ടീം അഴിമുഖം
വീഴുന്നത് 30 മീറ്റര്‍ ഉയരത്തില്നിന്നായാലും തേങ്ങ പൊട്ടാറില്ല. എന്തുകൊണ്ട്? ഭാവിയില്‍ ഭൂകമ്പങ്ങളില്നിന്നു മനുഷ്യരെ രക്ഷിക്കുക ഈ ചോദ്യത്തിന്റെ ഉത്തരമായിരിക്കും.
കാഠിന്യമമേറിയ പുറന്തോടിന് പേരുകേട്ടതാണ് തേങ്ങ. തേങ്ങയുടെ വിത്തുകള്‍ മുളച്ചുവളരണമെങ്കില് ഈ കാഠിന്യം ഉണ്ടായേ തീരൂ താനും. തേങ്ങയുടെ പുറന്തോടിന്റെ നിര്‍മാണരീതി കണ്ടെത്താനായാല്‍ അത്തരത്തിലുള്ള കെട്ടിടങ്ങള്‍ക്കു രൂപം നല്‍കാനാകുമെന്നും അതുവഴി ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനാകുമെന്നുമാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.
ഉള്ളിലുള്ള വിത്തിനെ സംരക്ഷിക്കാന്‍ മൂന്നുപാളിയുള്ള സംരക്ഷണഭിത്തിയാണ് തേങ്ങയിലുള്ളത്. പുറത്തെ ബ്രൗണ്‍ നിറവും തുകല്‍ സ്വഭാവവുമുള്ള എക്സോകാര്പ്, ചകിരി അഥവാ മീസോകാര്പ്, ചിരട്ട അഥവാ എന്ഡോകാര്പ്.
'ബയോളജിക്കല്‍ ഡിസൈന്‍ ആന്‍ഡ് ഇന്റഗ്രേറ്റിവ് സ്ട്രക്ചേഴ്സ്' എന്ന വന്‍ പ്രോജക്ടിന്റെ ഭാഗമായി ജര്‍മനിയിലെ ഫ്രെയ്ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ബയോമെട്രിക്സ് ഗ്രൂപ്പ് ഗവേഷകരാണ് തേങ്ങാത്തൊണ്ടില്‍ താല്പര്യം കാണിക്കുന്നത്. സിവില്‍ എന്‍ജിനീയര്‍മാര്‍ക്കും മറ്റീരിയല്‍ ശാസ്ത്രജ്ഞര്ക്കുമൊപ്പം ചേര്‍ന്ന് തേങ്ങയുടെ ഘടന എങ്ങനെ കെട്ടിടനിര്‍മാണത്തില്‍ ഉപയോഗിക്കാമെന്നതിനെപ്പറ്റി ചിന്തിക്കുകയാണ് ഇവര്‍.
കംപ്രഷന്‍ യന്ത്രങ്ങളും ഇംപാക്ട് പെന്‍ഡുലവും ഉപയോഗിച്ച് തേങ്ങ എങ്ങനെയാണ് ഊര്‍ജവിന്യാസം നടത്തുന്നതെന്നു പഠിക്കുകയാണ് ഗവേഷകര്‍. 'സാംപിളുകളിലെ പൊട്ടലുകളുടെ സ്വഭാവം പരിശോധിച്ച് ചിരട്ടയുടെ ഘടനയുമായി ചേര്‍ത്തുവച്ച് ഇത്തരത്തില്‍ ഊര്‍ജവിന്യാസം നടത്താന്‍ കഴിവുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാനാകുമോ എന്നതാണ് പഠനവിഷയം,' പ്ലാന്റ് ബയോമെക്കാനിസ്റ്റ് സ്റ്റെഫാനി ഷ്മിയര്‍ പറയുന്നു.
ചിരട്ടയുടെ ഘടന
എന്ഡോകാര്പ് പ്രധാനമായും ലിഗ്നിന്‍ കലര്‍ന്ന സ്റ്റോണ്‍ സെല്ലുകളാണ്. ഇതിനുള്ളിലെ നാരുകളുടെ ഘടന ഏണിപ്പടികള്‍ പോലെയാണ്. ഇതാണ് തേങ്ങയ്ക്ക് അതിജീവനശക്തി കൂട്ടുന്നതെന്നു കരുതുന്നു. ഓരോ കോശവും ലിഗ്നിന്‍ കലര്‍ന്ന അനവധി വളയങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. സമാന്തരസേതുക്കളും ഇവയ്ക്കിടയിലുണ്ട്. ' ഊര്‍ജത്തെ പലവഴിക്കു ചിതറാന്‍ സഹായിച്ച് പൊട്ടലിനെ ചെറുക്കുന്നത് എന്ഡോകാര്പ് ആണെന്നു കരുതപ്പെടുന്നു,' ഷ്മിയര്‍ പറയുന്നു.
'വീഴ്ചയുടെ ആഘാതത്തിലുണ്ടാകാവുന്ന പൊട്ടലുകളൊന്നും ചിരട്ടയെ ബാധിക്കില്ലെന്നര്‍ത്ഥം. എന്ഡോകാര്പിനുള്ളിലൂടെ ഒരു പൊട്ടല്‍ എത്ര കൂടുതല്‍ സഞ്ചരിക്കുന്നോ മറുവശത്തിന് അത്രയും അകലെ അത് അവസാനിക്കും.'
എന്ഡോകാര്പില് കോശനാളികളുടെ കൂട്ടത്തിന്റെ പ്രത്യേക സ്ഥാനം അനുസരിച്ച് കോണ്‍ക്രീറ്റില്‍ ടെക്സ്റ്റൈല്‍ ഫൈബറുകള്‍ ക്രമീകരിച്ചാല്‍ പൊട്ടലുകളെ വഴിതിരിച്ചുവിടാമെന്നാണു കരുതുന്നത്. ' ഭാരം കുറഞ്ഞ ഘടനയും ഊര്‍ജത്തെ ചിതറിക്കാനുള്ള കഴിവും കെട്ടിടങ്ങളെ ഭൂകമ്പം, പാറകള്‍ വന്നുവീഴല് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും മനുഷ്യനിര്‍മിത ദുരന്തങ്ങളില്‍നിന്നും രക്ഷിക്കും,' സ്റ്റെഫാനി പറയുന്നു.
ഭൂകമ്പങ്ങളില്നിന്നു മനുഷ്യരെ രക്ഷിക്കാന്‍ തേങ്ങയ്ക്കാകുമോ?

Next Story