TopTop
Begin typing your search above and press return to search.

ഒരു ചോദ്യത്തിന്റെ ജനിതകം; ജയരാജനും ശശീന്ദ്രനും ഇല്ലാത്തതും ജലീലിനുള്ളതും

ഒരു ചോദ്യത്തിന്റെ ജനിതകം; ജയരാജനും ശശീന്ദ്രനും ഇല്ലാത്തതും ജലീലിനുള്ളതും

ആരോപണ വിധേയരായതിനെ തുടര്‍ന്ന് ഈ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസ്ഥാനത്തുനിന്നും രാജിവെച്ചൊഴിയേണ്ടിവന്ന ഇ.പി. ജയരാജനും എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിക്കും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് മന്ത്രി കെ.ടി ജലീലിനുള്ളത്? അദ്ദേഹത്തിനെങ്ങനെയാണ് മറ്റാളുകള്‍ക്കു ലഭിക്കാത്ത പരിഗണന കിട്ടുന്നത്? ഉന്നയിക്കുന്നത് ആരായാലും ശ്രദ്ധിക്കേണ്ട ഒരു ചോദ്യമാണിത്. സ്വര്‍ണ്ണക്കടത്തിന്റെ പശ്ചാത്തലത്തില്‍ നടന്നുവരുന്ന അന്വേഷണങ്ങളുടെ ഭാഗമായി ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജിക്കായി ശക്തമായി രംഗത്തുവന്ന പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്നതാണ് ഈ ചോദ്യം. കോണ്‍ഗ്രസ് പക്ഷത്തുനിന്നും ബിജെപി പക്ഷത്തുനിന്നും
മുസ്ലിംലീഗില്‍ നിന്നുമൊക്കെ ഒരുപാട് ഉന്നങ്ങളോടെ ഇതേ ചോദ്യം ഉയരുന്നു.

ആര് ചോദിക്കുന്നുവെന്നതല്ല, ആ ചോദ്യത്തിലെ അടരുകളാണ് സൂക്ഷിച്ച് കാണേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുപ്പക്കാരനായ, പാര്‍ട്ടിയെന്നാല്‍ പിണറായി എന്നു പൊതുവേദികളില്‍ പലവട്ടം പരസ്യമായി തന്നെ പറഞ്ഞിട്ടുള്ള, അദ്ദേഹത്തിന്റെ വിശ്വസ്തനായ ഇ.പി. ജയരാജനില്ലാത്ത എന്ത് സവിശേഷത, എന്തു സ്വാധീനത കൊണ്ടാണ് കെ.ടി ജലീലിന്റെ പിന്നില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും പാറപോലെ ഉറച്ചുനില്‍ക്കുന്നതെന്ന കേവലാര്‍ത്ഥത്തിനപ്പുറം പോകുന്നതാണ് ചോദ്യം. ആ ചോദ്യം കേരളീയ സമൂഹത്തില്‍ എവിടേക്കാണ് കെ. സുരേന്ദ്രനും ഷാഫി പറമ്പിലുമൊക്കെ എറിഞ്ഞുകൊടുക്കുന്നതെന്നതാണ് ആലോചിക്കേണ്ടത്. മുഖ്യമന്ത്രിയുടേയും കെ.ടി ജലീലിന്റേയും പാരസ്പര്യത്തിന്റെ ദൃഢത ജലീല്‍ നിഷ്‌കളനാണെന്ന കേവലബോധ്യത്തില്‍ നിന്നും മാത്രം രൂപപ്പെട്ടതാണെന്ന് സിപിഎംകാര്‍ക്കപ്പുറം ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല.

വലിയ സമരകോലാഹലങ്ങള്‍ സൃഷ്ടിക്കാന്‍ - അതെന്തിന്റെ പേരിലാണെങ്കില്‍ പോലും - പ്രതിപക്ഷത്തിപ്പോള്‍ ഇരിക്കുന്ന പാര്‍ട്ടികള്‍ക്ക് എത്രദൂരം പോകാനാവുമെന്ന തിരിച്ചറിവുകൊണ്ടുകൂടിയാകാം സിപിഎം വലിയ ഗൗരവം ഇപ്പോഴത്തെ സമരങ്ങള്‍ക്ക് കൊടുക്കാതിരിക്കുന്നത്. കടകംപള്ളി സുരേന്ദ്രനേയും എം.എം മണിയേയും പോലുള്ള മന്ത്രിമാര്‍ ഈ ചോദ്യം ചെയ്യലില്‍ വലിയ കാര്യമൊന്നുമില്ലെന്നു പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ടെങ്കിലും കേരളത്തിലെ തെരുവുകള്‍ അങ്ങോളമിങ്ങോളം പ്രതിഷേധ നിര്‍ഭരമാകുന്നത് കണക്കിലെടുത്തുള്ള നടപടികള്‍ ഇതെഴുതുന്ന സമയത്തും സര്‍ക്കാര്‍ പക്ഷത്തുനിന്നും ഉണ്ടായിട്ടില്ല. ജലീല്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന മന്ത്രിമാരുടേയും നേതാക്കളുടേയും പ്രസ്താവനയ്ക്കപ്പുറം കാര്യമായി നീക്കങ്ങളൊന്നും കാണുന്നുമില്ല. അതൊരു പതിവടിയന്തരം മാത്രമാണല്ലോ?

എല്ലാം മണത്തറിയാന്‍ ശേഷിയുള്ള മാധ്യമങ്ങള്‍ക്കു പിടികൊടുക്കാതെ അന്വേഷണ ഏജന്‍സിക്കുമുന്നില്‍ എത്തി ചോദ്യം ചെയ്യലിനു ഹാജരായി മടങ്ങാനായി എന്നത് കുറേ നേരത്തേക്കെങ്കിലും മാധ്യമവേട്ടയില്‍ നിന്നും കെ.ടി ജലീലിനെ രക്ഷിച്ചു നിര്‍ത്തി. ചോദ്യം ചെയ്യലിനെക്കുറിച്ച് പത്രത്തില്‍ വായിച്ച അറിവേയുള്ളുവെന്നൊക്കെ ആദ്യം പറഞ്ഞുനില്‍ക്കാന്‍ അദ്ദേഹത്തിന് സാധ്യമാകുകയും ചെയ്തു. പക്ഷെ അന്വേഷണ ഏജന്‍സിയുടെ ഉന്നതങ്ങളില്‍ നിന്നും തന്നെ പിന്നീട് സ്ഥിരീകരണം നേടിക്കൊണ്ട് ചോദ്യം ചെയ്യല്‍ മാധ്യമങ്ങള്‍ വലിയ സംവാദത്തിനുള്ള ഇന്ധനമാക്കി. ഓ ഇതെന്ത്! എന്ന മട്ടില്‍ സിപിഎം നേതാക്കള്‍ പ്രതികരിക്കുന്നുണ്ട്. പഴയ സര്‍ക്കാരിന്റെ കാലത്തും ചോദ്യം ചെയ്യലുണ്ടായിട്ടില്ലേ, ഇഡി അല്ലെന്നേയുള്ളൂ എന്നൊക്കെ തങ്ങള്‍ക്കാവുന്ന റെട്ടറിക്കില്‍, പലപ്പോഴും നിസ്സാരവല്‍ക്കരിക്കുന്നവരേയും അവര്‍ക്കിടയില്‍ കണ്ടു.

സമരങ്ങള്‍ മുന്‍കാലങ്ങളിലേതുപോലെ സ്വയം അടങ്ങിയേക്കാം. അല്ലെങ്കില്‍, മറുചോദ്യം ചെയ്യലുകള്‍ക്ക് വഴി കണ്ടെത്തി സിപിഎമ്മിന് അവയെ അടക്കുകയും ചെയ്യാനായേക്കാം. സംസ്ഥാനത്ത് അധികാരത്തിലുള്ള പാര്‍ട്ടിക്ക് അതിനുള്ള കാരണങ്ങള്‍ കണ്ടെത്തല്‍ അത്ര വിഷമകരമൊന്നുമാകില്ല. അത്തരം വിഭവങ്ങള്‍ ഒക്കെ കണ്ടെത്തിവെച്ചിട്ടുമുണ്ടാകാം. അതു സ്വയം സൃഷ്ടിച്ചു നല്‍കുന്നതില്‍ കോണ്‍ഗ്രസിനേയും ലീഗിനേയും പോലുള്ള പാര്‍ട്ടികള്‍ അത്ര മോശമൊന്നുമല്ല താനും.

പ്രതിപക്ഷ സമരങ്ങളുടെ ഗതിയെകുറിച്ചുള്ള ഉത്തമബോധ്യം കൊണ്ടാവണം സര്‍ക്കാര്‍ പക്ഷം അത് സ്വയം അടങ്ങുന്നതിനായി കാക്കുന്നത്. കോണ്‍ഗ്രസും ലീഗും ബിജെപിയും ശക്തമായി രംഗത്തുണ്ടെങ്കിലും കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രതിപക്ഷത്തിനു ആവുമോയെന്ന് കാത്തിരുന്നു കാണണം. അത്യന്തം ഹീനമായ രണ്ടു പീഡനവാര്‍ത്തകള്‍ പുറത്തുവരുകയും അതേ വേഗത്തില്‍ പൊതുമണ്ഡലത്തില്‍ നിന്നും ഇല്ലാതാവുകയുമായിരുന്നു. സര്‍ക്കാരിനെതിരെ ഉയര്‍ത്താവുന്ന ശക്തമായ ആയുധമായിരുന്നു അത്. എന്നിട്ടെന്തായി? കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലായിരുന്നു അത് നടന്നതെങ്കില്‍ ഇവിടെ അവസ്ഥ എന്താകുമായിരുന്നു? പ്രതിപക്ഷ നേതാവ് നടത്തുന്ന പത്രസമ്മേളനങ്ങള്‍ക്കപ്പുറം, ഏതാനും ദിവസങ്ങള്‍ നീളുന്ന പ്രതിഷേധങ്ങള്‍ക്കപ്പുറം, പൊതുസമൂഹത്തില്‍ പ്രശ്‌നങ്ങള്‍ വേണ്ടത്ര പ്രാധാന്യത്തോടെ ഉണര്‍ത്തി നിര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിയുന്നുണ്ടോ? ഇത് നല്‍കുന്ന ആത്മവിശ്വാസം സിപിഎമ്മിന് ചില്ലറയല്ല.

പക്ഷെ നേരത്തെ നാം കേട്ട ചോദ്യം അങ്ങനെയങ്ങ് കെട്ടുപോകുന്നതല്ല. ഇ.പി ജയരാജനില്ലാത്ത എന്തുപരിഗണന? ഇതൊരു ചെറിയ ചോദ്യമല്ല. ജയരാജനും ശശീന്ദ്രനും ശിവശങ്കരനും ചില പേരുകള്‍ മാത്രമല്ല മലയാളികള്‍ക്ക്. അത് മറ്റ് ചില സ്വത്വസ്വരൂപങ്ങള്‍ കൂടിയാണ്. ഇവരുടെ സ്വത്വങ്ങള്‍ക്കപ്പുറം സംരക്ഷിക്കേണ്ടതായി മുഖ്യമന്ത്രിക്ക് കെ.ടി ജലീല്‍ മാറുന്നുവെന്ന ആരോപണത്തിലൂടെ കുടുക്കാന്‍ ശ്രമിക്കുന്നതും സ്വത്വവിചാരം ഉണര്‍ത്തി തന്നെ. കാലങ്ങളായി കേരളത്തിലെ ഹൈന്ദവ വോട്ടുകളില്‍ നല്ല പങ്ക് സിപിഎം പെട്ടിയിലാണ് വീഴുന്നത്. പാര്‍ട്ടി കേഡര്‍മാരല്ലാത്ത ഇവരില്‍ അധികം പേരും സഹായാത്രികരുടേയോ അനുഭാവികളുടേയോ ഗണത്തില്‍ വരുന്നു. അവരുടെ മനസ്സിലേക്കാണ് ഈ ചോദ്യം പോയി വീഴുന്നത്, നിക്ഷേപിക്കപ്പെടുന്നത്. അതവിടെ കിടക്കുകയും ചെയ്യും.

അതുമാത്രമല്ല. ജയരാജനേയോ ശശീന്ദ്രനേയോ പോലെയല്ല, ഏറെ ആരോപണങ്ങള്‍ക്ക് ശരവ്യനായ ആളാണ് കെ.ടി ജലീല്‍. കേവല രാഷ്ട്രീയാരോപണങ്ങള്‍ക്കപ്പുറം മാര്‍ക്കുദാനം പോലെ സാധാരണക്കാര്‍ ശ്രദ്ധിക്കുന്ന ഏറെ വിവാദങ്ങള്‍ ഈ പണ്ഡിതമന്ത്രി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു സംഭാവന ചെയ്തിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടത് അവസാനത്തേത് മാത്രം. അത്തരത്തിലുള്ള ഒരാളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന തോന്നല്‍ സാധാരണക്കാരുടെ ഇടയില്‍ ബലപ്പെടുന്നത് അത്ര നല്ലതൊന്നുമല്ല. വിശേഷിച്ചും ഏതും എന്തും ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകളിലേക്ക് ഒതുക്കി കാണാന്‍ കൂടുതലായി ഇഷ്ടപ്പെട്ടുതുടങ്ങിയ കേരളീയ സമൂഹത്തില്‍. അതോ, ജലീലിനെ സംരക്ഷിക്കുന്നുവെന്നത് അദ്ദേഹം നില്‍ക്കുന്ന ഇടത്തില്‍ നിന്നും കൂടുതല്‍ സമ്മതി നേടിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണോ? മലപ്പുറമെന്ന ലീഗിന്റെ പൊന്നാപുരം കോട്ടയില്‍ വിള്ളല്‍ വീഴ്ത്തിയാളെ എന്തുവില കൊടുത്തും സംരക്ഷിക്കുന്നത് എക്കാലത്തേക്കുമുള്ള നിക്ഷേപം അദ്ദേഹം അവിടെ നടത്തിയിട്ടുണ്ടെന്ന അമിതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണോ?

പുശ്ചിച്ചു തള്ളലുകളോ, ടെലിവിഷന്‍ ചാനലുകളില്‍ വന്നിരുന്നുള്ള ഗിരിപ്രഭാഷണങ്ങളോ കൊണ്ടു സാധാരണക്കാരുടെ മനസ്സിലുണ്ടാകുന്ന ബലപ്പെടുത്തലുകളെ ലഘൂകരിക്കാന്‍ ആവുകയില്ല. സോഷ്യല്‍ മീഡിയയും ടെലിവിഷന്‍ ചര്‍ച്ചകളും മിക്കവാറും കാണുകയോ കണക്കിലെടുക്കയോ ചെയ്യാത്ത തീര്‍ത്തും സാധാരണക്കാരായ ദരിദ്രനാരായണന്മാരുടെ മനസ്സില്‍ പക്ഷെ ജാതിയും മതവും ഒക്കെ ജനിച്ച നാള്‍ മുതലുണ്ട്. മലയാളിയുടെ ജനിതകം അതാണ്. എത്രയൊക്കെ മുന്നോട്ടുപോയിട്ടും നവോത്ഥാന സമിതിക്ക് അധ്യക്ഷനാക്കാന്‍ വെള്ളാപ്പള്ളി നടേശനെ മാത്രം കണ്ടെത്താനായ നാടാണിത്. ആ തെരഞ്ഞെടുപ്പ് നടത്തിയവരുടെ മനസ്സിന്റെ ചെറുപ്പം കെ.ടി. ജലീലിനെ സംരക്ഷിക്കുന്നതിലും ഉണ്ടാകും.

പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണം സ്വര്‍ണ്ണക്കടത്തില്‍ ജലീലിനും പങ്കുണ്ടെന്നും അത്തരമൊരാളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും ആകുന്നു. ഇത് സാധാരണ ഗതിയില്‍ രാഷ്ട്രീയക്കാരൊക്കെ ചെയ്യുന്നതാണ്. സ്വര്‍ണ്ണക്കടത്ത് പുതിയ കാര്യമൊന്നുമല്ല. അതില്‍ പാര്‍ട്ടികള്‍ക്കതീതമായ ബന്ധവും സംരക്ഷണവും ലഭിക്കുന്നുണ്ടെന്നു മനസ്സിലാക്കുന്നവരാണ് മലയാളികള്‍. രാഷ്ട്രീയക്കാര്‍ ഏതെങ്കിലും ഒരു പോയിന്റിലെത്തി ചെക്കു പറയുകയും പിന്നെ എല്ലാവരും കൈകൊടുത്തുപിരിയുകയും ചെയ്യുമെന്നും ആളുകള്‍ ശങ്കിക്കുന്നുണ്ട്. പക്ഷെ, സാധാരണ മലയാളിയുടെ ബോധപ്രപഞ്ചത്തില്‍ ആ ചോദ്യമുണ്ടല്ലോ, അത് ശേഷിക്കുക തന്നെ ചെയ്യും.

വോട്ടു ചെയ്യുന്നതിനു മുന്‍പ് പണ്ട് എംപി നാരായണ പിള്ള പാതി കളിയായി പറഞ്ഞതുപോലെ, ചില സ്വത്വ വിചാരണകള്‍ നടത്തുന്നവരാണ് മലയാളികള്‍. ആള് 'അയ്യപ്പ പണിക്കരാണോ, ജഗന്നാഥ പണിക്കരാണോ' എന്ന ചോദ്യം. ഇതൊരു സ്വത്വവിചാരമാണ്. അയ്യപ്പ പണിക്കരുടെ ആളുകളും ജഗന്നാഥ പണിക്കരുടെ ആളുകളും ഒന്നിക്കുകയും തോമസ് പണിക്കരെ പുറത്താക്കുകയും ചെയ്യുന്ന ചില ഘട്ടങ്ങളുമുണ്ട്. ഇത് മറ്റൊരു സ്വത്വവിചാരമാകുന്നു. വളരെ അടക്കിയാണ് മലയാളികളുടെ ഇത്തരം അന്ത:സഞ്ചാരങ്ങള്‍. കെ. സുരേന്ദ്രനും ഷാഫി പറമ്പിലുമൊക്കെ ആലോചിച്ചുറപ്പിച്ച് ഉന്നയിച്ചതാണെങ്കിലും അല്ലെങ്കിലും അത്തരം അടക്കിപ്പിടിക്കുന്ന ഇടത്തിലേക്കാണ് നമ്മള്‍ ആദ്യം കേട്ട ചോദ്യം കടന്നിരിക്കുന്നത്. ആരും കാണാതെ തന്നെ. അത് മറക്കേണ്ട.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories