TopTop
Begin typing your search above and press return to search.

പിണറായിയെ എടായെന്ന് വിളിച്ച് ബല്‍റാം; അബ്ദുള്‍ഖാദറിനെതിരെ വര്‍ഗ്ഗീയ പരാമര്‍ശവുമായി ചെന്നിത്തല

പിണറായിയെ എടായെന്ന് വിളിച്ച് ബല്‍റാം; അബ്ദുള്‍ഖാദറിനെതിരെ വര്‍ഗ്ഗീയ പരാമര്‍ശവുമായി ചെന്നിത്തല

കേരള നിയമസഭയുടെ ചരിത്രത്തില്‍ മറ്റൊരു നാണക്കേടിന്റെ ദിവസം കൂടി. പതിവിന് വിപരീതമായി ഭരണപക്ഷവും ആക്രോശങ്ങളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയപ്പോള്‍ സഭ ഒരു യുദ്ധക്കളമായി മാറി.

മറൈന്‍ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യുമ്പോള്‍ സഭയ്ക്ക് കളങ്കമുണ്ടാകുന്ന സംഭവങ്ങള്‍ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും ഭാഗത്തു നിന്നുണ്ടായത്. ഗുരൂവായൂര്‍ ക്ഷേത്രത്തിലെ പൂജാകാര്യത്തില്‍ കെവി അബ്ദുള്‍ഖാദറിന് എന്താണ് കാര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചതാണ് ബഹളത്തിന്റെ തുടക്കം. എ പ്രദീപ് കുമാര്‍, ടി വി രാജേഷ് തുടങ്ങിയ എംഎല്‍എമാര്‍ വേദിയിലേക്ക് കുതിച്ചെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണകക്ഷി എംഎല്‍എമാരെ തടയേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു.

നേരത്തെ തന്നെ നടുത്തലിറങ്ങി ബഹളം വയ്ക്കുകയായിരുന്ന പ്രതിപക്ഷ എംഎല്‍എമാരുമായുള്ള കൈയാങ്കളിയോളമുള്ള മുഖാമുഖമായി അത് മാറി. ഇതോടെ സ്പീക്കര്‍ തല്‍ക്കാലത്തേക്ക് സഭ നിര്‍ത്തിവച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പൂജയ്ക്ക് കൊണ്ടുവന്ന 15000 ലിറ്റര്‍ വെള്ളം പോലീസ് നോക്കിനില്‍ക്കെ ഗുണ്ടകള്‍ ഒഴുക്കിക്കളഞ്ഞെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഇത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. ഗുരുവായൂര്‍ എംഎല്‍എ സിപിഎമ്മിന്റെ കെ വി അബ്ദുള്‍ ഖാദര്‍ ചെന്നിത്തലയുടെ ആരോപണത്തില്‍ വിശദീകരണം നല്‍കി.

ചാവക്കാട് നിന്നും കൊണ്ടുവന്ന വെള്ളം ഒഴുക്കിക്കളഞ്ഞത് കോണ്‍ഗ്രസിലെയും ലീഗിലെയും നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരുന്നു എന്നാണ് അബ്ദുള്‍ ഖാദര്‍ വിശദീകരിച്ചത്. അപ്പോഴാണ് ഗുരുവായൂരിലെ പൂജാ കര്‍മ്മത്തില്‍ അബ്ദുള്‍ ഖാദറിന് എന്താണ് കാര്യമെന്ന് രമേശ് ചെന്നിത്തല ചോദിച്ചത്. ഈ സംവാദങ്ങളുടെ തുടര്‍ച്ചയില്‍ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞത്.

സഭ കലുഷിതമായതോടെ ചെന്നിത്തല അബ്ദുള്‍ ഖാദറിനെതിരെ നടത്തിയ പരാമര്‍ശം സഭാരേഖയില്‍ നിന്നും നീക്കിയതായി അറിയിച്ചു. വിവാദ പരാമര്‍ശം രമേശ് ചെന്നിത്തല നിഷേധിച്ചു. അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ചെന്നിത്തല ഇപ്പോള്‍ വാദിക്കുന്നത്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വിടി ബല്‍റാം എടായെന്ന് വിളിച്ചെന്ന ആരോപണവുമായി സിപിഎം എംഎല്‍എ എഎന്‍ ഷംസീര്‍ ആരോപിച്ചു. നടത്തളത്തിലെ പോര്‍വിളിക്കിടെയായിരുന്നു ബല്‍റാമിന്റെ പരാമര്‍ശമെന്നാണ് ആരോപണം.

തനിക്ക് നേരെ പ്രതിപക്ഷ അംഗങ്ങളില്‍ ഒരാള്‍ ആക്രോശം നടത്തിയെന്നും അതാരാണെന്ന് അന്വേഷിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി അറിയിച്ചു. മുന്‍കാലങ്ങളില്‍ മുഖ്യമന്ത്രി കസേരയ്ക്ക് നേരെ ആരെങ്കിലും ആക്രോശിച്ചിട്ടുണ്ടോ? പരിധി ലംഘിക്കുന്ന നിലപാട് ഉണ്ടാകരുത്. വിരട്ടാനാണോ പ്രതിപക്ഷത്തിന്റെ ഭാവമെന്നും അദ്ദേഹം ചോദിച്ചു. തുടര്‍ന്നാണ് മുഖ്യമന്ത്രി പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും തിരുത്തുന്നില്ലെന്നും വ്യക്തമാക്കി പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.

മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യുന്നകാര്യം പരിഗണിക്കുമെന്ന് സ്പീക്കര്‍ സഭയില്‍ അറിയിച്ചു. ഇതിനിടെ ബ്രണ്ണന്‍ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറെ കണ്ടിട്ടുണ്ടെന്ന് ബല്‍റാം ഫേസ്ബുക്കിലൂടെ പ്രതികരിച്ചിട്ടുണ്ട്. ശിവസേനയെ മുഖ്യമന്ത്രി വാടകയ്‌ക്കെടുത്തതാണെന്ന പരാമര്‍ശത്തോടാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.


Next Story

Related Stories