TopTop
Begin typing your search above and press return to search.

മദ്യവില്‍പ്പന ഒരു ധാര്‍മ്മിക പ്രശ്നമല്ല, കേരളത്തിലടക്കം ഖജനാവ് പൂട്ടാതിരിക്കാനുള്ള ഒരു മാര്‍ഗമാണ്

മദ്യവില്‍പ്പന ഒരു ധാര്‍മ്മിക പ്രശ്നമല്ല, കേരളത്തിലടക്കം ഖജനാവ് പൂട്ടാതിരിക്കാനുള്ള ഒരു മാര്‍ഗമാണ്

അമിതമായി മദ്യപിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. സാമൂഹ്യ അകലത്തിന് ഒരു ബഹുമാനവും നല്‍കാതെ, മദ്യം വില്‍ക്കുന്ന കടകള്‍ക്ക് മുന്നില്‍ കൂട്ടം കൂടുന്നത് കോവിഡ്-19 പോലുള്ള ഒരു മഹാമാരി നേരിടുന്നതിന് അഭിലഷണീയവുമല്ല. പക്ഷെ ദീര്‍ഘകാലം മദ്യം വില്‍ക്കാതിരിക്കുന്നത് സംസ്ഥാനങ്ങളുടെ വരുമാനത്തിന് കനത്ത തിരിച്ചടിയായി തീരും.

മദ്യനിരോധനം നിലനില്‍ക്കുന്ന ഗുജറാത്തും ബിഹാറും ഒഴിച്ചു നിറുത്തിയാല്‍, എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ഖജനാവുകളിലേക്ക് ഗണനീയമായ സംഖ്യ സംഭാവന ചെയ്യുന്നത് മദ്യവില്‍പ്പനയാണ്. നികുതികളില്‍ കൂടിയാണ് ഈ സംഭാവന വരുന്നത്. മദ്യത്തിന്റെ ഉത്പ്പാദനത്തിലും വില്‍പ്പനയിലും സംസ്ഥാനങ്ങള്‍ ചുമത്തുന്ന എക്‌സൈസ് തീരുവയാണത്. കൂടാതെ, ഡല്‍ഹി ഏര്‍പ്പെടുത്തിയ കൊറോണ തീരുവ പോലെയോ അല്ലെങ്കില്‍ ഉത്തര്‍ പ്രദേശ് ഏര്‍പ്പെടുത്തിയ പ്രത്യേക നികുതി പോലെയോ ഉള്ള അധിക തീരുവകളും സംസ്ഥാനങ്ങള്‍ മദ്യത്തിന് മുകളില്‍ ചുമത്താറുണ്ട്. ഇറക്കുമതി ചെയ്യുന്ന മദ്യത്തിനുള്ള പ്രത്യേക ഫീസ്, ബ്രാന്റ് രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങിയവയും ഉണ്ട്.

നമുക്കതിന്റെ കണക്കുകള്‍ പരിശോധിക്കാം. ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും സ്വന്തം നികുതി വരുമാനത്തിലെ 10 മുതല്‍ 15 ശതമാനം വരെ മദ്യത്തില്‍ നിന്നുള്ള സംസ്ഥാന എക്‌സൈസ് തീരുവയിലൂടെയാണ് വരുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, സംസ്ഥാനങ്ങളുടെ സ്വന്തം നികുതി വരുമാനത്തിലേക്ക് രണ്ടാമതായോ മൂന്നാമതായോ സംഭാവന നല്‍കുന്നത് മദ്യത്തിലുള്ള സംസ്ഥാന എക്‌സൈസ് തീരുവയാണ്; വില്‍പന നികുതിയാണ് (ഇപ്പോള്‍ ജിഎസ്ടി) ഒന്നാമത്. അതുകൊണ്ടാണ് മദ്യം എപ്പോഴും ജിഎസ്ടിയുടെ പരിധിക്ക് വെളിയിലായിരിക്കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നതിനുള്ള ഒരു കാരണം.

മിക്കപ്പോഴും സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കുന്നതാണ് മദ്യ ഉപഭോഗം. വര്‍ഷന്തോറും മദ്യവില്‍പനയില്‍ നിന്നുള്ള വരുമാനം ഉയരുന്നതിനുള്ള ഒരു കാരണം അതാണ്. 2019-20ല്‍ 29 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മദ്യത്തിന്റെ വില്‍പനയിലൂടെ ലഭിച്ച തീരുവ സംയുക്തമായി 1,75,501.42 കോടി രൂപയാണ്. 2018-19ല്‍ ശേഖരിച്ച 1,50,657.95 കോടി രൂപയേക്കാള്‍ 16 ശതമാനം അധികമാണിത്.

ഇനി നമുക്ക് കേരളത്തിലെ കണക്കുകള്‍ പരിശോധിക്കാം. കേരളം പോലെ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് മദ്യം വില്‍ക്കാതിരിക്കുന്നത് കൂടുതല്‍ തിരിച്ചടിയായി തീരുന്നു. യഥാര്‍ത്ഥത്തില്‍, കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ച ഉദാര സമീപനത്തിലൂടെ, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെയും (ഐഎംഎഫ്എല്‍) ബിയറിന്റെയും വില്‍പനയില്‍ നിന്നും നല്ല വരുമാനമാണ് സംസ്ഥാനം കൊയ്‌തെടുത്തത്. 2018-19ല്‍ 14,504.67 കോടി രൂപയുടെ റെക്കോഡ് വില്‍പനയാണ് ഉണ്ടായത്. 2017-18-ലേതില്‍ നിന്നും 1,567.58 കോടി രൂപയുടെ വര്‍ദ്ധനയായിരുന്നു ഇത്. 2014-15ല്‍ ഇത് 1000 കോടിക്ക് അല്‍പം മുകളിലായിരുന്നു.

മദ്യവില്‍പ്പനയിലൂടെ സര്‍ക്കാര്‍ നേടിയെടുത്ത ഈ വരുമാനം, സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ (ബെവ്‌കോ) ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്നതായിരുന്നു. തങ്ങളുടെ അധീനതയില്‍ വരെ പരിമിതമായ വരുമാന സ്രോതസുകളള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നതിനാല്‍ മറ്റ് പല ഇന്ത്യന്‍ സംസ്ഥാനങ്ങളെയും പോലെ കേരളത്തിന് ഈ വരുമാന നഷ്ടം നഷ്ടപ്പെടുന്നത് താങ്ങാനാവില്ല.

അതേസമയം തന്നെ, മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നില്‍ കൂട്ടംകൂടുന്നത് സാമൂഹ്യ അകലം പാലിക്കലിനെ പരാജയപ്പെടുത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമ്മള്‍ ഡല്‍ഹിയില്‍ കണ്ടത് പോലെ അതൊരു വസ്തുതയാണ്.

മറുവശത്ത്, രാജ്യത്താകമാനമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത ആഘാതമാണ് അടച്ചുപൂട്ടല്‍ സൃഷ്ടിച്ചിരിക്കുന്നത്. കൊറോണയ്ക്ക് മുമ്പുള്ള അവസ്ഥയിലേക്ക് വ്യാപാരമേഖല മടങ്ങുന്നതിന് ദീര്‍ഘകാലമെടുക്കുമെന്നാണ് ഘട്ടം ഘട്ടമായി അടച്ചുപൂട്ടല്‍ പിന്‍വലിക്കുന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മാത്രമല്ല, ജിഎസ്ടി വരുമാനത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് അധികമൊന്നും പ്രതീക്ഷിക്കാനുമില്ല.

2019-20ല്‍ സംസ്ഥാനങ്ങളുടെ സ്വന്തം നികുതി വരുമാനത്തിലെ ഏറ്റവും വലിയ പങ്ക് 43.5 ശതമാനമുള്ള ജിഎസ്ടി ആയിരുന്നു. വില്‍പന നികുതി 23.5 ശതമാനം (പ്രധാനമായും ജിഎസ്ടിക്ക് പുറത്തുള്ള പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പന), സംസ്ഥാന എക്‌സൈസ് 12.5 ശതമാനം, ആസ്തി, മൂലധന ഇടപാടുകള്‍ വഴിയുള്ള നികുതി 11.3 ശതമാനം എന്നിങ്ങനെയായിരുന്നു അതിനെ തുടര്‍ന്നുള്ളവ.

ഇന്ധനങ്ങളുടെ വില്‍പ്പനയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത നികുതി ഇടിയാനാണ് സാധ്യത. വരുമാനം വറ്റിവരളുകയും ജനങ്ങള്‍ക്കുള്ള സാമ്പത്തിക പാക്കേജുകളുടെ ആവശ്യം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങള്‍ക്ക് വരുമാനം നേടിയെടുക്കാന്‍ സാധിക്കുന്ന ഒരേയൊരു മാര്‍ഗം മദ്യ വില്‍പ്പന വഴിയായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


ജയന്ത് ജേക്കബ്

ജയന്ത് ജേക്കബ്

ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories