TopTop
Begin typing your search above and press return to search.

"ചാവുമ്പളാ മന്സനു പണ്ടില്ലാത്ത പക വര്ണ്", അസുരവിത്ത് വായിക്കട്ടെ, നാം കടന്നുവന്ന വഴികള്‍ അറിയട്ടെ

"ചാവുമ്പളാ മന്സനു പണ്ടില്ലാത്ത പക വര്ണ്", അസുരവിത്ത് വായിക്കട്ടെ, നാം കടന്നുവന്ന വഴികള്‍ അറിയട്ടെ

കോട്ടയത്തു നിന്നും ഇന്നലെ പുറത്തുവന്നത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന പുരുഷ നഴ്സുമാരെ അവര്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്നും ഉടമ ഇറക്കി വിട്ടു. കഴിഞ്ഞ ദിവസം മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു വാര്‍ത്ത ഉംറയ്ക്ക് പോയി എന്നു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ഒരു കുടുംബത്തിനെ സോഷ്യല്‍ ബോയ്കോട്ട് ചെയ്യുന്നതിനെ കുറിച്ചായിരുന്നു.

കഴിഞ്ഞ ദിവസം ഇറ്റലിയില്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ അഴിമുഖത്തോട് പറഞ്ഞതും ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

നാട്ടുകാര്‍ ശത്രുതാപരമായ സമീപനമാണ് പുലര്‍ത്തുന്നതെന്ന് സൗത്ത് ഇറ്റലിയില്‍ താമസമാക്കിയ കോതമംഗലം സ്വദേശി പറയുന്നു ' രണ്ട് മാസം മുന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്ക് പോരാന്‍ കാത്തിരിക്കുകയാണ്. 15-ാം തീയതി പോരേണ്ടതാണ്. ടിക്കറ്റ് കാന്‍സല്‍ ചെയ്തു. നാട്ടില്‍ നിന്ന് എപ്പോഴും ആളുകള്‍ വിളിയാണ്. ഇങ്ങോട്ട് വരണ്ട എന്നാണ് പറയുന്നത്. വീട്ടില്‍ നിന്ന് അപ്പനും അമ്മയും വരെ വിളിച്ച് കരഞ്ഞുകൊണ്ട് 'വരണ്ട' എന്ന് പറഞ്ഞു. 'മോളോട് ഇങ്ങോട്ട് വരണ്ട എന്ന് പറഞ്ഞേക്ക്. വന്നാല്‍ ഭക്ഷണസാധനം പോലും കിട്ടില്ല.' എന്ന് നാട്ടുകാരെല്ലാം അപ്പനെ ഭീഷണിപ്പെടുത്തി. പേടിച്ചിട്ട് എന്റെ വീട്ടുകാര്‍ പോലും പുറത്തിറങ്ങുന്നില്ല. നാട്ടുകാര്‍ അവരോട് വളരെ മോശമായാണ് പെരുമാറുന്നത്. ഇത് ഒരു രോഗമല്ലേ? കൈത്താങ്ങ് തരണ്ട, വീട്ടുകാരെ മാനസികമായി ഉപദ്രവിക്കുന്നതെന്തിനാണ്?'

ഇതുപോലെ നിരവധി പേര്‍ക്ക് നാട്ടില്‍ നിന്നും ഫോണ്‍ കോളുകള്‍ എത്തുന്നു. അവധിയെടുക്കാന്‍ ഉദ്ദേശിച്ചിരുന്നവരോടെല്ലാം ബന്ധുക്കളും നാട്ടിലെ പരിചയക്കാരുമെല്ലാം നാട്ടിലേക്ക് വരണ്ട എന്ന് നിര്‍ദ്ദേശിക്കുന്നു. 'എന്ത് വേദനയാണ് അത് കേള്‍ക്കുമ്പോള്‍. വന്നാല്‍ 'പച്ചവെള്ളം കൊടുക്കത്തില്ല' എന്നാണ് ഇന്നലെ എന്റെ അമ്മച്ചിയോട് ഒരാള്‍ പറഞ്ഞത്. അയാളുടെ കടയില്‍ നിന്ന് ഒരു സാധനവും കൊടുക്കത്തില്ല എന്ന്. നാട്ടിലെത്തിയവരുടെയെല്ലാം കാര്യം കഷ്ടത്തിലാണ്. ഇറ്റലിയില്‍ നിന്നാണ് എത്തിയതെന്ന് അറിഞ്ഞാല്‍ തല്ലിയോടിക്കുന്ന പോലെയാണ്. രണ്ട് കൂട്ടുകാര്‍ കഴിഞ്ഞ ദിവസം നാട്ടില്‍ പോയി. അവരുടെ വീട്ടുകാരോട് ഒന്ന് മിണ്ടാന്‍ പോലും ആരും തയ്യാറാവുന്നില്ല. അവര്‍ പുറത്തിറങ്ങുന്നില്ല. എന്നാലും അവരങ്ങോട്ട് പോയി ഇങ്ങോട്ട് പോയി എന്നൊക്കെ പറഞ്ഞ് തെറ്റായ വാര്‍ത്തകള് പരത്തി വിടുകയാണ്.' ഇറ്റലിയില്‍ അധ്യാപകനായി ജോലി ചെയ്യുന്ന ഒരാള്‍ പറഞ്ഞു.

എം ടി വാസുദേവന്‍ നായരുടെ ക്ലാസിക് നോവല്‍ അസുരവിത്തില്‍ വസൂരി താണ്ഡവമാടുമ്പോള്‍ കുഞ്ഞരയ്ക്കാര്‍ ആരോടെന്നില്ലാതെ പറഞ്ഞ വാചകമാണ് ഓര്മ്മ വരുന്നത്, "ചാവുമ്പളാ മന്സനു പണ്ടില്ലാത്ത പക വര്ണ്"

വിദേശത്തു നിന്നു വന്നു ഐസൊലേഷനില്‍ കിടക്കുന്നവരുടെയും പരാതി കരുതിക്കൂട്ടി ചെയ്യാത്ത തെറ്റിന് നാട്ടുകാരില്‍ ചിലര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നു എന്നാണ്. ഇതേ മാനസികാവസ്ഥയെ കുറിച്ചാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്, 'കൊറോണ കൊറോണ' എന്നു വിളിച്ചു വിദേശികളുടെ പിന്നാലെ പോകുന്ന പരിപാടിയുണ്ട്. അത് പ്രത്യേകതരം മാനസികാവസ്ഥയാണ് എന്ന്.

അസുരവിത്തില്‍ കുഞ്ഞരയ്ക്കാര്‍ തുടരുന്നു, "ഒരു മന്സന്‍ തിരിഞ്ഞുനോക്കാണ്ടോ?.. ആരുല്യേങ്കീ ഞാന്‍ ചെയ്യും. പടച്ചോന്ണ്ട് എല്ലാത്തിനും."

കുഞ്ഞരയ്ക്കാരെ പോലെ ചിന്തിക്കുന്ന നിരവധി പേര്‍ നമ്മുടെ നാട്ടിലുണ്ട്. ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ ഫേസ്ബുക്കില്‍ ഞങ്ങള്‍ ജോലി ചെയ്യാന്‍ തയാറാണ്, പ്രതിഫലം വേണ്ട ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രമല്ല, നിരവധി ആളുകള്‍ കര്‍മ്മ രംഗത്തുണ്ട്.

പക്ഷേ ഇതിനിടയിലും വിഭാഗീയതയുടെ വൈറസുകള്‍ പരത്തുന്ന ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കൊറോണ എന്താണ് ഇറ്റലിയില്‍ നിന്നും ഗള്‍ഫില്‍ നിന്നും വരുന്നത് എന്നു ദുസൂചനയോടെ ചോദിക്കുന്ന ആളുകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങി നവമാധ്യമങ്ങളിലും മറ്റും വിഷം കലക്കുന്നുണ്ട് എന്ന കാര്യം നമ്മള്‍ ശ്രദ്ധിയ്ക്കണം.

അസുര വിത്തില്‍ നിന്ന്, "മരണത്തിന്റെ വാര്‍ത്തകള്‍ കേട്ടുകൊണ്ടാണ് മിക്ക ദിവസവും രാവിലെ ഉണര്‍ന്നിരുന്നത്. തിരുവാതിര ഞാറ്റുവേല രാവും പകലും തകര്‍ക്കുകയായിരുന്നു. നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന ഗ്രാമത്തിന് മുകളില്‍ മരണം കാണാത്ത ഒരു കൂറ്റന്‍ പരുന്തിനെപ്പോലെ ചിറകുവിരുത്തി വട്ടമിട്ട് പറക്കുന്നുണ്ടെന്ന് തോന്നി. തണുത്ത കാറ്റോടൊപ്പം ഭയം അടഞ്ഞ വാതിലുകളുടെ വിടവുകളിലൂടെ അരിച്ചു കയറിയിരുന്നു."

കഴിഞ്ഞ ദിവസം ഡി സി ബുക്സ് ആരോഗ്യ വകുപ്പുമായി കൈ കോര്‍ത്തു ഐസൊലേഷനില്‍ കിടക്കുന്നവര്‍ക്ക് പുസ്തകം സൌജന്യമായി എത്തിച്ചു കൊടുക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. പറ്റുമെങ്കില്‍ അസുരവിത്തിന്റെ കുറച്ചധികം കോപ്പികള്‍ നാട്ടില്‍ വിതരണം ചെയ്യുന്നത് നന്നായിരിക്കും. നമ്മുടെ ഭൂതകാലത്തെ അറിയട്ടെ.

Also Read: "ഞങ്ങള്‍ കുഷ്ഠരോഗികളാണോ?", ഇറ്റലിയില്‍ കുടുങ്ങിയ മലയാളികള്‍, നാട്ടില്‍ വന്നാല്‍ പച്ചവെള്ളം തരില്ലെന്ന് ഭീഷണി മുഴക്കിയതായി പരാതി
Next Story

Related Stories