TopTop
Begin typing your search above and press return to search.

ആപ്പിള്‍ 12 ഇഞ്ച് മാക് ബുക്കിലെ നിശബ്ദ കമ്പ്യൂട്ടിങ് വിപ്ലവം

ആപ്പിള്‍ 12 ഇഞ്ച് മാക് ബുക്കിലെ നിശബ്ദ കമ്പ്യൂട്ടിങ് വിപ്ലവം

ബ്രയാന്‍ ഫംഗ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ആപ്പിള്‍ പുറത്തിറക്കിയ വാച്ചിനെക്കുറിച്ച് മാധ്യമങ്ങളില്‍ ഒരുപാട് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചില ടെക് എഴുത്തുകാര്‍ ആപ്പള്‍ സി ഇ ഒ ടിം കുക്കും എച്ച് ബി ഒയും തമ്മിലുള്ള ഇടപാടുകളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാലും ചിലര്‍ ഇപ്പോഴും പുതുതായി പുറത്തിറങ്ങിയ 12 ഇഞ്ച് മാക്ബുക്കില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

പുതിയ ലാപ്‌ടോപ്പിന്റെ സവിശേഷതയായ യു എസ് ബി പോര്‍ട്ട് - സി, കമ്പ്യൂട്ടര്‍ ലോകത്തിന്റെ സുപ്രധാനമായ വികാസങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഒന്നാണ്. ആപ്പിളിന്റെ ഏറ്റവും പുതിയ മാക്ബുക്കില്‍ യു എസ് ബി- സി ഇനത്തിലെ ഒറ്റ പോര്‍ട്ട് മാത്രമെ ഉള്‍പ്പെടുത്തിയിട്ടുള്ളു. ഫോണ്‍ ചാര്‍ജ് ചെയ്യാനും ഫ്ലാഷ് ഡ്രൈവ് ബന്ധിപ്പിക്കാനും അതേ സമയം തന്നെ ലാപ്‌ടോപ്പ് ചാര്‍ജ് ചെയ്യാനും ഈ സവിശേഷത പ്രശ്‌നമാകുമെന്നുള്ളതാണ് യാത്രക്കിടെ ജോലി ചെയ്യുന്നവരെ നിരാശപ്പെടുത്തുന്നത്. ബുദ്ധിമുട്ടുകളെ മാറ്റി നിര്‍ത്തുകയാണെങ്കില്‍ ഈ രംഗത്ത് ഒരു വലിയ മാറ്റത്തിന് ആപ്പിള്‍ എങ്ങനെയാണ് സമ്മര്‍ദം രൂപപ്പെടുത്തുന്നതെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല.

എന്താണ് യു എസ് ബി-സി യെ പ്രാധാന്യമുള്ളതാക്കുന്നത്? അതിന്റെ ബഹുമുഖമായ ഉപയോഗം തന്നെയാണത്. ഊര്‍ജമായിക്കോട്ടെ വിവരങ്ങളായിക്കോട്ടെ ദൃശ്യ സങ്കേതങ്ങളുടെ കാര്യത്തിലായാല്‍ പോലും വേഗമേറിയ നിരക്കിലാണ് വിനിമയം നടക്കുന്നത്. അങ്ങനെ മാക് ബുക്കില്‍ സാധാരണ കാണാറുള്ള എല്ലാ പോര്‍ട്ടുകള്‍ക്കും പകരം ഒരു പോര്‍ട്ടിനെ മാത്രം ഉള്‍പ്പെടുത്താന്‍ ഈ സവിശേഷത കൊണ്ട് കഴിയുന്നു.വര്‍ഷങ്ങളായി ലാപ്‌ടോപ്പുകളില്‍ കാണുന്ന നമ്മുക്ക് സുപരിചിതമായ യു എസ് ബി പോര്‍ട്ടുകളുടെ കഴിവിനെ വലിയ രീതിയില്‍ വര്‍ധിപ്പിച്ച പതിപ്പാണ് യു എസ് ബി- സി. തിരിച്ചും മറിച്ചും ഇതിനെ ലാപ്‌ടോപ്പുമായി ബന്ധിപ്പിക്കാന്‍ കഴിയും. കൂടുതല്‍ ഊര്‍ജം വളരെ വേഗത്തില്‍ വിനിമയം ചെയ്യാനാവുമെന്നതിനാല്‍ മോണിറ്റര്‍, ഹാര്‍ഡ് ഡ്രൈവ് തുടങ്ങിയ ഉപകരണങ്ങളെയും ഇതിലൂടെ ബന്ധിപ്പിക്കാന്‍ കഴിയും. ഊര്‍ജത്തെ ഇരുഭാഗത്തേക്കും കടത്തിവിടാനാവുമെന്നതിനാല്‍ ലാപ്‌ടോപ്പില്‍ നിന്ന് ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് പോലെ തന്നെ ഫോണില്‍ നിന്ന് ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാനാകും.

യു എസ് ബി-സിയുടെ കഴിവിന്റെ കാര്യത്തില്‍ ആപ്പിളിന് വലിയ ആത്മവിശ്വാസമാണുള്ളത്. അതുകൊണ്ട് തന്നെ 12 ഇഞ്ച് മാക് ബുക്കില്‍ ഒരു യു എസ് ബി- സി പോര്‍ട്ട് മാത്രമാണ് ഉള്ളത്. ലാപ്‌ടോപ്പ് ചാര്‍ജ് ചെയ്യാനും മോണിറ്ററുമായി ബന്ധിപ്പിക്കാനും ഒരേസമയം ആഗ്രഹിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാവുന്ന കാര്യമാണിത്. ഈ തീരുമാനം അഡാപ്റ്ററുകള്‍, സ്പ്ലിറ്ററുകള്‍ പോലുള്ള ഉത്പന്നങ്ങളുടെ പ്രത്യേക വ്യവസായത്തിനെക്കുറിച്ചുള്ള താക്കീത് കൂടിയാണ്.

വിശാലമായ അര്‍ഥത്തില്‍ സിംഗിള്‍ പോര്‍ട്ട് ലാപ്‌ടോപ്പുകള്‍ സൂചിപ്പിക്കുന്നത് ഒരു വലിയ മാറ്റത്തിലേക്കുള്ള പോക്കിനെയാണ്. മികച്ച ശേഷിയുള്ള മാക് ബുക്ക് പ്രോസിലേക്ക് ഇപ്പോഴത്തെ പോര്‍ട്ടുകള്‍ക്ക് പകരം അഞ്ചോ ആറോ യു എസ് ബി-സി പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തുകയാണെങ്കിലെന്ന് ഒന്ന് ആലോചിച്ച് നോക്കൂ. ആ ഓരോ പോര്‍ട്ട് കൊണ്ടും നമുക്ക് വളരെയധികം കാര്യങ്ങള്‍ ചെയ്യാനാകും.

മൊബൈല്‍ ഉപകരണങ്ങളില്‍ ഘടിപ്പിക്കാന്‍ തക്കവിധം ചെറുതാണ് യു എസ് ബി-സി പോര്‍ട്ടുകള്‍. നോക്കിയയുടെ ടാബ്‌ലറ്റുകളില്‍ ഒന്നില്‍ ഇത് ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ഇന്ന് സ്മാര്‍ട്ട് ഫോണുകളില്‍ കാണുന്ന എല്ലാ തരത്തിലുമുള്ള യുഎസ്ബി പ്ലഗുകളെയും ഒഴിവാക്കാന്‍ അധികം വൈകാതെ തന്നെ നമുക്ക് കഴിഞ്ഞേക്കാം. ചുമരിലെ പ്ലഗില്‍ പ്രവര്‍ത്തിക്കുന്ന വലിയ എസി അഡാപ്റ്ററുകളുടെ അവസാനാമായിരിക്കും അത്.ആപ്പിള്‍ ഒറ്റക്ക് ഈ രംഗത്തെ മാറ്റത്തിന് ആക്കം കൂട്ടുന്നത് അതിന്റെ ഹാര്‍ഡ് വെയര്‍ എല്ലായിടത്തും ലഭ്യമായതിനാലാണ്. ലാപ്പ്‌ടോപ്പുകളുടെ കാര്യത്തിലാണെങ്കില്‍ ലഭ്യത കൂടുതലാണ്. അതിനാല്‍ തന്നെ ഒറ്റ പോര്‍ട്ടിലേക്കുള്ള മാറ്റം കൊണ്ട് ആപ്പിള്‍ അതിന്റെ വിപണിയിലെ സ്വാധീനത്തെയാണ് പരീക്ഷിക്കുകയാണ്. ഉപകരണ നിര്‍മാതാക്കള്‍ അവര്‍ക്ക് ആവശ്യമാണെങ്കിലും ഇല്ലെങ്കിലും യു എസ് ബി-സിയെ പിന്തുണക്കാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ആപ്പിളിന്റെ തന്നെ കണക്ടറായ തണ്ടര്‍ബോള്‍ട്ടിനെ ഇത് കുഴപ്പത്തിലാക്കാമെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് യു എസ് ബികള്‍ക്ക് പകരമായി കൂടുതല്‍ ശേഷിയും ബാന്‍ഡ്‌വിഡ്തും ഉള്ള തണ്ടര്‍ബോള്‍ട്ടിനെ ആപ്പിള്‍ പുറത്തിറക്കിയത് രംഗത്തെ മുഴുവന്‍ ആ നിലവാരത്തിലേക്ക് കൊണ്ടു വരാന്‍ ഉദ്ദേശിച്ചു കൊണ്ടായിരുന്നു. എന്നാല്‍ ഇതുവരെ ആപ്പിള്‍ സ്റ്റോറുകളില്‍ തണ്ടര്‍ബോള്‍ട്ടിന് അധികം ആവശ്യക്കാരെ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

തണ്ടര്‍ബോള്‍ട്ട് തോറ്റിടത്ത് യു എസ് ബി -സി വ്യാപകമാകാനാണ് സാധ്യത. ഇന്നുവരെയുള്ള വിവിധ യു എസ് ബികള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള യു എസ് ബി ഇംപ്ലിമെന്റേഴ്‌സ് ഫോറത്തിന്റെ പിന്തുണ യു എസ് ബി- സിക്ക് ഉണ്ട്. ആപ്പിളിന്റെതല്ലാത്ത ഉപകരണങ്ങളില്‍ യു എസ് ബി- സി പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു എന്നുള്ളതിനാല്‍ അതിന് കൂടുതല്‍ ആയുസ്സ് പ്രതീക്ഷിക്കാം.


Next Story

Related Stories