TopTop
Begin typing your search above and press return to search.

ഗാന്ധിയെ സ്‌നേഹിച്ച, മാര്‍ക്‌സിസ്റ്റായ ഇര്‍ഫാന്‍ ഹബീബിനെ എതിര്‍ക്കാര്‍ സംഘ്പരിവാറിന് കാരണമേറെയെുണ്ട്, ഗവര്‍ണര്‍ ഒരു ഉപകരണം മാത്രം

ഗാന്ധിയെ സ്‌നേഹിച്ച, മാര്‍ക്‌സിസ്റ്റായ ഇര്‍ഫാന്‍ ഹബീബിനെ എതിര്‍ക്കാര്‍ സംഘ്പരിവാറിന് കാരണമേറെയെുണ്ട്, ഗവര്‍ണര്‍ ഒരു ഉപകരണം മാത്രം

ചരിത്ര കോണ്‍ഗ്രസ് പല കാരണങ്ങള്‍ കൊണ്ട് വാര്‍ത്താപ്രാധാന്യം പിടിച്ചുപറ്റാറുണ്ട്. ചരിത്രത്തോടുള്ള നിലപാടുകളും പ്രത്യേക ചരിത്ര സന്ദര്‍ഭത്തോടുള്ള സമീപനങ്ങളുമെല്ലാം ചരിത്രകാരന്മാരുടെ കൂട്ടായ്മയെ വാര്‍ത്താ തലക്കെട്ടുകളാക്കിയിട്ടുമുണ്ട്. എന്നാല്‍ ഇത്തവണ കണ്ണൂര്‍ സര്‍വകലാശാല സംഘടിപ്പിച്ച ചരിത്ര കോണ്‍ഗ്രസ് വാര്‍ത്തകള്‍ നിറഞ്ഞത് അത് പ്രതിഷേധത്തിന്റെ വേദിയായതുകൊണ്ടാണ്. പൗരത്വ നിയമത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധം അലയടിക്കുമ്പോഴാണ് ചരിത്ര കോണ്‍ഗ്രസ് നടക്കുന്നത്. ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ എഴുതി തയ്യാറാക്കിയ പ്രസംഗം വിട്ട് പൗരത്വ ബില്ലിനെ ന്യായീകരിച്ച് സംസാരിക്കുന്നു. അദ്ദേഹം മൗലാന അബുല്‍ കലാം ആസാദിനെ തെറ്റായി ഉദ്ധരിച്ചുവെന്നും ചിലര്‍ പറയുന്നു. ഈ ഘട്ടത്തിലാണ് വിഖ്യാത ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് എഴുന്നേറ്റ് വേദിയിലെത്തി പ്രതിഷേധിക്കുന്നത്. 'നിങ്ങള്‍ ഗാന്ധിയെയല്ല, ഗോഡ്‌സെയാണ് ഉദ്ധരിക്കേണ്ടത്' അദ്ദേഹം ഗവര്‍ണറോട് പറയാന്‍ ശ്രമിച്ചു. എന്നാൽ വന്ദ്യവയോധികനായ, ലോകം ആരാധിക്കുന്ന ആ ചരിത്രകാരനോട് അധികാരത്തിന്റെ ഭാഷയിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ഇര്‍ഫാന്‍ ഹബീബ് വലിയ തെറ്റു കാണിച്ചുവെന്ന് പറഞ്ഞ് ആര്‍എസ്എസ് സംഘം അദ്ദേഹത്തിനെതിരെ പാഞ്ഞടുത്തു. അതിപ്പോഴും തുടരുന്നു. ചരിത്രകാരന്‍ വലിയ തെറ്റു ചെയ്തുവെന്നാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്. പ്രൊട്ടോക്കോൾ ലംഘിച്ചുവെന്നാണ് ലോകം ആരാധിക്കുന്ന ചരിത്രകാരനെതിരെ നിരത്തുന്ന പുതിയ ആരോപണം.

ചരിത്രകാരന്റെ മുന്നില്‍ വസ്തുതകള്‍ വളച്ചൊടിക്കരുതെന്ന് കാര്യമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ രാഷ്ട്രീയ യജമാനന്മാര്‍ക്ക് വേണ്ടി ലംഘിച്ചത്. ഒരു ചരിത്രകാരന്‍ എന്ന നിലയില്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് അതിനെ ചോദ്യം ചെയ്തു. അത് സംഘ്പരിവാരം ഒരു ആയുധമാക്കി. വലിയ ആക്രമണമാണ് ഇര്‍ഫാന്‍ ഹബീബിനെതിരെ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തികൊണ്ടിരിക്കുന്നത്. എന്താണ് ഇര്‍ഫാന്‍ ഹബീബ് എന്ന വയോധികനായ ചരിത്രകാരനെ ആര്‍എസ്എസ്സ് ഇത്രയും എതിര്‍ക്കാന്‍ കാരണം. ഒരു കാരണമെ ഉള്ളൂ ആര്‍എസ്എസ്സും സംഘ്പരിവാറും നിലകൊള്ളൂന്ന എല്ലാറ്റിനും എതിരാണ് ഇര്‍ഫാന്‍ ഹബീബിന്റെ ജീവിതം. ഇക്കാലമത്രയുമുള്ള അദ്ദേഹത്തിന്റെ ഗവേഷണ പഠനങ്ങള്‍ ആര്‍എസ്എസ്സിന്റെ വിഭാഗീയ ചരിത്ര സങ്കല്‍പത്തെ അസ്ഥിരപ്പെടുത്തുന്നു. മാര്‍ക്‌സിസ്റ്റ് വിശകലന രീതി ഉപയോഗിച്ച് ചരിത്രം എഴുതുകയും ഗവേഷണം നടത്തുകയും ചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന ഇര്‍ഫാന്‍ ഹബീബ് എല്ലാ കാലത്തും എല്ലാ തരത്തിലുമുളള വര്‍ഗീയ വാദികളുടെ എതിര്‍സ്ഥാനത്താണ്. ഒരു കാലത്ത് മുസ്ലീം വര്‍ഗീയതയെയാണ് അദ്ദേഹത്തിന് നേരിടേണ്ടിവന്നതെങ്കില്‍ ഇപ്പോഴത് പ്രധാനമായും ഹിന്ദുത്വ ശക്തികളാണെന്ന് മാത്രം.

വിഖ്യാത ചരിത്രകാരനായിരുന്ന മുഹമ്മദ് ഹബീബിന്റെ മകനായ ഇര്‍ഫാന്‍ ഹബീബ്, ചരിത്രത്തിലേക്ക് ആകൃഷ്ടനാകുന്നതിന് കുടുംബ പാശ്ചാത്തലവും കാരണമായിട്ടുണ്ടാകാം. താൻ ഒരു മാർക്സിസ്റ്റാണെന്നും ചരിത്ര പഠനത്തിന് മാർക്സിസ്റ്റ് രീതിയാണ് അവംലബിക്കുന്നതെന്നും തുറന്നു പറഞ്ഞിട്ടുണ്ട് തുടക്കം മുതൽ ഈ ചരിത്രകാരൻ.

ചരിത്രത്തോടും വര്‍ത്തമാനകാല രാഷ്ട്രീയത്തോടും സ്വീകരിക്കുന്ന സമീപനം ഇര്‍ഫാന്‍ ഹബീബിന് തുടക്കത്തില്‍ തന്നെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അത്തരത്തിലൊരു സംഭവം അദ്ദേഹം ഒരു അഭിമുഖത്തില്‍ ഓര്‍ക്കുന്നുണ്ട്. വിദേശ സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പിന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിക്കുന്നു. ഇർഫാൻ ഹബീബും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നു. മികച്ച പഠന നിലവാരം പുലര്‍ത്തിയ അദ്ദേഹം സ്വാഭാവികമായും തെരഞ്ഞെടുക്കപ്പെടുന്നു. ഓക്‌സ്വ്ഡില്‍ പഠനം നടത്താനായായിരുന്നു അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ കമ്മ്യൂണിസ്റ്റാണെന്ന് ആരോപിച്ച് അദ്ദേഹത്തിന് പാസ്‌പോര്‍ട്ട് നിഷേധിക്കുകയായിരുന്നു. ഇതില്‍ നിരാശനായ ഇര്‍ഫാന്‍, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് കത്തയക്കുന്നു. കത്തുകിട്ടിയ ജവഹര്‍ലാല്‍ നെഹ്‌റു തന്നെ വിളിച്ച് നേരില്‍ കാണാന്‍ ആവശ്യപ്പെട്ടതും അദ്ദേഹത്തെ പോയി കണ്ടതുമായ കാര്യങ്ങള്‍ ഇര്‍ഫാന്‍ ഹബീബ് ഓര്‍ക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റായതിന് തന്നെ, ചൈനയുടെയും റഷ്യയുടെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി നെഹ്‌റു വിമര്‍ശിച്ചുവെന്നും ഹബീബ് പറയുന്നു. രണ്ട് ദിവസത്തിനകം ഇര്‍ഫാന്‍ ഹബീബിന് പാസ്‌പോര്‍ട്ട് ലഭിക്കുകയും അദ്ദേഹം ഗവേഷണത്തിന് ഓക്‌സ്‌ഫേഡില്‍ പോകുകയും ചെയ്യുകയായിരുന്നു.

മധ്യകാല ഇന്ത്യയായിരുന്നു ഇര്‍ഫാന്‍ ഹബീബിന്റെ പ്രധാന അന്വേഷണങ്ങള്‍. 'ദി അഗ്രേറിയന്‍ സിസ്റ്റം ഓഫ് മുഗള്‍ ഇന്ത്യ' ഈ മേഖലയിലെ ഒരു ക്ലാസിക്കായാണ് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിലയിരുത്തപ്പെടുന്നത്. വേദ കാലത്തെക്കുറിച്ചും വേദങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചു. ചരിത്ര പഠനത്തിലേക്കുള്ള പ്രധാന ഉപാധിയെന്ന നിലയിലാണ് അദ്ദേഹം വേദങ്ങളെ കണ്ടത്. വര്‍ഷങ്ങളോളം വായ് മൊഴിയിലൂടെ പ്രചരിച്ചതിന് ശേഷമാണ് വേദങ്ങള്‍ എഴുതപ്പെട്ടതെന്നും അദ്ദേഹം തന്റെ ഗവേഷണങ്ങളിലൂടെ സ്ഥാപിച്ചു അധികാരികളുടെ കണ്ണില്‍ ഇര്‍ഫാന്‍ ഹബീബ് കരടാവുന്നത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ്. ചരിത്രത്തെ പുനര്‍രചിക്കാനുളള എന്‍ഡിഎ സര്‍ക്കാരിന്റെ ശ്രമം കാവിവല്‍ക്കരണമാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പുതിയ സംവാദങ്ങള്‍ക്ക് തുടക്കം കുറിച്ചു. എന്നാൽ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കാവിവല്‍ക്കരണമല്ല, കാല്‍പനികവല്‍ക്കരണമാണ് ചരിത്രത്തില്‍ നടത്താന്‍ ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. (Not Saffronisation but fictionalisation of history). ചരിത്രത്തെക്കുറിച്ച് വിവിധ വീക്ഷണങ്ങള്‍ സ്വാഭാവികമാണെന്ന് പറയുന്ന ഇര്‍ഫാന്‍ ഹബീബ് അത് സാധ്യമാകുന്നത് വസ്തുതകളെ എങ്ങനെ സമീപിക്കുന്നതിനെ ആശ്രയിച്ചാണെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. ചരിത്രം കല്‍പിത കഥയല്ലാത്തതുകൊണ്ടാണ് വര്‍ഗീയ നിലപാടുകള്‍ ഉണ്ടായിട്ടും ആര്‍ സി മജുംദാറിനെ പോലുള്ള ആളെ താന്‍ ചരിത്രകാരനായി കാണുന്നതെന്ന് വിശദീകരിക്കുന്നുണ്ട് ഇര്‍ഫാന്‍ ഹബീബ്. 'ആര്‍ സി മജുംദാര്‍ ചരിത്രകാരനായിരുന്നു. അദ്ദേഹം വസ്തുതകളുമായാണ് ഇടപഴകിയത്. അതുകൊണ്ടാണ് മുഗള്‍ കാലത്തെ നിര്‍മാണങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആ കാലത്ത് നിര്‍മ്മിച്ചതല്ലെന്ന ആര്‍ എസ് എസ് നിലപാടിന് അനുകൂലമായി ഓര്‍ഗനൈസറില്‍ എഴുതാന്‍ പറഞ്ഞപ്പോള്‍ അത് സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞത്' ഇര്‍ഫാന്‍ ഹബീബ് പറയുന്നു. ആര്‍എസ്എസ്സിന് ചരിത്രമല്ല, കല്‍പിത കഥകളാണ് ആവശ്യം. ഗാന്ധി നെഹ്‌റുവിനെ പോലെ സ്ഥിരചിന്തയുള്ള നേതാവായിരുന്നില്ലെന്ന് പറയുന്ന ഇര്‍ഫാന്‍ ഹബീബ് ആ കാലത്തെ മനസ്സിലാക്കാതെ ഗാന്ധിയെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് വിശദീകരിക്കുന്നുണ്ട്. നിരന്തരം നവീകരിക്കപ്പെട്ട ഗാന്ധി ഇന്ത്യ ഒരു മതേതര രാജ്യമായി നിലനിർത്താന്‍ കാരണമായെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ബ്രീട്ടീഷ് സാമ്രാജ്യത്തെ മുഖ്യ എതിരാളിയായി കണ്ടുകൊണ്ടുള്ളതായിരുന്നു ഗാന്ധിയുടെ പോരാട്ടമെന്നും മറ്റ് വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഗാന്ധിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ ആ കാലത്തെ സമഗ്രമായി ഉള്‍ക്കൊള്ളാത്തതുകൊണ്ടുകൂടിയാണെന്നുമാണ് ഇര്‍ഫാന്‍ ഹബീബ് വിശദീകരിക്കുന്നത് തന്റെ ജീവിതത്തിലെ ഭീതിദമായ രണ്ട് കാര്യങ്ങള്‍ ഒരു അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട് ഇര്‍ഫാന്‍ ഹബീബ്. അതില്‍ ഒന്ന് അടിയന്തരവാസ്ഥയാണെന്നും രണ്ടാമത്തേത് നരേന്ദ്ര മോദി അധികാരത്തിലെത്തിയതാണെന്നും ഇര്‍ഫാന്‍ ഹബീബ് പറയുന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വസ്തുതാ വിരുദ്ധമെന്ന് തോന്നിയ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പ്രതിഷേധിച്ചതിന് സംഘ്പരിവാരം ഇര്‍ഫാന്‍ ഹബീബിനെതിരെ ഉറഞ്ഞു തുള്ളുമ്പോള്‍ അദ്ദേഹത്തിന്റെ ഭീതി ചരിത്രപരമായി ശരിവെയ്ക്കപ്പെടുകയാണ്.


Next Story

Related Stories