TopTop
Begin typing your search above and press return to search.

'ഹിന്ദു റിവൈവലിസ്റ്റ്' എന്നു ജിന്ന വിശേഷിപ്പിച്ച ഗാന്ധിയെ ഗോഡ്സെ വധിച്ചതെന്തിന്? യഥാര്‍ത്ഥ കാരണം ഇതാണ്

ഇന്ത്യ ബ്രട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായ സമയത്ത് മഹാത്മാ ഗാന്ധിയുടെ രാഷ്ട്രീയ എതിരാളിയായിരുന്നു പാക്കിസ്ഥാൻ സ്ഥാപകനായിരുന്ന മുഹമ്മദാലി ജിന്ന. ജിന്ന ഗാന്ധിയെ വിശേഷിപ്പിക്കാറുണ്ടായിരുന്നത് 'A Cunning Hindu Revivalist' എന്നായിരുന്നു. എന്തായിരുന്നു മഹാത്മാ ഗാന്ധിയുടെ ഹിന്ദു മതം? 'ഹിന്ദു റിവൈവലിസം' എന്ന് ജിന്ന വിശേഷിപ്പിച്ച ആ സിദ്ധാന്തം ജാതി ചിന്തയും, വിഗ്രഹാരാധനയും ഒന്നുമില്ലാത്ത ഒരു ഹിന്ദു മതമാണോ? അനേകം എഴുത്തുകാർ ഇത്‌ പരിശോധിച്ചിട്ടുള്ളതാണ്. പക്ഷെ അവർക്ക് ഗാന്ധിയുടെ ഹൃദയ നൈർമല്യത്തിലും, മാനുഷികതയിലും അധിഷ്ഠിതമായ മതത്തെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല എന്ന് പറയാം. മഹാത്മാ ഗാന്ധിയുടെ ജീവചരിത്രകാരന്മാരിൽ വളരെ ചുരുക്കം പേർക്കേ ഗാന്ധിയുടെ ആദ്ധ്യാത്മികമായ ഔന്നത്യം മനസിലാക്കുവാൻ സാധിച്ചുള്ളൂ. കാതറിൻ റ്റിഡ്രിക്ക് എഴുതിയ 'Gandhi – A Political and Spiritual Life' പോലുള്ള വളരെ ചുരുക്കം ചില പുസ്തകങ്ങളെ ഗാന്ധിയുടെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്ന ആദ്ധ്യാത്മികമായ വശം പരിശോധിക്കുന്നുള്ളൂ. മഹാത്മാ ഗാന്ധിയെ ഭൗതിക വാദികളായ പലർക്കും മനസിലാക്കുവാൻ സാധിക്കാത്തതാണ് അവർക്കിടയിൽ ഗാന്ധിയുടെ മഹത്ത്വം അംഗീകരിക്കപ്പെടാതെ പോവാനുള്ള പ്രധാന കാരണം.

കേവലം വായനാനുഭവത്തിലൂടെ ഗാന്ധിയെ പോലുള്ള മഹത് വ്യക്തിത്വങ്ങളെ മനസിലാക്കുവാൻ സാധിക്കുകയില്ല. യാന്ത്രിക ഭൗതികവാദികളുടേയും, യുക്തിവാദികളുടേയും ആശയങ്ങൾ വെറും കേവല യുക്തി ആയി പരിണമിക്കുമ്പോഴും ശാസ്ത്രീയതയുടെ മുഴുവൻ കുത്തക അവർക്കു മാത്രം അവകാശപ്പെടുമ്പോഴും ആധ്യാത്മിക മൂല്യങ്ങളിൽ ഊന്നിയ ഗാന്ധിയെ പോലുള്ളവരുടെ വാക്കും പ്രവർത്തിയും അങ്ങനെയുള്ളവർക്ക് മനസിലാക്കുവാൻ പറ്റില്ലെന്നാണ് തോന്നുന്നത്. ഇന്നും ഭൗതിക വാദികളും, ഹിന്ദു വാദികളും അംഗീകരിക്കുന്നില്ലെങ്കിലും മൗണ്ട്ബാറ്റൻ പ്രഭു തന്നെ അംഗീകരിച്ച കാര്യമായിരുന്നു ഗാന്ധിയുടെ അക്രമ രഹിത സമരമാണ് ബ്രിട്ടൻ ഇന്ത്യ വിടാനുള്ള കാരണമെന്നുള്ളത്. അത് കേവലം ഭംഗി വാക്കല്ലായിരുന്നു. "Gandhi will go down in history along with Buddha and the Jesus Christ" - എന്നാണ് ഗാന്ധിയുടെ മരണസമയത്ത് ഇന്ത്യയുടെ അവസാന വൈസ്രോയി ആയിരുന്ന മൗണ്ട്ബാറ്റൻ പ്രഭു പറഞ്ഞത്. ബ്രിട്ടനിൽ പോലും ലേബർ പാർട്ടിയും വലിയൊരു വിഭാഗം ചിന്തിക്കുന്നവരും ഗാന്ധിയുടെ അക്രമ രഹിത സമരത്തിന് അനുകൂലമായിരുന്നു. മനുഷ്യരുടെ 'മോറൽ കോൺഷ്യസ്നെസ്സ്' ഉണർത്തുന്ന ആ രീതി തന്നെയാണ് പിൽക്കാലത്ത് മാർട്ടിൻ ലൂഥർ കിങ് ഒക്കെ അനുവർത്തിച്ചതും. പിൽക്കാലത്ത് നെൽസൺ മണ്ടേലയേയും, ബരാക് ഒബാമയേയും ഗാന്ധിയുടെ ആരാധകരാക്കി മാറ്റിയത് മനുഷ്യരുടെ 'മോറൽ കോൺഷ്യസ്നെസ്സ്' ഉണർത്തുന്ന ആ അക്രമരഹിത സമരങ്ങളുടെ രീതി മാർഗ്ഗം ആയിരുന്നു. ഗാന്ധിയുടെ പ്രസക്തി ഇന്ത്യയിൽ നഷ്ടപ്പെടുമ്പോഴും വിദേശങ്ങളിൽ എറുകയാണെന്നുള്ള കാര്യം സുബോധമുള്ള ഇന്ത്യക്കാർ മനസിലാക്കേണ്ടതുണ്ട്.

കമ്യൂണിസ്റ്റുകാരായിരുന്നു ഒരുകാലത്ത് ഗാന്ധിയുടെ രൂക്ഷ വിമർശകർ. ഇന്നും അവർ ഗാന്ധിയെ അംഗീകരിച്ചിട്ടില്ല. ഗാന്ധിയെ വിമർശിക്കുവാനുള്ള ഒരു പ്രധാന കാരണം സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങളോട് ഗാന്ധിക്കും കമ്യുണിസ്റ്റുകാർക്കും ഉള്ള അഭിപ്രായ ഭിന്നതയായിരുന്നു. 'One Step Ahead is Enough' - എന്നാണു സാമൂഹ്യ മാറ്റങ്ങളുടെ കാര്യത്തിൽ ഗാന്ധി പറഞ്ഞിരുന്നത്. മറുവശത്ത് കമ്യുണിസ്റ്റുകാർക്ക് സമ്പൂർണ വിപ്ലവം വേണമായിരുന്നു. ഈ 'വിപ്ലവം' എന്നുള്ളത് പത്തു മുപ്പതു വർഷം മുമ്പ് വരെയെങ്കിലും നമ്മുടെ മിക്ക കമ്യുണിസ്റ്റു പാർട്ടിക്കാരുടേയും മുഖ്യ അജണ്ട ആയിരുന്നു. സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലും കമ്യുണിസം തകർന്നതും, ചൈന ക്യാപ്പിറ്റലിസ്റ്റ് രീതിയിലേക്ക് മാറിയതും കുറെയേറെ കമ്യുണിസ്റ്റുകാരെ 'വിപ്ലവം' എന്നുള്ള 'സെൻട്രൽ കൺസെപ്റ്റിൽ' നിന്ന് മാറി ചിന്തിപ്പിക്കുവാൻ പ്രേരിപ്പിച്ചു.

ഭൗതിക 'പ്രോപ്പഗാണ്ട' നടത്തുന്നവർക്ക് എല്ലാം ഭൗതികതയുടെ കണ്ണിൽ കൂടി അല്ലെങ്കിൽ 'മോഡ് ഓഫ് പ്രൊഡക്ഷൻ' ആയി എല്ലാം നോക്കി കാണണം. മതത്തേയും, ആത്മീയതയേയും അവർക്കു കണ്ടു കൂടാ. അക്ഷര ജ്ഞാനം വരുന്നതിനു മുൻപ് ഇതിഹാസങ്ങളും പുരാണ കഥകളും ഇന്ത്യയിൽ വ്യാപിച്ചത് വാമൊഴി പാരമ്പര്യത്തിലൂടെയായിരുന്നു. നമ്മുടെ മിക്ക ഭൗതിക ചരിത്രകാരന്മാർക്കും ഈ മഹത്തായ വാമൊഴി പാരമ്പര്യത്തെ കുറിച്ച് ഒരു ധാരണയുമില്ല. കാരണം ലളിതം. അവരൊക്കെ ദന്ത ഗോപുരങ്ങളിൽ വസിക്കുന്നവരാണ്. "ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്" എന്നാണ് മഹാത്മാ ഗാന്ധി പറഞ്ഞത്. സാധാരണ ജനങ്ങളുടെ ജീവിത രീതികളും, വിശ്വാസങ്ങളും മനസിലാക്കാതെ വരേണ്യ വർഗത്തിലുള്ള ചരിത്രകാരന്മാരുടേയും, പണ്ഡിതരുടേയും വാദങ്ങൾ നിരത്തുകയാണ് പലപ്പോഴും നമ്മുടെ ഭൗതിക വാദികൾ ചെയ്യുന്നത്.

പക്ഷെ സാധാരണ ജനങ്ങൾക്കിടയിലുള്ള ഈ ഭക്തിയുടേയും, ആധ്യാത്മികതയുടെയും വലിയ പാരമ്പര്യം സൂക്ഷ്മമായി കണ്ടറിഞ്ഞ വ്യക്തിയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി. അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റുകാർ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചപ്പോൾ ഗാന്ധിജി പ്രാർഥനാ സമ്മേളനങ്ങളാണ് സംഘടിപ്പിച്ചത്. കാരണം ആധ്യാത്മികതക്ക് വളരെയേറെ പ്രാധാന്യം ഉള്ള രാജ്യമായിരുന്നു എന്നും ഇന്ത്യ. ഇന്ത്യൻ ദേശീയതയെ കമ്യൂണിസ്റ്റുകാർ മനസിലാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഇന്ത്യൻ സാമൂഹിക യാഥാർഥ്യവും കമ്യൂണിസ്റ്റുകാർ മനസ്സിലാക്കിയതായി തോന്നുന്നില്ല. മുൻ നക്സലൈറ്റ് നേതാവ് കെ. വേണു ഇപ്പോൾ ആ യാഥാർഥ്യം അംഗീകരിക്കുന്നു. ഇന്ത്യൻ സാമൂഹിക യാഥാർഥ്യo മനസ്സിലാക്കുന്നതിൽ ഗാന്ധി കമ്മ്യുണിസ്റ്റുകാരെക്കാൾ വളരെ, വളരെ മുന്നിലായിരിന്നു എന്ന കാര്യം 'ഒരു കമ്മ്യൂണിസ്റ്റുകാരൻറ്റെ ജനാധിപത്യ സങ്കൽപ്പങ്ങൾ' എന്ന പുസ്തകത്തിൽ കെ. വേണു തുറന്നു സമ്മതിക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളിലെ മതനിരപേക്ഷത അല്ല ഇന്ത്യയുടെ മതനിരപേക്ഷത. ഇന്ത്യയുടെ മതനിരപേക്ഷത എല്ലാ മതങ്ങളേയും ആദരിക്കുന്നതാണ്; അല്ലാതെ ഭക്തിയേയോ, ആത്മീയതയേയൊ, മത വിശ്വാസത്തേയോ തള്ളിപ്പറയുന്നതല്ല. 1947-ൽ കമ്യുണിസ്റ്റുകാർക്കോ, അംബേദ്കറിസ്റ്റുകൾക്കോ വർഗീയ സംഘർഷങ്ങൾക്കെതിരെ ഒരു പരിഹാരവും നിർദേശിക്കാനില്ലായിരുന്നു എന്ന കാര്യവും കൂടി ഓർക്കേണ്ടതുണ്ട്. തന്റെ നിരാഹാര സമരങ്ങളിലൂടെ ഗാന്ധിയാണ് ഡൽഹിയിലും, കൽക്കട്ടയിലും സാമുദായിക സൗഹാർദം പുനഃസ്ഥാപിച്ചത്. താൻ പട്ടിണി കിടക്കുന്നതുകൊണ്ട് നിങ്ങൾ മതസൗഹാർദം പാലിക്കണമെന്ന് പറയുകയായിരുന്നില്ല ഗാന്ധി ചെയ്തത്; മറിച്ച് ഇവിടെ മതസൗഹാർദം എന്നും നിലനിന്നിരുന്നു എന്ന് തന്റെ സഹന സമരത്തിലൂടെ ജനത്തെ ഓർമപ്പെടുത്തുകയായിരുന്നു ഗാന്ധി ചെയ്തത്.

മത സൗഹാർദ്ദത്തിന് ഇന്നും ഇത്തരം സഹന സമരങ്ങളാണ് ഏറ്റവും നല്ലത്; അല്ലാതെ ബീഫ് ഫെസ്റ്റിവൽ അല്ല എല്ലാ സമുദായങ്ങളേയും കൂട്ടിയിണക്കാൻ നമുക്ക് വേണ്ടത്. അവസാന കാലത്ത് തന്റെ ജീവന് നേരെ ഉയരുന്ന ഭീഷണി വ്യക്തമായി കണ്ടിട്ടും ഗാന്ധി എടുത്ത ശക്തവും ധീരവും ആയ മതസൌഹാർദപരമായ നിലപാടാണ് ഇന്ത്യയുടെ അടിത്തറ. തന്റെ രക്തസാക്ഷ്യത്തിലൂടെ ഗാന്ധിക്ക് താൻ ജീവിച്ചിരുന്നപ്പോൾ സാധിക്കാതിരുന്നത് മരണത്തിലൂടെ സാധിച്ചെടുക്കാൻ സാധിച്ചു. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷ്യത്തിനു ശേഷം അടുത്ത പത്തു വർഷത്തിൽ ഇന്ത്യയിൽ ഒരു വലിയ വർഗീയ ലഹള പോലും ഉണ്ടായില്ല. ഇതു ചരിത്ര സത്യം. വിഭജനത്തിന്റെ സമയത്ത് പാക്കിസ്ഥാനിൽ എന്ത് സംഭവിച്ചാലും ഇന്ത്യ മതസൌഹാർദം പുലർത്തണമെന്നും, ഇന്ത്യയിൽ മുസ്ലീങ്ങൾ കൊല്ലപ്പെടരുതെന്നും നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ശക്തമായ നിലപാടെടുത്തു. ഗാന്ധി അവസാനം ഹിന്ദു - മുസ്ലിം മതസൗഹാർദ്ദത്തിന് വേണ്ടി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ അദ്ദേഹത്തിന്റെ ജീവന് വേണ്ടി പള്ളികളിൽ പോലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. പാക്കിസ്ഥാനിൽ ഗാന്ധിജി കൊല്ലപ്പെട്ടതിന് ശേഷം ദുഃഖസൂചകമായി സ്ത്രീകൾ വളകൾ പൊട്ടിച്ചു. ഇങ്ങനെ മത ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കലാണ് ഇന്നും നമുക്ക് ആവശ്യം. ഗാന്ധിയെ മനസിലാക്കാതിരുന്നതും, അംഗീകരിക്കാതിരുന്നതും ഇന്ത്യയിലെ കമ്യുണിസ്റ്റുകാരുടെ ഏറ്റവും വലിയ പരാജയം ആയിരുന്നു. ഗാന്ധിയെ കൂടുതൽ കൂടുതൽ അറിയേണ്ടതും, ഗാന്ധിയെ പറ്റി കൂടുതൽ പഠിപ്പിക്കേണ്ടതും വർഗീയത നടമാടുന്ന ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്.

ഗാന്ധി വധം എന്തുകൊണ്ട് സംഭവിച്ചു? ഗാന്ധി വിരോധം ഗാന്ധിജിയുടെ ഘാതകനായി മാറിയ ഗോഡ്സേയിൽ കുത്തിവെച്ചത് വിനായക് ദാമോദർ സവർക്കറാണ്. ഹിംസയെ ആരാധിച്ച സവർക്കര്‍ക്ക് ഗാന്ധിജിയുടെ അഹിംസാ മാർഗത്തോട് ഒരിക്കലും യോജിപ്പുണ്ടായിരുന്നില്ല. ആക്രമണോത്സുകമായ ഒരു സമൂഹത്തെ കുറിച്ചും, ഭരണകൂടത്തേയും ആണ് ആ മനുഷ്യൻ എന്നും സ്വപ്നം കണ്ടത്; അതിനുവേണ്ടി ആണ് അനുയായികളെ വാർത്തെടുത്തതും. സവർക്കറുടെ ആക്രമണോത്സുക ആശയങ്ങളും ശിക്ഷണവുമാണ് ഗോഡ്സേയെ കടുത്ത ഗാന്ധിവിരുദ്ധനാക്കുന്നത്. ഇത്തരം ആശയങ്ങൾക്ക് അടിമപ്പെടുന്നതിനു മുമ്പ് ഗാന്ധിയുടെ വാക്കുകൾ കേട്ട് ജയിലിൽ പോയ ഒരാളായിരുന്നു ഗോഡ്സെ. ഗാന്ധി വധത്തിനു ശേഷം കോടതി മുറിയേയും തന്റെ പ്രത്യയശാസ്ത്ര പ്രചാരണത്തിന് ഉപയോഗപ്പെടുത്തുകയായിരുന്നു ഗോഡ്സെ. ഇത്തരത്തിലുള്ള ആശയ പ്രചാരണങ്ങളൊക്കെ എല്ലാ വിഭാഗത്തിലും പെട്ട തീവ്രവാദികൾ ചെയ്യുന്നതാണ്.

വിഭജനാനന്തരം നടമാടിയ വർഗീയ കൂട്ടക്കൊലയിൽ ദശലക്ഷക്കണക്കിന് നിരപരാധികളായ മനുഷ്യർ കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് ഗാന്ധിജി ബിർള ഹൗസിൽ ഹിന്ദു-മുസ്ലിം-സിഖ് സൗഹാർദ്ദത്തിന് വേണ്ടി നിരാഹാര സത്യഗ്രഹം ആരംഭിച്ചത്. പാകിസ്ഥാൻ നിലവിൽ വന്നിട്ടും ഹിന്ദു-മുസ്ലിം മൈത്രിയെ കുറിച്ചാണ് ഗാന്ധിജി സംസാരിക്കുന്നതെന്ന് പറഞ്ഞ് സവർക്കറും ഗോൾവാൾക്കറും രോഷം പൂണ്ടത് മാത്രമല്ലായിരുന്നു ഗോഡ്സെയെ ഗാന്ധിക്കെതിരെ തിരിച്ചത്. വിഭജന കരാറിന്റെ ഭാഗമായി പാക്കിസ്ഥാന് അർഹതപ്പെട്ട 550 മില്യൺ രൂപ ഇന്ത്യ കൊടുക്കണമെന്നുള്ള ആവശ്യം നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കാനുള്ള ഒരു ഉപാധിയായി ഗാന്ധി ഉയർത്തി കാട്ടിയതാണ് പ്രധാനമായി ഗോഡ്സെ ഗാന്ധിയെ വധിക്കാൻ തീരുമാനിച്ചത്. ഗാന്ധിയെ സംബന്ധിച്ച് പാക്കിസ്ഥാന് അർഹതപ്പെട്ട 550 മില്യൺ രൂപാ കൊടുക്കാതിരിക്കുന്നതു സ്വതന്ത്ര ഇന്ത്യ കാണിക്കുന്ന ധാർമികമായ വലിയ തെറ്റായിരുന്നു. കുരുക്ഷേത്ര യുദ്ധ വേളയിൽ മക്കൾ കൊല്ലപ്പെടും എന്നറിഞ്ഞിട്ടു കൂടി 'യധോ ധർമ സ്ഥതോ ജയാ' എന്നനുഗ്രഹിച്ചു വിട്ട ഗാന്ധാരിയെ പോലെ ധർമ്മത്തിന്‍റെ വിജയമാണ് ഗാന്ധിയും ആഗ്രഹിച്ചിരുന്നത്. തന്റെ രാഷ്ട്രത്തിന് എന്തൊക്കെ പ്രതിസന്ധികളുണ്ടെങ്കിലും ധാർമികമായ പാതയിലൂടെ നീങ്ങണം എന്ന് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ശഠിച്ചു. നിർഭാഗ്യവശാൽ ആ ആവശ്യം അദ്ദേഹത്തിന്‍റെ കൊലപാതകത്തിലേക്കും ചെന്നെത്തി.

പാക്കിസ്ഥാൻ വിട്ടുപോയിട്ടും ഇന്ത്യയെ തങ്ങൾ സ്വപ്നത്തിൽ കാണുന്ന ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ സാധിക്കുന്നില്ല എന്ന നിരാശയാണ് ഗാന്ധി ഘാതകരെ അലട്ടിയത്. എല്ലാറ്റിനും കാരണം മഹാത്മാ ഗാന്ധിയെന്ന് അവർ വിലയിരുത്തി. ഗാന്ധി വധത്തിന്‍റെ യഥാർഥ കാരണങ്ങൾ മനസ്സിലാക്കണമെങ്കിൽ സവർക്കറിന്‍റെ 'മിലിട്ടൻറ്റ്' ഐഡിയോളജിയും, ബ്രട്ടീഷുകാർ വരുന്നതിന് മുമ്പ് ഇന്ത്യയിൽ ഭരണം കയ്യാളിയിരുന്ന ഉന്നത ജാതിക്കാരുടെ മനോനിലയും കൂടി മനസിലാക്കണം. ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ വരവോടുകൂടി അധികാരം നഷ്ടപ്പെട്ട ഉന്നതജാതിക്കാർക്ക് കണ്ടമാനം 'ഫ്രസ്റ്റ്രേഷൻ' ഉണ്ടായിരുന്നു. അധികാരം നഷ്ടപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയ തീവ്രവാദികൾ ഗാന്ധിജിയെ കൊല്ലാൻ ശ്രമിച്ചത് പെട്ടെന്നുള്ള പ്രകോപനത്താൽ ആയിരുന്നില്ല. ആ വധശ്രമത്തിന് പിന്നിൽ ദീർഘമായ ഒരു രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലമുണ്ട്. അതുകൊണ്ട് അധികാര രാഷ്ട്രീയത്തിൻറ്റെ ഭാഗം തന്നെയായിരുന്നു ഗാന്ധി വധവും എന്ന് ഉറപ്പിച്ചു പറയാം.

ഗാന്ധി വധത്തിന്‍റെ ഗൂഡാലോചനയിൽ പങ്കെടുത്തവരെല്ലാം മഹാരാഷ്ട്രയിൽ നിന്നുള്ള 'ചിത്പാവൻ' ബ്രാഹ്മണരായത് കേവലം യാദൃച്ഛികതയല്ല. സവർക്കറിന്‍റെ 'മിലിട്ടൻറ്റ് ഐഡിയോളജി' അല്ലായിരുന്നു മഹാത്മാ ഗാന്ധിയുടേത്. അഹിംസയും, സത്യാഗ്രഹവും, നിസഹകരണവും ഒക്കെ ആയിരുന്നു ഗാന്ധിജിയുടെ ആയുധങ്ങൾ. താൻ ഒരു സനാതന ഹിന്ദുവാണെന്ന് പ്രഖ്യാപിക്കുമ്പോഴും ഹിന്ദുയിസത്തിലെ ആദ്ധ്യാത്മികവും ധാർമികവും ആയ മൂല്യങ്ങളായിരുന്നു ഗാന്ധിജിയുടെ കരുത്ത്. മഹാത്മാ ഗാന്ധി ഒരിക്കലും ബ്രിട്ടീഷുകാരോട് വ്യക്തി വൈരാഗ്യം പുലർത്തിയില്ല; വൈദിക ഹിന്ദു മതത്തിന്‍റെ തിരിച്ചു വരവ് ആഗ്രഹിച്ചതുമില്ല. ഗാന്ധി പൊതുജീവിതം ആരംഭിച്ചതിൽ പിന്നെ ഒരിക്കലും ഒരു അമ്പലത്തിൽ പോലും പോയിട്ടില്ല; ആകെ പോയത് ഇടിഞ്ഞുപൊളിഞ്ഞ ഒരമ്പലം കാണാൻ വേണ്ടി മാത്രമാണെന്ന് പ്രമുഖ ഗാന്ധിയനായിരുന്ന പ്രൊഫസർ സുകുമാർ അഴീക്കോട് ചൂണ്ടി കാണിച്ചിട്ടുണ്ട്. അമ്പലത്തിൽ പോവുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടായിട്ടല്ല; മറിച്ച് മഹാത്മാ ഗാന്ധിക്ക് അതിന്റെ ആവശ്യം ഇല്ലായിരുന്നു. ഹിന്ദുയിസത്തിലെ ആദ്ധ്യാത്മികവും ധാർമികവും ആയ മൂല്യങ്ങൾ മുറുകെ പിടിച്ചിരുന്ന ഗാന്ധിജി അതേസമയം തന്നെ അന്നത്തെ ഹിന്ദു മിസ്റ്റിക്കുകളുമായി നിതാന്ത ചങ്ങാത്തത്തിലും ആയിരുന്നു. രമണ മഹർഷിയേയും, ശ്രീ നാരായണ ഗുരുവിനേയും മഹാത്മാ ഗാന്ധി സന്ദർശിച്ചിട്ടുണ്ട്.


മഹാത്മാ ഗാന്ധിയുടെ സമയത്തു തന്നെ ജീവിച്ചിരുന്ന മൂന്ന് ഹിന്ദു ആധ്യാത്മിക ആചാര്യന്മാർ ഗാന്ധിയുടെ പ്രാധാന്യം വളരെ നന്നായി വ്യക്തമാക്കിയിട്ടുണ്ട്. മഹായോഗിയായ സ്വാമി ശിവാനന്ദ സരസ്വതി ഗാന്ധിയെ കുറിച്ച് പറഞ്ഞിരിക്കുന്നത് മനസ്സിലാക്കണമെങ്കിൽ 'Sivananda - Biography of a Modern Sage' എന്ന പുസ്തകം വായിച്ചാൽ മാത്രം മതി. ഗാന്ധി എന്ന ഒറ്റ വ്യക്തിയാണ് മറ്റാരേക്കാളും ഉപരിയായി ഇന്ത്യക്കു ബ്രട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടി തന്നത് എന്ന് സ്വാമി ശിവാനന്ദ കൃത്യമായി പറയുന്നുണ്ട്. ഋഷികേശിലെ ഡിവൈൻ ലൈഫ് സൊസേറ്റിയുടെ പ്രസിദ്ധീകരണം ആണ് ഈ പുസ്തകം. അതുപോലെ തന്നെ ഗാന്ധിയുടെ കാലത്ത് ജീവിച്ചിരുന്ന മറ്റൊരു മഹായോഗിയായിരുന്നു സ്വാമി പരമഹംസ യോഗാനന്ദ. പരമഹംസ യോഗാനന്ദയുടെ 'Autobiography of a Yogi' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റുപോയ പുസ്തകമാണ്. മലയാളത്തിലും 'ഒരു യോഗിയുടെ ആത്മകഥ' എന്ന ടൈറ്റിലിൽ തർജമ ചെയ്യപ്പെട്ടിട്ടുണ്ട്. ആ പുസ്തകത്തിൽ ഒരു അദ്ധ്യായം തന്നെ ഗാന്ധിയുടെ ആശ്രമത്തിൽ സന്ദർശനം നടത്തിയതിനെ കുറിച്ചാണ്. സ്വാമി പരമഹംസ യോഗാനന്ദയും ഗാന്ധിയും കൂടി ഭക്ഷണം കഴിക്കുന്ന ഫോട്ടോയും ഉണ്ടതിൽ. ഇനി ഗാന്ധിയുടെ കാലത്ത് തന്നെ ജീവിച്ച വിശുദ്ധയായിരുന്നു ബംഗാളിൽ നിന്നുള്ള ആനന്ദമയി മാ. നെഹ്രുവും, ഇന്ദിരാ ഗാന്ധിയും ഒക്കെ പിന്നീട് പല തവണ സന്ദർശിച്ച വ്യക്തി. ബിതിക മുഖർജിയുടെ 'മൈ ഡേയ്സ് വിത്ത് ശ്രീ മാ ആനന്ദമയി' എന്ന പുസ്തകം വായിച്ചാൽ ആനന്ദമയി മായും ഗാന്ധിയെ നന്നായി അനുസ്മരിക്കുന്നുണ്ടെന്നുള്ളത് കാണാം. അതിൽ ആനന്ദമയി മാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കണം: "Just like Jesus Christ! Just as Jesus Christ had appropriated the violence of his people totally and so had forgiven them"- എന്നാണ് വിശുദ്ധയായ ആനന്ദമയി മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ കുറിച്ച് പറഞ്ഞത് ('മൈ ഡേയ്സ് വിത്ത് ശ്രീ മാ ആനന്ദമയി' - പേജ് 165). ഇങ്ങനെ സത്യത്തെ അനുഭവിച്ചറിഞ്ഞ ഹിന്ദു മിസ്റ്റിക്കുകൾ ഗാന്ധിയുടെ മഹത്ത്വം ഉൽഘോഷിക്കുമ്പോൾ മഹാത്മാ ഗാന്ധി തന്നെ ആയിരുന്നു സനാതന ഹിന്ദു മതത്തെ പ്രതിനിധീകരിച്ച അന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ നേതാവ് എന്ന് നിസംശയം പറയാം.

ആദ്ധ്യാത്മികവും ധാർമികവും ആയ മൂല്യങ്ങളെ മാറ്റിവെച്ച് വീണ്ടും വൈദിക ഹിന്ദു മതം ശക്തിപ്പെടുന്ന കാലമാണ് ഇപ്പോൾ. വൈദിക ഹിന്ദു മതം ഉണ്ടാക്കിയ പ്രശ്നങ്ങൾ മനസ്സിലാക്കണമെങ്കിൽ ഹിന്ദു മതത്തിലെ തന്നെ മിസ്റ്റിക്കുകളുടെ വാക്കുകൾ കേട്ടാൽ മാത്രം മതി. ആധ്യാത്മികാചാര്യനായ ശ്രീ എമ്മിന്റെ ഗുരുവും ഹിമാലയൻ യോഗിയുമായ മഹേശ്വർനാഥ് ബാബാജി ബ്രാഹ്മണരെ വിമർശിക്കുന്നത് കേട്ടാൽ ഞെട്ടിപ്പോകും. ഇന്ത്യയുടെ ആധ്യാത്മിക പാരമ്പര്യം തകർത്തത് ബ്രാഹ്മണരാണെന്നുള്ളത് മഹേശ്വർനാഥ് ബാബാജി അക്കമിട്ട് പറയുന്നുണ്ട്. ശ്രീ എമ്മിന്റെ ആത്മകഥയായ 'Apprenticed to a Himalayan Master - Autobiography of a Yogi' - യിലെ 'Yoga, Vedanta and the Nath Panth' എന്ന അധ്യായത്തിലാണ് മഹേശ്വർനാഥ് ബാബാജി ഇതൊക്കെ പറയുന്നത്. രാജാക്കന്മാരേയും മറ്റു ജാതികളേയും തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി കയ്യിലെടുത്ത ബ്രാഹ്മണരുടെ കുടിലബുദ്ധിയാണ് ഇന്ത്യയുടെ ആത്മീയ സംസ്കാരം തകർത്തതെന്ന് 'Yoga, Vedanta and the Nath Panth' എന്ന അധ്യായത്തിൽ ആ ഹിമാലയൻ യോഗി കൃത്യമായി പറയുന്നുമുണ്ട്.

മാധവസേവ എന്നുള്ളത് മാനവ സേവയാണെന്നുള്ളത് പല ഹിന്ദുക്കളും മറക്കുന്നു. ഇന്ത്യയിൽ ജാതി ചിന്ത പ്രബലമായപ്പോൾ മുതൽ മാത്രമാണ് മാനവസേവ പലരും മറക്കാൻ തുടങ്ങിയത്. ദക്ഷിണേന്ത്യയിലെ 18 സിദ്ധയോഗികളിൽ പ്രമുഖനായ തിരുവള്ളാറിന്റെ ദൈവമൊക്കെ കരുണാമയനാണ്. മാനവസേവ ചെയ്യുമ്പോഴാണ് ആ ദൈവം പ്രസാദിക്കുന്നതും. 'തിരുമന്ദിരം' അത് സാക്ഷ്യപ്പെടുത്തുന്നു. ഈ മാനവസേവാ ജാതിഹിന്ദുക്കളിൽ നിന്ന് അപ്രത്യക്ഷമായതാണ് ഇന്ത്യയുടെ ദാരിദ്ര്യത്തിന് കാരണമെന്ന് പല എഴുത്തുകാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പവൻ വർമയുടെ 'The Great Indian Middle Class' എന്ന പുസ്തകത്തിൽ ഇതിനെ കുറിച്ച് ദീർഘമായി പറയുന്നുണ്ട്. പക്ഷെ ഈ മനസ്ഥിതിക്കെതിരെ വിമർശനം ഉയരേണ്ടത് ഹിന്ദുക്കളിൽ നിന്ന് തന്നെയാണ്; അല്ലാതെ മറ്റു മതസ്ഥരിൽ നിന്നല്ല.

ശാന്തിഗിരി ആശ്രമം സ്ഥാപിച്ച കരുണാകര ഗുരുവും വൈദിക ഹിന്ദു മതത്തിന്‍റെ രൂക്ഷ വിമർശകനായിരുന്നു. 'മാനവരാശി ഇന്നലെ ഇന്ന് നാളെ' എന്ന പുസ്തകത്തിൽ വൈദിക ഹിന്ദു മതത്തെ കരുണാകര ഗുരു രൂക്ഷമായി വിമർശിക്കുന്നുണ്ട്. വൈദിക ഹിന്ദു മതത്തെ പ്രതിനിധീകരിച്ച 'ചിത്പാവൻ' ബ്രാഹ്മണരായിരുന്നു സവർക്കറും, ഗോഡ്സേയും ഗാന്ധി വധത്തിന്‍റെ ഗൂഡാലോചനയിൽ പങ്കെടുത്ത മറ്റുള്ളവരും. ഇന്നും സംഘ പരിവാർ ഐഡിയോളജി പൊക്കിപ്പിടിക്കുന്നവർ ഈ വൈദിക ഹിന്ദു മതത്തെ പ്രതിനിധീകരിക്കുന്ന മുന്നോക്ക ജാതിക്കാരാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സാധാരണക്കാരെ അണിനിരത്തിയ ഗാന്ധി അവർക്ക് ശത്രുവായത് സ്വാഭാവികം മാത്രം.

ഉപ്പ് സത്യാഗ്രഹം പോലുള്ള വളരെ ലളിതമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന സമര മാർഗങ്ങളിലൂടെ അന്നത്തെ ഇന്ത്യയിലെ വലിയൊരു വിഭാഗം സാധാരണക്കാരെ ഹഠാദാകർഷിക്കുവാൻ മഹാത്മാ ഗാന്ധിക്ക് സാധിച്ചു. ഉപ്പ് സത്യാഗ്രഹത്തിന്‍റെയൊക്കെ സന്ദേശം ലളിതമായിരുന്നപ്പോൾ തന്നെ അത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ അടിവേരിളക്കുവാൻ പോന്ന ഒന്നായിരുന്നു എന്നുകൂടി ഓർമിക്കേണ്ടതുണ്ട്. ഉന്നത ജാതിക്കാർക്കും, വരേണ്യ വർഗത്തിനും മാത്രം സ്ഥാനമുണ്ടായിരുന്ന ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിൽ സാധാരണക്കാരേയും, ചേരി നിവാസികളേയും ഒക്കെ അണിനിരത്തുവാൻ ഗാന്ധിക്ക് സാധിച്ചു എന്നത് അന്നത്തെ സാഹചര്യങ്ങളുമായി തുലനം ചെയ്യുമ്പോൾ ഒരു നിസാര നേട്ടമല്ല. ആ വലിയ നേട്ടത്തിനാണ് മഹാത്മാ ഗാന്ധി പിന്നീട് രക്തസാക്ഷിയായതും.

ആദ്യ കാലത്ത് കോൺഗ്രസ് വെറും വരേണ്യ വർഗത്തിന്‍റെ 'ഡിബേറ്റിങ് ഫോറം' ആയിരുന്നു. ഒരുപക്ഷെ 'അപ്പർ മിഡിൽ ക്ലാസിന്‍റെ' കൂടി 'ഡിബേറ്റിങ് ഫോറം' ആയിരുന്നു എന്നും പറയാം. മഹാത്മാ ഗാന്ധിയാണ് ആ കോൺഗ്രസിനെ ജനകീയമാക്കിയത്. നിരന്തരമായി നടത്തിയ ട്രെയിനുകളിലെ മൂന്നാം ക്ലാസ് യാത്രയിലൂടെ ബ്രിട്ടീഷ് ഇന്ത്യയിലെ ജനങ്ങളുടെ മനസ് ഗാന്ധിജി തൊട്ടറിഞ്ഞു. ഗ്രാമവാസികളുടേയും ചേരിനിവാസികളുടേയും പ്രശ്നങ്ങൾ ആദ്യമായി ഇന്ത്യയിലെ പൊതുവേദികളിൽ ഉയർത്തിയതും ഗാന്ധി ആയിരുന്നു. ചേരികളിലും വിദൂര ഇന്ത്യൻ ഗ്രാമങ്ങളിലും താമസിച്ചാണ് അദ്ദേഹം ഇന്ത്യയെ മനസിലാക്കിയത്.

"As far as poverty elimination was concerned, Gandhi was the most sincere Man" - എന്ന് ദളിത് ചിന്തകനും, 2006-2011 കാലയളവിൽ യു.ജി.സി. വൈസ് ചെയർമാനുമായ പ്രൊഫെസ്സർ സുഖ്ദേവ് തോരാട്ട് പറയുന്നത് ഇതെഴുതുന്ന ആൾ നേരിട്ട് കേട്ടിട്ടുണ്ട്. സബർമതി ആശ്രമം തുടങ്ങുന്നതിന് മുൻപ് 'കോച്റബ്' ആശ്രമത്തിലായിരുന്നു ഗാന്ധിജി താമസിച്ചിരുന്നത്. കത്തിയവാർ പ്രദേശത്തെ ഒരു നിർധന ഹരിജൻ കുടുംബത്തെ 'കോച്റബ്' ആശ്രമത്തിൽ ഒപ്പം കൂട്ടിയതിന് മറ്റ് ആഢ്യ അന്തേവാസികൾ ആശ്രമം വിട്ടുപോയി. ഗാന്ധിക്ക് അവരെ ഒപ്പം കൂട്ടിയത് വഴി സാമ്പത്തിക സഹായങ്ങളെല്ലാം നിലച്ചു. പക്ഷെ സത്യാന്വേഷിയായ ഗാന്ധി കുലുങ്ങിയില്ല. കിണറ്റിലെ വെള്ളം പോലും ആഢ്യ അയൽക്കാർ മൂലം ഗാന്ധിക്ക് ലഭിക്കാതെയായപ്പോൾ ഗാന്ധി പറഞ്ഞത് "കഷ്ടത ഇനിയുമേറിയാൽ നാം തോട്ടികളുടെ ഗ്രാമത്തിൽ ചെന്ന് പാർക്കും; അവിടെ നിന്ന് കിട്ടുന്നതുകൊണ്ട് വയറു പുലർത്തും എന്നാണ്." ഗാന്ധിയെ സത്യാന്വേഷി ആക്കി മാറ്റുന്നത് ഇത്തരം ശക്തവും ധീരവുമായ നിലപാടുകളിലൂടെയാണ്.

ഭൂരിപക്ഷം ന്യൂനപക്ഷത്തിന്‍റെ വിശ്വാസം ആർജ്ജിച്ചു വേണം അവരോട് മതസൗഹാർദ്ദത്തിനും, സമാധാനത്തിനും വേണ്ടി സംസാരിക്കാൻ എന്നതായിരുന്നു ഗാന്ധിയൻ നിലപാട്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്‍റെ വിശ്വാസം ആർജിക്കണം എന്ന ഗാന്ധിയൻ തത്ത്വസംഹിത ഗോഡ്സേക്കും സവർക്കറിനെ പോലുള്ളവർക്കും ഇത് ഒരിക്കലും സ്വീകാര്യമല്ലായിരുന്നു. ഇന്നും ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വക്താക്കൾ ഭൂരിപക്ഷ ആധിപത്യമാണല്ലോ സ്വപ്നം കാണുന്നത്.

"ഒരു ഭ്രാന്തനാണ് ബാപ്പുവിന്‍റെ ജീവിതത്തിന് അന്ത്യംകുറിച്ചത്. ആ കൃത്യം നടത്തിയവനെ അങ്ങനെ മാത്രമേ എനിക്കു വിളിക്കാനാവൂ. കഴിഞ്ഞ ഏതാനും വർഷമായി അത്രമാത്രം വിഷം ഈ രാജ്യത്ത് പരക്കുന്നുണ്ടായിരുന്നു." - രക്തസാക്ഷിത്വ വാർത്ത ആകാശവാണിയിൽകൂടി ജനുവരി 30-ന് വൈകീട്ട് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു രാഷ്ട്രത്തോടായി ഗദ്ഗദകണ്ഠനായി പറഞ്ഞ വാക്കുകളാണിവ.

കേവലം സംശയത്തിന്‍റെ ആനുകൂല്യം നൽകി വിട്ടയച്ച വിനായക് ദാമോദർ സവർക്കറിന്‍റെ ഛായാചിത്രം രാജ്യത്തിൻറ്റെ ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ പാർലമെൻറ്റിൽ തൂങ്ങുമ്പോൾ രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന നെഹ്റു പറഞ്ഞ വർഗീയ വിഷം വീണ്ടും ഈ രാജ്യത്ത് പരക്കുന്നില്ലേ? വെറുപ്പിന്‍റെ രാഷ്ട്രീയം തന്നെയല്ലേ ഈ രാജ്യത്തു വീണ്ടും സംഘടിതവും, ആസൂത്രിതവുമായി പ്രചരിക്കപ്പെടുന്നത്?


ഗോഡ്‌സെയുടെ മനസ്സിൽ ഗാന്ധി വിരോധം കുത്തിവെച്ച സവർക്കറായിരുന്നു ഗാന്ധിജിയുടെ കൊലപാതകത്തിന്‍റെ 'മാസ്റ്റർ മൈൻഡ്'. കുറഞ്ഞ പക്ഷം പ്രേരണാ കുറ്റമെങ്കിലും സവർക്കറിൽ ചുമത്തണമായിരുന്നു. ഗോഡ്‌സെ ഗാന്ധി വധത്തിന്‍റെ സമ്പൂർണ ഉത്തരവാദിത്ത്വം ഏറ്റെടുത്തതിനാലാണ് 1948-ൽ സവർക്കർ രക്ഷപെട്ടത്. പക്ഷെ ഗാന്ധി വധം അന്വേഷിച്ച ജസ്റ്റിസ് ജെ.എൽ. കപൂർ 1969-ൽ സമർപ്പിച്ച ആറ് വോളിയം റിപ്പോർട്ടിൽ സവർക്കറെ കുറ്റക്കാരനായി ചിത്രീകരിക്കുന്നുണ്ട്. ജെ.എൽ. കപൂർ റിപ്പോർട്ട് തനിക്ക് എതിരാകുമെന്ന് കണ്ടിട്ടാണ് നിരാഹാരത്തിലൂടെ സവർക്കർ ജീവത്യാഗം ചെയ്തതെന്നാണ് പല നിരീക്ഷകരും അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഗാന്ധിയുടെ വധത്തിനു വേണ്ടിയുള്ള കൈത്തോക്ക് - ബേറേറ്റാ ഓട്ടോമാറ്റിക് പിസ്റ്റളും, 20 വെടിയുണ്ടയും സപ്ലൈ ചെയ്തവരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഗാന്ധി വധത്തിനു വേണ്ടി നാഥുറാം ഗോഡ്സേയും, നാരായൺ ആപ്തേയും, വിഷ്ണു കർക്കാരെയും ഗ്വാളിയറിലെ ഹോമിയോപ്പതി ഡോക്ടറായ ദത്താത്രയ പർചൂരേയുടെ പക്കൽ നിന്ന് ബേറേറ്റാ ഓട്ടോമാറ്റിക് പിസ്റ്റളും, 20 വെടിയുണ്ടയും കൈപ്പറ്റുമ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ച വലിയ ഒരു നിര ആളുകൾ ഉണ്ട്. 10000 രൂപയായിരുന്നു അന്ന് ആ കൈത്തോക്കിന് വില. ഇന്നത്തെ രീതിയിലാണെങ്കിൽ ഒരു ലക്ഷത്തിനു മീതെ ആകും. ഈ പണം വലിയ പിരിവു നടത്തിയാണ് സംഘടിപ്പിച്ചത്. അപ്പോൾ തന്നെ സമാധാനത്തിന്‍റെയും, സഹിഷ്ണുതയുടേയും പ്രതീകമായിരുന്ന ഗാന്ധിയെ വധിക്കാൻ വലിയ ഒരു ക്രിമിനൽ തീവ്രവാദ സംഘം പ്രവർത്തിച്ചിരുന്നു എന്നല്ലേ വ്യക്തമാകുന്നത്?

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 72 വയസ് തികയുമ്പോൾ പോലും ഗ്വാളിയറിലെ ഹോമിയോപ്പതി ഡോക്ടറായ ദത്താത്രയ പർചൂരേയ്ക്ക് ഓട്ടോമാറ്റിക് പിസ്റ്റൾ ലഭ്യമാക്കുന്നതിൽ പങ്കാളികളായ ഗ്വാളിയർ സ്വദേശികളായ ഗംഗാധർ എസ്. ദന്തവദേ, ഗംഗാധർ യാദവ്, സൂര്യദേവ ശർമ എന്നിവരെ പിടിക്കാനുള്ള ശ്രമങ്ങൾ അറിയിക്കാൻ കേന്ദ്ര വിവരാവകാശ കമ്മീഷണർ ഡൽഹി പോലീസിനോട് കുറച്ചു നാൾ മുമ്പ് ആവശ്യപ്പെട്ടിരുന്നു എന്നാണു മാധ്യമ റിപ്പോർട്ടുകൾ! ഇക്കാര്യത്തിൽ മറുപടി നൽകാൻ ഗാന്ധി വധം നടന്നിട്ട് 72 വർഷം കഴിഞ്ഞിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടത് കുറച്ചുനാൾ മുമ്പാണ്! ഗാന്ധി വധം അന്വേഷിച്ച ജസ്റ്റിസ് ജെ.എൽ. കപൂർ 1969-ൽ സമർപ്പിച്ച ആറ് വോളിയം റിപ്പോർട്ടിൽ അന്വേഷണ ഏജൻസികളെ രൂക്ഷമായി വിമർശിച്ചത് വെറുതെയല്ല.

ചുരുക്കം പറഞ്ഞാൽ ദൃശ്യവും, അദൃശ്യവും ആയ ഒട്ടേറെ ശക്തികൾ മത സൗഹാർദത്തിനും, സാഹോദര്യത്തിനും, സഹിഷ്ണുതക്കും വേണ്ടി നിലകൊണ്ട ഗാന്ധിയുടെ വധം ആഗ്രഹിച്ചിരുന്നു. അവരൊക്കെ ഒളിഞ്ഞും, തെളിഞ്ഞും ഇന്നും ഗാന്ധിയുടെ ഘാതകരെ സംരക്ഷിക്കുന്നു; ന്യായീകരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories