TopTop
Begin typing your search above and press return to search.

കോടിയേരിയും കാനവും കാണാതെ പോകുന്ന മാവോ കൊടികള്‍

കോടിയേരിയും കാനവും കാണാതെ പോകുന്ന മാവോ കൊടികള്‍

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിറവിയെക്കുറിച്ചുപോലും കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. 1920ല്‍ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന താഷ്‌ക്കന്റിലാണ് 'ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി' ജന്മമമെടുത്തതെന്ന് ചില ചരിത്ര കൃതികളില്‍ പറയുന്നു. 1925 ഡിസംബര്‍ 26ന് കാണ്‍പൂരില്‍ സി.പി.ഐ. രൂപംകൊണ്ടു എന്ന് ഒട്ടേറെ കമ്യൂണിസ്റ്റുകള്‍ വിശ്വസിക്കുന്നുണ്ട്. മഹാനായ ലെനിന്റെ സാന്നിദ്ധ്യത്തില്‍ താഷ്‌ക്കന്റില്‍ രൂപീകരിച്ച ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായി മാനേവന്ദ്രനാഥ റോയിയെ ചുമതലപ്പെടുത്തിയിരുന്നു. 'കിഴക്കന്‍ വിപ്ലവ നക്ഷത്രം' എന്നാണ് റോയിയെ ബോള്‍ഷെവിക് വിപ്ലവ നക്ഷത്രമായ ലെനിന്‍ വിശേഷിപ്പിച്ചത്. മഹാനായ ലെനിന്റെ അനുഗ്രഹം നേടി ഇന്ത്യയില്‍ എത്തിയ റോയിയെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ സ്വീകരിച്ചില്ല. ഒടുവില്‍ അദ്ദേഹം പരിവര്‍ത്തന മാനവവാദിയായി വിസ്മൃതിയടഞ്ഞു. റോയിയുടെ ആശയസീമ അളക്കാനോ അദ്ദേഹം വിഭാവന ചെയ്ത ഇന്ത്യന്‍ വിപ്ലവത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ഉള്‍ക്കൊള്ളാനോ കുറച്ചുപേര്‍ മാത്രം ഉണ്ടായി. ബാരിസ്റ്റര്‍ എ.കെ. പിള്ള മുതല്‍ സാഹിത്യ പ്രതിഭയായ എം. ഗോവിന്ദന്‍ വരെ നീളുന്ന മലയാളി ബുദ്ധിജീവികളെ റോയി വശീകരിച്ചിരുന്നു. പക്ഷേ കമ്യൂണിസ്റ്റുകള്‍ക്ക് അദ്ദേഹം ഒരിക്കലും സ്വീകാര്യനായില്ല. അത് ഇന്ത്യന്‍ കമ്യൂണിസ്റ്റ് ചരിത്രത്തിലെ ഒരു വിരോധാഭാസമാണ്.

ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസ്സിലെ തീവ്രപക്ഷം ഗാന്ധിജിയുടെ ഒന്നാം നിസ്സഹകരണ സമരത്തിന്റെ പരാജയത്തോടെ തീവ്രനിരാശയിലായി. കുറേപ്പേര്‍ പില്‍ക്കാലത്ത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റുകളായി മാറി. കര്‍ഷകത്തൊഴിലാളികളെയും വ്യവസായ തൊഴിലാളികളെയും അണിനിരത്തി ഒട്ടേറെപ്പേര്‍ കമ്മ്യൂണിസ്റ്റുകളായി. ഹിന്ദു മഹാസഭയും മുസ്ലീം ലീഗും വര്‍ഗ്ഗീയ വൈരുദ്ധ്യങ്ങളെപ്പോലെ മുഖം തിരിച്ചു.അങ്ങനെ ദേശീയ സ്വാതന്ത്ര്യസമരം നാനാ വഴിക്കാകുന്നതു കണ്ടുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ട് ഇന്ത്യയില്‍ വടികുത്തി നടന്നുവന്നത്. 1947ല്‍ വിദേശാധിപത്യത്തില്‍ നിന്ന് ഒന്നിനു പകരം രണ്ട് രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഇന്ത്യയ്ക്കും പാകിസ്ഥാനും. ഹിന്ദു വര്‍ഗ്ഗീയ സംഘടനയായ ആര്‍.എസ്.എസ്സും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഈ സ്വാതന്ത്ര്യത്തെ അംഗീകരിച്ചില്ല. ആര്‍.എസ്.എസ്. 1947 ആഗസ്റ്റ് 15-ാം തീയതി കരിദിനം ആചരിച്ചു. വെള്ളക്കാരില്‍ നിന്ന് കറുത്ത സായിപ്പന്മാരിലേക്കുള്ള അധികാരമാറ്റത്തെ 'സ്വാതന്ത്ര്യം' എന്ന് ജനങ്ങള്‍ കരുതുന്നില്ലെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. വിപ്ലവത്തിലൂടെ സാധാരണക്കാരും തൊഴിലാളികളും അധികാരം പിടിച്ചെടുക്കുമ്പോള്‍ മാത്രമേ സ്വാതന്ത്ര്യം എന്ന വാക്ക് അര്‍ത്ഥമുള്ളതാകൂ എന്ന് അവര്‍ വിശ്വസിച്ചു. അതിനാല്‍ ജവഹര്‍ലാല്‍ നെഹ്രു നയിച്ച ഇടക്കാല ഗവണ്‍മെന്റില്‍ ചേരാന്‍ കമ്യുണിസ്റ്റുകാര്‍ കൂട്ടാക്കിയില്ല. ഹിന്ദു മഹാസഭയുടെ ശ്യാമപ്രസാദ് മുക്കര്‍ജിയും കോണ്‍ഗ്രസ്സിന്റെയും ഗാന്ധിജിയുടെയും കടുത്ത വിമര്‍ശകനായ ബി.ആര്‍. അംബേദ്ക്കറും മന്ത്രിസഭയില്‍ ചേര്‍ന്നു. ബി.ടി. രണദിവെയുടെ കല്‍ക്കത്ത തിസീസിന്റെ പിന്നാലെ ആയിരുന്നു അക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി. ക്വിറ്റ് ഇന്ത്യ സമരത്തില്‍ നിന്ന് വിട്ടു നിന്ന് രണ്ടാം ലോകയുദ്ധവേളയില്‍ ബ്രിട്ടനെ പിന്തുണച്ചുപോയതിന്റെ ജാള്യത മറയ്ക്കുകയായിരുന്നു സ്വാതന്ത്ര്യദിനപ്പുലരിയില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ എന്ന് പണ്ഡിറ്റ് നെഹ്‌റു പരിഹസിച്ചു. ഭൂസമരം അക്രമാസക്തമായപ്പോള്‍ സി.പി.ഐ. നിരോധിക്കപ്പെട്ടു. മഹാത്മജി ഒരു മതഭ്രാന്തനാല്‍ കൊല്ലപ്പെട്ടപ്പോള്‍ ആര്‍.എസ്.എസിനു നിരോധനമുണ്ടായി. ഹിന്ദു മഹാസഭയുടെ പ്രതിനിധി ഇടക്കാല മന്ത്രിസഭയില്‍ അംഗമായിരുന്നതുകൊണ്ട് രാഷ്ട്രീയ കാരണത്താല്‍ ആ സംഘടനയ്ക്ക് നിരോധനം ബാധകമായില്ല. സ്വതന്ത്ര ഇന്ത്യയില്‍ ജനാധിപത്യപരമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിതമാകുംവിധം 1950 ജനുവരി 25-ാം തീയതി ഭരണഘടന നിലവില്‍ വന്നതോടെ ഹിന്ദു വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും മനംമാറ്റം ഉണ്ടായി. ആശയപ്രചരണത്തിനുള്ള അവസരമെന്ന് കള്ളം പറഞ്ഞുകൊണ്ട് സി.പി.ഐ. ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പില്‍ 49 മണ്ഡലങ്ങളില്‍ മത്സരിച്ചു. 16 ഇടത്തു ജയിച്ചു. അവരെല്ലാം എ.കെ. ഗോപാലന്റെ നേതൃത്വത്തില്‍ ഒന്നാം ലോക്‌സഭയില്‍ ഇരുന്നു. ആശയപ്രചരണാവസരം ഉപയോഗിച്ചു എന്നു കരുതി, ബൂര്‍ഷ്വാ പാര്‍ലമെന്റിലേക്ക് തങ്ങള്‍ ഇല്ലെന്ന് ഒരു കമ്യൂണിസ്റ്റ് നേതാവും പറഞ്ഞില്ല. അങ്ങനെ പാര്‍ലമെന്ററി വ്യാമോഹം പടിപടിയായി കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ തലയ്ക്കു പിടിച്ചു. കോണ്‍ഗ്രസ്സ് ഭൂരിപക്ഷം നേടി നെഹ്‌റു ഒന്നാമത്തെ പ്രധാനമന്ത്രിയായപ്പോള്‍ 16 അംഗങ്ങള്‍ ഉണ്ടായിരുന്ന സി.പി.ഐ ലോക്‌സഭയില്‍ രണ്ടാമത്തെ വലിയ കക്ഷിയായി പ്രതിപക്ഷത്തിരുന്നു. എ.കെ.ജിയായിരുന്നു പ്രതിപക്ഷ നേതാവ്.കമ്യൂണിസ്റ്റുകളെയും സോഷ്യലിസ്റ്റുകളെയും തോല്‍പ്പിക്കുന്ന സമത്വപുരോഗമനവാദിയായി നെഹ്‌റു രാജ്യത്തെ യുവാക്കളെ ആവേശഭരിതരാക്കി. സോഷ്യലിസത്തെക്കുറിച്ച് നെഹ്‌റു എഴുതിയ ലഘുഗ്രന്ഥമാണ് ഇ.എം.എസ്സിനു പോലും ആ വിഷയത്തില്‍ ആദ്യജ്ഞാനമായി ഭവിച്ചത്. സോവിയറ്റ് യൂണിയനിലെ ദ്രുതവികസന പദ്ധതിയുടെ മാതൃക സ്വീകരിച്ച് ഇന്ത്യയില്‍ നെഹ്‌റു പഞ്ചവത്സര പദ്ധതി നടപ്പാക്കി. ഹിരാക്കുഡ്, ഭക്രാനങ്കല്‍ അണക്കെട്ടുകള്‍ ഇന്ത്യയുടെ വികസനത്തിന്റെ ക്ഷേത്രങ്ങളാണെന്ന് നെഹ്‌റു പറഞ്ഞു. ജനാധിപത്യമൂല്യങ്ങളെ കൈവിടാതെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളിലൂടെ പുതിയൊരു ഇന്ത്യ പടുത്തുയര്‍ത്താന്‍ നെഹ്‌റു നടത്തുന്ന തീവ്ര ശ്രമങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ കണ്ടില്ലെന്ന് നടിച്ചു. 1957ല്‍ രാജ്യത്ത് രണ്ടാം പൊതു തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ സംസ്ഥാന നിയമസഭകളിലേക്ക് ആദ്യതിരഞ്ഞെടുപ്പും ഉണ്ടായി. കാരണം അതിനകം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപംകൊണ്ടിരുന്നു. കല്‍ക്കത്താ തിസീസ് കാറ്റില്‍ പറത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടി വീണ്ടും 'പരീക്ഷണാര്‍ത്ഥം' പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. നെഹ്‌റു നയിച്ച കോണ്‍ഗ്രസ് വീണ്ടും ലോക്‌സഭയിലും ഒരു സംസ്ഥാനമൊഴികെയുള്ള നിയമസഭകളിലും ഭൂരിപക്ഷം നേടി. കോണ്‍ഗ്രസ് തോറ്റുപോയ ഏക സംസ്ഥാനം കേരളമായിരുന്നു. അപ്രതീക്ഷിതമായി സി.പി.ഐക്ക് കേരളത്തില്‍ നേരിയ ഭൂരിപക്ഷം ലഭിച്ചു. എം.എന്‍. ഗോവിന്ദന്‍ നായര്‍ ആയിരുന്നു അപ്പോള്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ നിശ്ചയിക്കാന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് അംഗങ്ങളുടെയും പാര്‍ട്ടി നേതാക്കളുടെയും ആദ്യ യോഗം എറണാകുളത്ത് ലെനിന്‍ സെന്ററില്‍ ചേര്‍ന്നു. തിരുക്കൊച്ചി നിയമസഭയില്‍ പ്രതിപക്ഷനേതാവായിരുന്ന ടി.വി. തോമസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് കമ്യുണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും സാധാരണ ജനങ്ങളും കരുതി. ടി.വിയെ സ്വീകരിച്ച് തിരുവനന്തപുരത്തേക്ക് ആനയിച്ചുകൊണ്ടുപോകാന്‍ നൂറ്റൊന്ന് കാറുമായി കാട്ടായിക്കോണം ശ്രീധരന്‍ ആവേശഭരിതനായി എത്തിയിരുന്നു. എന്നാല്‍ കേരളത്തെയാകെ ഞെട്ടിച്ചുകൊണ്ട് വടക്കേ മലബാറിലെ നീലേശ്വരത്തുനിന്ന് ജയിച്ച ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ പേര് സി.പി.ഐ. നിയമസഭാ കക്ഷി നേതാവായി എം.എന്‍. നിര്‍ദ്ദേശിച്ചു. തന്റെ പ്രിയ സഖാവ് ടി.വി. തോമസിന്റെ പേരു പറയാതെ ഇ.എം. എസ്സിന്റെ പേര് എം.എന്‍. മുന്നോട്ടു വച്ചതിനു പിന്നില്‍ കമ്യൂണിസ്റ്റ് വിരുദ്ധ സാമുദായിക സംഘടനയുടെ നേതാവിന്റെ പ്രേരണയുണ്ടായിരുന്നു. എം.എന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരും മുമ്പ് പ്രവര്‍ത്തിച്ചിരുന്ന എന്‍.എസ്.എസിന്റെ സ്ഥാപകന്‍ മന്നത്തുപത്മനാഭന്‍ ആയിരുന്നു ആ നേതാവ്. കമ്യൂണിസ്റ്റുകാര്‍ ജാതിമത സങ്കുചിത വിചാരങ്ങള്‍ക്കും പരിഗണനകള്‍ക്കും എല്ലാം ഉപരിയാണെന്ന അവകാശവാദത്തിന് കേരളത്തില്‍ ഏറ്റ ആദ്യത്തെ മാരകമായ വെട്ടായിരുന്നു അത്. ഇക്കാര്യം അറിയുന്ന ചിലരെങ്കിലും ഇന്ന് ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടികളിലും ഉണ്ട്. അപ്രിയസത്യങ്ങള്‍ അവര്‍ ആരോടും പറഞ്ഞില്ലെന്നു വരാം.ഇ.എം.എസ്സിനു പകരം ടി.വി. തോമസ് കേരളത്തില്‍ ഒന്നാമത്തെ മുഖ്യമന്ത്രിയായിരുന്നെങ്കിലെന്ന് ഞാന്‍ വെറുതെ ആലോചിച്ചുപോയിട്ടുണ്ട്. ചുരുങ്ങിയപക്ഷം വിമോചന സമരം കൊഴുക്കില്ലായിരുന്നു. 356-ാം വകുപ്പ് പ്രകാരം ആദ്യകേരള മന്ത്രിസഭയെ രാഷ്ട്രപതി പിരിച്ചുവിടില്ലായിരുന്നു. കമ്യൂണിസ്റ്റ് ചരിത്രവും കേരളത്തിന്റെ മുഖവും മറ്റൊരു തരത്തില്‍ രൂപപ്പെടുമായിരുന്നു. എം.എന്‍ എത്ര വലിയ പാതകമാണ് ടി.വിയോട് ചെയ്തതെന്ന് വിസ്മയിക്കാനൊന്നും ഈ ലേഖകന്‍ ഉദ്ദേശിക്കുന്നില്ല. ഇത്തരം കുതികാല്‍വെട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെന്നപോലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പതിവുണ്ട്. പക്ഷേ കേരളത്തിലെ ഒന്നാമത്തെ മുഖ്യമന്ത്രിയെ നിശ്ചയിച്ചത് ഒരു സാമുദായിക സംഘടനയായിരുന്നു എന്ന യാഥാര്‍ത്ഥ്യം ഒരു കമ്യൂണിസ്റ്റുകാരനും സമ്മതിച്ചു തരില്ല.

ഇന്ത്യ-ചൈന യുദ്ധം ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ നിലനില്‍പ്പിന് ഏറ്റ ആദ്യത്തെ പ്രഹരമായിരുന്നു. സോവിയറ്റ് പക്ഷത്തേക്കും ചൈനയിലെ മാവോ പക്ഷത്തേക്കും ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ സ്വയം വിഭജിക്കപ്പെട്ടു. ഇന്ത്യന്‍ ദേശീയത കമ്യുണിസ്റ്റുകളുടെ മുന്നില്‍ വെല്ലുവിളിയായി നിന്നു. സി.പി.ഐയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ശ്രീപദ് അമൃത ഡാങ്കെയുടെ നിലപാടുകളോട് കലഹിച്ച് 32 അംഗങ്ങള്‍ ഇറങ്ങിപ്പോയി. നെഹ്‌റുവിന്റെ ദേശീയ ഭരണകൂടം പുരോഗമന സ്വഭാവമുള്ളതാണെന്നും അതിനാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആ ഭരണത്തിന് പിന്തുണ നല്‍കണമെന്നും സോവിയറ്റ് യൂണിയന്റെ നിര്‍ബന്ധത്താല്‍ ഡാങ്കെ പക്ഷത്തിന് വഴങ്ങേണ്ടിവന്നു. ചൈനയും സോവിയറ്റ് യൂണിയനും തമ്മില്‍ സ്വരചേര്‍ച്ചയിലായിരുന്നില്ല. ഇന്ത്യയെ ആക്രമിച്ച ചൈനയോട് ഇന്ത്യന്‍ കമ്യൂണിസ്റ്റുകളും യോജിക്കുന്നുണ്ടാകില്ലെന്ന് സോവിയറ്റ് ഭരണകൂടം തെറ്റിദ്ധരിച്ചു. സങ്കുചിത ദേശീയവാദം വെടിഞ്ഞ ഇ.എം.എസ് നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. ''ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന തര്‍ക്കപ്രദേശം'' എന്ന വാചകം അദ്ദേഹത്തെ പരിഹസിക്കാന്‍ പില്‍ക്കാലത്ത് പലരും ഉദ്ധരിച്ചു. കോണ്‍ഗ്രസിനോടും ദേശീയതയോടും സ്വീകരിക്കേണ്ട സമീപനത്തിലെ ഭിന്നത വളര്‍ന്ന് 1964ല്‍ സി.പി.ഐ നെടുകേ പിളര്‍ന്നു. അക്കൊല്ലം ജൂണില്‍ ആന്ധ്രയിലെ തെന്നാലിയില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് വിമതര്‍ ചൈനയിലെ മാവോയുടെ ചിത്രം കൂടി കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ പട്ടികയില്‍ ചേര്‍ത്തു. പിന്നീടവര്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന് സി.പി.ഐ(എം) എന്ന പേര് സ്വീകരിച്ചു. കോണ്‍ഗ്രസ്സിനെ മുഖ്യശത്രുവായി കണ്ടു. ഡാങ്കെ പക്ഷത്തെ റിവിഷനിസ്റ്റുകള്‍ എന്ന് വിളിച്ചു. ഗാന്ധിജിയെ ''ദേശീയ ബൂര്‍ഷ്വാസിയുടെ കൗശലക്കാരനായ ഒറ്റുകാരന്‍'' എന്ന് പരിഹസിച്ച് ഇ.എം.എസ് ലേഖനമെഴുതി. ജനകീയ ജനാധിപത്യം പാര്‍ട്ടി നയമായി അംഗീകരിച്ച് സി.പി.ഐയും കേന്ദ്രീകൃത ജനാധിപത്യം നയമായി പ്രഖ്യാപിച്ച് സി.പി.എമ്മും രണ്ടുവഴിക്കു പിരിഞ്ഞു.

കോണ്‍ഗ്രസ്സിനോടുള്ള ശത്രുത സി.പി.എം പില്‍ക്കാലത്ത് മയപ്പെടുത്തിക്കൊണ്ട് ഐക്യമുന്നണിയെന്ന പേരില്‍ അധികാര മത്സരം നടത്തിയെങ്കിലും സി.പി.ഐയെ വലതുപക്ഷക്കാരെന്ന് വെറുതെ ആക്ഷേപിക്കുന്നു. ഇത് കേട്ട് കേട്ട് സഹികെട്ടപ്പോള്‍ കണിയാപുരം രാമചന്ദ്രന്‍ ഒരിക്കല്‍ ചുട്ടമറുപടി കൊടുത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്ന പേര് പ്രസവവാര്‍ഡ് ബ്രായ്ക്കറ്റില്‍ സ്ത്രീകള്‍ക്കുമാത്രം എന്ന് എഴുതുന്നതുപോലെ വിഡ്ഢിത്തമാണെന്ന് കണിയാപുരം കളിയാക്കി. പിന്നെ നേതാക്കളാരും സി.പി.ഐക്കാരെ വലതന്മാരെന്ന് വിളിച്ചിട്ടില്ല.ഇപ്പോള്‍ സി.പി.എം ദേശീയതലത്തില്‍ മാത്രമല്ല, കേരളത്തിലും ദുര്‍ബ്ബലമാണെന്ന് സി.പി.ഐ മനസ്സിലാക്കുന്നുണ്ട്. ഇടതുമുന്നണിയില്‍ സി.പി.എം. നേതാക്കളുടെ അഹങ്കാരം വകവച്ചുകൊടുക്കേണ്ടതില്ലെന്ന് പെരുമാറ്റവും വാക്കുകളും കടുപ്പിച്ചുകൊണ്ട് സി.പി.ഐ നേതാക്കള്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പദത്തിന് സി.പി.ഐ വേണ്ടിവന്നാല്‍ അവകാശം ഉന്നയിക്കുമെന്നുവരെ പുതിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സൂചിപ്പിച്ചുകഴിഞ്ഞു. എന്തിന് മുഖ്യമന്ത്രിപദം മാത്രമാകണം? ഇന്ത്യന്‍ പാര്‍ലമെന്റിലെ ആദ്യത്തെ പ്രധാന പ്രതിപക്ഷപ്പാര്‍ട്ടിയായിരുന്ന സി.പി.ഐക്ക് പ്രധാനമന്ത്രിപദം അവകാശപ്പെടാന്‍ കഴിയേണ്ടതായിരുന്നു. 90 വയസ്സുതികഞ്ഞ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 30 മാസം മുമ്പുണ്ടായ ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തിപോലും ഇന്ത്യയിലെ പുതിയ തലമുറ കല്‍പ്പിക്കുന്നില്ല. തൃശൂരിലെ ജയദേവനിലൂടെ ലോക്‌സഭയില്‍ ഏകാംഗ പ്രകടനം നടത്തുന്ന സി.പി.ഐയുടെ നേതാവ് കാലത്തിന്റെ ഭിത്തിയില്‍ വികൃതമായ കോലങ്ങള്‍ വരയ്ക്കരുത്. ചൈന മാവോ സേ തൂങ്ങിനെ ഉപേക്ഷിച്ചിട്ട് കാലമേറെയായി. പക്ഷേ മാവോ വാദം പല സംഘടനാ പേരുകളില്‍ ഇന്ത്യയില്‍ പടരുന്നു. രാജ്യത്തെ 225 ലോക്‌സഭാ മണ്ഡലങ്ങളില്‍ മാവോ തീവ്രവാദം ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തുന്നുണ്ട്. ഇന്ത്യയില്‍ ഭൂരിപക്ഷം പ്രദേശത്തും ഇന്നു പാറുന്ന ചെങ്കൊടി വ്യവസ്ഥാപിത കമ്യൂണിസ്റ്റുപാര്‍ട്ടികളായ സി.പി.ഐയുടേയോ സി.പി.എമ്മിന്റെയോ അല്ല, മാവോ തീവ്രവാദികളുടേതാണ്. കാനവും കോടിയേരിയും ഈ യാഥാര്‍ത്ഥ്യത്തെ എങ്ങനെ കാണും, നേരിടും എന്നുള്ളതാണ് പ്രസക്തമായ ചോദ്യം


Next Story

Related Stories