TopTop
Begin typing your search above and press return to search.

ലോകത്തെന്ത് സംഭവിച്ചാലും കിടക്കപ്പൊറുതിയില്ലാത്തത് മലപ്പുറത്തിന്; സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ ഉജ്ജ്വല ഏടുകള്‍ എഴുതിയ നാടിനെതിരെയാണ് സംഘപരിവാറിന്റെ വിഷ പ്രചാരണം

ലോകത്തെന്ത് സംഭവിച്ചാലും കിടക്കപ്പൊറുതിയില്ലാത്തത് മലപ്പുറത്തിന്; സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ ഉജ്ജ്വല ഏടുകള്‍ എഴുതിയ നാടിനെതിരെയാണ് സംഘപരിവാറിന്റെ വിഷ പ്രചാരണം

വീണ്ടും ദേശീയ വാര്‍ത്തകളുടെ തലക്കെട്ടാവുകയാണ് മലപ്പുറം. ഇത്തവണ പാലക്കാട് ജില്ലയില്‍ അതിദാരുണമായ വിധത്തില്‍ ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ടതാണ് മലപ്പുറത്തിനെതിരെ വ്യാജ പ്രചാരണങ്ങളുമായി തിരിയാന്‍ ഒരു വിഭാഗത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഇല്ലാതെ പോയ ബിജെപി എംപി മനേക ഗാന്ധിയുടെ നേതൃത്വത്തിലാണ് വിദ്വേഷ പ്രകടനം. മലപ്പുറം സമം മുസ്ലീം ഭീകരത എന്ന പതിറ്റാണ്ടുകളായി ഹിന്ദുത്വ തീവ്രവാദികള്‍ വളര്‍ത്തി കൊണ്ടുവന്ന ആഖ്യാനത്തിന് അനുസരിച്ച് തുടരെ തുടരെ വസ്തുതാപരമായി തെറ്റായ കാര്യങ്ങളാണ് മനേക ഗാന്ധി അടിച്ചുവിടുന്നത്. ബിജെപിയുടെ മുഖ്യധാരയില്‍നിന്ന് പുറത്തായി പോയ മനേക ഗാന്ധിയ്ക്ക് ഹിന്ദു വര്‍ഗീയ വാദികളിലെ സ്വാധീനം തിരിച്ചുപിടിക്കാനുളള അവസരമായി ഇതിനെ കാണുന്നുവെന്ന് വേണം കരുതാന്‍. ആന ചെരിഞ്ഞത് പാലക്കാടാണ് എന്ന് അറിഞ്ഞിട്ടും അവര്‍ തന്റെ മലപ്പുറം വിരുദ്ധ പ്രസ്താവന തിരുത്താന്‍ തയ്യാറായിട്ടില്ല. ആ ജില്ലയിലുള്ളവര്‍ പക്ഷികളെയും മൃഗങ്ങളെയും വിഷം കൊടുത്ത് കൊലപ്പെടുത്തുകയാണെന്നും അവര്‍ പറഞ്ഞു. ഏറ്റവും ക്രുരരായ ഒരു വിഭാഗം ആളുകള്‍ താമസിക്കുന്ന സ്ഥലമാണ് മലപ്പുറം എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. ഇത് ആദ്യമായല്ല മലപ്പുറത്തിനെതിരെ വിഷലിപ്ത പ്രചാരണം നടക്കുന്നത്. ഒടുവിലെത്തെതും ആവില്ല

ആ ജില്ല രൂപികരിക്കപ്പെട്ടത് മുതല്‍ ഹിന്ദു വര്‍ഗീയവാദികളും ദേശീയവാദികളായ മൃദു ഹിന്ദുത്വക്കാരും മലപ്പുറത്തിനെതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങളില്‍ ഒടുവിലത്തെത് മാത്രമാണ് ഇതെന്ന് വ്യക്തം. ആന ചരിഞ്ഞതും മനുഷ്യനും കാട്ടുമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷവുമെല്ലാം ഇതിനൊരു മറ മാത്രം. അതൊടൊപ്പം ആന കൊല്ലപ്പെട്ടതിന്റെ പേരില്‍ കേരളത്തെയും വ്യാജവാര്‍ത്ത പ്രളയത്തില്‍ മുക്കി അപകീര്‍ത്തിപ്പെടുത്താന്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് അത്രമേല്‍ താല്‍പര്യമുണ്ട്. കോവിഡ് കാലത്ത് മോദിയുടെ സമീപനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളം മുന്നോട്ടുപോകുന്നതിലെ അസ്വസ്ഥതയും ഇപ്പോഴത്തെ പ്രചാരണത്തിന് പിന്നിലുണ്ടെന്ന കാര്യം ഉറപ്പാണ്. ആ സമയത്ത് കേരളത്തിനെതിരെയും വെച്ച് പുലര്‍ത്തുന്ന വിദ്വേഷം പുറത്തുചാടിക്കാന്‍ ഇതിനെക്കാള്‍ പറ്റിയ അവസരമില്ലെന്ന മട്ടിലാണ് സംഘ് കേന്ദ്രങ്ങള്‍.

മലപ്പുറം ജില്ല രൂപികരിക്കുമ്പോള്‍ തുടങ്ങിയതാണ് ആ നാടിനെതിരായ ഹിന്ദുത്വത്തിന്റെ എതിര്‍പ്പ്. ഭരണസൗകര്യത്തിന് വേണ്ടി മലപ്പുറം ജില്ല രൂപീകരിക്കാന്‍ ഇഎംഎസ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിനെ മുസ്ലീം വര്‍ഗീയവാദികള്‍ക്ക് വേണ്ടിയുള്ള സിപിഎമ്മിന്റെ ഒരു ഔദാര്യം കാണിക്കലായിട്ടാണ് കേരളത്തിലെ ഹിന്ദുത്വ ശക്തികള്‍ മനസ്സിലാക്കിയത്. ഹിന്ദുത്വ ശക്തികള്‍ എന്നു പറയുമ്പോള്‍ അതില്‍ ഭൂരിപക്ഷ വര്‍ഗീയത പരസ്യമായി പ്രദര്‍ശിപ്പിച്ചു നടക്കുന്ന ശക്തികള്‍ മാത്രമല്ല, മറിച്ച് കെ കേളപ്പനെ പോലുള്ള സ്വാതന്ത്ര്യ സമര സേനാനികളും ഉണ്ടായിരുന്നു. കെ. കേളപ്പന്‍ മുതല്‍ കെ കരുണാകരന്‍ വരെയുള്ളവര്‍ ജില്ലാ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കി. ആര്‍എസ്എസ്സും ജനസംഘവും കോണ്‍ഗ്രസും മല്‍സരിച്ചായിരുന്നു മലപ്പുറത്തിനെതിരെ അപവാദ പ്രചാരണം നടത്തിയത്. ചൈനയില്‍നിന്നും പാകിസ്താനില്‍നിന്നും അറബിക്കടലിലൂടെ മുങ്ങിക്കപ്പല്‍ വന്ന് പൊന്നാനിയിലും താനൂരൂം പൊങ്ങുമെന്നും അങ്ങനെ രാജ്യത്തെ തന്നെ ശിഥീലികരിക്കുമെന്നുമായിരുന്നു അന്ന് കോണ്‍ഗ്രസുകാരും ആര്‍എസ്എസ്സുകാരും ഒരേ പോലെ പ്രചരിപ്പിച്ചത്. മാപ്പിളസ്ഥാന്‍ രൂപീകരിക്കപ്പെടുന്നതിന്റെ മുന്നോടിയാണ് മലപ്പുറം ജില്ല രൂപീകരിക്കുന്നതെന്ന പ്രചരിപ്പിച്ചവരില്‍ ആര്‍എസ്എസ്സുകാര്‍ മാത്രമല്ല, കോണ്‍ഗ്രസുകാരും മുന്‍പന്തിയില്‍ നിന്നു. മാതൃഭൂമി പത്രം മലപ്പുറം ജില്ലാ വിരുദ്ധ പ്രചാരണത്തിന് വലിയ പ്രാധാന്യം നല്‍കി. താനൂര്‍ കടപ്പുറത്ത് പാകിസ്താന്‍ പതാകയുള്ള കപ്പല്‍ പ്രത്യക്ഷപെട്ടുവെന്നു വരെ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ടു. ആര്‍എസ്എസ്സിന്റെയും ജനസംഘിന്റെയും ദേശീയ നേതാക്കള്‍ ഇവിടെ എത്തി മലപ്പുറത്തെ ഒരു ദേശീയ വിഷയമാക്കാന്‍ മല്‍സരിച്ചു. തന്റെ മതേതരത്വം തെളിയിക്കാന്‍ ആര്യാടന്‍ മുഹമ്മദ് ജില്ലാ വിരുദ്ധ ജാഥ നടത്തി. അങ്ങനെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് 1969-ല്‍ ഇഎംഎസ്സിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപീകരിച്ചത്.

എന്നാല്‍ ജില്ലയ്‌ക്കെതിരായ അപവാദവും വര്‍ഗീയ വിഷലിപ്ത പ്രചരണവും ആര്‍എസ്എസ് തുടര്‍ന്നു കൊണ്ടെയിരുന്നു. ഇന്ത്യയിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രങ്ങളിലൊന്നായി മലപ്പുറത്തെ സ്ഥാപിച്ചുകൊണ്ടുള്ള ആഖ്യാനങ്ങളാണ് എല്ലാക്കാലത്തും ഹിന്ദുത്വവാദികള്‍ നടത്തിയത്. ആര്‍എസ്എസ്സ് അതിന്റെ മുന്‍പന്തിയില്‍ നിന്നു.

സമീപകാലത്ത് ഇത്തരത്തില്‍ വലിയ പ്രചാരണം മലപ്പുറത്തിനെതിരെ നടത്തിയത് ഡോ. സുബ്രഹ്മണ്യം സ്വാമിയായിരുന്നു. മലപ്പുറത്തേക്ക് കേന്ദ്ര സേനയെ വിളിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഒരു ആവശ്യം. ഇസ്ലാമിക് സ്റ്റേറ്റിന്റെ കേന്ദ്രമായി മലപ്പുറം മാറിയെന്നും പട്ടാളത്തെ ഇറക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. പട്ടാളത്തെ ഇറക്കുക മാത്രമല്ല മലപ്പുറം എന്ന ജില്ല മുഴുവന്‍ കുപ്രസിദ്ധമായ അഫ്‌സ്പ നിയമം നടപ്പിലാക്കണമെന്നും അദ്ദേഹം പലതവണ ആവശ്യപ്പെട്ടു. ദേശീയ പത്രങ്ങളില്‍ വലിയ വാര്‍ത്തകളായി. ഈ ഘട്ടത്തിലൊന്നും കേരളത്തിലെ മറ്റ് ജില്ലകളില്‍ നടക്കുന്നതില്‍നിന്ന് വ്യത്യസ്തമായി എന്തെങ്കിലും മലപ്പുറത്ത് സംഭവിക്കുന്നുണ്ടായിരുന്നില്ല. അവിടെ വലിയ ഭീകരപ്രവര്‍ത്തനം നടക്കുന്നിന്റെ ഒരു തെളിവും ഒരു കേന്ദ്ര ഏജന്‍സിക്കും കൊണ്ടുവരാനും പറ്റിയില്ല.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചപ്പോഴും പഴി മലപ്പുറത്തിനാണ് കേള്‍ക്കേണ്ടി വന്നത്. മിനി പാകിസ്താന്‍ എന്നായിരുന്നു അമിത് ഷാ ആ നാടിനെ വിശേഷിപ്പിച്ചത്. മുസ്ലീം ലിഗീനെ വിമര്‍ശിക്കുന്നതിന്റെ മറവില്‍ മലപ്പുറം ജില്ലയെ മുഴുവന്‍ ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രമായി ചിത്രീകരിക്കുകയായിരുന്നു ബിജെപി നേതാക്കള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ മുഴുവന്‍. കോളോണിയല്‍ വിരുദ്ധ സമരത്തില്‍ ഐതിഹാസികമായ ഏടുകള്‍ എഴുതി ചേര്‍ത്ത ഒരു നാടിനെയായിരുന്നു ആദ്യം കോണ്‍ഗ്രസുകാരും എല്ലായ്‌പ്പോഴും ആര്‍എസ്എസ്സുകാരും നിരന്തരം അപമാനിച്ചുകൊണ്ടേയിരുന്നത്. വാഗണ്‍ ട്രാജഡി മുതല്‍ 1921 പ്രക്ഷോഭം വരെ നിരവധി കൊളോണിയല്‍ വിരുദ്ധ സമരങ്ങള്‍ക്കാണ് മലപ്പുറം വേദിയായത്. ആ പാരമ്പര്യം പേറുന്ന ജനതയെയാണ് ബ്രിട്ടീഷ് വിരുദ്ധ സമരകാലത്ത് അതിനെ ദുര്‍ബലമാക്കാന്‍ ശ്രമിച്ച ഹിന്ദുത്വ വര്‍ഗീയവാദികള്‍ വീണ്ടും വീണ്ടും അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ചുകൊണ്ടെയിരിക്കുന്നത്.

പൌരത്വ നിയമത്തെ അനുകൂലിച്ചതിനാൽ ഒരു കോളനിയിലെ ജനങ്ങൾക്ക് മലപ്പുറത്തുകാർ (മുസ്ലീംങ്ങൾ എന്ന് വായിക്കുക) വെള്ളം നിഷേധിച്ചുവെന്നതായിരുന്നു അവസാനം നടത്തിയ പ്രചാരണം. കർണാടകയിലെ മന്ത്രി മുതൽ ദേശീയ മാധ്യമങ്ങൾ വരെ ഈ വ്യാജ വാർത്തയുടെ പ്രചാരകരായി.

മലപ്പുറത്തിനെതിരായ നിരന്തരമായ വ്യാജ പ്രചാരണം പൊതുബോധം സൃഷ്ടിക്കുന്നതിലേക്കും നയിച്ചു. ആ അര്‍ത്ഥത്തില്‍ ആര്‍എസ്എസ്സുകാര്‍ ഉള്‍പ്പെടെയുള്ള വര്‍ഗീയവാദികളുടെ ശ്രമം വിജയിച്ചുവെന്ന് വേണം കണക്കാക്കാന്‍. നല്ല ബോംബ് മലപ്പുറത്തു കിട്ടുമെന്ന സിനിമ ഡയലോഗ് മുതല്‍ മലപ്പുറത്ത് കുടുതല്‍ ഒന്നാം റാങ്കുകള്‍ ഉണ്ടാകുന്നത് കോപ്പിയടിച്ചിട്ടാണെന്ന് വി എസ് അച്യുതാനന്ദന്റെ പ്രസ്തവന വരെ ഇതിന് ഉദാഹരണമായി പറയാം.ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരം നടത്തുന്നത് മലപ്പുറത്തെ തീവ്രവാദികളാണെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഒരു ഘട്ടത്തില്‍ പ്രതികരിച്ചത്. ആലപ്പാട് ഖനന വിരുദ്ധ സമരത്തിന്റെ പിന്നിൽ മലപ്പുറത്തുനിന്നുള്ളവരാണെന്ന് പറഞ്ഞത് സിപിഎമ്മിൻ്റെ മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ ഇ.പി ജയരാജനായിരുന്നു. ദേശീയ പാത വികസനത്തിനെതിരായ സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന് പറഞ്ഞത് മലപ്പുറത്തെ സിപിഎം ജില്ലാ നേതൃത്വവും. ഒരു കാലത്ത് കോൺഗ്രസും ആർഎസ്എസ്സും നടത്തിയ മലപ്പുറം ജില്ല സമം ഭീകരത എന്ന പ്രചാരണത്തിന് കേരളീയ സമൂഹത്തിൽ സ്വാധീനമുണ്ടാക്കിയെന്നതിന് മേൽ സൂചിപ്പിച്ച പ്രസ്താവനകൾ സൂചിപ്പിക്കുന്നത്.

മനേക ഗാന്ധിയുടെ പ്രസ്താവന ഹിന്ദുത്വ ശക്തികളുടെ മലപ്പുറം വിരുദ്ധ പ്രസ്താവനയില്‍ അവസാനത്തേതാവില്ല. കാരണം മലപ്പുറത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഹിന്ദുത്വത്തെ അസ്വസ്ഥപ്പെടുത്തുന്നതു തന്നെയാണ്. വിദ്വേഷത്തിൻ്റെയും വെറുപ്പിൻ്റെയും ഹിന്ദുത്വത്തിൻ്റെ നേരെ എതിർ ദിശയിലാണ് മലപ്പുറത്തിന്റെ സ്ഥാനം


Next Story

Related Stories