TopTop
Begin typing your search above and press return to search.

'നാം രണ്ട്, നമുക്ക് രണ്ട് '; ജനസംഖ്യാ നിയന്ത്രണത്തില്‍ ആര്‍എസ്എസ് മറുകണ്ടം ചാടിയതിന് പിന്നില്‍

നാം രണ്ട്, നമുക്ക് രണ്ട് ; ജനസംഖ്യാ നിയന്ത്രണത്തില്‍ ആര്‍എസ്എസ് മറുകണ്ടം ചാടിയതിന് പിന്നില്‍

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയെ (ജെ.എന്‍.യു) ചൊല്ലിയുള്ള ഏറ്റവും ഒടുവിലത്തെ വിവാദത്തിനാണ് ഇക്കഴിഞ്ഞ ആഴ്ച കേരളത്തിന്റെ മുന്‍ ഡി.ജി.പിയും ഇപ്പോള്‍ ബി.ജെ.പി അനുഭാവിയും ആയ ടി.പി സെന്‍കുമാര്‍ തിരി കൊളുത്തിയത്. ജെ.എന്‍.യു ക്യാമ്പസ് ഉപയോഗിച്ച കോണ്ടങ്ങള്‍ നിറഞ്ഞു മലിനമായിരിക്കുന്നു എന്നതായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം. 'അവിടത്തെ വിദ്യാര്‍ത്ഥിനികള്‍ കോണ്ടം ഉപയോഗിച്ചാണ് മുടി കെട്ടുന്നത് പോലും', സെന്‍കുമാര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജെ.എന്‍.യുവിലെ അഴുക്കുചാലുകളിലെ ഉപേക്ഷിക്കപ്പെട്ട കോണ്ടങ്ങളുടെ കണക്കെടുക്കല്‍ ചില ബി.ജെ.പി നേതാക്കള്‍ പതിവാക്കിയ മട്ടാണ്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജസ്ഥാനിലെ രാംഗഡില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ ഗ്യാന്‍ദേവ് അഹൂജ ജെ.എന്‍.യുവില്‍ നിന്ന് '3000 ഉപയോഗിച്ച കോണ്ടം' കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. ഇനി ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചവയാണ് ആ കോണ്ടങ്ങള്‍ എന്ന് തന്നെയിരിക്കട്ടെ, ജനസംഖ്യാ വര്‍ധനവ്, എസ്.ടി.ഡി യുടെ വ്യാപനം എന്നിവ തടയാനും, അബോര്‍ഷന്‍,എം.ടി.പി എന്നിവയുടെ തോത് കുറയ്ക്കാനും എന്തിനു ലാറ്റക്‌സ് വ്യവസായത്തിന് ഉണര്‍വ് പകരാന്‍ തന്നെയും ആ യുവജനങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ മാനിക്കാതെ കൃത്രിമമായ രോഷം വളര്‍ത്തിയെടുത്തു അവരെ മോശക്കാരായി ചിത്രീകരിക്കുന്നത് കൊണ്ട് ആര്‍ക്കാണ് നേട്ടം? ജനസംഖ്യാ വര്‍ധനവ് തടയുന്നതില്‍ കോണ്ടങ്ങളുടെ ഉപയോഗത്തിന് വലിയ പ്രാധാന്യമാണുള്ളത്. 1980 കളില്‍ 'നാം രണ്ടു നമുക്ക് രണ്ടു' എന്ന മുദ്രാവാക്യത്തിനു ഇന്ദിര ഗാന്ധി സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെയടക്കം വലിയ പ്രചാരമാണ് നല്‍കിയത്. പിന്നീട്, 1999 ല്‍ വാജ്‌പേയി സര്‍ക്കാരും ജനസംഖ്യാ നിയന്ത്രണത്തിനു പ്രാമുഖ്യം കൊടുത്തു. ഇതിന്റെ ഫലമായി 2000 ല്‍ ദേശീയ ജനസംഖ്യാ നയം നിലവില്‍ വന്നു. 2045 ഓടെ ജനസംഖ്യാ വര്‍ധനവിന്റെ തോത് സ്ഥിരപ്പെടുത്തുക എന്ന ദീര്‍ഘകാല ലക്ഷ്യത്തോടെ കൊണ്ട് വന്ന ഈ നയം പക്ഷെ ആര്‍.എസ്.എസ് അടക്കമുള്ള എല്ലാ കക്ഷികളും എതിര്‍ത്തത് കാരണം പ്രാബല്യത്തില്‍ വന്നതേ ഇല്ല. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള വ്യക്തികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കുന്ന നിയമം പാര്‍ലമെന്റില്‍ കൊണ്ട് വരാന്‍ വാജ്‌പേയി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ബി.ജെ.പി യില്‍ നിന്നുള്ള എം.പിമാര്‍ അടക്കം ശക്തമായി അതിനെ എതിര്‍ക്കുകയാണുണ്ടായത്. ഇത്തരത്തിലൊരു നിയമം 'പൗരന്മാരുടെ ലൈംഗീക സ്വാതന്ത്ര്യത്തിനു മേലെയുള്ള കടന്നു കയറ്റം ആണെന്ന് ' വരെ ഈ സാമാജികര്‍ വാദിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവും ആര്‍.എസ്സ്.എസ് പ്രത്യയശാസ്ത്രജ്ഞനുമായ കെ.ആര്‍ മാല്‍കാനി ബില്ലിനെ എതിര്‍ത്തവരില്‍ പ്രമുഖനായിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, ജനങ്ങളാണ് ഒരു രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വത്തെന്ന് മാല്‍കാനി വാദിച്ചു. 'പാകിസ്ഥാനും ബംഗ്ലാദേശും അവരുടെ ജനസംഖ്യ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കാത്ത പക്ഷം, ഇന്ത്യക്കാര്‍ ഇതിനായി പൈസ ചിലവാക്കുന്നത് അര്‍ത്ഥശൂന്യമാണ്. എല്ലാ മഹത്തായ രാജ്യങ്ങളും ജനസംഖ്യ വര്‍ധിക്കുന്നതിനെയാണ് അനുകൂലിച്ചിട്ടുള്ളത്. സ്വദേശം വിട്ടു പോകുന്നത് ഒരു ക്രിമിനല്‍ കുറ്റമായി ജപ്പാന്‍ കണക്കാക്കിയപ്പോള്‍ ഹിറ്റ്‌ലറുടെ കീഴിലെ ജര്‍മ്മനി അവിഹിത ബന്ധങ്ങളിലൂടെ പിറന്ന കുട്ടികളെക്കൂടി സ്വാഗതം ചെയ്തു.', മാല്‍കാനി പറഞ്ഞു. ഇന്ത്യന്‍ പൊതുമണ്ഡലത്തിലെ ബുദ്ധിശൂന്യര്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ അപമാനിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകവേ, വികസിത രാജ്യങ്ങളില്‍ ചര്‍ച്ചകള്‍ മുന്നേറുന്നത് ക്യാമ്പസുകളില്‍ കോണ്ടം വെന്റിങ് മെഷീനുകള്‍ സ്ഥാപിക്കേണ്ടതുണ്ടോ എന്ന ദിശയിലാണു. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ജനസംഖ്യാ നിയന്ത്രണത്തിനായി ശക്തമായി വാദിച്ച സ്ഥിതിയ്ക് ഇതിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ക്ക് അറുതി വരേണ്ടതാണ്. ഈയടുത്ത് ഇറങ്ങിയ ആര്‍.എസ്സ്.എസ്സിന്റെ പ്രസിദ്ധീകരണങ്ങളില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ, ബി.ജെ.പി സാമാജികരായ രാകേഷ് സിന്‍ഹ (രാജ്യസഭ ), അജയ് ഭട്ട് (ലോക്സഭ) എന്നിവര്‍ അവരിപ്പിച്ചിട്ടുള്ള സ്വകാര്യ ബില്ലുകള്‍-ജനസംഖ്യാ നിയന്ത്രണബില്‍ -വ്യവസ്ഥ ചെയ്യുന്നത് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ടു കുട്ടികള്‍ വച്ച് മതിയെന്നാണ്. ഇത് പാലിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ബില്ല് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ ശിക്ഷിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. എന്തായിരിക്കാം ഇത്തരം ഒരു നിലപാടുമാറ്റത്തിന് പിന്നിലെ കാരണം? ഈയടുത്തു വരെ, ജനസംഖ്യാ നിയന്ത്രണത്തിന്റെ ആവശ്യകത കാവി ബ്രിഗേഡ് അംഗീകരിച്ചിരുന്നില്ല. 2015 ല്‍ ബി.ജെ.പി എം.പി ആയ സാക്ഷി മഹാരാജ് ആഹ്വാനം ചെയ്തത് ഓരോ ഹിന്ദു സ്ത്രീയും 'മതസംരക്ഷണത്തിനായി കുറഞ്ഞത് നാല് മക്കള്‍ക്കെങ്കിലും ജന്മം നല്കണം' എന്നാണ്. ഇതിനു കുറച്ചു മാസങ്ങള്‍ക്കു ശേഷം വി.എച്.പിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ആയ പ്രവീണ്‍ തൊഗാഡിയ എല്ലാ ഹിന്ദു കുടുംബങ്ങളും 'കൂടുതല്‍ മക്കള്‍ക്ക്' ജന്മം കൊടുക്കുക വഴി മതത്തിന്റെ സംരക്ഷണവും വളര്‍ച്ചയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പാര്‍ലമെന്റില്‍ അംഗങ്ങള്‍ 36 സ്വകാര്യ ബില്ലുകള്‍ കൊണ്ട് വന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പൊതുവെ ഇത്തരം ബില്ലുകളോടുള്ള എതിര്‍പ്പിനാല്‍ ഇവയില്‍ പിന്നീട് നടപടികളൊന്നുമുണ്ടാകാറില്ല. മുന്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി, ചെറിയ കുടുംബങ്ങളാണ് അഭികാമ്യം എന്ന തിരിച്ചറിവിലേയ്ക് ആര്‍.എസ്.എസ് എത്തിയെന്നു വിശ്വസിക്കാമോ? എന്നാല്‍ ഈ നിലപാട് മാറ്റത്തിനു പിന്നില്‍ സൂക്ഷമായ വേറൊരു കാരണം ഒളിഞ്ഞു കിടപ്പുണ്ടെന്നാണ് വിമര്‍ശകര്‍ പറയുന്നത്. 2015ല്‍ റാഞ്ചിയില്‍ വച്ച് നടന്ന സംഘപരിവാര്‍ സംഘടനകളുടെ യോഗത്തില്‍ പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നത് 'കടുത്ത ജനസംഖ്യാ അസന്തുലിതാവസ്ഥ' ആശങ്ക ഉളവാക്കുന്നതാണെന്നും ഇത് പരിഹരിക്കുന്നതിനായി ഇന്ത്യന്‍ സമൂഹം ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ എന്ന നയം സ്വീകരിക്കണമെന്നുമാണ്. ആര്‍.എസ്.എസ് പ്രസിദ്ധീകരണങ്ങളായ 'ഓര്‍ഗനൈസര്‍', 'പാഞ്ചജന്യം' എന്നിവ ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന ജനന നിരക്ക് നിയന്ത്രിക്കേണ്ട ആവശ്യകതയെക്കുറിച്ചു ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതില്‍ ഒരു ലേഖനത്തില്‍ ജനപ്പെരുപ്പം കൂടുന്നതിന് കാരണം മുസ്ലിങ്ങളാണെന്ന് ലേഖകന്‍ വാദം ഉയര്‍ത്തി. 2010 നും 2018 നും ഇടയ്ക് ഏറ്റവും ജനസംഖ്യാ വര്‍ധനവ് രേഖപ്പെടുത്തിയത് ഇസ്ലാമിക രാഷ്ട്രങ്ങളായ നൈജീരിയ, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് എന്നത് ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇത്തരത്തിലൊരു വാദം. 'ഐക്യരാഷ്ട്ര സഭയുടെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത് ഈ രാഷ്ട്രങ്ങള്‍ ജനസംഖ്യാ നിയന്ത്രണത്തിനായി ഒരു നടപടിയും എടുക്കുന്നില്ലെന്നതാണ്', ലേഖകന്‍ അഭിപ്രായപ്പെട്ടു. രാകേഷ് സിന്‍ഹ അവതരിപ്പിച്ച ബില്ലിന്റെ 'സ്റ്റേറ്റ്‌മെന്റ് ഓഫ് ഒബ്‌ജെക്ട്‌സ് ആന്‍ഡ് റീസണ്‍സ്' എന്ന ഭാഗത്തു 'ഇന്ത്യയില്‍ ഏകദേശം 72 ഓളം ജില്ലകളില്‍ ടോട്ടല്‍ ഫെര്‍ട്ടിറ്റിലിറ്റി റേറ്റ് (ടി.എഫ്.ആര്‍) എന്നത് ഒരു സ്ത്രീയ്ക്ക് നാലില്‍ കൂടുതല്‍ കുട്ടികള്‍ എന്ന തോതിലാണെന്നു' ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവയില്‍ പലതും ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള ജില്ലകള്‍ ആണെന്ന് സിന്‍ഹ കണ്ടെത്തുന്നു. കാലഹരണപ്പെട്ട 'ദേശീയ ജനസംഖ്യാ നയം' പുനരവതരിപ്പിക്കാനും അത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും 'ഒരുപോലെ' ബാധകമാകുന്ന തരത്തില്‍ നടപ്പിലാക്കാനും ആര്‍.എസ്.എസ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍, ജനസംഖ്യാ ശാസ്ത്രത്തിലെ വിദഗ്ധര്‍ പറയുന്നത് ഇന്ത്യയുടെ ടി.എഫ്.ആര്‍ പൊതുവെ കുറഞ്ഞു വരികയാണെന്നാണ്; ന്യൂനപക്ഷങ്ങളുടെ ഇടയില്‍ പ്രത്യേകിച്ചും. അതിനാല്‍ത്തന്നെ ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ മതി എന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമം കൊണ്ട് വന്നാലും അത് ഹിന്ദുക്കളുടെ എണ്ണത്തിലുള്ള വര്‍ധനവില്‍ കാര്യമായ മാറ്റം വരുത്തില്ലെന്ന് വേണം മനസ്സിലാക്കാന്‍. ഹിന്ദുക്കളുടെ അംഗബലം കൂട്ടാനുള്ള ശ്രമങ്ങളിലാണ് സംഘ് കേന്ദ്രങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്കില്‍ ഈ നിരീക്ഷണത്തിനു പ്രാധാന്യമേറെയാണ്. നരേന്ദ്ര മോദി തന്നെ ജനസംഖ്യാ നിയന്ത്രണത്തിനായി ശബ്ദം ഉയര്‍ത്തിയതോടെ, ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ എന്ന നിയമം താമസിയാതെ അവതരിപ്പിക്കപ്പെടുമെന്നത് ഉറപ്പാണ്. ഇതിനു ആകെയുള്ള പ്രതിബന്ധം തങ്ങള്‍ക്കു എത്ര കുട്ടികള്‍ വേണമെന്ന് തീരുമാനിക്കാനുള്ള ദമ്പതികളുടെ പൂര്‍ണ്ണ അവകാശം അംഗീകരിക്കുന്ന 'ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ പോപുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഡിക്ലറേഷനില്‍ (ഐ.സി.പി.ഡി)' ഇന്ത്യ 1994 ല്‍ ഒപ്പു വച്ചിട്ടുണ്ടെന്നുള്ളതാണ്. എന്നാല്‍ വിദഗ്ദ്ധര്‍ പറയ്യുന്നതു ഇതിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താമെന്നും ചര്‍ച്ചകളിലൂടെ ഇന്ത്യയ്ക്ക് പ്രത്യേകം വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ഐ.സി.പി.ഡി യെ പ്രേരിപ്പിക്കാമെന്നുമാണ്. എല്ലാ വര്‍ഗീയ പരിഗണനകള്‍ക്കുമപ്പുറം, നിയന്ത്രണാതീതമായ ജനപ്പെരുപ്പം അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി എന്നീ മേഖലകളില്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ചെറിയ കുടുംബങ്ങളുടെ ആവശ്യകതയെക്കുറിച്ചു ഒരു രാഷ്ട്രമെന്ന നിലയില്‍ ഒറ്റക്കെട്ടായി നമ്മള്‍ ശബമുയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കേന്ദ്ര മന്ത്രിയായ ഗിരിരാജ് സിംഗ് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള വ്യക്തികളുടെ വോട്ട് ചെയ്യാനുള്ള അവകാശം എടുത്തു കളയണമെന്നു അഭിപ്രായപ്പെട്ടു. ഇത്തരമൊരു വ്യവസ്ഥ എന്തുകൊണ്ട് എം.എല്‍.എ മാര്‍ക്കും എം.പി മാര്‍ക്കും ബാധകമാക്കിക്കൂടാ? സമൂഹത്തിനു മാതൃക സൃഷ്ടിക്കുന്നതിനായി, രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു തീരുമാനിക്കാവുന്നതാണ്. ഇത്തരമൊരു നയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇരു കയ്യും നീട്ടി സ്വീകരിയ്ക്കാനാണ് സാധ്യത. വടക്കേ ഇന്ത്യയിലെ ഹിന്ദി ബെല്‍റ്റിലുള്ള സംസ്ഥാനങ്ങളുടെ ജനസംഖ്യ വര്‍ധിച്ചു കൊണ്ടേ ഇരിക്കുമ്പോള്‍, ജനന നിരക്ക് ഗണ്യമായി കുറയ്ക്കുന്നതിലും അത് വഴി എല്ലാ സാമൂഹിക സൂചികകളിലെയും സ്ഥാനം മെച്ചപ്പെടുത്തുന്നതിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കാര്യമായി വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഫലമായി സംഭവിക്കുന്നത് ഈ സംസ്ഥാനങ്ങള്‍ക്ക് ലോക്‌സഭയിലുള്ള പ്രാതിനിധ്യം കുറയുകയും കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം തികയാതെ വരികയുമാണ്. ജനസംഖ്യ അടിസ്ഥാനമാക്കി കേന്ദ്ര വിഹിതം നിശ്ചയിക്കുന്ന രീതി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ചു ജനസംഖ്യാ നിയന്ത്രണത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്തുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു തിരിച്ചടിയാകുന്നുവെന്നുള്ള ആശങ്ക കഴിഞ്ഞ വര്‍ഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉയര്‍ത്തിയിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories