TopTop
Begin typing your search above and press return to search.

ആണുങ്ങളെ, ഇച്ചിരി സയനൈഡ് ഇട്ട് കഞ്ഞി എടുക്കട്ടേ?

ആണുങ്ങളെ, ഇച്ചിരി സയനൈഡ് ഇട്ട് കഞ്ഞി എടുക്കട്ടേ?

അതായത് സഹോ. പെണ്ണുങ്ങളെ പേടിക്കണം! ഭാര്യമാരെ ഒക്കെ എങ്ങനെ വിശ്വസിക്കും? ഇത്രേം കുനുഷ്ടും മനസാക്ഷി ഇല്ലായ്മയും. ഹോ! കാരണമോ? ഏതോ ഒരു ക്രിമിനല്‍ സ്വഭാവം ഉണ്ടായിരിക്കാന്‍ സാധ്യത ഉള്ള സ്ത്രീയില്‍ ആരോപിക്കപ്പെട്ട ഒറ്റ തിരിഞ്ഞ സംഭവവവും! വേറൊരു സൈഡില്‍, സ്ത്രീ അമ്മയാണ്, അനിയത്തിയാണ്, കാമുകിയാണ്, സ്‌നേഹമാണ്, തേനാണ്, പാലാണ്, മസാലദോശയുടെ ചട്ണി ആണ്, മാങ്ങാ തൊലിയാണ്.

ഇങ്ങനത്തെ പരിപാവനമായ സ്ത്രീത്വത്തെ അപമാനിച്ച കശ്മല!

Availability Error എന്ന ഒരു ചിന്താ പ്രത്യേകത ഉണ്ട്. 'ഉള്ളത് കൊണ്ട് ഓണം' എന്നു വേണമെങ്കില്‍ പറയാം. നമ്മുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നോ രണ്ടോ മൂന്നോ സംഭവങ്ങളെയോ ഓര്‍മകളെയോ വച്ച്, ഏതെങ്കിലും ഒരു കാര്യത്തെ പറ്റി ഭീകര സാമാന്യവല്‍ക്കരണം നടത്തിക്കളയും, നമ്മള്‍. കഴിഞ്ഞ കുറേ ദിവസങ്ങള്‍ ആയി തലക്കകത്തേക്ക് ഈ സംഭവം മാത്രമാണല്ലോ ഇടിച്ച് ഇടിച്ച് കയറ്റിക്കൊണ്ടിരിക്കുന്നത്.

ആദ്യമായി, പെണ്ണുങ്ങള്‍ ഒക്കെ പരിപാവന മാലാഖ മാരും, ആണുങ്ങള്‍ ഒക്കെ അലവലാതികളും എന്ന ബൈനറി തന്നെ ഇന്റര്‍നാഷണല്‍ മണ്ടത്തരം ആണ്. സ്ത്രീകളിലും പുരുഷന്മാരിലും എല്ലാത്തരം ആളുകളും ഉണ്ട്. പുരുഷന്മാരുടെ അത്ര തന്നെ, ബോധവും, ബുദ്ധിയും, താന്‍പോരിമയും, കള്ളം, വഞ്ചന എന്നിവ ചെയ്യാനും ചെയ്യതിരിക്കാനുമുള്ള കഴിവും, ഹിംസിക്കാനും സ്‌നേഹിക്കാനും കോപിക്കാനും പ്രതികാര ബോധം കൊണ്ടു നടക്കാനും ക്ഷമിക്കാനും ശിക്ഷിക്കാനും ഉള്ള വാഞ്ചകളും ഒക്കെ സ്ത്രീകള്‍ക്കും ഉണ്ട്.

എന്തേ, പുരുഷന്മാരെ, ഇങ്ങനെ ഉള്ള സ്ത്രീകളെ നിങ്ങള്‍ക്ക് ഇഷ്ടമല്ലേ? ഡോണ്ട് യൂ ലൈക്ക്? ഇഷ്ടമല്ലെന്നോ? എന്നാ അധികം അവരുമായി ഇടപാട് ഒന്നും വേണ്ട. വീട്ടില്‍ ഇരിക്കുക, ജോലിക്ക് പോകുക. കുറച്ച് സ്വയം പര്യാപ്തത ഒക്കെ ശീലിക്കു. ഗുണം ഉണ്ടാവും. ഭൂമിക്കും പ്രകൃതിക്കും ഗുണം തന്നെ.

പിന്നെ, ചില കാര്യങ്ങളും കൂടെ മനസ്സിലാക്കാന്‍ ഉണ്ട്. വളരെ ഗുരുതരമായ, കൊലപാതകം പോലുള്ള കാര്യങ്ങള്‍ ആണല്ലോ പ്രതിപാദ്യ വിഷയം. ആകെ മൊത്തം ടോട്ടല്‍, ആരുടെ എങ്കിലും കൈകൊണ്ട് കൊല്ലപ്പെടുന്ന സ്ത്രീകളുടെ അമ്പത്തെഴു ശതമാനവും ഭര്‍ത്താവ്, കാമുകന്‍, അഥവാ അടുത്ത ബന്ധുക്കള്‍ ആയ ആണുങ്ങള്‍ ചെയ്തതാണ്!

പങ്കാളിയാല്‍ കൊല ചെയ്യപ്പെട്ടവരില്‍ എഴുപത്തഞ്ചു ശതമാനവും സ്ത്രീകള്‍ ആണ്. ലോകത്താകെ ഗുരുതര കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നവരില്‍ പത്തില്‍ ഒന്‍പത് പേരും ആണുങ്ങള്‍ ആണ്. കൊലയാളികള്‍ തൊണ്ണൂറ് ശതമാനവും ആണുങ്ങള്‍ ആണ്. അടി, ഇടി, പിടിച്ചു പറി, ക്രൂരമായി പരിക്കേല്‍പിച്ചുള്ള കൊള്ള, ഒക്കെ ചെയ്യുന്നവര്‍ തൊണ്ണൂറ് ശതമാനവും ആണുങ്ങള്‍ ആണ്.

തൊണ്ണൂറ്റി ഒന്‍പത് ശതമാനം ബലാത്സംഗങ്ങളും ചെയ്യുന്നത് ആണുങ്ങള്‍ ആണ്. ചരിത്രം മൊത്തമായി നോക്കിയാല്‍, അലക്സാണ്ടര്‍, ഛെങ്കിസ് ഖാന്‍, പോള്‍ പോട്ട്, ഹിറ്റ്ലര്‍, മുതലായ പ്രധാന ബ്രഹ്മാണ്ട ഊളകള്‍ മൊത്തം ആണുങ്ങള്‍ ആണ്.

മനുഷ്യ രാശി ഉണ്ടായ നാള്‍ മുതല്‍ ഇന്ന് വരെ ഉണ്ടായിട്ടുള്ള മനുഷ്യ സഹനങ്ങളുടെ ഭൂരിപക്ഷത്തിന്റെയും നേരിട്ടുള്ള ഉത്തരവാദിത്വം (പെണ്ണുങ്ങള്‍ മിക്കപ്പോഴും സപ്പോര്‍ട്ടിങ് റോളില്‍ ഉണ്ടായിരുന്നു) ആണുങ്ങള്‍ക്കാണ്.

അതേയതെ. പെണ്ണുങ്ങളെ പേടിക്കണം, ആണുങ്ങളെ. ഇച്ചിരി സയനൈഡ് ഇട്ട് കഞ്ഞി എടുക്കട്ടേ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories