TopTop
Begin typing your search above and press return to search.

ഇരകള്‍ അന്നും ഇന്നും ഒന്ന്, ഒരു ചാരമിട്ടു തേച്ചുമിനുക്കല്‍ കൊറോണക്കറ പിടിച്ച എന്‍്റെ പ്രജ്ഞയിലുമുണ്ടായി-ഡോ. ഖദീജ മുംതാസ് എഴുതുന്നു

ഇരകള്‍ അന്നും ഇന്നും ഒന്ന്, ഒരു ചാരമിട്ടു തേച്ചുമിനുക്കല്‍ കൊറോണക്കറ പിടിച്ച എന്‍്റെ പ്രജ്ഞയിലുമുണ്ടായി-ഡോ. ഖദീജ മുംതാസ് എഴുതുന്നു

ഓണത്തിനിടയ്ക്കോ പുട്ടുകച്ചവടം? കോവിഡ് കാലത്തെന്ത് പൗരത്വ ഭേദഗതി നിയമം? ആര്‍ക്കുണ്ടതില്‍ താല്പര്യം! ഷഹീന്‍ ബാഗുകള്‍ പൊളിച്ചു കളഞ്ഞില്ലേ? ഡല്‍ഹി കലാപമോ? അങ്ങനെയൊന്നു നടന്നതെപ്പോഴാണ്? വന്ദൃവയോധികനായ ചരിത്രകാരന്‍ ദളിത് ബന്ധു (എന്‍.കെ.ജോസ് )വിന്‍്റെ 'പൗരത്വ ഭേദഗതി നിയമം 19' എന്ന പുസ്തകം പുറത്തിറങ്ങാനിരുന്ന വേളയില്‍ത്തന്നെ കോവിഡ് 19 ഉം പൊട്ടിവീണു! ലോക് ഡൗണ്‍! എല്ലാവരും അകത്ത്! നിയോഗം പോലെ, വിദ്യാര്‍ത്ഥി പബ്ലിക്കേഷന്‍സ് പുറത്തിറക്കും മുമ്ബ് ഈ പുസ്തകം ഈയുള്ളവളുടെ കയ്യിലുമെത്തി. സമാന ചിന്തകളും ആശയങ്ങളും പ്രായം മങ്ങലേല്‍പ്പിക്കാത്ത തെളിഞ്ഞ ബുദ്ധിയോടും ഭാവനയോടും അനന്യമായ ചരിത്രബോധത്തോടും കൂടി പകര്‍ത്തി വെച്ചത് വായിച്ചപ്പോള്‍ ഒരു ചാരമിട്ടു തേച്ചുമിനുക്കല്‍ കൊറോണാക്കറ പിടിച്ച എന്‍്റെ പ്രജ്ഞയിലുമുണ്ടായി. കൊറോണാ, നിന്നെപ്പറ്റി മാത്രമല്ല ഇനി ഞാന്‍ പറയുക . ഈ കാലവും പോകും. നീയും ഞാനും പോകും. അപ്പോഴും ഇവിടെ ജീവിക്കേണ്ടവര്‍ ബാക്കിയുണ്ടാവും. അതു കൊണ്ട് ഇങ്ങനെയൊരു കുറിപ്പ്.

അഹമ്മദാബാദിലെ ദളിത് കോളനികളെ മറച്ചുകെട്ടിയ വംശമതിലും, അതിഥിയായെത്തിയ മുതലാളിത്ത രാജ്യത്തലവന്‍ തിരിച്ചു പോകും മുമ്ബുതന്നെ തലസ്ഥാനനഗരിയുടെ ദരിദ്ര മൂലകളിലരങ്ങേറിയ വംശീയാക്രമണവും ഫാഷിസത്തിന്‍്റെ പരസ്പര ബന്ധിതമായ രണ്ടു മുഖങ്ങള്‍ തന്നെ. അതിവിദൂരമല്ലാത്ത ഭാവിയില്‍ അഭിപ്രായ സ്വാതന്ത്ര്യമോ, നിയമപരിരക്ഷയോ തെരഞ്ഞെടുപ്പുകളില്‍ സ്വയം നിര്‍ണ്ണയാവകാശങ്ങളോ ഇല്ലാതെ ഭയന്നൊതുങ്ങി കഴിയേണ്ടവരാണ് രണ്ടിടത്തും അനീതിയ്ക്കിരയായവര്‍. വരാന്‍ പോകുന്ന ഇന്ത്യയില്‍ തങ്ങളുടെ ഇരുണ്ട ഭാവിയെ പച്ചയായി മനസ്സിലാക്കിക്കുക എന്ന ഉദ്ദേശ്യവും ഈ ഹൃദയമില്ലായ്മയിലൂടെ നിവര്‍ത്തിയ്ക്കപ്പെടുന്നുമുണ്ട്.

പിന്നാലെയെത്തിയതോ, മനുഷ്യരാശിയ്ക്കുമേല്‍ ആഞ്ഞടിച്ച ഒരു സൂക്ഷ്മാണു നല്‍കിയ തിരിച്ചറിവുകളും! മതത്തെയോ വംശത്തെയോ ജാതിയെയോ കൂസാത്ത, വേര്‍തിരിച്ചു കാണാത്ത മഹാമാരിയുടെ ആഗോളതാണ്ഡവത്തില്‍, ഒരൊറ്റ ഗ്രാമമായി ലോകത്തെ ചുരുക്കിയെന്ന കമ്ബോളവല്‍ക്കരണത്തിന്‍്റെ അവകാശവാദങ്ങളുടെ മുഖം മൂടികള്‍ അഴിഞ്ഞു വീണു! കമ്ബോളത്തിന്‍്റെ ആഗോളീകരണയുക്തിയില്‍ മറഞ്ഞിരിയ്ക്കുന്നത് സങ്കുചിത ദേശീയത തന്നെയായിരുന്നുവല്ലോ. സമ്ബത്തും അതു നല്‍കുന്ന അധികാരവുമുണ്ടെങ്കില്‍ ലോകത്തിന്‍്റെ ഏതു വിദൂര ഗ്രാമത്തിലെയും തനതുല്‍പ്പന്നങ്ങളോ സുഖങ്ങളോ തങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടെത്തിയ്ക്കാം എന്ന സമ്ബന്ന ദേശ രാഷ്ട്ര യുക്തി തന്നെയാണിത്. അതില്‍ നിന്നു വ്യത്യസ്തമായി ലോകത്തിന്‍്റെ ഏതു കോണിലെയും സങ്കടങ്ങള്‍ നമ്മുടെയും സങ്കടങ്ങളായി മാറാമെന്ന തിരിച്ചറിവിലേയ്ക്ക് മഹാമാരി നമ്മെ കൊണ്ടെത്തിയ്ക്കുന്നുണ്ട്. ആ സങ്കടങ്ങള്‍ ദൂരീകരിയ്ക്കേണ്ടത് തങ്ങളുടെ കൂടി സ്വാസ്ഥ്യത്തിന് അനുപേക്ഷണീയമാണെന്നും! വംശീയതയുടെയും മതസ്പര്‍ധകളുടെയും ലോകത്തിലേയ്ക്കല്ല, ദുരന്തമുഖത്ത് അതിര്‍ത്തികളടക്കുന്ന സങ്കുചിത ആഗോളീകരണ യുക്തിയിലേയ്ക്കല്ല, ഒരേ മണ്ണില്‍ ജനിച്ചു വളര്‍ന്നവര്‍ തമ്മില്‍ നിലനിര്‍ത്തേണ്ട ജൈവികബന്ധങ്ങളും അതിലൂടെ വളര്‍ത്തിയെടുക്കുന്ന സ്വയംപര്യാപ്തതയും ഉണ്ടാക്കുന്ന ആത്മവിശ്വാസമാര്‍ന്ന യഥാര്‍ത്ഥ സാര്‍വ്വലൗകികതയിലേയ്ക്കാണ് മനുഷ്യന്‍ വളരേണ്ടത് എന്ന പാഠവും ഇതു നമ്മെ ഉണര്‍ത്തുന്നുണ്ട്.

മനുഷ്യന്‍ പാഠങ്ങള്‍ പഠിയ്ക്കുമോ, പഠിച്ചവ സ്ഥായിയായി നില നിലനില്‍ക്കുമോ എന്നു സംശയം ജനിപ്പിയ്ക്കുന്നവ എന്നിട്ടും ഉണ്ടായിക്കൊണ്ടിരിക്കുന്നു! മത, വംശീയ വെറികള്‍ മറന്ന് ശാസ്ത്ര പിന്‍ബലത്തോടെ പൊരുതി നില്‍ക്കേണ്ട സമയത്ത് പാട്ട കൊട്ടിച്ചും ,മണിയടിപ്പിച്ചും ടോര്‍ച്ച്‌ മിന്നിച്ചും ഒരു ജനതയെ മുഴുവന്‍ പാവകളാക്കുമ്ബോള്‍ അധികാര കേന്ദ്രീകരണത്തിന്‍്റെയും സ്വേച്ഛാധിപത്യത്തിന്‍്റെയും അന്ധമായ അനുസരണത്തിന്‍്റെയും ഭാവിചിത്രങ്ങള്‍ കൂടി തെളിയുന്നുവോ എന്നു ഭയക്കേണ്ടതുണ്ട്. ഒപ്പം, രാജ്യം മുഴുവന്‍ രോഗം വ്യാപിപ്പിച്ചവരെന്ന പഴി ഒരു ന്യൂനപക്ഷ മതസമ്മേളനത്തിനെത്തിയവരിലേക്ക് മാത്രം ചുമത്താനുള്ള നിരന്തര ശ്രമങ്ങളും സംശയമുയര്‍ത്തുന്നു. രാജ്യത്താകമാനമുള്ള മുസ്ലിങ്ങള്‍ തങ്ങളുടെ വിശ്വാസാശയങ്ങളുമായി ഒട്ടും ബന്ധമില്ലാത്തവരെങ്കിലും അവരുടെ ചെയ്തികളുടെ ഭാരം ചുമക്കേണ്ടവരാണ് തങ്ങളും എന്ന അപകര്‍ഷതയനുഭവിക്കുന്നു! തങ്ങളുടെ അസ്തിത്വത്തെത്തന്നെ അതു ബാധിക്കുമെന്നു കരുതി പരിഭ്രമിക്കുന്നു! നിഷേധക്കുറിപ്പുകളിറക്കുന്നു!

വാസ്തവത്തില്‍ അത്തരമൊരു ആത്മവിശ്വാസക്കുറവിന്‍്റെ ആവശ്യമുണ്ടോ? ഇന്തൃന്‍ മുസ്ലിങ്ങള്‍ മുഴുവന്‍, വിഭജനത്തിന്‍്റെ പാപഭാരവും പേറി ഹിന്ദു ഭൂരിപക്ഷരാജ്യത്ത് അസ്ഥിര മനസ്സോടെ കഴിയേണ്ട ആവശ്യമുണ്ടോ? ഇത് യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്കവകാശപ്പെട്ട മണ്ണല്ല എന്ന് അവരും വിശ്വസിക്കുന്നുവോ? എങ്കില്‍ അവര്‍ ചരിത്രം യഥാര്‍ത്ഥരൂപത്തില്‍ അറിയാത്തതുകൊണ്ടാണെന്ന് ദളിത് ബന്ധു പറയും. ഇന്‍ഡ്യന്‍ മുസ്ലിമിന്‍്റെ ചരിത്രo അറേബ്യയിലെ ഇസ്ലാമിന്‍്റെ ചരിത്രമല്ല. അത് മധ്യകാലഘട്ടത്തില്‍ ഈ ഉപഭൂഖണ്ഡത്തെ ആക്രമിച്ച, കീഴടക്കിയ, ഭരിച്ച, തുര്‍ക്കികളും അഫ്ഗാനികളും മുഗളരും ഉള്‍പ്പെട്ടവരുടേതുമല്ല. അത് ഇനിയും രചിക്കേണ്ടതായിരിക്കുന്ന ചരിത്രമാണ് എന്നദ്ദേഹം. അത് നിഷ്പക്ഷമാകാന്‍ വയ്യ എന്നും. ഒരു ചരിത്രവും നിഷ്പക്ഷമല്ലെന്നു ദളിത് ബന്ധു. ചരിത്രമെഴുതിയവരും വ്യാഖ്യാനിച്ചവരും എപ്പോഴും സവര്‍ണരായ പ്രൊഫസര്‍മാരോ ചരിത്രകാരന്മാരോ, അതിനു മുമ്ബു കൊളോണിയല്‍ ചരിത്രകാരന്മാരോ ആണല്ലോ! ഇനിയുണ്ടാകേണ്ടത് മുസ്ലിം വീക്ഷണത്തിലുള്ള ഒരു ഇന്ത്യാ ചരിത്രമാണ്. ആ ചരിത്രത്തില്‍ നിശ്ചയമായും ഇന്തൃയിലെ കീഴാളന്‍്റെ ചരിത്രമുണ്ടാകും. അടിസ്ഥാന വര്‍ഗത്തിന്‍്റെ ചരിത്രം. ദളിതന്‍്റെ, ആദിവാസിയുടെ സഹനത്തിന്‍്റെ ചരിത്രം. ദളിതനും ആദിവാസിയും എന്നും കീഴടക്കപ്പെടേണ്ടവരായിരുന്നു. അവര്‍ ഭരണാധികാരികളായിട്ടുണ്ടായിരുന്നുവെങ്കില്‍ അത് ചരിത്രാതീതകാലത്തായിരുന്നു. സവര്‍ണേതിഹാസങ്ങളിലെല്ലാം അവര്‍ അസുരരോ, വാനരന്മാരോ, മഹര്‍ഷിമാരുടെ യാഗം മുടക്കുന്ന കാട്ടാളന്മാരോ ആയിരുന്നുവല്ലോ. പിന്നീടെഴുതപ്പെട്ട ഗ്രന്ഥങ്ങളിലെല്ലാം പ്രാചീനകാലം (ഹിന്ദുകാലഘട്ടം), മധ്യകാലം (ഇസ്ലാമിക കാലഘട്ടം), ആധുനികകാലം എന്നിങ്ങനെ ഇന്ത്യാ ചരിത്രത്തെ വേര്‍തിരിച്ചു വെച്ചതും മുന്നേ സൂചിപ്പിച്ച ചരിത്രകാരന്മാരും അക്കാഡമീഷ്യരും തന്നെ! അപ്പോള്‍പ്പിന്നെ പ്രാചീന പാരമ്ബര്യങ്ങളുടെ മഹിമകളെ വാഴ്ത്തുന്നതിലും മധ്യകാലഘട്ടമെന്ന ഇസ്ലാമിക അധിനിവേശഘട്ടത്തിലെ പാപങ്ങളെ തിരുത്തിക്കുറിക്കുന്നതിലും ഇന്ത്യന്‍ സംസ്കാരത്തിലൂന്നിയ ആധുനിക ഭാരതത്തെ കെട്ടിപ്പടുക്കാന്‍ ശ്രമിയ്ക്കുന്നതിലും ആര്‍ക്കാണ് തെറ്റു കണ്ടു പിടിക്കാനാവുക!

പക്ഷേ, അതായിരുന്നുവോ ചരിത്രം? അതാണ് തൊണ്ണൂറു വയസ്സു കഴിഞ്ഞിട്ടും 'ചരിത്ര വിദ്യാര്‍ത്ഥി ' എന്നു സ്വയം വിശേഷിപ്പിക്കാന്‍ മടിയ്ക്കാത്ത, ഇന്ത്യന്‍ - കേരളീയ ചരിത്ര ശാഖയ്ക്ക് ദളിത് പരിപ്രേക്ഷ്യത്തില്‍ ഏറെ സംഭാവനകള്‍ നല്‍കിയ, പേരുകൊണ്ട് ക്രിസ്തു മതക്കാരനായ ലേഖകന്‍ തിരയുന്നത്. അതിനുത്തരമറിയണമെങ്കില്‍ ഇന്ത്യന്‍ മുസ്ലിം അവന്‍്റെ തനതു ചരിത്രം പഠിയ്ക്കണമെന്നദ്ദേഹം. മൗലവിമാരും ഉസ്താദുമാരും അറബി അധ്യാപകരും മുസ്ലിമിനെ അവന്‍്റെ മണ്ണിന്‍്റെ ചരിതം പഠിപ്പിയ്ക്കണം. സാധാരണക്കാരന്‍, കീഴാളന്‍, എല്ലാ ന്യൂനപക്ഷക്കാരും ചരിത്രമറിയണം, പറയണം. ഭൂതത്തെ അറിയുന്നത് ഭാവിയ്ക്കു വേണ്ടിയുള്ള കരുതലാണെന്ന് വിഖ്യാത റഷ്യന്‍ സാഹിത്യകാരന്‍ യെവ്തോ സുങ്കോ മാത്രമല്ല പറഞ്ഞത്. ചരിത്രബോധമുള്ള ഓരോ മനുഷ്യന്‍്റെ ഉള്ളവും അതറിയുന്നുണ്ട്. അതറിയാതിരിക്കാനായിരുന്നു തങ്ങള്‍ക്ക് അക്ഷരം നിഷേധിച്ചിരുന്നത് എന്നുമവരറിയണം.

ഒരു സഹസ്രാബ്ദത്തോളം ഈ ഉപഭൂഖണ്ഡത്തിന്‍്റെ ഏറിയും കുറഞ്ഞുമുള്ള ഭാഗങ്ങള്‍ വാണ, ഇന്ത്യയുടെ സംസ്കാരത്തിലും ഭാഷയിലും കലകളിലും സാഹിത്യത്തിലും മതേതര ഭാവനകളിലും വലിയ സ്വാധീനമായ മുഗള്‍ ഭരണകാലമുള്‍പ്പെടെയുള്ള കാലഘട്ടത്തെ മാറ്റി വെച്ചൊരു ഇന്ത്യന്‍ ഇസ്ലാമിക ചരിത്രമുണ്ടോ എന്ന ചോദ്യം അവിടെ ഉയരുന്നുണ്ട്. അതു പ്രസക്തവുമാണ്. ക്രൂരരായ ആക്രമണകാരികളായോ, ഹൈന്ദവ ക്ഷേത്രങ്ങളുടെ ധ്വംസകരായോ നിര്‍ബന്ധമതപരിവര്‍ത്തനത്തിന്‍്റെ കാരണക്കാരായോ ആ ഭരണാധികാരികളെ മാറ്റി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്ബോള്‍ ആ ചരിത്രത്തെത്തന്നെ നിഷേധിച്ചു കൊണ്ടല്ലല്ലോ ഭാരതീയ ഇസ്ലാമിക ചരിത്രത്തെപ്പറ്റി ഓര്‍മ്മിക്കേണ്ടത്? മുഗള്‍ ഭരണാധികാരികള്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ അവരുടെ അധീനതയിലുണ്ടായിരുന്ന ഹിന്ദുസ്ഥാനെ ഒരു മുസ്ലിം രാഷ്ട്രമാക്കാന്‍ നിഷ്പ്രയാസം സാധിക്കുമായിരുന്നു എന്നു ലേഖകന്‍. അവസാനത്തെ ചക്രവര്‍ത്തിയായിരുന്ന കടുത്ത മതവിശ്വാസിയായിരുന്ന ഔറംഗസേബ് ഉള്‍പ്പെടെ ആരും ആ രീതിയിലുള്ള നീക്കങ്ങള്‍ ഇവിടെ നടത്തിയിട്ടില്ലെന്നു് ഏതു ലിഖിത ചരിത്രവും സാക്ഷി. മാത്രമല്ല, മുഗള്‍ ഭരണകാലം അവസാനിച്ച 1700 കളില്‍ അവിഭക്ത ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ ഒരു ശതമാനം മാത്രമായിരുന്നെങ്കില്‍ സ്വാതന്ത്ര്യ സമ്ബാദന വര്‍ഷമായ 1947 ല്‍ അത് 25 ശതമാനമായി ഉയര്‍ന്ന വൈരുധ്യവും അഭിവന്ദ്യ ലേഖകന്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ഇന്ത്യയിലെ ഇസ്ലാമിലേയ്ക്കുള്ള മതംമാറ്റത്തിന്‍്റെ യഥാര്‍ത്ഥ കാരണങ്ങളില്‍ ചെന്നു തൊടുന്നുണ്ട് ഈ കണക്കുകള്‍. ഇസ്ലാമിന്‍്റെ ആശയങ്ങളിലേയ്ക്ക് ആകൃഷ്ടരായി മത പരിവര്‍ത്തനം സ്വീകരിച്ച സവര്‍ണഹിന്ദുക്കളും ('സാരേ ജഹാം സേ അച്ഛാ...' എഴുതിയ മഹാകവി ഇക്ബാല്‍ നാല് തലമുറ മുമ്ബ് ഇങ്ങനെ മതം മാറിയ കാശ്മീരി ബ്രാഹ്മിണ്‍കുടുംബാംഗമായിരുന്നു!) രാജകുടുംബാംഗങ്ങളായും പ്രഭു കുടുംബാംഗങ്ങളായും, ഇസ്ലാമിക രാജ്യങ്ങളില്‍ നിന്ന് ഹിന്ദുസ്ഥാനിലേക്ക് കലാകാരന്മാരായോ മറ്റു പല കാരണങ്ങളാലോ കുടിയേറിയവരുടെ പിന്‍ഗാമികളായും ബാക്കി വന്ന ആഢൃ മുസ്ലിങ്ങളും കൂടിച്ചേര്‍ന്നാലും ഇന്ത്യന്‍ മുസ്ലിം ജനസംഖ്യയുടെ അഞ്ചു ശതമാനം മാത്രമേ വരുമായിരുന്നുള്ളു എന്നു ലേഖകന്‍. ബാക്കി വരുന്ന 95 ശതമാനം ജാതിവിവേചനത്താല്‍ പൊറുതിമുട്ടിയ ഇവിടുത്തെ കീഴാളജനത മതപരിവര്‍ത്തനം ചെയതുണ്ടായതാണ് ! താരതമ്യേന വിവേചനങ്ങള്‍ കുറഞ്ഞ സ്വാസ്ഥൃപൂര്‍ണമായ മുഗള്‍ ഭരണകാലത്തല്ല, ശേഷമുണ്ടായ കൊളോണിയല്‍ ഭരണകാലത്തായിരുന്നു അത് സംഭവിച്ചത് എന്നും കണക്കുകള്‍ തന്നെ സംസാരിക്കുന്നുവല്ലോ. കൊളോണിയല്‍ ഭരണത്തെ തുരത്തിയിട്ടും ജാതിവിവേചനം ഉപേക്ഷിക്കാത്ത സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഈ പ്രതിഭാസം തുടര്‍ന്നു കൊണ്ടേയിരുന്നു. ഇങ്ങനെയാണ് ഇന്ത്യന്‍ മുസ്ലിമിന്‍്റെ ചരിത്രം ഇന്തൃയിലെ അടിസ്ഥാന വര്‍ഗത്തിന്‍്റെ ചരിത്രമാകുന്നത്!

സ്വാതന്ത്രൃ പൂര്‍വ ഇന്ത്യയില്‍ രാഷ്ട്രീയത്തിലും മത പൗരോഹിത്യ രംഗത്തും സമ്ബന്ന വണിക്കുകളായും നിറഞ്ഞു നിന്നിരുന്നത് 'സവര്‍ണ' (അഷ്റഫി ) മുസ്ലിങ്ങള്‍ തന്നെയായിരുന്നു. അവരില്‍ വലിയൊരു വിഭാഗം പാക്കിസ്ഥാന്‍ രൂപീകരണത്തോടെ അങ്ങോട്ടു സുരക്ഷിതരായി മാറിപ്പോവുകയും ചെയതു. വാസ്തവത്തില്‍ വിഭജനത്തിനു ഏക കാരണക്കാരായി ആരോപിയ്ക്കപ്പെടുന്ന മുസ്ലിം ലീഗ് സംഘടനയുടെ തലപ്പത്തുണ്ടായിരുന്നവരും ഈ ആഢ്യ മുസ്ലിങ്ങള്‍ തന്നെ ആയിരുന്നുവെന്നും സവര്‍ണഹൈന്ദവ സ്വാധീനം ഏറെയുണ്ടായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അഹങ്കാരം കലര്‍ന്ന അവഗണനകള്‍ സഹിക്കാന്‍ അഭിമാനികളായിരുന്ന ഈ ആഢൃ മുസ്ലിങ്ങള്‍ തയ്യാറാകാതിരുന്നത് തികച്ചും സ്വാഭാവികം മാത്രമായിരുന്നെന്നും മറു പാഠങ്ങള്‍ തിരയുന്നവരെങ്കിലും മനസ്സിലാക്കാതിരുന്നിട്ടുമില്ല. മുഹമ്മദലി ജിന്നയെപ്പറ്റിയുള്ള അധ്യായത്തില്‍ വിഭജനത്തിലേയ്ക്കു നീണ്ട ഈ സാമൂഹിക- വ്യക്തിഗത അസംതൃപ്തികളുടെ അന്തര്‍ധാരകളെ കൂടുതല്‍ അടുത്തു നിന്നു മനസ്സിലാക്കാന്‍ വായനക്കാരനു സാധ്യമാകുന്നുമുണ്ട്.

ഒരേ രക്തമുള്ളവര്‍ ഒന്നിച്ചു നിന്ന ചരിത്രമാണ് സ്വാതന്ത്രൃ പൂര്‍വ ഇന്ത്യയിലേത് എന്നു ഗ്രന്ഥകാരന്‍. എന്നു വെച്ചാല്‍ മുസ്ലിങ്ങളും ദളിതരും. 1857ലെ ശിപായി ലഹള എന്നു താഴ്ത്തിക്കെട്ടി വിളിയ്ക്കപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരം തന്നെ ഏറ്റവും വലിയ ഉദാഹരണം. അതിനു മുമ്ബും ശേഷവും മലബാറിലുള്‍പ്പെടെ നമുക്കതിന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിയ്ക്കാനാവും. സവര്‍ണര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ഭീഷണിയുയര്‍ത്തി ഈ കൂട്ടുകെട്ട്. കീഴാളര്‍ക്ക് വിദ്യാഭ്യാസപരമായും നിയമപരമായും അനുകൂല സമീപനങ്ങള്‍ തുടക്കത്തില്‍ ഉദാരമായി കൈക്കൊണ്ടിരുന്ന ബ്രിട്ടീഷ് ഭരണാധികാരികള്‍ ശിപായിലഹളയ്ക്കു ശേഷം മാറിച്ചിന്തിച്ചു തുടങ്ങിയെന്നും ജാതിവ്യവസ്ഥ നിലനിര്‍ത്താനുതകും വിധത്തില്‍ സവര്‍ണാനുകൂല നിലപാടെടുക്കുകയാണ് കൂടുതല്‍ സുരക്ഷിതമെന്ന പോളിസിയിലേയ്ക്ക് പിന്നീട്നീങ്ങുകയാണുണ്ടായതെന്നുമാണ് ഗ്രന്ഥകാരന്‍്റെ നിരീക്ഷണം. അങ്ങനെ കൂടുതല്‍ ശക്തരും മര്‍ദ്ദകരുമായ ജന്മിമാരും, കരം പിരിയ്ക്കുന്ന അധികാരി കളുമുണ്ടായി. പാദസേവകരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ദിവാന്മാരുമുണ്ടായി.എന്നും എപ്പോഴും ഭരിയ്ക്കുന്നവരുടെ പക്ഷത്തുനിന്നു് തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചെടുക്കാന്‍ ജാതിവ്യവസ്ഥയുടെ വക്താക്കള്‍ക്ക് അപാര മിടുക്കായിരുന്നുവല്ലോ.

ജിന്നയുടെ അതിവൈകാരികതയും അധികാരമോഹവും ആര്‍.എസ്.എസിന്‍്റെ വിഭജന അജണ്ടയുടെ മേളനവും കൂടി ആയപ്പോള്‍ പാക്കിസ്ഥാന്‍ എന്ന ദേശ രാഷ്ട്രം സ്വതന്ത്ര ഇന്ത്യയോടൊപ്പം പിറന്നു. ഇന്ത്യയെ ഹിന്ദുരാജ്യമാക്കണമെങ്കില്‍ ഇന്ത്യന്‍ മുസ്ലിമിന്‍്റെ ശക്തി ചോര്‍ത്തിക്കളയണമെന്ന അതിബുദ്ധിയുടെ ഉറവിടം മറ്റെവിടെയും തിരയേണ്ട. വീര സവര്‍ക്കര്‍ ഏറെ മുമ്ബേ തന്നെ ദ്വിരാഷ്ട്രവാദ ദര്‍ശനം അവതരിപ്പിച്ചു കഴിഞ്ഞിരുന്നുവല്ലോ. ഉദ്ദേശിച്ച പോലെത്തന്നെ വിഭജനശേഷം ഇന്തൃയില്‍ ബാക്കിയായവരില്‍ ഏറെയും നൂറ്റാണ്ടുകളായി ജാതി വ്യവസ്ഥയില്‍ ഞെരിഞ്ഞിരുന്നവരുടെ രക്ത ബന്ധുക്കള്‍ തന്നെ ആയിരുന്നുവല്ലോ.

പൗരത്വ ദേദഗതി നിയമവും എന്‍.പി.ആറും കൈകോര്‍ക്കുമ്ബോള്‍ ആക്രമിയ്ക്കപ്പെടാനും ഡിറ്റന്‍ഷന്‍ ക്യാമ്ബുകളിലേയ്ക്കയയ്ക്കപ്പെടാനും അല്ലെങ്കില്‍ നിശ്ശബ്ദരായ രണ്ടാം കിട പൗരന്മാരായിത്തീരാനും പോകുന്നത് ഈ രക്ത ബന്ധുക്കള്‍ ഒരു പോലെയാണ്. ഈ മണ്ണില്‍ വേരുകളുള്ളവര്‍. എന്നിട്ടും 'മതിയായ'രേഖകള്‍ കാണിയ്ക്കാനില്ലാത്തവര്‍.

കൃത്രിമ ചരിത്രത്തിന്‍്റെ പിന്‍ബലത്തോടെ തിരിച്ചുപിടിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ശ്രേഷ്ഠ ഹൈന്ദവസംസ്‌കാരത്തെയും ദളിത് ബന്ധു അതിനിശിതമായി വിമര്‍ശിക്കുന്നുണ്ട്. 'ഹിന്ദുയിസം ഒരിയ്ക്കലും മനുഷ്യത്വപരമായ മതമായിരുന്നില്ല. മതങ്ങളുടെ ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ മതമാണത് ' എന്ന കാഞ്ച ഐലയ്യയുടെ വാചകങ്ങള്‍ ( ഗ്രന്ഥം - 'ഞാന്‍ എന്തു കൊണ്ടു ഹിന്ദുവല്ല ') എടുത്തുദ്ധരിയ്ക്കുന്നുണ്ട് ഗ്രന്ഥകാരന്‍. മനുഷ്യരെ അനീതിപരമായി വിഭജിയ്ക്കുന്നതോടൊപ്പം തന്നെ, എന്നും ഈ ഭൂവിഭാഗത്തിന് അടിമത്തം മാത്രം ക്ഷണിച്ചു വരുത്തിയ അനൈക്യത്തിന്‍െറയും അവസരവാദത്തിന്‍്റെയും സംസ്കാരം കൂടിയാണ് ഇന്നീ ഉച്ചൈസ്തരം ഉദ്ഘോഷിയ്ക്കപ്പെടുന്ന സംസ്കാരമെന്നും ഗ്രന്ഥകാരന്‍. സത്യമല്ലേ? ഈ ഉപഭൂഖണ്ഡത്തിലൊരിക്കലും ഒരു ഐക്യത്തിന്‍്റെ ഹൈന്ദവ സാമ്രാജ്യമുണ്ടായിട്ടേയില്ല. ബൗദ്ധ-ഇസ്ലാമിക സാമ്രാജ്യങ്ങള്‍ മനുഷ്യരെ ഒന്നിപ്പിയ്ക്കുകയും സാംസ്കാരികമായി മുന്നോട്ടു നയിയ്ക്കുകയും ചെയ്ത പോലെ! എന്തിന്, എത്ര ദോഷങ്ങള്‍ എണ്ണിപ്പറയാനുണ്ടാകുമെങ്കിലും ഇന്ത്യയിലെ ഒരു സംസ്ഥാനത്തോളം മാത്രം വലിപ്പമുള്ള ഇംഗ്ലണ്ടിനെപ്പോലൊരു രാജ്യത്തിന് 200 വര്‍ഷങ്ങളോളം ഇവിടം അടക്കി ഭരിക്കാനും ആധുനികതയുടെ വെളിച്ചങ്ങള്‍ കൊണ്ടുവരാനും കഴിഞ്ഞില്ലേ? ഹൈന്ദവ സംസ്കാരത്തിന് എന്തുകൊണ്ടു് അതിനെ പ്രതിരോധിയ്ക്കാനായില്ല? കാരണം ഹിന്ദുത്വ എന്നത് അനൈക്യത്തിന്‍്റെ സംസ്കാരമാണ്. അധിനിവേശക്കാരുടെ ഉപദേശകരും സൈന്യാധിപന്മാരും ആയിരിക്കാനായിരുന്നു അവര്‍ക്കെന്നും ഔത്സുക്യം.വിജ്ഞാനത്തിലും ചികിത്സയിലും വിദ്യാഭ്യാസത്തിലുമൊക്കെ മികച്ചു നിന്ന ഈ നാടിന്‍്റെ ബുദ്ധ കാലപാരമ്ബര്യത്തെ പുരാതന ഹൈന്ദവ കാലഘട്ടത്തിലേയ്ക്കൊതുക്കിയ ചരിത്രകാരന്മാരുടെ പ്രവൃത്തിയും തികച്ചും നിഷ്കളങ്കമാകണമെന്നില്ല.

ഇന്ത്യന്‍ ഭരണഘടന ആമുഖമാക്കി ചേര്‍ത്തും, ഭരണഘടനാ ശില്‍പ്പിയെത്തന്നെ മുഖചിത്രമാക്കിയും ഇറങ്ങുന്ന 'പൗരത്വഭേദഗതി ബില്‍ 19' എന്ന ഈ ഗ്രന്ഥത്തില്‍ പത്തിലധികം ലേഖനങ്ങളുണ്ടു്. വേറിട്ടു നില്‍ക്കുന്നു എന്നു തോന്നിപ്പിക്കുന്ന 'ലൗജിഹാദ്', ആരായിരുന്നു തുഗ്ലക് ?', 'കവര്‍ന്നത് നീയും, കള്ളനായത് ഞാനും' എന്നിവ വായിച്ചു കഴിഞ്ഞ് ഒന്നു ദീര്‍ഘനിശ്വാസമിടുമ്ബോഴേയ്ക്കും പ്രസ്താവൃവിഷയവുമായി അതെങ്ങനെ ചേര്‍ന്നു നില്‍ക്കുന്നു എന്നു നാമറിയും. തങ്ങള്‍ സുരക്ഷിതരെന്നു വിശ്വസിച്ച്‌ ഹിന്ദുത്വയെ താങ്ങുന്നവരുടെ മൂഢത്വമാണ് ആദ്യത്തേതിലെ സൂചനയെങ്കില്‍, പഴയ ഒരു സ്വേച്ഛാധിപതിയുടെ അപഹാസ്യമായ ഭരണപരിഷ്കാരങ്ങളും സാഡിസവും ദയനീയമായ അന്ത്യവും വെറുതെയങ്ങു വിവരിച്ചു പോവുകയല്ല തുഗ്ലക്കിനെപ്പറ്റിയുള്ള ലേഖനത്തില്‍ . വര്‍ത്തമാനകാലത്തേയ്ക്കുള്ള സൂചനകള്‍ പറയാതെ പറയുക തന്നെയാണ് . വിശപ്പു മാറ്റാന്‍ അരി 'കട്ടതിനു്' ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്‍്റെ ദുരനുഭവത്തിലൂടെ മോബോക്രസിയിലും പ്രവര്‍ത്തിയ്ക്കുന്ന ജാതിയെ ചൂണ്ടിക്കാണിക്കുകയാണ്. ഇവിടെ ഗുജറാത്തിലെ വംശീയക്കൊലകളും സിഖ് കൂട്ടക്കൊലയും എന്തിന്, അഖ്ലാഖുമാരുടെ ആള്‍ക്കൂട്ടക്കൊലകളും വരെ ജനവികാരമെന്നു ന്യായീകരിക്കാന്‍ ആളുണ്ടാകും. പക്ഷേ, ജനഹൃദയങ്ങളില്‍ ഇത്രയേറെ സ്വാധീനമായിട്ടും ഗാന്ധിജിയുടെ കൊലയ്ക്കുശേഷം ഒരു ആള്‍ക്കൂട്ട പ്രതികരണവും എന്തേ ഉണ്ടായില്ല? ഉത്തരം ദളിത് ബന്ധു തന്നെ പറയുന്നു, ഗാന്ധിയെ വധിച്ചത് ഒരു ബ്രാഹ്മണനായിരുന്നു! പെട്ടെന്നോര്‍ത്തത് അധികം വാര്‍ത്താപ്രാധാന്യം കിട്ടാതെ പോയ ഡല്‍ഹിപെണ്‍കുട്ടിയുടെ ഘാതകരിലൊരാള്‍ക്കു വേണ്ടി വടക്കെങ്ങോ നടന്ന ഒരു പ്രതിഷേധയോഗമായിരുന്നു. ബ്രഹ്മഹത്യയില്‍ നിന്ന് പിന്മാറണം എന്നാണവര്‍ ആവശ്യപ്പെട്ടത്. ആ നാലു ചെറുപ്പക്കാരെ തൂക്കിക്കൊല്ലാനുള്ള തീരുമാനമാണ് ഏറ്റവും ശരിയായ വിധി എന്നു വിശ്വസിക്കുന്നില്ലെങ്കിലും അതിലൊരാള്‍ ബ്രാഹ്മണകുലത്തില്‍ പെട്ടവനായതിനാല്‍ വധിക്കരുത് എന്ന ആവശ്യം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇന്ത്യയിലല്ലാതെ മറ്റെവിടെ ഇങ്ങനെയൊരാവശ്യമുയരും!

ലേഖനങ്ങളിലൂടെ ഉടയ്ക്കപ്പെടുന്ന സവര്‍ണബിംബങ്ങളുമേറെ.വിമര്‍ശനങ്ങളില്‍ യാതൊരു ദാക്ഷിണ്യവും ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയവരെ സംബന്ധിച്ചാവുമ്ബോഴും എഴുത്തുകാരന്‍ പ്രകടിപ്പിക്കുന്നുമില്ല. ഏറെ ചിന്തനീയവും നവീനവും ഒപ്പം ചില വായനക്കാരിലെങ്കിലും ദഹനക്കേടുണ്ടാക്കാവുന്നവയുമാണ് അവ.15 ലക്ഷത്തോളം മനുഷ്യരെ വിഭജനത്തിന്‍്റെ പേരില്‍ കൊലയ്ക്കു കൊടുത്ത ഗാന്ധിയും നെഹൃവുമൊക്കെയാണ് ഇന്തൃക്കാര്‍ക്ക് രാഷ്ട്രപിതാക്കന്മാര്‍ എന്ന പരാമര്‍ശമാണൊന്ന്. സ്വതന്ത്ര ഇന്ത്യയില്‍ ബ്രാഹ്മണിസത്തിന് എങ്ങനെയാണ് മൗനാനുവാദവും അംഗീകാരവും നേതാക്കന്മാര്‍ നല്‍കിയത് എന്നതിനുദാഹരണമായി ആദ്യ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് സ്ഥാനമേല്‍ക്കും മുമ്ബ് നടത്തിയ ബ്രാഹ്മണരുടെ കാല്‍കഴുകല്‍ച്ചടങ്ങാണ് എഴുത്തുകാരന്‍ എടുത്തു പറയുന്ന മറ്റൊന്ന്. അയിത്താചരണം തീവ്രമായിരുന്ന സംസ്ഥാനങ്ങളേറെ കണ്ടിട്ടും കേരളത്തെ മാത്രം ഭ്രാന്താലയമെന്നു വിളിച്ചതെന്തേ വിവേകാനന്ദന്‍? അത് അയിത്താചരണത്തിന്‍്റെ പേരിലല്ല, തൊട്ടുകൂടാത്തവന്‍ സെമറ്റിക് മതത്തിലേയ്ക്ക് മാറിയാലുടന്‍ അയാള്‍ അയിത്തത്തില്‍ നിന്നു മോചിതനാകുന്ന 'കേരളീയ മോഡല്‍'കണ്ടമ്ബരന്നാണെന്ന് ഗ്രന്ഥകാരന്‍! വൈക്കത്തെ ശിവക്ഷേത്രത്തില്‍ (അത് പണ്ടൊരു കീഴാള, ബൗദ്ധക്ഷേത്രമായിരുന്നത്രെ! ) കയറാന്‍ ശ്രമിച്ച അസംഖ്യം ഈഴവ യുവാക്കളെ വെട്ടിക്കൊന്ന് ക്ഷേത്രക്കുളത്തിലിട്ടു മൂടിയ വേലുത്തമ്ബി ദളവയെന്ന ജാതീയതയുടെ ക്രൂര പ്രതിനിധിയെയാണ് നാടിന്‍്റെ ധീര ദേശാഭിമാനിയായി നാം ആദരിയ്ക്കുന്നതെന്നു 'ദളവാക്കുള'മെന്ന സ്ഥലനാമത്തിന്‍്റെ പുറകേ ഗവേഷണം നടത്തി ഒരു പുസ്തകം തന്നെ ഇതിനു മുമ്ബു പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥകാരന്‍ പറയുന്നു.

ഇത് ദളിത് ബന്ധുവിന്‍്റെ എത്രാമത്തെ പുസ്തകമാണെന്നറിയില്ല. ഏഴെട്ടു പതിറ്റാണ്ടുകളോളം ഈ നാടിനെ, അതിന്‍്റെ ചരിത്രത്തെ, മനുഷ്യരെ അന്വേഷണത്വരയോടെ നോക്കിപ്പഠിയ്ക്കുകയും രേഖപ്പെടുത്തുകയും ഏറ്റവും കാലികമായ വിഷയവും തെളിഞ്ഞ ബുദ്ധിയോടെ വിശകലനം ചെയ്തു കൊണ്ടിരിയ്ക്കുകയും ചെയ്യുന്ന ഈ വലിയ മനുഷ്യന്‍്റെ പുസ്തകവായനയിലൂടെ നാം പഠിക്കുക തന്നെയാണു്, ചരിത്രത്തിലൂടെ വിവേചനബുദ്ധിയോടെ സഞ്ചരിക്കുകയാണ്, തിരിച്ചറിവുകളിലേയ്ക്ക് നയിക്കപ്പെടുകയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories