TopTop
Begin typing your search above and press return to search.

ആധുനിക വൈദ്യശാസ്ത്രത്തിലെ പവനാഴിമാര്‍

ആധുനിക വൈദ്യശാസ്ത്രത്തിലെ പവനാഴിമാര്‍

പണ്ട് പണ്ട് അന്തകനഴി എന്നൊരു ദേശം ഉണ്ടായിരുന്നു. കാടിനടുത്തുള്ള ഒരു മലയോരദേശം ആയിരുന്നതിനാല്‍ പല തരത്തിലുള്ള ജീവികളുടെ ഉപദ്രവങ്ങള്‍ ദേശവാസികള്‍ നേരിടേണ്ടതായി വന്നു.

കുഞ്ഞൗസേപ്പിന്റെ വീട്ടില്‍ ഭയങ്കര പാറ്റശല്യമാണ്. എവിടെത്തിരിഞ്ഞ് നോക്കിയാലും അവിടെല്ലാം മിന്നുന്ന പാറ്റകള്‍ മാത്രം. ഇവറ്റകളെയൊക്കെ ഓടിക്കാന്‍ ആരെയെങ്കിലും വിളിച്ചേ പറ്റൂ.

രണ്ടുപേരാണ് ഈ വക ഉപദ്രവങ്ങളെ നേരിടാന്‍ ഗ്രാമത്തില്‍ ഉണ്ടായിരുന്നത്. രണ്ടും പാവങ്ങള്‍ ആണ്. പാവം പാഴും പാവം ചാഴിയും. കുഞ്ഞൗസേപ്പിനെ സഹായിക്കാന്‍ വന്നത് പാവം പാഴാണ്. പൂജയാണ് പാവം പാഴിന്റെ പ്രധാന പ്രയോഗം.

പാവം പാഴ് മന്ത്രങ്ങള്‍ ചൊല്ലി വീടുമൊത്തം നടന്നു. ഒരു മണിയുള്ളത് അതിഭയങ്കരമായി കിലുക്കി ശബ്ദമുണ്ടാക്കി. വിശുദ്ധ വെള്ളം തളിച്ചു.

"പാറ്റകളേ പോ... പോ... ഓം ഹ്രീം ഫ്രും."

മണികിലുക്കം സഹിക്കവയ്യാതെ കുറേ പാറ്റകളൊക്കെ അവിടേയും ഇവിടെയും പോയൊളിച്ചു.

''പാറ്റ പോയീ... ന്നാ തോന്നുന്നത്. ല്ലേ?''

പാവം പാഴ് തല ചൊറിഞ്ഞ് ഓച്ഛാനിച്ച് നിന്നു. കുഞ്ഞൗസേപ്പ് ഒരു അമ്പതുരൂപാ നോട്ട് കൈയില്‍ ഇട്ടുകൊടുത്തു. പാവം പാഴ് ചിരിച്ച് തലയാട്ടി സ്ഥലം വിട്ടു.

പാറ്റകളൊക്കെ വീണ്ടും പുറത്തുവന്ന് ലേറ്റ് നൈറ്റ് പാര്‍ട്ടി തുടങ്ങി. പിറ്റേ ദിവസം കുഞ്ഞൗസേപ്പ് പാവം ചാഴിയെ വിളിച്ചു. പാവം പാഴിനെക്കൊണ്ട് പറ്റുന്നതല്ല പാറ്റശല്യം.

കുറേ കുപ്പികളും ഒരു ചൂലുമായി വെള്ള വേഷ്ടിയും മേല്‍മുണ്ടുമണിഞ്ഞ് പാവം ചാഴി എത്തി. കുപ്പികളില്‍ ചില പൊടികളും ചില ചെടികളുടെ ചാറും പുകയിലക്കഷായം തുടങ്ങിയ സംഭവങ്ങളും ഒക്കെയാണ്. ചാഴി കുപ്പികള്‍ തുറന്ന് ദ്രാവകങ്ങള്‍ വീടിന്റെ മുക്കിലും, മൂലയിലും വിടവുകളിലും ഓടകളിലും ഒക്കെ ലേശം ഒഴിച്ചു. കണ്ണില്‍ കണ്ട പാറ്റകളെയൊക്കെ ചൂലുകൊണ്ട് അടിച്ചുകൊന്നു.

''ഏഭ്യന്‍മാര്‍, ക്കേത്തിനേം അങ്ങട് കൊല്വാ. താ വേണ്ടത്.'' പാവം ചാഴി ഒരു മണിക്കൂര്‍ പ്രയോഗങ്ങള്‍ തുടര്‍ന്നു.

കുറേ പാറ്റകള്‍ ചത്തു. കുഞ്ഞൗസേപ്പ് പാവം ചാഴിക്ക് ഒരു നൂറുരൂപ നോട്ട് കൊടുത്തു.

തല്‍ക്കാലം പാറ്റ ശല്യം ഒന്നു കുറഞ്ഞെങ്കിലും വീണ്ടും അവറ്റകള്‍ പെറ്റുപെരുകി തുടങ്ങി. ആഴ്ചയിലൊരിക്കല്‍ കുഞ്ഞൗസേപ്പ് ചൂലെടുത്ത് നാലു ചാമ്പാ ചാമ്പും. നാല്‍പ്പതുപാറ്റകള്‍ നാമാവശേഷമാകും. ഇടയ്ക്ക് പാവം ചാഴിയെ വീണ്ടും ഒന്നു വിളിക്കും. അങ്ങനെ പാറ്റശല്യം ലേശം കുറഞ്ഞിരിക്കുന്നു. നിയന്ത്രണവിധേയം എന്നൊക്കെ പറയാന്‍ പറ്റില്ലെങ്കിലും.

ദേശത്ത് പലര്‍ക്കും പല പ്രശ്‌നങ്ങളാണ്. നാരായണന്‍ നായര്‍ക്ക് എലി ശല്യമാണ് പ്രശ്‌നം. നായര്‍ പാഴിനെയാണ് സ്ഥിരം വിളിക്കുന്നത്. എലികള്‍ പോകുന്നുണ്ടെന്നാണ് നാരായണന്‍ നായര്‍ പറയുന്നത്.

''എന്തൊരു മണികിലുക്കാന്റപ്പോ! മന്ത്രത്തിന് ശക്തീണ്ടേ?'' രാമന്‍കുട്ടിക്ക് ഇതൊക്കെ പുച്ഛമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ എലിശല്യത്തിന് പാവം ചാഴിയാണ് ബെസ്റ്റ്.

''ഈ ചൂലോണ്ട് അങ്ങേര് എലികളെ കൊല്ലണത് ഒന്ന് കാണണം. എന്താ കഴിവ്. എന്താ കൈവിരുത്.''

അന്തകനഴിയില്‍ പ്രശ്‌നങ്ങള്‍ക്ക് പഞ്ഞമൊന്നും ഉണ്ടായിരുന്നില്ല. കാട്ടുപന്നി ശല്യം. ഇടയ്ക്ക് അതുമുണ്ട്. അത്രയുമൊക്കെയാകുമ്പോള്‍ പാവം പാഴിനും പാവം ചാഴിക്കും വലിയ ഉത്സാഹമൊന്നുമില്ല. നാട്ടുകാര്‍ക്ക് അതില്‍ പരാതിയുമില്ല. പാവങ്ങള്‍ക്കുമില്ല പരിമിതികള്‍. നാട്ടുകാര്‍ കൂടിച്ചേര്‍ന്ന് ഈ വക പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എന്തെങ്കിലുമൊക്കെയങ്ങ് ചെയ്യും. പാഴും ചാഴിയും കൂടെകൂടും. അങ്ങനെയൊക്കെയങ്ങ് ജീവിച്ചുപോകും. ഇടയ്ക്ക് ആനയും കാട്ടുപോത്തുമിറങ്ങും. കപ്പയും ഇഞ്ചിയുമെല്ലാം നശിപ്പിക്കും. നഷ്ടം നാട്ടുകാര്‍ സഹിക്കും. പാഴം ചാഴി മണികിലുക്കി മന്ത്രങ്ങള്‍ ഉരുവിടും. പാവം പാഴ് പുകയിലകഷായം ചീറ്റിക്കും. കല്ലെറിയാന്‍ കൂടും. നാട്ടുകാര്‍ എന്തെങ്കിലും നക്കാപ്പിച്ച കൊടുക്കും. എല്ലാവര്‍ക്കും ജീവിക്കണ്ടേ. ഇടയ്ക്ക് പുലിയിറങ്ങും. ആടിനേയും പശുക്കുട്ടിയേയും പിടിച്ചോണ്ട് പോകും. അപ്പോള്‍ നാട്ടുകാര്‍ കുറേ ദിവസം പേടിച്ച് വീടിനകത്ത് വാതിലടച്ചിരിക്കും. പാവം പാഴും പാവം ചാഴിയും 'കമാ' എന്നൊരക്ഷരം മിണ്ടുകയില്ല.പെട്ടെന്നൊരു ദിവസം ഒരു കടുവയിറങ്ങി. കടുവയ്ക്ക് ഒരു പേടിയുമില്ല. ആടിനെ പിടിക്കുന്നത് മാത്രമല്ല. സന്ധ്യയ്ക്ക് മൂത്രമൊഴിക്കാനിറങ്ങിയ വേലായുധനെ കടുവ ആക്രമിച്ചു. വീടിനകത്ത് ഓടിക്കയറിയതിനാല്‍ കഷ്ടിച്ച് രക്ഷപ്പെട്ടു.

എസ്തപ്പാന്റെ മോന്‍ ജോസഫ് നഗരത്തില്‍ പോയി പഠിച്ചവനാണ്. അവനാണ് കൊണ്ടുവന്നത്. പ്രശസ്ത പ്രശ്‌നം തീര്‍പ്പുകാരന്‍. ശത്രുസംഹാര വിരുതന്‍. അന്താരാഷ്ട്ര അന്തകന്‍.

ദേശം മുഴുവന്‍ ആളെ കാണാന്‍ ഗ്രാമമുഖ്യന്റെ വീട്ടില്‍ കൂടി. അതാ പാടത്തിന്റെ വരമ്പത്തുകൂടി അയാള്‍ വരുന്നു. ജോസഫ് വഴികാട്ടാന്‍ മുമ്പേയുണ്ട്, ആള്‍ ഗമയോടെ മുറ്റത്തേക്ക് കയറി. കാണാനും മാത്രം ഉണ്ട്. ആറടിയിലധികം ഉയരം. ഗാംഭീര്യമുള്ളതരം സൗന്ദര്യം. അമിതാഭ് ബച്ചന്‍ ഒരിരുപതു വയസ്സു കുറഞ്ഞ് കുറച്ചുകൂടി മസില്‍ വച്ചതുപോലെയുണ്ട്. കറുത്ത കോട്ടും തൊപ്പിയും. കാല്‍സറായി ഉഷാര്‍. കാലില്‍ ബൂട്ട്‌സ്. കണ്ണില്‍ കൂര്‍മ്മബുദ്ധി. കൈയില്‍ സ്യൂട്ട്‌കേസ്.

''ഹലോ, ഐ ആം പവനാഴി. എ റിയല്‍ പ്രൊഫഷണല്‍ ഹീലര്‍.''

നാട്ടുകാര്‍ അന്തംവിട്ടുനിന്നു. പവനാഴി സ്യൂട്ട് കേസ് തുറന്നു. ചുറ്റികയും മലപ്പുറം കത്തിയും വാക്കത്തിയുമുണ്ട്. കൈത്തോക്കും. ബോംബുകളും. എ.കെ.ഫോര്‍ട്ടി സെവനും ഒരു വശത്ത്. വിഷങ്ങള്‍ നിറച്ച കുപ്പികള്‍ വേറെ. ബൈനോക്കുലറും മാഗ്നിഫൈയിംഗ് ഗ്ലാസും പിന്നെ പേരറിയാത്ത നൊമ്പരങ്ങള്‍ പലതും.

പവനാഴി ഇന്‍ഫ്രാറെഡ് ഉപയോഗിച്ച് കടുവയുടെ പാദമുദ്രകള്‍ പിന്തുടര്‍ന്ന് ചെന്നു. ബൈനക്കുലറിലൂടെ നോക്കി സ്ഥലം തിട്ടപ്പെടുത്തി. പിന്നെ മാഗ്നിഫൈയിംഗ് ഗ്ലാസിലൂടെയും പലതരം കണ്ണാടികളിലൂടെയുമൊക്കെ വെറുതെ നോക്കി. കടുവയുടെ ഗോത്രവും കുലവും അറിയാനാണ്.

മലപ്പുറം കത്തിയും ചുറ്റികയുമെടുത്ത് ഓങ്ങി. വില്ലെടുത്ത് അമ്പുതൊടുത്തു. അമ്പ് കടുവയുടെ തോലില്‍ തട്ടി തെറിച്ചുപോയി. കൈത്തോക്കെടുത്ത് വെടിവച്ചു. കടുവ വീണു. വീണ കടുവയെ എ.കെ.ഫോര്‍ട്ടിസെവനെടുത്ത് പടപടാ കാച്ചി. കടുവ ചത്തു. ചത്ത കടുവയുടെ കഴുത്ത് കോടാലിയെടുത്ത് വെട്ടി നീക്കി.

തലയെടുത്ത് കെമിക്കലുകള്‍ ഇട്ട് സ്റ്റഫ് ചെയ്തു. പഠനത്തിനാണത്രെ.

ആളുകള്‍ ആഹ്ളാദാരവം മുഴക്കി.

പവനാഴി ഒരു കടലാസെടുത്ത് ഗ്രാമമുഖ്യന് നീട്ടി.

ബൈനോക്കുലര്‍ - 500 ക.

ഇന്‍ഫ്രാറെഡ് സെന്‍സര്‍ - 1000 ക.

മലപ്പുറം കത്തി - 2000 ക.

അമ്പും വില്ലും - 2000 ക.

കൈത്തോക്ക് - 5000 ക.

എ.കെ. 47 - 20000 ക.

സ്റ്റഫിംഗ് ചാര്‍ജ്ജ് - 1000 ക.

ആകെ മൊത്തം ടോട്ടല്‍ - ഒരു ലക്ഷം ക.

അങ്ങനെ പലതും.

കുറച്ചു കട്ടിയാണെങ്കിലും നാട്ടുകാര്‍ ഹാപ്പിയാണ്. അവര്‍ പിരിച്ചു കൊടുത്തു ആ തുക.

അപ്പോള്‍ കുഞ്ഞൗസേപ്പിനു ഒരു മോഹം.

''ഈ പാറ്റ ശല്യം... പ്രയോഗം വല്ലതും ഉണ്ടോ ആവോ...''

''പിന്നെന്താ...'' പവനാഴി വീട്ടിലേക്ക് മാര്‍ച്ച് ചെയ്തുകയറി.ബൈനോക്കുലറിലൂടെ നോക്കി ഇന്‍ഫ്രാറെഡ് സെന്‍സറിലൂടെ നോക്കി. കൈത്തോക്കെടുത്ത് വെടിവച്ചു. കുഞ്ഞൗസേപ്പിന്റെ മോന്‍ ഗള്‍ഫില്‍ നിന്നു കൊണ്ടുവന്ന ചായകപ്പുകളും സോസറുകളും പൊട്ടിവീണു. വാക്കത്തിയെടുത്ത് പാറ്റകള്‍ക്കിട്ട് ചാമ്പി. മൊസേക്ക് ടൈല്‍സ് കൊറേ പൊട്ടി. പിന്നെ ചില വിഷങ്ങളൊക്കെ അവിടെയുമിവിടെയും ഒഴിച്ചു. പാറ്റകളൊക്കെ ചത്തു. ബില്ലുകൊടുത്തു.

ബൈനോക്കുലര്‍ - 500 ക.

സെന്‍സര്‍ - 1000 ക.

കൈത്തോക്ക് - 5000 ക.

വിഷമരുന്ന് - 1000 ക.

ആകെ - 15000 ക.

കുഞ്ഞൗസേപ്പ് ആഭരണങ്ങള്‍ പണയംവച്ച് ബില്ലുകൊടുത്തു. പാറ്റ പോയി. പവനാഴി ഭയങ്കരന്‍ തന്നെ. നാട്ടുകാര്‍ക്ക് എല്ലാ കാര്യങ്ങള്‍ക്കും പവനാഴിയെ വിളിക്കണമെന്നുണ്ട്. പക്ഷേ ചില പ്രശ്‌നങ്ങളൊക്കെയുണ്ട്. പേടിയുണ്ട്. കാശുപോകും.

ജാവനാഴി... അല്ല, സോറി, പവനാഴി പാവമല്ല, സിമ്പിളുമല്ല. പക്ഷേ റോബസ്റ്റാണ്. ഇഫക്ടീവാണ്. പവനാഴിയുടെ അതേ വിദ്യകളില്‍ ട്രെയിനിംഗ് ഉള്ള കുറച്ചുകൂടി വകതിരിവുള്ള ആളുകള്‍ ഉണ്ട്. വേണ്ട ഉപകരണങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയാകും. പാറ്റയ്ക്ക് വിഷം മാത്രം മാതി. വെറും ആയിരം ക...ക്ക് പാറ്റ പോകും.

പക്ഷേ പവനാഴിമാരുടെ മുതലാളിമാര്‍ ബില്ലിടുന്നത് ഓരോ പ്രയോഗത്തിനുമാണ്. അതനുസരിച്ചാണ് വരുമാനം. പിന്നെ എല്ലാവരും അന്തകനഴിയിലുള്ളവരെപ്പോലെയല്ല. കാര്യം നടന്നില്ലെങ്കില്‍ കേസ് കൊടുക്കും. എല്ലാം എടുത്തു പ്രയോഗിച്ചില്ലെങ്കില്‍ പ്രശ്‌നമാകുന്ന സ്ഥിതിവിശേഷവും ഉണ്ട്.

റോബസ്റ്റും ഇഫക്ടീവുമായ പവനാഴിയെ നമുക്കു വേണം. വകതിരിവുവരുത്താന്‍ ഇത്തിരി പാടാണ്. പലര്‍ക്കും അതുണ്ട്. ഇല്ലാത്തവരുമുണ്ട്; ഇല്ലെന്ന് നടിക്കുന്നവരുമുണ്ട്. സാഹചര്യങ്ങള്‍ അങ്ങനെയാണ്.

''ഐ ആം പവനാഴി. എ റിയല്‍ പ്രഫഷണല്‍ ഹീലര്‍.''

പവനാഴി ശവമാവാനൊന്നും പോകുന്നില്ല.


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories