TopTop
Begin typing your search above and press return to search.

കോവിഡ് യുദ്ധത്തിനിടയില്‍ പി ജെ ജോസഫ് എന്തിനാണ് പിണറായി വിജയനെ കണ്ടത്?

കോവിഡ് യുദ്ധത്തിനിടയില്‍ പി ജെ ജോസഫ് എന്തിനാണ് പിണറായി വിജയനെ കണ്ടത്?

കോവിഡ് എന്ന മഹാ മാരിയെ അതിജീവിച്ചു കഴിഞ്ഞുവെന്ന് പറയാറായിട്ടില്ലെങ്കിലും കോവിഡാനന്തര കേരള രാഷ്ട്രീയത്തെ തങ്ങൾക്കു അനുകൂലമാക്കാനുള്ള തത്രപ്പാടിലാണ് ഭരണ പക്ഷവും പ്രതിപക്ഷവും. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വാളയാറിൽ കോവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായെന്നതിന്റെ പേരിൽ അഞ്ചു യു ഡി എഫ് ജന പ്രതിനിധികൾ ക്വാറന്റൈനിൽ പോകേണ്ടിവന്നതിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോര്. വാളയാർ വിഷയത്തിൽ മുഖ്യമന്ത്രിയും സി പി എമ്മും രാഷ്ട്രീയം കളിക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുമ്പോൾ യു ഡി എഫ് രാഷ്ട്രീയം കളിക്കുന്നുവെന്നാണ് സി പി എമ്മിന്റെ ആക്ഷേപം. ഇത്തരത്തിൽ ഒന്നിനു പിറകെ മറ്റൊന്നായി രാഷ്ട്രീയ വിവാദങ്ങൾ തലപൊക്കുകയും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പോര് മുറുകുകയും ചെയ്യുന്നതിനിടയിലാണ് യു ഡി എഫ് ക്യാംപിൽ അങ്കലാപ്പ് സൃഷ്ട്ടിക്കാൻ പോന്ന ഒരു സംഭവം നടന്നത്. യു ഡി എഫിൽ ഘടക കക്ഷിയായ കേരള കോൺഗ്രസിന്റെ നേതാവ് പി ജെ ജോസഫ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഇപ്പോൾ യു ഡി എഫ് ക്യാമ്പിൽ അസ്വസ്ഥതയുടെ വിത്തുകൾ പാകിയിരിക്കുന്നത്. കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രാധാന്യമൊന്നും ഇല്ലെന്നും കോവിഡ് കാലത്തു ജോസഫ് ഏറ്റെടുത്തിട്ടുള്ള 'കാർഷിക ചലഞ്ചു'മായി ബന്ധപ്പെട്ടുള്ള ഒന്നായിരുന്നു അതെന്നും ജോസഫുമായി അടുത്ത് ബന്ധം പുലർത്തുന്നവർ വിശദീകരിക്കുന്നുണ്ടെങ്കിലും അതേപടി വിഴുങ്ങാൻ പലരും തയ്യാറല്ല. കോൺഗ്രസിന്റെയും യു ഡി എഫിന്റെയും നേതാക്കൾ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം ചൊരിയുമ്പോൾ ഇതേ വിഷയത്തിൽ പിണറായിയേയും സർക്കാരിനെയും കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ ആളാണ് ജോസഫ് എന്നതു തന്നെ കാരണം. അതേസമയം പിണറായിയുമായുള്ള ജോസഫിന്റെ കൂടിക്കാഴ്ച എൽ ഡി എഫ് മുന്നണി പ്രവേശം ലക്ഷ്യമിട്ടുള്ളതല്ലെന്നും വെറുമൊരു സമ്മർദ്ദ തന്ത്രം മാത്രമാണെന്നും കരുതുന്നവരുണ്ട്. കേരള കോൺഗ്രസിൽ പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള തർക്കം ഇനിയും കെട്ടടങ്ങിയിട്ടില്ല. കെ എം മാണിയുടെ മരണത്തെ തുടർന്ന് പാർട്ടി ചെയർമാൻ സ്ഥാനത്തെ ചൊല്ലി ഉടലെടുത്ത ചേരിപ്പോര് ഇപ്പോൾ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിൽ ചെന്നു നിൽക്കുന്നു. നിലവിൽ ജോസ് കെ മാണി വിഭാഗത്തിലെ സെബാസ്റ്റ്യൻ കുളത്തുങ്കൽ ആണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. നേരത്തെ യു ഡി എഫ് നേതാക്കളുടെ മാധ്യസ്ഥയിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ആദ്യത്തെ എട്ടുമാസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗത്തിനും അടുത്ത എട്ടുമാസം ജോസഫ് വിഭാഗത്തിനും ആണ്.എന്നാൽ നിർദിഷ്ട കാലാവധി കഴിഞ്ഞിട്ടും പ്രസിഡന്റ് സ്ഥാനം വിട്ടു നൽകാൻ ജോസ് വിഭാഗം തയ്യാറല്ല. ജോസ് വിഭാഗത്തിന്റെ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ മാറ്റി തന്റെ വിഭാഗത്തിന്റെ നോമിനിയായ അജിത് മുതിരവേലിയെ പ്രസിഡന്റ് ആക്കണമെന്ന് കാണിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യു ഡി എഫ് കൺവീനർ ബെന്നി ബെഹ്നാൻ എന്നിവർക്ക് പി ജെ ജോസഫ് കത്ത് നൽകിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് പി ജെ ജോസഫ് പിണറായിയെ ചെന്നു കണ്ടത്. ദീര്‍ഘകാലം എൽ ഡി എഫിനൊപ്പം ഉണ്ടായിരുന്ന ആളാണെങ്കിലും ഈ ഘട്ടത്തിൽ പി ജെ ജോസഫ് പഴയ ലാവണത്തിലേക്കു മടങ്ങിപ്പോകുമെന്നു കരുതുന്നവർ കുറവാണ്. ബാർക്കോഴക്കേസിൽ കെ എം മണിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടപ്പോൾ കോഴക്കേസിനു പിന്നിൽ കളിച്ചതു കോൺഗ്രസിലെ തന്നെ ചില നേതാക്കളാണെന്നു പറഞ്ഞു കേരള കോൺഗ്രസ് - എമ്മിനെ എൽ ഡി എഫിൽ എത്തിക്കാനുള്ള ജോസ് കെ മാണിയുടെ നീക്കത്തെ ശക്തമായി എതിർത്തത് പി ജെ ജോസഫ് ആയിരുന്നു എന്നതാണ് അവർ ഉന്നയിക്കുന്ന വാദം. എന്നാൽ രാഷ്ട്രീയത്തിൽ സ്ഥിരം മിത്രങ്ങളോ ശത്രുക്കളോ ഇല്ലെന്നതിനാൽ ഒന്നും തീർത്തു പറയാൻ ആവില്ലെന്ന് കരുതുന്നവരും ഉണ്ട്. എങ്കിലും ജോസഫ് സമ്മർദ്ദ തന്ത്രം പയറ്റുന്നുവെന്ന വാദത്തിനു തന്നെയാണ് മുൻ‌തൂക്കം.എന്തുതന്നെയായാലും ജോസഫ് -പിണറായി കൂടിക്കാഴ്ച യു ഡി എഫ് നേതൃത്തിനു പുതിയ തലവേദന സൃഷ്ടിച്ചിരിക്കുന്നു എന്ന കാര്യത്തിൽ തർക്കമില്ല. പ്രത്യേകിച്ചും ലോക് ഡൌൺ പിൻവലിക്കുന്നതിനു തൊട്ടു പിന്നാലെ തന്നെ കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കേളികൊട്ട് ഉയരാം എന്നതിനാൽ. തന്നെയുമല്ല, അധികം വൈകാതെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പും വന്നുചേരും. ജോസഫ് - ജോസ് തർക്കം പാലാ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന് ഉണ്ടാക്കിയ ക്ഷീണം ചെറുതൊന്നും ആയിരുന്നില്ല. അര നൂറ്റാണ്ടിലേറെ കെ എം മാണി സ്വന്തം കൈയ്യിൽ കൊണ്ടുനടന്നിരുന്ന മണ്ഡലമാണ് എൽ ഡി എഫ് പിടിച്ചെടുത്തത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള ചേരിപ്പോര് തുടർന്നാൽ തദ്ദേശ തിരെഞ്ഞെടുപ്പിൽ രണ്ടു കൂട്ടരും പലയിടത്തും സ്വന്തം സ്ഥാനാർത്ഥികളെ നിറുത്തി മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ജോസഫ് എൽ ഡി എഫിനൊപ്പം പോയില്ലെങ്കിലും ജോസ് കെ മാണി അങ്ങനെ ചെയ്യില്ലെന്ന് ഒരു ഉറപ്പുമില്ല. പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായിരുന്ന രണ്ടില സംബന്ധിച്ച അന്തിമ തീരുമാനം വന്നാലുടൻ തന്നെ ജോസ് കെ മാണി തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ കാലങ്ങളായി ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും കേരളത്തിൽ ഭരണ മാറ്റം സംഭവിക്കുന്നുവെന്നതിനാൽ ഒരു എടുത്തുചാട്ടത്തിനു ജോസ് കെ മാണി മുതിരുമോ എന്നത് കണ്ടു തന്നെ അറിയേണ്ടതുണ്ട്.


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories