TopTop
Begin typing your search above and press return to search.

കൊറാണാനന്തര ലോകം എങ്ങനെയാവും? പ്രണയികള്‍ ഭയമില്ലാതെ ഉമ്മവയ്ക്കുമോ? കൂട്ടങ്ങളില്‍ പോയി ആനന്ദിക്കുമോ? വര്‍ത്തമാനങ്ങള്‍ക്കതിരുവരുമോ?

കൊറാണാനന്തര ലോകം എങ്ങനെയാവും? പ്രണയികള്‍ ഭയമില്ലാതെ ഉമ്മവയ്ക്കുമോ? കൂട്ടങ്ങളില്‍ പോയി ആനന്ദിക്കുമോ? വര്‍ത്തമാനങ്ങള്‍ക്കതിരുവരുമോ?

കൊറോണ വൈറസും തുടര്‍ന്ന് വന്ന ലോക്ക്ഡൗണും മലയാളികള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക മനുഷ്യരെയും വീടുകള്‍ക്കുള്ളില്‍ അടച്ചിരിക്കുകയാണ്. മുമ്പെങ്ങും ഇല്ലാത്തവണ്ണം കോവിഡ് -19 മനുഷ്യരെ ബാധിച്ചിരിക്കുന്നു. കൊറോണ കാലത്ത് ജീവിതം എന്താണ് എന്നും കൊറോണാനാന്തര കാലം എന്തായിരിക്കും എന്നന്വേഷിക്കുന്ന ഈ

പരമ്പര

യില്‍, അധ്യാപികയും എഴുത്തുകാരിയുമായ അനു പാപ്പച്ചന്‍ എഴുതുന്നു.

കൊറോണയ്ക്ക് മുന്നും പിന്നും എന്ന് ലോകം അടയാളപ്പെടുത്തപ്പെടും എന്നുറപ്പാണ്. ജീവിതം മുൻപെന്ന പോലെയല്ല സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇരിപ്പും നടപ്പും ചിന്തയും പ്രവൃത്തിയുമെല്ലാം മാറി വരുന്നു. ഹർത്താലോ ഒഴിവു ദിനമോ ചെലവഴിക്കും പോലല്ല അത്. അപ്രതീക്ഷിതമായ / അനിവാര്യമായ ഒറ്റയാവൽ കാലമാണ്. അസ്വസ്ഥമായ പുറത്തെ കാലം, അകത്തെയും നിർവചിച്ചു കൊണ്ടിരിക്കുന്നു. സ്വയം തീരുമാനിച്ചെടുക്കുന്ന ഒരു ഏകാന്തകാലത്തിരുന്ന് സ്വച്ഛന്ദമായി ധ്യാനിക്കുംപോലെ, മരണങ്ങളുടെയും ഭീതിയുടെയും ഭീകരത നിറയും കാലം മനസ്സിനെ ശാന്തമാക്കാൻ പ്രയാസമാണ്. സുരക്ഷാനിയന്ത്രണങ്ങളുള്ള വീട്ടിലിരുപ്പ് കാലത്തിൽ അരുതുകളുടെ സമ്മർദ്ദം കൂടിയാവുമ്പോൾ ജീവിതത്തെ സ്വാഭാവികമായി മുന്നോട്ടു കൊണ്ടു പോവാൻ പ്രയാസമാണ്. അഡ്ജസ്റ്റ്മെൻറ് ഡിസോർഡർ ആധുനിക മനുഷ്യരുടെ പ്രതിസന്ധിയാണ്. വിഷാദവും ഉത്ക്കണ്ഠയും മടുപ്പും ഇഷ്ടകാര്യങ്ങളുടെ നിരാസങ്ങളുംകൂടി ചേരുമ്പോൾ പറയുകയും വേണ്ട. കോവിഡ് -19 ലോകത്തുണ്ടായ ആദ്യത്തെ മഹാമാരിയല്ല. യുദ്ധങ്ങളും ദാരിദ്ര്യവും പ്രളയക്കെടുതികളും പകർച്ചവ്യാധികളും മനുഷ്യരെ ഇരുട്ടിലാക്കിയ കാലങ്ങൾ ചരിത്രത്തിലുണ്ടായിട്ടുണ്ട്. എന്നാൽ അതിർത്തികളെ ഭേദിച്ച്, സമ്പന്ന - ദരിദ്ര ഭേദമില്ലാതെ ലോകത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഭൂഖണ്ഡങ്ങളെ മുഴുവൻ ബാധിക്കും വിധം ഒരു മഹാമാരി പടരുന്നത് സകല സാങ്കേതിക ശാസ്ത്രവിദ്യകളും ആർജിച്ചെന്നഹങ്കരിക്കുന്ന ഒരു പുരോഗമന കാലത്താണ്. ചന്ദ്രനിൽ പോവാൻ ബുക്കിങ്ങ് എടുക്കുന്ന മനുഷ്യരുള്ള സമ്പന്ന രാജ്യങ്ങൾ രോഗത്തിലേക്ക് കൂപ്പുകുത്തുന്നു. പലയിടത്തും ശരീരത്തിനു മാത്രമല്ല രോഗം ബാധിക്കുന്നത്. വിപത്ത് വരുമ്പോൾ മനുഷ്യർ ചിന്തിക്കുന്ന വിധവും ദേശാധിഷ്ഠിതമായി വ്യത്യസ്തമാണ്. കോവിഡ് കാലം അരിയും ഗോതമ്പും പച്ചക്കറിയും മാസ്കും വാങ്ങാൻ വെപ്രാളപ്പെടുന്ന മനുഷ്യരുള്ളപ്പോൾ തന്നെ, അപ്പുറത്ത് തോക്കും വെടിക്കോപ്പുകളും വാങ്ങാൻ മത്സരിക്കുന്ന മനുഷ്യരുടെ വാർത്തയും വന്നു പോയി! അതിജീവനത്തിന്റെ ചിന്തകൾ ഏതെല്ലാം വിധത്തിലാണ്... ഹിംസാത്മക ചിന്തകളുടെ ലോകം കൊറോണാനന്തരം കൂടുതൽ അപകടം പിടിച്ചതാവാനേ സാധ്യതയുള്ളൂ.. ലോക്ക്ഡൗൺ കഴിഞ്ഞ് മുഖത്തെ മാസ്ക് അഴിക്കുമ്പോൾ പാടു വീണത് ഒരു ട്രോളായി വന്നത് (സുരാജ് മുഖം) കണ്ടു. ശരിക്കും ട്രോൾ കണ്ട് അസ്വസ്ഥമായി. മുഖത്തെ പാടുകൾ കണ്ടിട്ടല്ല. കൊറോണ ഒതുങ്ങിയെന്ന് കരുതുന്ന ഒരു കാലം കഴിഞ്ഞ് ലോകം വീടുവിട്ടിറങ്ങുന്ന ദിനങ്ങൾ എങ്ങനെയാകും? മാസ്ക്/ തൂവാല ഉപേക്ഷിക്കുമോ? മാസ്കുകൾ ഉപേക്ഷിക്കാനായില്ലെങ്കിൽ ചുണ്ടുകളിലെ ചിരി, വർത്തമാനങ്ങൾ, കുശലാന്വേഷണങ്ങൾ നഷ്ടപ്പെടില്ലേ? പതിവുപോലെ പ്രിയപ്പെട്ട ഇടങ്ങളിലേക്ക് മന:സമാധാനമായി ഇറങ്ങി നടക്കാനാവുമോ? ഓരോ കാൽവയ്പിലും ചുറ്റിലും ആരെങ്കിലുമുണ്ടോയെന്ന് ഉത്കണ്ഠപ്പെടുമോ? വഴിയിൽ അത്രയും നാൾ കണ്ട മനുഷ്യരെ സംശയത്തോടെയല്ലാതെ കാണുമോ? കൈ കൊടുക്കുമോ? കെട്ടിപ്പിടിക്കുമോ? അതുവരെ ഊർജമായിരുന്ന കൂട്ടങ്ങളിൽ പോയി ആനന്ദിക്കുമോ? വർത്തമാനങ്ങൾക്കതിരു വരുമോ? കൂട്ടുകാരോട് ഭീതികളും ആശങ്കകളുമല്ലാതെയുള്ള ഭ്രാന്തൻ സ്വപ്നങ്ങൾ പറയില്ലേ? അതോ ഈ രോഗലോകത്ത് ജീവിക്കൽ ദുഷ്ക്കരമാണ് എന്ന് നിരാശപ്പെടുമോ? സ്കൂളുകളിൽ / കോളജിൽ കുട്ടികൾ കെട്ടിപ്പിടിച്ച് കൈകോർത്ത് നടക്കില്ലേ? കുട്ടികൾ ചോറ്റുപാത്രങ്ങളിൽ കൈയ്യിട്ടുവാരില്ലേ? പരസപരം തൊട്ട സാധനങ്ങൾ നീക്കി വയ്ക്കുമോ? ജോലി കഴിഞ്ഞെത്തുന്ന അച്ഛനെയും അമ്മയെയും ഓടി വന്ന് വരിഞ്ഞു പിടിക്കാനാവില്ലേ കുഞ്ഞുങ്ങൾക്ക്? വിയർപ്പു തുടയ്ക്കാതെ അവരെ കോരിയെടുക്കുമോ? കുഞ്ഞുങ്ങളെ കൈകൾ വിടുവിച്ച് കളിക്കാൻ വിടുമോ? കുട്ടികളുടെ കളിസ്ഥലങ്ങൾ നിശബ്ദമാകുമോ? പ്രണയികൾ പരസ്പരം ധൈര്യത്തോടെ, ഹൃദയം തുടിച്ച്, തെല്ലുമേ ഭയമില്ലാതെ സമാധാനമായി ഉമ്മ വക്കില്ലേ? ദമ്പതികൾ അവരുടെ തൊഴിലിടങ്ങൾ വിട്ട് വരുമ്പോൾ സോഫയിൽ ഒരാൾ ഒരാളുടെ മടിയിൽ വീഴില്ലേ? ഒന്ന് തല ചാരി ക്ഷീണം തീർക്കാനാവില്ലേ? വീട്ടിൽ കയറി വന്നയുടനെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കുന്നതിന് മുന്നേ സോപ്പിനായി ഓടുമോ? വീട്ടിൽ മടങ്ങിയെത്തുന്ന ഓരോരുത്തരുടേയും ഭാവിക്കു വേണ്ടി റൂട്ട് മാപ്പ് എഴുതിവക്കുമോ? ലിഫ്റ്റിൽ കയറിപ്പറ്റിയാൽ, ഒരു ബസിൽ ഒന്നിച്ചിരുന്നാൽ, സിനിമാ തിയറ്ററിൽ പോയാൽ, ആരെങ്കിലും ചുമച്ചാൽ ഞെട്ടിത്തരിക്കുമോ? ഓടിപ്പോവുമോ? പ്രിയപ്പെട്ട ഇടങ്ങളിലേക്ക് യാത്ര ചെയ്യുമോ? തെരുവുകളിലെ പ്രിയപ്പെട്ട മണങ്ങൾ ഇല്ലാതാകുമോ? നമ്മുടെ ലോകം മുഴുവൻ ആശുപത്രിയെപ്പോലെ ഒരൊറ്റ അണുനാശിനിയുടെ മണം നിറയുമോ? ഒരു മൂക്കൊലിപ്പോ തൊണ്ടവേദനയോ പനിയോ വന്നാൽ കട്ടിലിൽ തുണി നനച്ച് സമാധാനത്തോടെ കിടക്കാനാവില്ലേ?ഏതു നിമിഷവും ഐസലേഷനാലായേക്കാവുന്ന ഭീതിയിൽ കഴിയുന്ന സാധ്യതാവൈറസ് ബാധക്കാരായി മാറുമോ...? ദൃശ്യങ്ങൾ ഓരോന്ന് ആലോചനകളായി പാഞ്ഞു പോയി. പൂത്താംകീരികളുടെ ശബ്ദം കേട്ടാണ് പെട്ടെന്ന് ഞെട്ടിയുണർന്നത്. കലപില ശബ്ദം കൂട്ടി നിറയെയുണ്ട്. അവ പതിയെ നടക്കുകയോ ഓടുകയോ ചെയ്യാത്തതിനാൽ കണ്ണിൽ കിട്ടാൻ പാടാണ്. തുള്ളിക്കളിച്ചാണ് സഞ്ചാരം. തവിട്ടുനിറത്തിൽ വാലിന്റെ അറ്റവും ചിറകുകളിലെ വലിയ തൂവലുകളും കാണാം. സത്യത്തിൽ പ്രകൃതിയെ ഏറ്റവും സ്വച്ഛവും നൈസർഗികവുമായി കാണുകയാണ്. മനുഷ്യരുടെ ആരവങ്ങളില്ലാത്തപ്പോൾ, വാഹനങ്ങളുടെ ഇരമ്പമില്ലാത്തപ്പോൾ, ആൾക്കൂട്ടങ്ങളും തിരക്കുകളുമില്ലാത്തപ്പോൾ മനുഷ്യേതരരായ എല്ലാ ജീവികളും ഉത്സാഹികളാണ്. പുലർച്ച കാക്കകൾ വീട്ടുമുറ്റത്തെത്തുന്നുണ്ട്. പട്ടിയും പൂച്ചയും പേടികളൊന്നുമില്ലാതെ റോഡ് മുറിച്ചു കടക്കുന്നുണ്ട്. മുറ്റത്തെ മാവിൽ ഇലകൾ തുന്നിച്ചേർന്ന് ഒന്നിലധികം കൂടുകൾ തയ്യാറാവുന്നുണ്ട്. എന്നും വരുന്ന ഇരട്ട മഞ്ഞക്കിളികൾക്ക് സ്ഥലം സ്വന്തമെന്നതുപോലെ. ഓന്തും അരണയും ചുള്ളിപ്രാണികളും ഓട്ടവും പാച്ചിലും നടത്തുന്നുണ്ട്. വേനലിന്റെ പൊള്ളുന്ന ചൂടിലും അന്തരീക്ഷം തെളിഞ്ഞതാണ്. ഇവിടെ മാത്രമല്ല, ലോകം മുഴുവൻ പ്രകൃതി, ചിലത് തിരിച്ചുപിടിക്കുന്നുണ്ട്. ടൂറിസവും കപ്പൽയാത്രകളും നിലച്ചതോടെ ഇറ്റാലിയൻ തീരങ്ങളിൽ ഡോൾഫിനുകൾ തിരിച്ചുവന്നെന്ന വാർത്ത കണ്ടു. അരയന്നങ്ങൾ നീന്തുന്ന പടങ്ങൾ പങ്കുവച്ചു കൊണ്ട് വെനീസിലെ കനാലുകളിലെ ഇത്ര തെളിനീരുള്ള വെള്ളത്തെ മുൻപ് കണ്ടിട്ടില്ലെന്ന് ആളുകൾ ട്വീറ്റ് ചെയ്തിരുന്നു. പ്രകൃതി പാഠങ്ങൾ നല്കി കൺമുന്നിൽ തന്നെ. ഒരു റീസ്റ്റാർട്ട് ബട്ടൻ അമർത്താൻ സാഹചര്യം വന്നിട്ടുണ്ട്. ജൈവികതയിലേക്കുള്ള തിരിച്ചു പോക്ക് മനുഷ്യർക്ക് അത്ര നിഷ്പ്രയാസം സാധ്യമാകില്ല. പ്രായോഗിക ജീവിതത്തിന്റെ മത്സരാധിഷ്ഠിത ഓട്ടത്തിൽ ഇരുപ്പ് ഇത്തിരി പാടു തന്നെ! വായിച്ചും എഴുതിയും ചിത്രം വരച്ചും പാട്ടു പാടിയും നൃത്തം ചെയ്തും സിനിമ കണ്ടും പച്ചക്കറിത്തോട്ടമുണ്ടാക്കിയും 'വർക്ക് ഫ്രം ഹോം' തന്നെ ചെയ്തും നമ്മൾ അതിജീവിക്കാൻ ശ്രമിക്കുന്നത് ഈ 'പ്രയോഗിക ആക്ടീവ് ജീവിതം' തിരിച്ചുപിടിക്കാനാണ്. ഇനി അവിചാരിതമായ ഇരുപ്പു നേരത്തിൽ സമയം നിറയെ കിട്ടിയിട്ടും വായനകളും എഴുത്തും ചിതറിപ്പോകുന്നുവെങ്കിൽ വിഷമിക്കണ്ട. സിനിമകൾ കണ്ടുതീർക്കാനാവുന്നില്ലല്ലോ എന്ന് നീരസപ്പെടണ്ട. ആനന്ദത്തിനുള്ള അനവധി സാധ്യതകൾ ഉള്ളപ്പോഴും ഹൃദയം അതിനൊന്നും തയ്യാറല്ലെങ്കിലും പേടിക്കണ്ട. പ്രകൃതിയെ നോക്കിയിരിക്കാം. ശാന്തമായി, ചുറ്റും നിരീക്ഷിച്ചു നോക്കാം. ഏകാഗ്രതയിലേക്കു താനേയെത്തും. ആചാര്യന്മാരും പുസ്തകങ്ങളുമില്ലാതെ തന്നെ ധ്യാനത്തിലേക്കെത്താനാവും. വിചാരങ്ങളുടെ ഒഴുക്ക് സ്വാഭാവികമാകും. ആ നൈസർഗികതയാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രാർത്ഥന. മനസ്സുകൊണ്ട് ജീവിക്കുന്ന ലോകത്തിലാണ് നമ്മുടെ നിലനില്പ്. മനസ്സിന്റെ സമയകാലവും ജീവിക്കുന്ന സമയകാലവും ഒന്നാവുക. Also Read:

കൊറോണക്കാലത്തെ മലയാളി ജീവിതം

അനു പാപ്പച്ചന്‍

അനു പാപ്പച്ചന്‍

എഴുത്തുകാരി, അസിസ്റ്റന്‍റ് പ്രൊഫസര്‍, വിമല കോളേജ് തൃശൂര്‍

Next Story

Related Stories