TopTop
Begin typing your search above and press return to search.

സൈബര്‍ ലോകത്തെ ജനപ്രിയ പരിപ്പുവടകള്‍

സൈബര്‍ ലോകത്തെ ജനപ്രിയ പരിപ്പുവടകള്‍

സാജു കൊമ്പന്‍


ബ്രിട്ടീഷ് ഇടതുപക്ഷ നേതാവ് ജെറമി കോര്‍ബിനെ കുറിച്ച് ഈ അടുത്ത കാലത്ത് ന്യൂയോര്‍ക്കറില്‍ വന്ന ലേഖനത്തില്‍ ഐസ്ലിങ്ടണ്‍ നോര്‍ത്തിലെ അദ്ദേഹത്തിന്റെ ഇടുങ്ങിയ മൂന്നു നില വീടിനെ കുറിച്ചും തെരുവുകളില്‍ നിന്നു വസ്ത്രം വാങ്ങുന്നതിനെ കുറിച്ചും കഴിഞ്ഞ 30 വര്‍ഷമായി ഔദ്യോഗിക വാഹനം ഒഴിവാക്കി സൈക്കിളിലോ ട്രെയിനിലോ സഞ്ചരിക്കുന്നതിനെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. അതിനെക്കാളുപരി അദ്ദേഹം കൈക്കൊള്ളുന്ന കര്‍ക്കശമായ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും.

നേരേ ഇവിടേക്ക് വരിക. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ സന്ദേശം ഇറങ്ങിയിട്ട് 25 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇന്നും കുടുംബ സദസ്സുകളില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്ന സിനിമ എന്നതാണു സന്ദേശത്തിന്റെ പ്രത്യേകത. രാഷ്ട്രീയ ആക്ഷേപ ഹാസ്യം എന്ന നിലയില്‍ തങ്ങളെ സേവിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന രാഷ്ട്രീയ നേതാക്കളെ കണക്കറ്റ് കളിയാക്കുന്ന ഈ ചിത്രം എന്തായാലും മധ്യവര്‍ഗ്ഗ മലയാളിക്ക് നന്നേ സുഖിച്ചു. 25 വര്‍ഷം മുന്‍പ് എങ്ങനെയായിരുന്നോ അതില്‍ നിന്നും വലിയ മാറ്റമൊന്നും രാഷ്ട്രീയക്കാര്‍ക്ക് ഇപ്പോഴും ഉണ്ടായിട്ടില്ല എന്നത് തന്നെയാണ് ഈ സിനിമയുടെ ശങ്കര്‍ സിമന്‍റ് ജനപ്രീയത തെളിയിക്കുന്നത്.


പരിപ്പുവടയും കട്ടന്‍ ചായയും ദിനേശ് ബീഡിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക ഭക്ഷണ/പാനീയ/ലഹരി പദാര്‍ത്ഥമായി കളിയാക്കപ്പെടാന്‍ തുടങ്ങിയത് ഈ സിനിമയ്ക്കു ശേഷമാണ്. ഒരു തരത്തില്‍ ഇതൊരു പരിഹസിക്കല്‍ ആകുമ്പോള്‍ തന്നെ കമ്യൂണിസ്റ്റ് നേതാക്കള്‍ പാലിച്ച് പോരുന്ന/പോരേണ്ട ലാളിത്യത്തെ കുറിച്ച് ഒരു സൂചനയും അതില്‍ അടങ്ങിയിട്ടുണ്ട്. ഇറങ്ങിയ കാലത്ത് ഈ സിനിമ മുന്നോട്ട് വെക്കുന്ന അരാഷ്ട്രീയ ചിന്തയെ ഇടതുപക്ഷക്കാര്‍ എതിര്‍ത്തത് അന്ന് താഴെത്തട്ടിലും മുകളിലും രാഷ്ട്രീയം തൊഴിലാക്കിയ നേതാക്കള്‍ അല്ലാത്ത നിരവധി പേര്‍ ഉണ്ടെന്നുള്ളത് കൊണ്ടായിരുന്നു. എന്നാല്‍ വര്‍ഷം 25 കഴിഞ്ഞപ്പോഴേക്കും അങ്ങനെയുള്ളവരുടെ എണ്ണം രാഷ്ട്രീയത്തിലും പ്രത്യേകിച്ചു കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും കുറ്റിയറ്റ് പോയിക്കഴിഞ്ഞിരിക്കുന്നു.ഈ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കമ്യൂണിസ്റ്റ് ലാളിത്യത്തെ കുറിച്ചുള്ള കൌതുകകരവും എന്നാല്‍ അലോസരപ്പെടുത്തുന്നതുമായ ചില ചിന്തകള്‍ പകര്‍ന്നു തരുന്നുണ്ട്. ഇത്തവണ കല്‍പ്പറ്റയില്‍ നിന്നു മത്സരിച്ച സി പി എം സ്ഥാനാര്‍ത്ഥി സി കെ ശശീന്ദ്രനെ ചുറ്റിപ്പറ്റിയായിരുന്നു ഈ ചര്‍ച്ചകള്‍. ശശിയേട്ടനായിരുന്നു സൈബര്‍ ലോകത്തെ താരം. രാവിലെ എഴുന്നേറ്റ് പശുവിനെ കറന്നു കാല്‍നടയായി പാല്‍ സൊസൈറ്റിയില്‍ കൊണ്ടുചെന്നു കൊടുത്ത്, പാല്‍പ്പാത്രം അടുത്ത കടയില്‍ ഏല്‍പ്പിച്ച് പാര്‍ട്ടി ഓഫീസിലേക്ക് പോകുന്ന വയനാട്ടുകാരുടെ സ്വന്തം ശശിയേട്ടന്‍. ചെരുപ്പ് ധരിക്കാത്ത, കല്‍പ്പറ്റയില്‍ നിന്നു സൂപ്പര്‍ ഫാസ്റ്റില്‍ തമ്പാനൂരില്‍ വന്നിറങ്ങുന്ന, ട്രെയിനില്‍ സീറ്റ് കണ്‍ഫേം ആവാത്തതിനാല്‍ നിലത്തു വിരിച്ച് കിടക്കാന്‍ തയ്യാറാകുന്ന ശശിയേട്ടന്റെ കഥകള്‍ ആവേശത്തോടെ ഷെയര്‍ ചെയ്യുകയും ആയിരങ്ങളാല്‍ ലൈക്ക് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണം എന്നു ചോദിച്ചാല്‍ ശശിയേട്ടന്‍ ആയാല്‍ മതി എന്നു പറയുന്ന തരത്തിലേക്ക് സോഷ്യല്‍ മീഡിയയില്‍ ഈ സഖാവ് താരമായി കഴിഞ്ഞിരുന്നു.

ശശിയേട്ടനെ പോലെയോ അതിനു മുകളിലോ നിര്‍ത്താവുന്ന ചിലരും സ്ഥാനാര്‍ത്ഥികളായി പ്രത്യക്ഷപ്പെട്ടു. മൂവാറ്റുപുഴയില്‍ നിന്നു ജയിച്ച എല്‍ദോ എബ്രഹാം, ഹരിപ്പാട് രമേശ് ചെന്നിത്തലയോട് തോറ്റ പി പ്രസാദ് തുടങ്ങിയ സി പി ഐ നേതാക്കളാണവര്‍. മകന്‍ ജയിച്ചോ എന്നറിയാന്‍ എല്‍ദോയുടെ അച്ഛനും അമ്മയ്ക്കും ടി വി കാണാന്‍ അടുത്ത വീട്ടില്‍ പോകേണ്ടി വന്നു എന്നത് തെരഞ്ഞെടുപ്പ് കാലത്തെ മുഖ്യ വാര്‍ത്തകളില്‍ ഒന്നായിരുന്നു. കുന്ദംകുളത്ത് നിന്നു ജയിച്ച എ സി മൊയ്തീന്‍ മന്ത്രിയായതിന് ശേഷം ഒരു സാദാ ചായക്കടയില്‍ നിന്നു ചായ കുടിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയുണ്ടായി.
യഥാര്‍ത്ഥത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന പതനത്തിന്റെയും പ്രതിസന്ധിയുടെയും കൂടി സൂചനയായി വേണം ഈ വാഴ്ത്തലുകളെ കാണാന്‍. ഒരാളെ വാഴ്ത്തുമ്പോള്‍ ബാക്കി 99 പേരും അങ്ങനെയല്ലാതെ ഉണ്ട് എന്നതാണ് ഇവിടെ വെളിവാക്കപ്പെടുന്നത്. അവരുടെ വഴി തെറ്റിലൂടെയാണ് എന്ന പരോക്ഷ സൂചനയും നല്കുന്നുണ്ട്. കമ്യൂണിസ്റ്റ് നേതാക്കള്‍ പരിത്യജിക്കേണ്ടത് എന്നു സമൂഹം കരുതുന്ന പല സുഖ സൌകര്യങ്ങളും ആസ്വദിക്കുന്നവരാണ് പല നേതാക്കളും. പക്ഷേ അതെല്ലായ്പ്പോഴും ഏതെങ്കിലും കോടീശ്വരന്‍മാരുടെ സുഖലോലുപതയായിരുന്നില്ല. ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന മധ്യവര്‍ഗ്ഗ കുടുംബങ്ങളും ആഗ്രഹിക്കുന്ന/ആസ്വദിക്കുന്ന ജീവിത സൌകര്യങ്ങളായിരുന്നു. സ്വന്തമായി ഒരു കാര്‍ വാങ്ങുന്നതോ മുന്തിയ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നതോ ട്രെയിനില്‍ എ സി കോച്ചില്‍ സഞ്ചരിക്കുന്നതോ ഒക്കെ ഇതില്‍ പെടും. പിണറായിയുടെ വീടിന്റെ വലിപ്പമടക്കം ചര്‍ച്ചാ വിഷയമായത് ഈ സാഹചര്യത്തിലാണ്. എല്ലാ കാലത്തും കമ്യൂണിസ്റ്റുകാര്‍ പരിപ്പുവടയും കട്ടന്‍ ചായയുമായി കഴിയണമോ എന്നാണ് മറുചോദ്യം. സാമൂഹ്യ വികാസത്തിന്റെ സാഹചര്യങ്ങളില്‍ നിന്നു കമ്യൂണിസ്റ്റ് നേതാക്കള്‍/അവരുടെ കുടുംബങ്ങള്‍ എത്രത്തോളം വഴിമാറി നടക്കണം എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഒരു കടുകട്ടി വിഷയം തന്നെയാണ്. ഈ തെരഞ്ഞെടുപ്പില്‍ അത് കൂടുതല്‍ ശക്തമായി പൊതു മണ്ഡലത്തിലേക്ക് വിക്ഷേപിക്കപ്പെട്ടിരിക്കുന്നു.

സൈബര്‍ ലോകത്തെ ജനപ്രിയ പരിപ്പുവടകള്‍ക്കപ്പുറം കൈക്കൊള്ളുന്ന നിലപാടുകളുടെ ശരിയിലായിരിക്കണം ഒരാളുടെ രാഷ്ട്രീയത്തെ വിലയിരുത്തേണ്ടത്. അയാള്‍ ചെരിപ്പിടാതെ നടന്നാലും കാറില്‍ സഞ്ചരിച്ചാലും.

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)


Next Story

Related Stories