TopTop
Begin typing your search above and press return to search.

രോഗികൾക്കുമേൽ ഡോക്ടർമാരുടെ കച്ചവടക്കണ്ണ്; മുഖ്യമന്ത്രി പറഞ്ഞത് എത്ര ശരിയാണ്

രോഗികൾക്കുമേൽ ഡോക്ടർമാരുടെ കച്ചവടക്കണ്ണ്; മുഖ്യമന്ത്രി പറഞ്ഞത് എത്ര ശരിയാണ്

"ചില ഡോക്ടർമാർ ചികിത്സ തേടിയെത്തുന്നവരെ അനാവശ്യ പരിശോധനകൾക്ക് വിധേയമാക്കും. ചിലർ കൂടുതൽ മരുന്നെഴുതും. മരുന്ന് കമ്പനികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് പിന്നിൽ. രോഗികളെ ഡോക്ടർമാർ കച്ചവട മനസ്സോടെ കാണുന്നതു കൊണ്ടാണിത്". ആലപ്പുഴ വണ്ടാനം ടി.ഡി. മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങനെ പറഞ്ഞത്.

കേരളത്തിലെ വിവിധ സർക്കാർ ആശുപത്രികളിൽ നിന്ന് കേൾക്കുന്ന വാർത്തകൾ മുഖ്യമന്ത്രി പറഞ്ഞതിലും എത്രയോ ദയനീയമാണ്. മരുന്ന് കമ്പനികളിൽ നിന്നുള്ള കമ്മിഷന് വേണ്ടി രോഗികളെക്കൊണ്ട് കൂടുതൽ മരുന്ന് തീറ്റിക്കുക മാത്രമല്ല ഡോക്ടര്‍മാരുടെ ഹോബി. കൈക്കൂലി കിട്ടിയില്ലെങ്കിൽ രോഗികളുടെ കാല് കുത്തിക്കീറാനും മടിക്കാത്തവരുണ്ട്, ആളുകൾ ദൈവത്തേപ്പോലെ കരുതുന്ന ഡോക്ടർമാർക്കിടയിൽ.

രണ്ടു മാസം മുമ്പ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ നടന്ന ഒരു സംഭവം തന്നെ ഉദാഹരണം. ആലപ്പുഴ സ്വദേശി മനോഹരൻ കാലിലെ മുറിവുണങ്ങാത്തതിനെ തുടർന്നാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. പരിശോധനയ്ക്കു ശേഷം അസ്ഥിരോഗ വിഭാഗത്തിലാണ് മനോഹരനെ ഡോക്ടർ പ്രവേശിപ്പിച്ചത്. പക്ഷേ, കാര്യമായ ചികിത്സയൊന്നും നൽകിയില്ല. ഇതിനിടെ റൗണ്ട്സിനെത്തിയ ഡോക്ടർ വീട്ടിൽ വന്ന് കാണണമെന് ബന്ധുക്കളോട് പറഞ്ഞു. കൈക്കൂലിയാണ് ഡോക്ടർ ഉദ്ദേശിച്ചതെന്ന് മനസിലാക്കിയ അവർ ഡോക്ടറെ വീട്ടിൽപോയി കാണാൻ കൂട്ടാക്കിയില്ല. ഇതിനിടെ മുറിവ് പഴുത്തു. ഒടുവിൽ മറ്റൊരു ഡോക്ടറോട് കാര്യം പറഞ്ഞു. ആ ഡോക്ടർ, മനോഹരന്റെ കാലിലെ പഴുപ്പ് നീക്കി ഡ്രസ് ചെയ്തു നൽകി. മുറിവുണങ്ങിയപ്പോൾ ഡിസ്ചാർജിന് എഴുതി. ഇതറിഞ്ഞ് ക്ഷുഭിതനായെത്തിയ ആദ്യ ഡോക്ടർ പഴുപ്പുണ്ടെന്ന് പറഞ്ഞ് മനോഹരന്റെ കാൽ നിർബന്ധപൂർവം കീറി. സംഭവം വിവാദമായി. ഇടതുസംഘടനകൾ ഡോക്ടറെ തടഞ്ഞുവെച്ചു.ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പ് വിജിലൻസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. ഡോക്ടർക്കെതിരായിട്ടായിരുന്നു എല്ലാവരുടെയും മൊഴി. ഒടുവിൽ, കുറ്റക്കാരനായ ഡോക്ടർ വിജു വി.കുറ്റിക്കലിനെ സസ്പെൻഡു ചെയ്തു.

ഇതേ ഡോക്ടർക്കെതിരെ ഒട്ടേറെ പരാതികൾ നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നീതി മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങിയതിലെ അഴിമതിയിലും ഈ ഡോക്ടറുടെ കുറിപ്പടി കണ്ടെത്തിയിരുന്നു. അതിൽ അന്വേഷണം നടന്നു വരികയാണ്.

കാസർകോഡ് ജനറൽ ആശുപത്രിയിൽ കൈക്കൂലി നൽകാത്തതിന് ആദിവാസി യുവതിയെ ശാസ്ത്രക്രിയ നടത്താതെ തിരിച്ചയച്ചതും നമ്മുടെ ഡോക്ടർമാരാണ്. രണ്ടായിരം രൂപയാണ് ഈ പാവപ്പെട്ട സ്ത്രീയിൽ നിന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടത്.സർക്കാർ ആശുപത്രിയിൽ വരുന്ന രോഗികളെ ക്യാൻവാസ് ചെയ്ത് വീട്ടിലെ ക്ലിനിക്കിലെത്തിക്കുന്ന ഡോക്ടർമാരുമുണ്ട് ആരോഗ്യ വകുപ്പിൽ. ചേർത്തല താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടർ വീട്ടിൽ മിനി ഓപ്പറേഷൻ തിയേറ്റർ ഒരുക്കി ശസ്ത്രക്രിയ വരെ നടത്തി.സംഭവം വിവാദമായതോടെ ആരോഗ്യ വകുപ്പ് അന്വേഷണവും തുടങ്ങി. പക്ഷേ, ഡോക്ടർക്ക് താക്കീത് മാത്രമാണ് നൽകിയത്.

മരുന്നു കമ്പനികളുമായുള്ള ഡോക്ടർമാരുടെ അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാൻ സർക്കാർ ജനറിക് മരുന്നുകൾ പ്രോത്സാഹിപ്പിച്ചു. ഡോക്ടർമാർ ബ്രാൻഡഡ് മരുന്നു കുറിക്കാതെ മരുന്നിന്റെ ജനറിക് നാമങ്ങൾ മാത്രം കുറിക്കണമെന്നും നിർദേശിച്ചു. ആവശ്യത്തിന് ജനറിക് മരുന്നുകൾ ആശുപത്രിയിൽ ലഭ്യമാക്കിയ ശേഷമായിരുന്നു ഈ നിർദ്ദേശം നൽകിയത്. പക്ഷേ, ഡോക്ടർമാരിൽ ഭൂരിഭാഗവും ജനറിക് മരുന്നുകൾ എഴുതിയില്ല. രോഗം മാറണമെങ്കിൽ വില കൂടിയ ബ്രാൻഡഡ് മരുന്നു കഴിക്കണമെന്ന് രോഗികളെ തെറ്റിദ്ധരിപ്പിച്ചു. സർക്കാറിന്റെ ജനറിക് മരുന്നുകൾക്കിടയിലും സ്വകാര്യ കമ്പനിയുടെ ലാഭം താഴാതെ നോക്കിയ ഡോക്ടർമാർക്ക് സമ്മാനത്തിന്റെ പെരുമഴയായിരുന്നു. കമ്മീഷനു പുറമെ, തായ്ലാന്‍ഡിലേക്ക് ടൂർ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ... ഇങ്ങനെ പോകുന്നു രോഗികളെ പിഴിയുന്നതിന് കിട്ടുന്ന സമ്മാനങ്ങൾ.

മരുന്നു കമ്പനികളുമായുള്ള ഡോക്ടർമാരുടെ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ വാതോരാതെ വിമർശിക്കാറുണ്ട്. പക്ഷേ, അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ഇനിയും സര്‍ക്കാരുകള്‍ക്കായിട്ടില്ല. ഡോക്ടർമാർക്കെതിരെ എത്ര വലിയ പരാതി ലഭിച്ചാലും കാര്യമായ നടപടിയുണ്ടാകാറില്ല. നടപടിയെടുത്താൽ പകരം ഡോക്ടറെ നിയമിക്കുന്നത് തലവേദനയാണ്. സർക്കാർ സേവനത്തിന് ആവശ്യത്തിന് ഡോക്ടർമാരെ കിട്ടാത്തതു തന്നെ കാരണം. കൂടാതെ സർക്കാർ ഡോക്ടർമാരുടെ സംഘടനാ ശക്തിയും നടപടികൾക്ക് തിരിച്ചടിയാണ്. കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) നടത്തിയ പണിമുടക്ക് സമരങ്ങൾക്ക് മുന്നിൽ മുട്ടുകുത്തിയതാണ് സർക്കാർ ചരിത്രം. അതിനാൽ, ഡോക്ടർമാരുടെ സംഘടനയുമായി ആലോചിക്കാതെ ഒരു ഡോക്ടർക്കെതിരെയും നടപടിയെടുക്കാറില്ലെന്നതാണ് സത്യം.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories