TopTop
Begin typing your search above and press return to search.

ഇതാണോ മുഖ്യമന്ത്രീ, പോലീസിന്റെ പ്രവർത്തന സ്വാതന്ത്ര്യം? വിദ്യാര്‍ത്ഥികളെ പിടിച്ചുവച്ച് കരുനാഗപള്ളി പോലീസിന്റെ ക്രൂരമർദ്ദനം

ഇതാണോ മുഖ്യമന്ത്രീ, പോലീസിന്റെ പ്രവർത്തന സ്വാതന്ത്ര്യം? വിദ്യാര്‍ത്ഥികളെ പിടിച്ചുവച്ച് കരുനാഗപള്ളി പോലീസിന്റെ ക്രൂരമർദ്ദനം

സംസ്ഥാനത്ത് പൊലീസിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയാന്‍ ആരെയും അനുവദിക്കില്ലെന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് രണ്ടു വിദ്യാര്‍ത്ഥികള്‍ തിരിച്ചു ചോദിക്കുന്നത്; ഒരു തെറ്റും ചെയ്യാത്തവരെ പിടിച്ചുകൊണ്ടുപോയി തല്ലച്ചതയ്ക്കുന്നതും പൊലീസിന്റെ സ്വാതന്ത്ര്യത്തില്‍ പെട്ടതാണോ എന്നാണ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ പതിനാറുകാരന്‍ സച്ചിന്‍ ലാലും കൂട്ടുകാരന്‍ രാജീവുമാണ് പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് വിധേയരായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ കഴിയുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെന്ന പരിഗണനപോലും തരാതെ, ചെയ്ത കുറ്റം എന്താണെന്നു പോലും അറിയാതെയാണു തങ്ങള്‍ പൊലീസിന്റെ തല്ല് വാങ്ങിയതെന്ന് ഈ കുട്ടികള്‍ പറയുന്നു. ലാത്തികൊണ്ടും കൈകൊണ്ടുമെല്ലാമുള്ള മര്‍ദ്ദനം മൂലം ശരീരം അനക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഈ കുട്ടികള്‍ ഇപ്പോള്‍ ഉള്ളതെന്നു ബന്ധുക്കളും പറയുന്നു. ഇത്തരമൊരു ക്രൂരകൃത്യം നടത്തിയ പൊലീസിനെതിരേ നിയമപരമായി നീങ്ങുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

തങ്ങള്‍ക്ക് മര്‍ദ്ദനമേറ്റതിനെ കുറിച്ച് ആശുപത്രിയില്‍ കഴിയുന്ന സച്ചിന്‍ ലാല്‍ പറയുന്നത് ഇങ്ങനെയാണ്;

കരുനാഗപ്പള്ളി തഴവ സ്വദേശിയായ താന്‍ തഴവ ബിജെഎസ്എം മഠത്തില്‍ വിഎച്എസ് എസിലെ ഒന്നാം വര്‍ഷ വിച്എസ്എസ് വിദ്യാര്‍ത്ഥിയാണ്. നാസിക് ഡോല്‍ വാദ്യസംഘത്തിലെ അംഗങ്ങളായ താനും കൂട്ടുകാരന്‍ രാജീവും പതിനഞ്ചാം തീയതി ബുധാനാഴ്ച തഴവ പഞ്ചായത്തിലെ പാമ്പുവ പറമ്പത്തുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള നാസിക്ഡഡോല്‍ വാദ്യത്തിനായി പോയിരുന്നു. എന്നാല്‍ ഉത്സവത്തോടനുബന്ധിച്ച് ചില സംഘര്‍ഷങ്ങള്‍ ഉണ്ടായി. ഇതില്‍ ഇടപെട്ട് പൊലീസ് എല്ലാവരെയും അടിച്ചോടിക്കുകയായിരുന്നു. ഈ സമയം പരിപാടി കഴിഞ്ഞു തിരിച്ചു പോകാനായി ക്ഷേത്രത്തിനു സമീപത്ത് ഒരിടത്തു നില്‍ക്കുകയായിരുന്ന ഞങ്ങള്‍ കുട്ടികളുടെ നേരെയും പൊലീസ് എത്തി. ലാത്തിയും ചൂരലും ഉപയോഗിച്ച് എല്ലാവരെയും തല്ലി. എന്നെയും രാജീവിനെയും മറ്റു ചിലരെയും പൊലീസ് ജീപ്പില്‍ പിടിച്ചു കയറ്റി. കരുനാഗപ്പളളി ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു പൊലീസ് ഞങ്ങളെ പിടിച്ചത്. ജീപ്പില്‍വച്ചു തന്നെ ലാത്തികൊണ്ട് വയറ്റില്‍ കുത്തുകയും തല്ലുകയുമൊക്കെ ചെയ്തു. കുറെ മോശം വാക്കുകളും വിളിച്ചു. ബുധനാഴ്ച വൈകിട്ടോടെയാണു പൊലീസ് ഞങ്ങളെ പിടിച്ചത്. സ്റ്റേഷനില്‍ കൊണ്ടു ചെന്നിട്ടും ഞങ്ങളെ ക്രൂരമായി തല്ലി. കുറെ പൊലീസുകാര്‍ ചേര്‍ന്നായിരുന്നു ഉപദ്രവിച്ചത്. പൊലീസ് പിടിച്ച കാര്യം വീട്ടുകാരെ അറിയിക്കണമെന്ന് പറഞ്ഞപ്പോള്‍ അതിനും സമ്മതിച്ചില്ല. ഒരു ഗ്ലാസ് വെള്ളം പോലും തരാന്‍ അവര്‍ തയ്യാറായില്ല. ഒരുപാടു തല്ലുകയും ചെയ്തു, ഒരു തരി ഭക്ഷണം പോലും വാങ്ങിത്തന്നതുമില്ല. എന്റെ പേരിലോ കൂട്ടുകാരന്റെ പേരിലോ അതുവരെ ഒരു കേസുപോലും ഇല്ല. എന്നിട്ടും ഞങ്ങളെ വലിയ കുറ്റവാളികളെ പോലെയാണു പൊലീസ് ഉപദ്രവിച്ചത്.

ബുധനാഴ്ച വൈകിട്ട് ഞങ്ങളെ പിടികൂടിയിട്ട് പിറ്റേദിവസം വൈകിട്ടാണു സ്റ്റേഷനില്‍ നിന്നും വിട്ടത്. ഈ സമയം വരെ വിവരം ആരെയെങ്കിലും അറിയിക്കാനോ, ഞങ്ങള്‍ക്ക് എന്തെങ്കിലും ആഹാരം വാങ്ങിത്തരാനോ പൊലീസ് തയ്യാറായില്ല. തല്ലും ചീത്തവിളിയും മാത്രമായിരുന്നു- സച്ചിന്‍ പറയുന്നു.

അമ്പലത്തില്‍ പ്രശ്‌നം ഉണ്ടാക്കിയത് വേറെ ആരൊക്കെയോ ആയിരുന്നു. അവരില്‍പ്പെട്ടവരെ പൊലീസ് പിടികൂടുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പക്ഷേ കണ്ണില്‍ കണ്ടവരെയൊക്കെ പിടിച്ചുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഈ കുട്ടികളെ പിടിച്ചുകൊണ്ടുപോയതും. അവര്‍ ഒരു പ്രശ്‌നത്തിലും ഇല്ലെന്നു പറഞ്ഞതാണ്. എന്നിട്ടും കുട്ടികളാണെന്ന പരിഗണനപോലും കൊടുക്കാതെ തല്ലുകയായിരുന്നു. ഒരു ദിവസത്തോളം ഈ കുട്ടികളെ സ്‌റ്റേഷനില്‍ പിടിച്ചു വയ്ക്കുകയും പിന്നീട് കേസുപോലും ചാര്‍ജ് ചെയ്യാതെ പറഞ്ഞു വിടുകയുമായിരുന്നു. സ്റ്റേഷനില്‍ നിന്നും വീട്ടിലെത്തിയ കുട്ടികള്‍ അനങ്ങാന്‍ പോലും ആവാത്ത അവസ്ഥയിലായിരുന്നു. ശരീരത്തില്‍ നല്ല പരിക്കുണ്ടായിരുന്നു. കുട്ടികളിലൊരാളുടെ കൈവിരല്‍ കുത്തിയൊടിക്കാന്‍ വരെ പൊലീസ് ശ്രമിച്ചിട്ടുണ്ട്- ബന്ധുവായ സോനു പറയുന്നു.

രണ്ടില്‍ കൂടുതല്‍ കുട്ടികളെ പൊലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചെങ്കിലും സച്ചിന്റെയും രാജീവിന്റെയും വീട്ടുകാരൊഴിച്ചു ബാക്കിയുള്ളവര്‍ ഭയം മൂലം പൊലീസിനെതിരേ പരാതി നല്‍കാന്‍ തയ്യാറാവാതിരിക്കുകയാണെന്നും ബന്ധുക്കള്‍ പറയുന്നു.

നിരപരാധികളായ തങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത പൊലീസ് ഓഫിസര്‍മാര്‍ക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് സച്ചിന്‍ ലാല്‍ സംസ്ഥാന ബാലാവകാശ കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം പൊലീസ് ഈ വിഷയത്തില്‍ പറയുന്നത് അവരുടെ ഭാഗം ന്യായീകരിച്ചാണ്. ക്ഷേത്രപരിസരത്തുവച്ച് മാരകായുധങ്ങളുമായി പരസ്പരം കലഹത്തില്‍ ഏര്‍പ്പെട്ടതിനാണ് വിദ്യാര്‍ത്ഥികളെ പിടികൂടിയതെന്നും ഇവര്‍ക്കെതിരേ ഐപിസി 160 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തശേഷം ജാമ്യത്തില്‍ വിടുകയായിരുന്നുമെന്നാണ് കരുനാഗപ്പള്ളി സബ് ഇന്‍സ്‌പെക്ടര്‍ രാഹേഷ് അഴിമുഖത്തോട് പറഞ്ഞത്.

Next Story

Related Stories