TopTop
Begin typing your search above and press return to search.

കാശ്മീരില്‍ നിന്നുള്ള സാഹോദര്യത്തിന്റെ ഈ കഥ നിങ്ങളെ പ്രചോദിപ്പിക്കുക തന്നെ ചെയ്യും

കാശ്മീരില്‍ നിന്നുള്ള സാഹോദര്യത്തിന്റെ ഈ കഥ നിങ്ങളെ പ്രചോദിപ്പിക്കുക തന്നെ ചെയ്യും

അഴിമുഖം പ്രതിനിധി

കാശ്മീരില്‍ എല്ലാം നഷ്ടമായിട്ടില്ല. പ്രതിസന്ധികള്‍ക്കിടയിലും നിലനില്‍ക്കുന്ന മനുഷ്യത്വത്തിനും സമുദായസൗഹാര്‍ദത്തിനുമുള്ള ഉദാഹരണം അക്രമങ്ങള്‍ക്കിടയില്‍ ഞെരുങ്ങുന്ന ഈ പ്രദേശത്തുനിന്നാണ്. ഈ മാസം 13ന് ഹല്‍മുല സംഗമില്‍ റോഡപകടത്തില്‍പ്പെട്ട ഒരു സംഘം അമര്‍നാഥ് തീര്‍ത്ഥാടകരെ സ്വന്തം ജീവന്‍ അപകടത്തിലാക്കിയും സഹായിച്ചത് ഒരു സംഘം മുസ്ലിങ്ങളാണ്. അനന്ത്‌നാഗ് ജില്ലയിലെ ജമ്മു ശ്രീനഗര്‍ നാഷനല്‍ ഹൈവേ ഒന്ന് എയില്‍ കര്‍ഫ്യൂ നിലവിലുള്ള ബിജ് ബെഹാര പ്രദേശത്താണ് സംഭവം.

അപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും 22 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് രാത്രി മറ്റൊരുവാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കശ്മീരിയായ ഡ്രൈവര്‍ ബിലാല്‍ അഹമ്മദ് മിര്‍, തീര്‍ത്ഥാടകരിലൊരാളായ പ്രമോദ് കുമാര്‍ എന്നിവരാണു മരിച്ചത്. ദക്ഷിണ കാശ്മീര്‍ പ്രദേശം മുഴുവന്‍ കഴിഞ്ഞ ശനിയാഴ്ച മുതല്‍ നിരോധനാജ്ഞയിലാണെന്നതിനാല്‍ പരുക്കേറ്റവരെ ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയിലെത്തിക്കുക എന്നത് എളുപ്പമായിരുന്നില്ല.

ഇതിനായുള്ള ഹല്‍മുല്ല, ബിജ്‌ബെഹാര പ്രദേശവാസികളുടെ അനിതരസാധാരണമായ പ്രയത്‌നത്തെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രശംസിച്ചു. മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മെഹബൂബ പ്രദേശവാസികളുടെ ശ്രേഷ്ഠമായ രക്ഷാപ്രവര്‍ത്തനം കശ്മീരിന്റെ മഹത്തായ സമുദായസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണെന്നു പറഞ്ഞു. 'സ്വയം എണ്ണമറ്റ ദുരിതങ്ങളിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ടെങ്കിലും പ്രശ്‌നസമയങ്ങളില്‍ കശ്മീരികള്‍ എപ്പോഴും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നു. ഈ മനുഷ്യത്വത്തിനും സഹാനുഭൂതിക്കും ഞാന്‍ അവരെ ബഹുമാനിക്കുന്നു. ഇത് ഭാവിയിലും തുടരുമെന്നു പ്രതീക്ഷിക്കുന്നു.'

ബുര്‍ഹാന്‍ വാനിയുടെ വധത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പ്രദേശവാസികള്‍ കൊല്ലപ്പെട്ടതിന്റെ ദുഃഖത്തിലായിരുന്നു ബിജ്‌ബെഹാര പട്ടണം. എന്നാല്‍ വ്യക്തിപരമായ ദുഃഖവും നിരോധനാജ്ഞയും മറന്ന് അപകടസ്ഥലത്തെത്തിയ ജനങ്ങള്‍ തീര്‍ത്ഥാടകരെ രക്ഷിച്ചു. സംഘര്‍ഷത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ സ്റ്റാളുകളും ക്യാംപുകളും നടത്തിയിരുന്നവരാണ് അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ആദ്യമെത്തിയത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേര്‍ക്കൊപ്പം പ്രദേശവാസികളും ആശുപത്രിയിലെത്തി.

'ഞങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് എന്തെങ്കിലും ഔദാര്യമല്ല ചെയ്തുകൊടുത്തത്. മനുഷ്യരെന്ന നിലയില്‍ ഇത്തരം അപകടസമയങ്ങളില്‍ ജാതിയും മതവും നോക്കാതെ പരസ്പരം സഹായിക്കാന്‍ ബാദ്ധ്യസ്ഥരാണ് നാം,' മുറിവേറ്റവരെ സഹായിച്ച മുഹമ്മദ് ഫൈസല്‍ പറയുന്നു. പിന്നീട് മുറിവേറ്റവര്‍ക്കു ഭക്ഷണവും വെള്ളവും നല്‍കാനും പ്രദേശവാസികളെത്തി. 'അപകടം അവരെ കശ്മീരിലെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിച്ചതായി' പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബിജ്‌ബെഹാര വരുണ്‍ കുശി പറയുന്നു.

ഉത്തര്‍ പ്രദേശിലെ മീററ്റില്‍നിന്നുള്ളവരാണ് തീര്‍ത്ഥാടകര്‍. 'മടക്കയാത്രയ്ക്കു മുന്‍പ് ഞങ്ങള്‍ കത്ര സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. ഒരു മിനിബസ് വാടകയ്‌ക്കെടുത്ത് പുലര്‍ച്ചെ ജമ്മുവിലേക്കു തിരിച്ചതായിരുന്നു ഞങ്ങള്‍. പൊലീസും പട്ടാളക്കാരും സംഭവസ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അവരാരും ഞങ്ങളെ സഹായിച്ചില്ല. സമയം പാഴാക്കാതെ ഞങ്ങളെ ആശുപത്രിയിലെത്തിച്ചത് പ്രദേശവാസികളാണ്,' അപകടത്തില്‍പ്പെട്ടവര്‍ പറഞ്ഞു.


Next Story

Related Stories