു പോവുകയെന്നത് ഒരു സംഘടനയ്ക്കും ഭൂഷണമല്ല. തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ചയ്ക്കുശേഷവും ആ സംഘടന പരാജയത്തെ കുടഞ്ഞുകളഞ്ഞ് ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി കാണുന്നില്ല. അഥവാ നടക്കുന്ന ശ്രമങ്ങളൊന്നും അതിനു പര്യാപ്തമാകുന്ന തരത്തിലാണോയെന്ന ആശങ്ക അണികളില്‍ പോലും ശക്തമായിരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം അവര്‍ക്കനുകൂലമായി വോട്ടുകള്‍ സമാഹരിച്ചത് ഏത് തരത്തില്‍ എന്ന് യാഥാര്‍ത്ഥ്യബോധത്തോടെ കോണ്‍ഗ്രസും യുഡിഎഫും പരിശോധിച്ചിട്ടുണ്ടോ? തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം തന്നെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നിയമസഭ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ദുര്‍ബലമാക്കാന്‍ നടത്തുന്ന നീക്കങ്ങളെ അവര്‍ വേണ്ടവണ്ണം മനസ്സിലാക്കിയിട്ടുണ്ടോ? കേരളത്തിന്റെ പോളിറ്റിയില്‍ നിശബ്ദമായ ഒരുപാട് അടിയൊഴുക്കുകള്‍ നടക്കുന്നുണ്ട്. അവയെ മനസ്സിലാക്കാതെ, എതിരാളികള്‍ പൂട്ടുന്ന കെണിയില്‍ മുന്‍പിന്‍ നോക്കാതെയെത്തി ഇരകളായി തീരുകമാത്രമാണോ കോണ്‍ഗ്രസ്്?
ചാനല്‍ ചര്‍ച്ചകളില്‍ വാചാടോപത്തോടെ സംസാരിക്കുക മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം. താഴെ തട്ടിലേക്കിറങ്ങി ജനങ്ങളുടെ അന്തസഞ്ചാരങ്ങളുടെ ഗതിയെ സ്വാധീനിക്കുന്ന തരത്തില്‍ പ്രവര്‍ത്തിയ്ക്കാന്‍ സാധിക്കണം. അതിലേക്ക് അണികളെ സജ്ജരാക്കുന്ന നേതൃത്വമുണ്ടാകണം. നേതാക്കള്‍ ഇടുങ്ങിയ അവനവനിസത്തില്‍ നിന്നും പുറത്തുവരണം. അവരുടെ പക്കല്‍ ജനതയുടെ ആശിസ്സുവാങ്ങിയ്ക്കാനും അണികളെ പ്രചോദിപ്പിക്കാനുമുള്ള എല്ലാത്തരം വിഭവങ്ങളുമുണ്ടാകണം- പൊളിറ്റിക്കല്‍ കാപ്പിറ്റല്‍ മുതല്‍ ഫിനാന്‍ഷ്യല്‍ കാപ്പിറ്റല്‍ വരെയുള്ള എല്ലാത്തരം വിഭവങ്ങളും. ഇല്ലെങ്കില്‍ അത് സമാഹരിക്കാനുള്ള ശേഷിയുണ്ടാകണം. സിപിഎം ഭരണത്തിനുശേഷം, അവരുടെ ഭരണത്തിലുള്ള ആന്റി ഇന്‍കുംബന്‍സി ഫാക്ടര്‍ ഒന്നുകാണ്ടുമാത്രം മുന്‍കാലങ്ങളില്‍ പലപ്പോഴും നടന്നിട്ടുള്ളതുപോലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ ഭരണത്തിലേറ്റണമെന്നില്ല.
പ്രചോദനാത്മകമായി നേതൃത്വം പ്രവര്‍ത്തിയ്ക്കുന്നില്ലെങ്കില്‍ നേതൃത്വത്തെ മാറ്റിത്തീര്‍ക്കാന്‍ യുവാക്കള്‍ക്കും ചെറുപ്പക്കാര്‍ക്കും സാധിക്കണം. തലമുറമാറ്റം വേണമെന്നു പറയുകയും നേതാക്കളുടെ പെട്ടിയെടുപ്പുകാരായി തുടരുകയും ചെയ്താല്‍ അത് സംഭവിക്കുകയില്ല. പ്രമേയം പാസാക്കിയിട്ടും മാധ്യമശാലകളിലേക്ക് വാട്സാപ്പ് സന്ദേശങ്ങള്‍ അയച്ചിട്ടും കാര്യമില്ല. 'എല്ലാം പറഞ്ഞുകഴിഞ്ഞിട്ടു നോക്കുകില് എന്തുണ്ട് അങ്ങയുടെ ജീവിതസഞ്ചിയില്‍' എന്നു കൊണ്ടാടപ്പെടുന്ന പല നേതാക്കളോടും അവരുടെ ആസന്ന സമീപകാല പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ആ പാര്‍ട്ടിയിലെ യുവാക്കള്‍ ചോദിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അതിനവര്‍ക്ക് ധൈര്യം വരുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരളത്തിലെ ചരിത്രമെങ്കിലും സൂക്ഷ്മമായി വായിച്ചുനോക്കിയാല്‍ മതിയാകും.തമ്മില്‍ തല്ല് നിര്‍ത്തി കോണ്‍ഗ്രസ് നേതൃത്വം തങ്ങളുടെ വിഭവ സഞ്ചികയിലേക്ക് യാഥാര്‍ത്ഥ്യബോധത്തോടെ നോക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വിഷമത്തിലാകും.